പ്രീകാസ്റ്റ് പാനൽ വീട്; വിലയോ തുച്ഛം, ഗുണമോ മെച്ചം!

പ്രീകാസ്റ്റ് പാനലുകൾ ഉപയോഗിച്ച് നിർമിച്ച വീട്...

വളരെ പെട്ടെന്ന് പുതിയൊരു വീടു പണിയുക അല്ലെങ്കിൽ വെള്ളപ്പൊക്കം പോലെയുള്ള പ്രകൃതിദുരന്തങ്ങളിൽ കേടുവന്ന ഭാഗം അടിയന്തരമായി പുതുക്കിപ്പണിയേണ്ടി വരിക തുടങ്ങിയ സാഹചര്യങ്ങളിൽ ധൈര്യമായി ആശ്രയിക്കാവുന്ന സാങ്കേതിക വിദ്യയാണ് ‘പ്രീ കാസ്റ്റ് പാനൽ’ ഉപയോഗിച്ചുള്ള കെട്ടിടനിർമാണം. മുൻകൂട്ടി തയാറാക്കിയ പാനലുകൾ സൈറ്റിൽ കൊണ്ടുവന്ന് കൂട്ടിയോജിപ്പിച്ച് വീടുനിർമിക്കുന്ന രീതിയാണിത്. വളരെ വേഗം വീടുപണി പൂർത്തിയാകും എന്നതും സാധാരണ കെട്ടിടനിർമാണ രീതിയെക്കാൾ 35 ശതമാനത്തോളം ചെലവു കുറയുമെന്നതുമാണ് പ്രീകാസ്റ്റ് പാനലുകൾ ഉപയോഗിക്കുന്നതു കൊണ്ടുള്ള മെച്ചം.

അടിത്തറ, ഭിത്തി, മേൽക്കൂര, സ്റ്റെയർകെയ്സ്, കൗണ്ടർടോപ്പ് തുടങ്ങി ഓരോ ആവശ്യങ്ങൾക്കും അനുയോജ്യമായ പാനലുകൾ ലഭ്യമാണെന്നതാണ് പ്രത്യേകത. മാനുഫാക്ചേർഡ് സാൻഡ്, സിമന്റ്, കമ്പി, റീ ഇൻഫോഴ്സ്മെന്റ് ഫൈബർ, വാട്ടർപ്രൂഫിങ് മെറ്റീരിയൽ എന്നിവ ചേർത്ത് ഫാക്ടറിയിൽ നിർമിക്കുന്നവയാണ് ഇത്തരം പാനലുകൾ. ഇന്റർലോക്ക് രീതിയിലുള്ള പാനലുകൾ സൈറ്റിലെത്തിച്ചശേഷം പ്രത്യേകതരം ഗ്രൗട്ടിന്റെ സഹായത്തോടെ കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നത്. വാതിലിനും ജനലിനും മുകളിൽ നൽകാനുള്ള റെഡിമെയ്ഡ് ലിന്റൽ ബീമുകളും ലഭ്യമാണ്.

പാനലുകൾക്ക് വലുപ്പക്കൂടുതലില്ല എന്നതാണ് മറ്റൊരു മെച്ചം. അതിനാൽ ദുർഘടമായ പ്രദേശങ്ങളിലെ വീടുനിർമാണത്തിനുപോലും ഇവ പ്രയോജനപ്പെടുത്താനാകും. 60 സെന്റിമീറ്റർ മുതൽ ഒന്നര മീറ്റർ വരെ നീളവും 14 മുതൽ 45 സെന്റിമീറ്റർ വരെ വീതിയുമുള്ള പാനലുകൾ ഇപ്പോൾ ലഭ്യമാണ്.

പാനലുകൾക്ക് മിനുസമുള്ള പ്രതലമായതിനാൽ പ്ലാസ്റ്ററിങ് ആവശ്യമായി വരുന്നില്ല. ഇത്തരത്തിൽ നിർമിക്കുന്ന വീടുകളുടെ ചുമരുകൾക്ക് മൂന്ന് ഇഞ്ച് മാത്രമാണ് കനമുണ്ടാകുക. അതിനാൽ സ്ഥലം ലാഭിക്കാനാകുമെന്ന മെച്ചവുമുണ്ട്. സാധാരണ ഭിത്തിക്ക് ഒൻപത് ഇഞ്ചാണ് കനം.

പാനലുകൾ ഉപയോഗിച്ച് മേൽക്കൂര നിർമിക്കുമ്പോൾ തട്ടടിക്കുകയോ വെള്ളം നനച്ചു കൊടുക്കുകയോ ഒന്നും വേണ്ടി വരുന്നില്ല. ഇലക്ട്രിക്– പ്ലംബിങ് പൈപ്പുകൾ കടത്തിവിടാനുള്ള സൗകര്യത്തോടെയുള്ള പാനലുകൾ ലഭ്യമാണെന്നതിനാൽ അതിനായി ചുമര് വെട്ടിപ്പൊളിക്കേണ്ട ആവശ്യവും വരുന്നില്ല. പാനലുകൾ കൂട്ടിയോജിപ്പിക്കുന്ന രീതി ആർക്കും വളരെപ്പെട്ടെന്ന് പഠിച്ചെടുക്കാം. അതിനാൽ വീട്ടുകാർക്കും വീടുപണിയിൽ സജീവ പങ്കാളികളാകാം.

മേന്മകൾ ഒറ്റനോട്ടത്തിൽ

∙ വളരെ വേഗം വീടുപണി പൂർത്തിയാക്കാം. ചെലവും കുറയും.

∙ വലുപ്പം കുറവായതിനാൽ ഏത് സൈറ്റിലും എത്തിക്കാന്‍ കഴിയും.

∙ ഓരോ ഉപയോഗത്തിനും പ്രത്യേകം പാനലുകൾ ലഭ്യമാണ്.

∙ ചുമര് പ്ലാസ്റ്റര്‍ ചെയ്യേണ്ട. പൈപ്പുകൾ കടത്തിവിടാന്‍ സൗകര്യമുണ്ട്.