ഇനി പറയൂ..നാം എത്ര ഭാഗ്യശാലികൾ!

ചൂഷണം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു ജനവിഭാഗമാണിവർ. ചെറിയ സ്ഥലത്ത് അടുപ്പു കൂട്ടിയ പോലെ തിങ്ങി ഞെരുങ്ങിയ ജീവിതം. ഉത്തരേന്ത്യൻ ഗ്രാമങ്ങളുടെ ദയനീയമായ ജീവിത യാഥാർഥ്യങ്ങളിലൂടെ... ചിത്രങ്ങൾ- അജീബ് കൊമാച്ചി

കേരളീയന്റെ ഭാഗ്യജീവിതത്തിന്റെ ഏഴയലത്തുപോലും എത്താൻ സാധിക്കാത്ത കുറച്ചു പേരിലൂടെയാണീ യാത്ര. ഡൽഹിയിലെ ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ എന്ന എൻജിഒ യുടെ ജനറൽ സെക്രട്ടറിയായ പ്രൊഫ. സിദിഖ് ഹസൻ ഉത്തരേന്ത്യയിലെ ഉൾനാടൻ ഗ്രാമങ്ങളിലെ ദുരവസ്ഥ പല തവണ നേരിൽ കണ്ടിട്ടുണ്ട്. മാനവ വികസന സൂചികയിൽ ലോകോത്തര രാജ്യങ്ങളുടെ സ്ഥാനത്തെന്ന് അഭിമാനിക്കുന്ന കേരളത്തിന് ഇവരെ ഉദ്ധരിക്കാൻ എന്ത് ചെയ്യാൻ കഴിയും എന്ന ചിന്തയിൽ നിന്നാണ് ഹ്യൂമൻ കെയർ ഫൗണ്ടേഷൻ എന്ന എൻജിഒ കോഴിക്കോട് രൂപീകൃതമാകുന്നത്. കോഴിക്കോടുള്ള നല്ലവരായ ബിസിനസുകാരും നാട്ടുകാരും ഇതിന്റെ കീഴിൽ അണി ചേർന്നു. 

ഉത്തരേന്ത്യൻ ഗ്രാമങ്ങളുടെ ദയനീയമായ ജീവിത യാഥാർഥ്യങ്ങൾ നേരിട്ട് കാണുന്നതിനായി ഒരു യാത്ര പോവുകയാണ് അവർ ആദ്യം ചെയ്തത്. ചിന്തകളെ മാറ്റിമറിച്ച യാത്രാനുഭവമായിരുന്നു അതെന്നു കോ ഓർഡിനേറ്റർ നജീബ് പറയുന്നു.

ബീഹാർ, രാജസ്ഥാൻ, ബംഗാൾ തുടങ്ങിയ നിരവധി ഗ്രാമങ്ങളിലൂടെ ഇവർ സഞ്ചരിച്ചു. മിക്ക ഗ്രാമങ്ങളുടെയും അവസ്ഥ ശോചനീയമാണ്. അങ്ങനെയാണ് ബംഗാളിലെ ഹരിംകോല എന്ന ഗ്രാമത്തിലേക്ക് എത്തുന്നത്. ഇപ്പോൾ ഇന്ത്യ ഒന്നാകെ ചർച്ച ചെയ്യുന്ന പാഡ്മാൻ എന്ന ചിത്രത്തിലെ പല സംഭവങ്ങളും ഈ ഗ്രാമങ്ങളിലെ നിത്യയാഥാർഥ്യമാണ്. ആർത്തവ സമയത്ത് സ്ത്രീകൾ മണ്ണും ചെളിയും ഉപയോഗിക്കുന്നു. കൊടിയ ദാരിദ്ര്യത്തിനൊപ്പം, ജാതി സ്പർധയും, അന്ധവിശ്വാസങ്ങളും കൊടി കുത്തി വാഴുന്ന ഗ്രാമം.

പഴയ വീടുകളുടെ ദൈന്യാവസ്ഥ

ചൂഷണം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു ജനവിഭാഗമാണിവർ. കൃഷിയാണ് പ്രധാന ഉപജീവന മാർഗം. ചണം, പരുത്തി, മുള എന്നിവ കൃഷി ചെയ്യുന്നു. അവിടെയും മേലാളന്മാരുടെ ചൂഷണം കഴിഞ്ഞു തുച്ഛമായ തുകയാണ് ഇവർക്ക് ലഭിക്കുന്നത്.

ചെറിയ സ്ഥലത്ത് അടുപ്പു കൂട്ടിയ പോലെ തിങ്ങി ഞെരുങ്ങിയ ജീവിതം. കുടുംബാസൂത്രണ ഉപാധികൾ ഇല്ലാത്തതിനാൽ ഒരു വീട്ടിൽ തന്നെ പത്തും പന്ത്രണ്ടും കുട്ടികൾ. പോഷകാഹാരക്കുറവും വൃത്തിഹീനമായ ചുറ്റുപാടുകളും മൂലമുണ്ടാകുന്ന രോഗങ്ങൾ....മുള കമ്പുകളിൽ പടുത വിരിച്ചാണ് പലരും താമസിക്കുന്നത്. വീട് എന്നുപോലും പറയാൻ കഴിയില്ല. സർക്കാർ സംവിധാനത്തിൽ കിട്ടേണ്ട ഒരു ആനുകൂല്യവും കിട്ടാതെ, അല്ലെങ്കിൽ അവ വാങ്ങിയെടുക്കാൻ അറിയാത്ത ഒരു ജനസമൂഹം. 

ഇവിടെ താമസയോഗ്യമായ 50 ചെറുവീടുകളാണ് ഹ്യൂമൻ കെയർ ഫൗണ്ടേഷൻ നിർമിച്ചു നൽകിയത്. ഗ്രാമവാസികളുടെ സ്വാഭാവിക ജീവിത രീതിയും ശീലങ്ങളും പെട്ടെന്ന് മാറ്റിമറിക്കുക പ്രവർത്തികമല്ല. അതിനാൽ അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ചെയ്തുനൽകിയത്. ഇവിടെ ഒത്തുചേരലിനുള്ള ഇടങ്ങൾ ഇല്ലായിരുന്നു. ഒരു ആൽമരത്തിനു ചുറ്റും തറകെട്ടി ഒത്തുചേരലിനുളള ഇടമാക്കി മാറ്റി. കുട്ടികൾക്ക് കളിക്കാൻ ഒരു പാർക്ക് നിർമിച്ചു നൽകി.

ചുറ്റിനുമുളള വീടുകളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്താതെയുള്ള ശൈലിയിലാണ് പുതിയ വീടുകൾ നിർമിച്ചത്. പ്രാദേശികമായ ഉല്പന്നങ്ങൾ കൊണ്ടായിരുന്നു നിർമാണം. ഇഷ്ടിക, സിമന്റ്, ഷീറ്റ് എന്നിവ മാത്രമാണ് പുറത്തു നിന്ന് കൊണ്ടുവരേണ്ടി വന്നത്. പ്രാദേശികമായി ലഭ്യമായ മുള, ചണം എന്നിവ കൊണ്ടാണ് വീട് നിർമിച്ചത്. നിർമാണത്തിൽ ഗ്രാമവാസികൾ കയ്യും മെയ്യുമായി കൂടെ നിന്നു. അതുകൊണ്ട് പുറത്ത് നിന്നു പണിക്കാരെ കൊണ്ടുവരേണ്ടി വന്നില്ല.

ഒത്തുചേരാൻ ആൽത്തറ

ഏകദേശം 250 ചതുരശ്രയടിയുള്ള വീടുകളിൽ രണ്ടു കിടപ്പുമുറികൾ, വരാന്ത എന്നിവ മാത്രമാണുള്ളത്. ഇവരുടെ ആവശ്യാനുസരണം രണ്ടു മുറിക്കും പ്രത്യേകം വാതിൽ പുറത്തു നിന്നും നൽകി. അതിലൂടെ കൂടുതൽ കുടുംബങ്ങൾക്ക് തങ്ങാൻ പ്രാപ്യമായി. വൈക്കോൽ ചാണകം എന്നിവ ഉണക്കി ചൂളയുണ്ടാക്കി വീടിനു പുറത്ത് ഭക്ഷണം പാചകം ചെയ്യുകയാണ് ഇവരുടെ രീതി. അതിനാൽ അടുക്കള നിർമിച്ചില്ല. പകരം വൃത്തിയുള്ള ചൂള നിർമിച്ചു നൽകി. പലരും തുറസായ സ്ഥലങ്ങളിലായിരുന്നു പ്രാഥമിക കൃത്യങ്ങൾ നിർവഹിച്ചിരുന്നത്. അതിനാൽ വൃത്തിയുള്ള ശൗചാലയങ്ങൾ നിർമിച്ചു നൽകി. ആർത്തവ ശുചിത്വത്തെക്കുറിച്ച് ബോധവത്കരണം നടത്തി. സാനിറ്ററി നാപ്കിനുകൾ വിതരണം ചെയ്തു.

പുതുതായി നിർമിച്ചു നൽകിയ വീടുകൾ

വിശാലമായ ഇടങ്ങൾ എന്നത് ഇവരുടെ മനസ്സിൽ പോലുമില്ല എന്ന് തോന്നും. ചെറിയ സ്ഥലത്ത് അടുപ്പു കൂട്ടിയത് പോലെയുള്ള ജീവിതമാണിവർക്ക് പഥ്യം. പുതുതായി നിർമിച്ച വരാന്തയിൽ ആട്, കോഴി എന്നിവയെ വളർത്താനുള്ള സ്ഥലമാക്കി മാറ്റിയിവർ. 

പുതുതായി നിർമിച്ചു നൽകിയ വീടും വാട്ടർ ടാങ്കും

എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമല്ലെങ്കിലും കെട്ടുറപ്പുള്ള വീടുകളുടെ സുരക്ഷിതത്വത്തിൽ ഇവർക്ക് ഇന്നുറങ്ങാൻ കഴിയുന്നു. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ ആരും ഇന്ന് തുറസായ ഇടങ്ങളിൽ പോകാറില്ല. വൃത്തിയുളള ശൗചാലയങ്ങൾ ഉപയോഗിക്കുന്നു. ആൽമരത്തണലിൽ ആളുകൾ ഒത്തുകൂടുന്നു. പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നു. കുട്ടികൾ പാർക്കിൽ കളിക്കാനെത്തുന്നു. വൃത്തിയുള്ള ചൂളയിൽ സ്ത്രീകൾ ഭക്ഷണം പാകം ചെയ്യുന്നു. നാം വിചാരിച്ചാലും മറ്റുള്ളവരുടെ ജീവിതത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും എന്നതിന്റെ ഉദാഹരണമാണ് ഈ യാത്ര...അത് മറ്റ് ഉത്തരേന്ത്യൻ ഗ്രാമങ്ങളിലൂടെ തുടർന്നുകൊണ്ടേയിരിക്കുന്നു....

ചിത്രങ്ങൾ- അജീബ് കൊമാച്ചി