Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഹാനയുടെ വീട്ടിൽ ഒരിടവേള

തിരുവനന്തപുരം മരുതംകുഴിയിലാണ് സ്ത്രീ എന്ന വീട്. പേരുപോലെതന്നെ സ്ത്രീകളുടെ ബഹളമാണ് വീട്ടിനുള്ളിൽ. നാലു സ്ത്രീകൾക്കൊപ്പം ഗൃഹനാഥനായി ഒരു പുരുഷനും. മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരനായ കൃഷ്ണകുമാറിന്റെ വീടാണിത്. ഭാര്യ സിന്ധു, മക്കളായ അഹാന, ഇഷാനി, ഹൻസിക, ദിയ എന്നീ നാലു പെൺകൊടികളും ചേരുമ്പോൾ വീട് പൂർത്തിയാകുന്നു.

ahana-family-pic

ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച അഹാന ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ കൂടുതൽ ശ്രദ്ധേയായി. ഇപ്പോൾ ടോവിനോയുടെ നായികയായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ കാത്തിരിപ്പിലാണ് താരം. ഇതിന്റെ ഇടവേളകളിൽ മോഡലിങ് ചെയ്യുന്നു, ആൽബത്തിൽ പാടി അഭിനയിക്കുന്നു, യാത്രകൾ പോകുന്നു. വീട്ടിലെ മൂത്ത പെൺകുട്ടി എന്ന ഉത്തരവാദിത്തബോധം തന്നെ കൂടുതൽ കരുത്തുറ്റവളാക്കി മാറ്റി എന്ന് അഹാന പറയുന്നു.

തിരുവനന്തപുരം നഗരഹൃദയത്തിനോട് ചേർന്നുതന്നെയുള്ള സ്ഥലം. എന്നാൽ ഒരു നാട്ടിൻപുറത്തിന്റെ സ്വച്ഛതയും ശാന്തതയും പച്ചപ്പും ഇവിടെ നിലനിൽക്കുന്നു. 2004 ലാണ് ഈ വീട് നിർമിച്ചത്. 

ahana-home

"വീട്ടിൽ കൂടുതലും സ്ത്രീജനങ്ങളാണല്ലോ..പിന്നെ ഞാൻ ആ സമയത്ത് അഭിനയിച്ചിരുന്ന സീരിയലിന്റെ പേരും വീടിനു പ്രചോദനമായി." കൃഷ്ണകുമാർ പറയുന്നു.

ലളിതം അകത്തളം

3450 ചതുരശ്രയടി വിസ്‌തീർണമുള്ള വീട്ടിൽ ലിവിങ്, ഡൈനിങ്, കിച്ചൻ, അറ്റാച്ഡ് ബാത്റൂമുകളുള്ള അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും ഒരുക്കിയത്. ആരോഗ്യ കാര്യങ്ങളിൽ കൃഷ്ണകുമാറും മക്കളും ബദ്ധശ്രദ്ധരാണ്. അതുകൊണ്ട് മുകളിലെ ഒരു കിടപ്പുമുറി ജിം ഏരിയആക്കി മാറ്റി.

ahana-home-hall

ആ കാലഘട്ടത്തിൽ വീട് മുഴുവൻ പെയിന്റിങ്ങുകൾ വച്ച് അലങ്കരിക്കുന്ന ഒരു പതിവുണ്ടായിരുന്നു. എന്നാൽ ഇവിടെ അധികം പെയിന്റിങ്ങുകൾ ഒന്നും കാണാനില്ല. പകരം നാലു പെൺകൊടികളുടെയും ശൈശവം മുതലുള്ള ചിത്രങ്ങൾ വീടിന്റെ ഓരോ ചുവരുകളും അലങ്കരിക്കുന്നു. 

"ആദ്യത്തെ മൂന്ന് കുട്ടികളും വാടകവീടുകളിൽ താമസിച്ചിരുന്ന കാലത്താണ് ജനിച്ചത്. സ്വന്തം വീട്ടിൽ ഒരു കുട്ടി വേണം എന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ഹൻസിക ജനിച്ചത്". കൃഷ്ണകുമാർ പറയുന്നു. 'സ്വന്തം വീട്ടിൽ ജനിച്ച കുട്ടി' എന്ന പവർ ഹൻസിക കാണിക്കാറുണ്ട് എന്നു അഹാന കൂട്ടിച്ചേർത്തു.

അഞ്ചു കിടപ്പുമുറികളുണ്ട് വീട്ടിൽ. പക്ഷേ അച്ഛനും അമ്മയും നാലു മക്കളുമടക്കം ആറു പേരും മിക്കവാറും കിടക്കുന്നത് ഒരുമിച്ച് ഒരു മുറിയിലാണ്.

ചെറിയ കുട്ടികളെ മാറ്റി കിടത്താൻ ആദ്യമൊക്കെ സിന്ധുവിന് പേടിയായിരുന്നു. അത് പിന്നീട് കുട്ടികൾ വളർന്നപ്പോഴും തുടർന്നു. അങ്ങനെ കിഡ്സ് റൂം മാസ്റ്റർ ബെഡ്‌റൂം ആയി മാറി.

മുറിയുടെ ചുവരുകളും ഫോട്ടോ വാൾ ആക്കി മാറ്റിയിരിക്കുന്നു. ഒരേ ഉടുപ്പാണ് നാലു കുട്ടിത്താരങ്ങളും ഇതിൽ അണിഞ്ഞിരുന്നത്. ഈ ഉടുപ്പുകൾ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട് എന്ന് അഹാന പറയുന്നു.

"വീട് വയ്ക്കുന്ന സമയത്ത് ഞങ്ങൾ തീരെ ചെറുതായിരുന്നു. അതുകൊണ്ട് നമ്മളുടെ അഭിപ്രായമൊന്നും ആരും ചോദിച്ചില്ല"... അഹാന നിരാശ മറച്ചു വയ്ക്കുന്നില്ല. 

അഹാനയുടെ വീടോർമകൾ 

കുട്ടിക്കാലത്ത്, വീട്ടിൽത്തന്നെ ഒരു പ്ലേസ്‌കൂളിനുള്ള ആളുണ്ട്. ഞങ്ങൾക്ക് വെറൈറ്റി കളികളുണ്ട്. ഇന്റീരിയറിനെ ഞങ്ങൾ പല പല കടകളായി തിരിക്കും. ബെഡ്റൂം തുണിക്കടയാകും. അടുക്കള ഡിവിഡി ഷോപ്പ് ആകും. ഞാൻ ഉടമസ്ഥയായിരിക്കുന്ന കടയിൽ സാധനം വാങ്ങാൻ അനിയത്തിമാർ ക്യൂ നിൽക്കും.

ചെറുപ്രായത്തിൽ എല്ലാവർക്കും ഒരു ഹരമാണല്ലോ എസ്‌കലേറ്റർ. വീട്ടിലെ ട്രെഡ്മില്ലിനെ ഞങ്ങൾ എസ്കലേറ്ററാകും. ഊഴം വച്ച് അതിൽ കയറുക എന്നതായിരുന്നു സ്‌കൂൾ വിട്ടു വന്നാലത്തെ പ്രധാന ടൈംപാസ്.

പണ്ട് മഴക്കാലം എത്തുമ്പോ പേടിയും അതിനൊപ്പം കൗതുകവും തോന്നും. ഞങ്ങളുടെ വീടിന്റെ കാർപോർച്ച് വരെ വെള്ളം കുത്തിയൊലിച്ച് വരും. അപ്പുറത്തെ വീടുകളൊക്കെ ഏതാണ്ട് മുങ്ങിയ അവസ്ഥയിലാകും. ഈ 'മഹാപ്രളയം' ലൈവായി കാണാനും വിഡിയോ പിടിക്കാനും ഞങ്ങൾ നാൽവർ സംഘം ബാൽക്കണിയിൽ ഇടം പിടിക്കും. ഇപ്പൊ പ്രശ്നങ്ങളൊന്നുമില്ല.

പ്രിയപ്പെട്ട വീടുകൾ ആലോചിച്ചു നോക്കിയാൽ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്. നൃത്തസംവിധായിക സജ്‌ന ആന്റിയുടെ മകൾ റിയ എന്റെ അടുത്ത കൂട്ടുകാരിയാണ്. അവരുടെ വീടിന്റെ വാതിലുകൾ എപ്പോഴുമങ്ങനെ നമുക്കായി തുറന്നു കിടക്കും. ഇതുപോലെ ചെന്നൈയിലും സ്വന്തമെന്ന് കരുതാവുന്ന വീടുകളുണ്ടെനിക്ക്.

പച്ചപ്പ് നിറയുന്ന വീട് 

ahana-home-backyard

മുകൾനിലയിലെ ബാൽക്കണിയാണ് അഹാനയുടെ കുടുംബത്തിന്റെ ഫേവറിറ്റ് കോർണർ. ഇവിടെ ചെറിയ പൂന്തോട്ടവും സമീപം ആട്ടുകട്ടിലും ഒരുക്കിയിരിക്കുന്നു. വീടിനു പിന്നിൽ ചെറിയൊരു കൃഷിത്തോട്ടവും കൃഷ്ണകുമാർ ഒരുക്കിയിട്ടുണ്ട്. സപ്പോട്ടയും റമ്പുട്ടാനും പോലുള്ള ഫലവൃക്ഷങ്ങൾ ഇവിടം അലങ്കരിക്കുന്നു. ഇവിടെയുള്ള കൃഷിയാണ് തന്റെ ആരോഗ്യത്തിന്റെയും സന്തോഷത്തിന്റെയും പ്രധാന രഹസ്യം എന്ന് കൃഷ്ണകുമാർ പറയുന്നു.

krishnakumar-family1

ചുരുക്കത്തിൽ സ്ത്രീകളും പ്രകൃതിയും പച്ചപ്പും നിറയുന്ന വീട്ടിലെ ഇടവേളകൾ ആസ്വദിക്കുകയാണ് കൃഷ്ണകുമാറും കുടുംബവും...