അനാഥാലയമല്ല, സ്വന്തം വീട്

2016 ലാണ് പീസ് വില്ലേജ് ആരംഭിക്കുന്നത്. ആരോരുമില്ലാതെ ഉപേക്ഷിക്കപ്പെടുന്ന മനുഷ്യർക്ക് മികച്ച ജീവിത സൗകര്യങ്ങളോടെ ഒരു വീട് ഒരുക്കുക എന്നതായിരുന്നു പ്രചോദനം. ചിത്രങ്ങൾ- അജീബ് കൊമാച്ചി

വയനാട് പെണങ്ങോട്‌ എന്ന സ്ഥലത്ത് പീസ് വില്ലേജ് എന്ന സ്ഥാപനത്തിന്റെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്തിട്ട് മൂന്ന് മാസമേ ആകുന്നുള്ളൂ. കബനീ നദിയുടെ തീരത്തോട് ചേർന്നുള്ള മനോഹരമായ സ്ഥലം. എങ്ങും പച്ചപ്പും കാറ്റും മനോഹരകാഴ്ചകളും. ഈ പരിസ്ഥിതിയോട് ഇണങ്ങിയാണ് കെട്ടിടം പണിതത്. മണ്ണിന്റെ നിറമാണ് ചുവരുകൾക്ക് നൽകിയിരിക്കുന്നത്. ധാരാളം തുറന്ന ഇടങ്ങളും ഉള്ളിൽ നൽകിയിരിക്കുന്നു.

2016 ലാണ് പീസ് വില്ലേജ് ആരംഭിക്കുന്നത്. ആരോരുമില്ലാതെ ഉപേക്ഷിക്കപ്പെടുന്ന മനുഷ്യർക്ക് മികച്ച ജീവിത സൗകര്യങ്ങളോടെ ഒരു വീട് ഒരുക്കുക എന്നതായിരുന്നു പ്രചോദനം. പൊതുവെ അനാഥാലയങ്ങളിൽ കാണുന്ന ദൈന്യതയും ശോകമൂകമായ അന്തരീക്ഷവും ഇവിടെ കാണാനാകില്ല എന്നതാണ് പീസ് വില്ലേജിനെ വ്യത്യസ്തമാക്കുന്നത്.

അന്തേവാസികൾക്കായി മികച്ച പാർപ്പിട സൗകര്യങ്ങൾ ഒരുക്കി നൽകിയിരിക്കുന്നു. പൂർണമായും പൊതുജനങ്ങളുടെയും ഉദാരമതികളുടെയും സാമ്പത്തിക പിന്തുണ കൊണ്ടാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. പീസ് വില്ലേജ് സെക്രട്ടറിയായ സദറുദീൻ വാഴക്കാട് പറയുന്നു.

മൂന്ന് നിലകളിലായി 25000 ചതുരശ്രയടിയുള്ള കെട്ടിടത്തിൽ 120 പേരെ പുനരധിവസിപ്പിക്കാം. ഓരോ നിലയിലും നാലു വാർഡുകൾ. മൊത്തം 12 വാർഡുകൾ. ഇപ്പോൾ 45 പേർ അന്തേവാസികളായി താമസിക്കുന്നു. പുറത്ത് അന്തേവാസികൾക്ക് ചെലവഴിക്കാൻ പാർക്കും, പുൽത്തകിടിയും, ഉദ്യാനവും. 

നവജാത ശിശുക്കളെ പരിചരിക്കുന്ന വിഭാഗം, തെരുവിൽ അലഞ്ഞു നടക്കുന്നവരെ പുനരധിവസിപ്പിക്കുന്ന വിഭാഗം, പെയിൻ& പാലിയേറ്റീവ് കെയർ സെക്‌ഷൻ, ഡീ- അഡിക്ഷൻ സെന്റർ, സ്ത്രീകൾക്കുള്ള സ്വയംതൊഴിൽ പരിശീലനം നൽകുന്ന കേന്ദ്രം, സേവനസന്നദ്ധരായ പൊതുജനങ്ങൾക്ക് വന്നു താമസിക്കാനുള്ള ഇടം തുടങ്ങിയവയെല്ലാം ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.

അമ്മത്തൊട്ടിലിൽ പിറന്നു വീഴുന്ന ശിശുക്കൾ, ആരോരുമില്ലാതെ തെരുവിൽ അലയുന്നവർ, കുടുംബപ്രശ്‌നങ്ങൾ മൂലവും രോഗം മൂലവും  അനാഥരാക്കപ്പെടുന്നവർ തുടങ്ങി ഒരുപാട് പേർക്ക് ഇപ്പോൾ ഈ സ്ഥാപനം അഭയമേകുന്നു. അന്തേവാസികൾക്ക് ഇവിടെ സ്വന്തം വീട് പോലെയുള്ള അന്തരീക്ഷം ഒരുക്കി നൽകാൻ ഇരുപതോളം ജീവനക്കാർ സദാ സേവനസന്നദ്ധരായി പ്രവർത്തിക്കുന്നു.

തിരക്കുകൾക്കും നേട്ടങ്ങൾക്കും പിന്നാലെയുളള ഓട്ടപ്പാച്ചിലിനിടയ്ക്ക് വല്ലപ്പോഴുമെങ്കിലും ഇതുപോലെയുള്ള സ്ഥലങ്ങൾ സന്ദർശിക്കണം. അത് ജീവിതത്തിനു നൽകുന്ന ഉൾക്കാഴ്ച വളരെ വലുതായിരിക്കും...

ചിത്രങ്ങൾ- അജീബ് കൊമാച്ചി