ഇതാണ് ജോജുവിന്റെ ഏദൻതോട്ടം!

നടനും നിർമാതാവുമായ ജോജു ജോർജിന്റെ പുതിയ വീടിന്റെ വിശേഷങ്ങൾ.

ഞായറാഴ്ചകളിൽ ടിവിയിൽ രാമായണവും മഹാഭാരതവും പ്രദർശിപ്പിച്ചിരുന്ന കാലം. ടിവി കാണാൻ അയൽപക്കത്തെ വലിയ വീട്ടിൽ പാടവരമ്പിൽ കൂടി എല്ലാവരേക്കാളും മുന്നേ ഓടിയെത്തിയിരുന്ന ഒരു കുട്ടിയുണ്ട്. വലുതായപ്പോൾ ആ കുട്ടിയുടെ സ്വപ്നം ചെറിയ സ്ക്രീനിൽ നിന്നും വലിയ സ്ക്രീനിലേക്കു വളർന്നു. ഒരു നടനാവുക എന്ന സ്വപ്നത്തിനു പിന്നാലെ പായുമ്പോൾ തന്നേക്കാൾ ചെറിയ പയ്യൻമാർ നാട്ടിൽ വീടുപണിതുയർത്തുന്നതു കണ്ടില്ലെന്നു നടിച്ചു. ജോസഫ് ജോർജ് എന്ന ആ കുട്ടിയെ ജോജു ജോർജ് എന്ന പേരിലാണ് നമ്മൾ അറിയുക. ആശിച്ചതിലുമുപരിയായി നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ജോജു ഇപ്പോൾ.

സിനിമയിൽ നടൻ, നിർമാതാവ് എന്ന നിലയിൽ മേൽവിലാസമുണ്ടാക്കി. പാടത്തോടു ചേർന്ന് ഒരു വീട് എന്ന ആഗ്രഹവും ദാ, ഇപ്പോൾ സഫലമായി. അതും പണ്ടു ടിവി കാണാൻ പോയിരുന്ന ആ വീടിനടുത്തുതന്നെ. ‘ഛായാഗ്രാഹകൻ വിനോദ് ഇല്ലംപള്ളിയുടെ വീട് കണ്ടപ്പോൾ എനിക്ക് ഇഷ്ടമായി. ആ വീടിന്റെ പുറം കാഴ്ചയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ വീടിന്റെ എക്സ്റ്റീരിയൽ ഡിസൈൻ. വീട് എന്ന ആഗ്രഹം നാളുകളായി മനസ്സിലുണ്ടായിരുന്നു. പക്ഷേ, വിനോദിന്റെ വീടാണ് ആ ആഗ്രഹം സിമന്റിട്ടുറപ്പിച്ചത്. ഒരു സെക്കൻഡ് ക്ലാസ് യാത്ര എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു ഞാനപ്പോൾ. ആ സിനിമയുടെ പ്രതിഫലം കൊണ്ട് വീടിന് അടിത്തറ പാകി.

ആർക്കിടെക്ട് റോയ് തോമസ് സുഹൃത്ത് കൂടി ആയതുകൊണ്ട് ഇഷ്ടങ്ങൾ പറഞ്ഞു ഫലിപ്പിക്കാൻ പ്രയാസമുണ്ടായില്ല. പിന്നെ, കൂട്ടുകാരായ ബാബുവും വേണുവും തോമസും സേവിയും വീടുപണിയങ്ങ് ഏറ്റെടുത്തു. മേൽനോട്ടത്തിന് ഭാര്യ അബ്ബയും അച്ഛൻ ജോർജുമൊക്കെയുണ്ടായിരുന്നതിനാൽ എനിക്ക് സ്വസ്ഥമായി ഷൂട്ടിങ്ങിന് പോകാൻ പറ്റി. ജോജു ഓർക്കുന്നു.

ചൈന തന്ന ലാഭം

3700 ചതുരശ്രയടിയുള്ള വീടിനെ ചെലവു നിയന്ത്രിച്ചു വച്ച വീട് എന്നു വിശേഷിപ്പിക്കാനാണ് ജോജുവിനിഷ്ടം. നിർമാണസാമഗ്രികളെല്ലാം ജോജു നേരിട്ടാണ് വാങ്ങിയത്. കമ്പനിയിൽ നിന്ന് നേരിട്ടു ടൈൽ വാങ്ങിയതിനാൽ ലാഭം കിട്ടി. ജോജുവിന്റെ വീടിനൊപ്പമാണ് സുഹൃത്തും സംവിധായകനുമായ മാർട്ടിൻ പ്രക്കാട്ടിന്റെയും വീടുപണി നടന്നത്. ഫർണിച്ചറും സാനിറ്ററി ഫിറ്റിങ്സും രണ്ടുപേരും കൂടി ചൈനയിൽ പോയി വാങ്ങുകയായിരുന്നു. അതിൽ വലിയ ലാഭം കിട്ടിയെന്ന് ജോജു പറയുന്നു.

വാതിലിനും ജനലുകൾക്കും ഗോവണിക്കും ചെറുതേക്കാണ് ഉപയോഗിച്ചത്. മുഖപ്പ്, ഗെയ്റ്റ് ഉൾപ്പെടെയുള്ള പുറത്തെ തടിപ്പണിക്ക് പാൽക്കയനിയുടെ തടി ഉപയോഗിച്ചു. അമ്പലങ്ങൾ പണിയാൻ ഉപയോഗിച്ചിരുന്ന തടിയാണ് പാൽക്കയനി. ഇപ്പോൾ ഇതേക്കുറിച്ച് അധി‌കമാർക്കും അറിയില്ല. കുറഞ്ഞ ചെലവിൽ നല്ല തടിയെന്നതാണ് പാൽക്കയനിയുടെ മെച്ചം. ജോജു വിശദീകരിച്ചു. വീടിനുള്ളിലേക്ക് കാറ്റിനെയും വെളിച്ചത്തെയും ആവാഹിക്കാൻ എട്ട് അടി ഉയരമുള്ള വാതിലുകളാണ് നൽകിയിട്ടുള്ളത്.

പെർഫെക്ഷൻ വേണമെന്നതിൽ നിർബന്ധക്കാരനായ ജോജു ചിലയിടങ്ങൾ പൊളിച്ചു പണിയിച്ചു. എക്സ്റ്റീരിയറിലെ മുഖപ്പ് ഗൂഗിളിൽ നിന്ന് കണ്ടെടുത്തതാണ്. വീട്ടിലേക്കുള്ള അലങ്കാര വസ്തുക്കളെല്ലാം ഓരോ യാത്രയിലും ജോജു തേടിപ്പിടിച്ചെടുത്തതാണ്.

വെള്ളനിറമാണ് വീടിന്. ആക്സസറികൾ വഴിയാണ് വീടിന് നിറമേകിയിട്ടു ള്ളത്. ലിവിങ്റൂമിലെ ചൈനയിൽ നിന്നുള്ള ചെസ്റ്ററും ഊണിടത്തിലെ കസേരകളും ഉദാഹരണം. ഫാമിലി ലിവിങ്ങും ഊണിടവും ചേരുന്ന വിശാലമായ മുറിയാണ് വീട്ടിലെ കൈയടി നേടുന്ന പ്രധാന താരം. ഇവിടത്തെ കോമൺ ടോയ്ലറ്റ് അത്ര പെട്ടെന്നൊന്നും ആരുടെയും കണ്ണിൽപെടില്ല. കാരണം, അലങ്കാര വസ്തുക്കൾ പ്രദർശിപ്പിച്ചിരിക്കുന്ന ഡിസ്പ്ലേ റാക്കിന്റെ മുഖംമൂടി അണിഞ്ഞിരിക്കുകയാണ് അതിന്റെ വാതിൽ.

ആഗ്രഹപ്രകാരം പാടത്തോടു ചേർന്ന് വീട് വച്ചു. പക്ഷേ, പാടത്തിന്റെ പച്ചപ്പ് ആസ്വദിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ കാര്യമുണ്ടോ? മുകൾ നിലയിൽ അതിനുള്ള ഉത്തരമുണ്ട്. കാറ്റേറ്റിരിക്കാൻ ചാരുപടിയുള്ള വിശാലമായ ആ ഇടമാണ് ജോജുവിന്റെയും കൂട്ടുകാരുടെയും ചിൽ ഔട്ട് ഏരിയ. അവിടെ ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്.

ഇരട്ടകളായ ഇയാന്റെയും സാറയുടെയും അനിയൻ ഇവാന്റെയും കുട്ടിക്കുറുമ്പുകളുടെ അടയാളങ്ങളിൽ നിന്ന് വീടിനെ രക്ഷിച്ചെടുക്കാൻ അബ്ബയുടെ സിഐഡി കണ്ണുകൾ അവരുടെ പിറകേയുണ്ടെന്ന് ജോജു പറഞ്ഞു നിർത്തിയതും ഇയാനും ഇവാനും യുദ്ധത്തിനിറങ്ങിക്കഴിഞ്ഞു. വീട് വീടാക്കി വയ്ക്കാനുള്ള പ്രയത്നത്തിൽ സമയം കളയാതെ അബ്ബ അവരുടെ പിറകേ ഓടി. 

കനേഡിയൻ പ്രാർഥന

കുഞ്ചാക്കോ ബോബന്റെ വീട്ടിലെ പ്രെയർ ഏരിയ കണ്ടപ്പോൾ അതുപോലൊ ന്ന് സ്വന്തം വീട്ടിലും വേണമെന്ന് ജോജു ഉറപ്പിച്ചു. പക്ഷേ, ഒത്തിരി അന്വേഷിച്ചിട്ടും മനസ്സിനൊത്ത തിരുരൂപങ്ങൾ കിട്ടിയില്ല. ഒടുവിൽ കാനഡയിൽ നിന്നാണ് പ്രെയർ ഏരിയയിലേക്കുള്ള രൂപങ്ങൾ സംഘടിപ്പിച്ചത്. അതിഥികൾ ഇതിന്റെ ഭംഗിയെക്കുറിച്ചു വാചാലരാകാറുണ്ട്. അതിനാൽ കഷ്ടപ്പാട് വെറുതെയായില്ലെന്ന് ജോജു.

ചിത്രങ്ങൾ : ഹരികൃഷ്ണൻ

Read more- Onam Special Home Celebrity Onam