Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലും മമ്മൂട്ടിയും എത്തി, വീട് അഭിനയിച്ചു തുടങ്ങി!

run-baby-run-veed സിനിമകളിൽ കാണുന്ന വീടുകൾക്ക് എത്രയോ കഥകൾ പറയാനുണ്ട്. സിനിമാ ഷൂട്ടിങ്ങിനു നൽകുന്ന വീടുകളുടെ അനുഭവകഥകളിലൂടെ...

‘വർണപ്പകിട്ട്’ എന്ന ഹിറ്റ് മോഹൻലാൽ സിനിമ ചിത്രീകരിച്ച ഇറഞ്ഞാൽ മോസ്കോ കവലയിലെ വീട്ടിൽ പിന്നീട് ഒരിക്കലും ആർക്ക് ലൈറ്റിന്റെ വെളിച്ചമോ ‘ആക്ഷൻ, കട്ട്’ കൽപനകളോ മുഴങ്ങിയിട്ടില്ല. അതിനു പിന്നിൽ ഒരു ഒന്നൊന്നര കഥയുണ്ട്... 

ഓരോ സിനിമയുടെ കഥയും പശ്ചാത്തലവും കഥാകൃത്തും സംവിധായകനും വിവരിക്കുമ്പോൾ പ്രൊഡക്ഷൻ കൺട്രോളറുടെയും കലാസംവിധായകന്റെയും മനസ്സ് കേരളത്തിലെ വിവിധ ലൊക്കേഷനുകളിലൂടെ അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുകയാവും. അത്തരത്തിൽ മലയാള സിനിമയുടെ ഒട്ടേറെ ഇഷ്ട ലൊക്കേഷനുകളുണ്ട് കോട്ടയം ജില്ലയിൽ. അവയ്ക്ക് ഓരോന്നിനുമുണ്ട് ഓരോ കഥ പറയാൻ. 

ലൊക്കേഷൻ ഓകെ 

കോട്ടയം ടച്ചുള്ള കഥ എന്നു പറഞ്ഞു തുടങ്ങുമ്പോഴേ ആദ്യം പ്രൊഡക്ഷൻ കൺട്രോളറും കലാസംവിധായകനും ആലോചിക്കുന്നതു സിഎംഎസ് കോളജിനെപ്പറ്റിയാണ്. കോളജ് ക്യാംപസായും പഴയ തറവാടായും സമ്മേളന നഗരിയായും എത്രയോ തവണ സിഎംഎസ് കോളജ് മുഖത്തു ചായമിട്ടു. എന്തിനേറെ, ‘തോപ്പിൽ ജോപ്പൻ’ എന്ന മമ്മൂട്ടിച്ചിത്രത്തിൽ സിഎംഎസ് കോളജ് അഭിനയിച്ചത് ഒരു ധ്യാനകേന്ദ്രമായിട്ടായിരുന്നു. 

thoppil-joppam-cms-collge തോപ്പിൽ ജോപ്പൻ ചിത്രത്തിലെ രംഗം

‘മായാവി’ എന്ന സിനിമ ചിത്രീകരിച്ച വൈക്കം ബസ് സ്റ്റാൻഡിനു സമീപമുള്ള വീട് ഇപ്പോൾ ചലച്ചിത്ര പ്രവർത്തകരുടെ ഇടയിൽ അറിയപ്പെടുന്നത് മായാവി വീടെന്നാണ്. പഴയതും പുതിയതുമായ ഒട്ടേറെ സിനിമകൾക്കു ലൊക്കേഷനായ വീടായിരുന്നു വൈക്കം – തലയോലപ്പറമ്പ് റൂട്ടിലെ വഴിയരികിൽ കാണുന്ന ആഡംബര വീട്. ‘കുര്യാക്കോസ് വീട്’ എന്നാണ് ആ വീടിന്റെ സിനിമാപ്പേര്.

mayavi-veedu

‘റൺ ബേബി റൺ’ എന്ന സിനിമയിലെ ‘ആറ്റുമണൽ പായയിൽ’ എന്ന ഗാനം ഇവിടെയായിരുന്നു ചിത്രീകരിച്ചത്. 

mohamlal-run-baby-run
kuriakose-veedu-vaikom-inside

‘ഒരു ഇന്ത്യൻ പ്രണയകഥ’ എന്ന സത്യൻ അന്തിക്കാട് – ഫഹദ് ഫാസിൽ ചിത്രത്തിനു ലൊക്കേഷനായ കോട്ടയത്തെ രണ്ടു വീടുകൾ ഇന്നില്ല. പാർട്ടി ഓഫിസായി ചിത്രീകരിച്ച കെട്ടിടത്തിന്റെ സ്ഥാനത്ത് ഇന്നൊരു ഫ്ലാറ്റ് സമുച്ചയമാണ്. 

ആർട്ടിൽ തൊടരുത് 

സിനിമാ പ്രവർത്തകരുടെ ഇഷ്ട ലൊക്കേഷനുകളിലൊന്നാണ് കോട്ടയം നഗരത്തിലെ ക്ലാസിക് ടച്ചുള്ള വീട്. എന്നാൽ ഈ വീടിന്റെ ഉടമസ്ഥയുടെ വീടിനോടുള്ള സ്നേഹം പലപ്പോഴും സിനിമാക്കാരെ വെള്ളം കുടിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ പുരാവസ്തുക്കൾ സ്വന്തമായുള്ള ഈ വീട്ടിലെ ഒരു സാധനത്തിലും തൊടാൻ സിനിമക്കാരെ വീട്ടുടമസ്ഥ അനുവദിക്കില്ല. ഒരിക്കൽ രാവിലെ സിനിമക്കാർ ഷൂട്ടിങ്ങിനെത്തിയപ്പോൾ വീടു പൂട്ടിയിട്ടിരിക്കുന്നതാണു കണ്ടത്. തലേന്നു രാത്രി വീടിനുള്ളിലെ സാധനങ്ങൾ മാറ്റി മറിച്ചതിനാൽ ഇനി ഇവിടെ ഷൂട്ടിങ് പറ്റില്ലെന്നായിരുന്നു വീട്ടമ്മയുടെ നിലപാട്. സിനിമാക്കാർ കാലുപിടിച്ചിട്ടും വീട്ടമ്മ നിലപാടു മാറ്റിയില്ല. 

മോഹൻലാൽ വരില്ലേ? 

varnapakitt-house

‘വർണപ്പകിട്ട്’ മോസ്കോ കവലയിലെ വീട്ടിലായിരുന്നു ചിത്രീകരണം. സിനിമാ പ്രവർത്തകർ ചോദിച്ചിട്ടു വീട്ടുകാർ ആദ്യം സമ്മതിച്ചില്ല. മോഹൻലാലൊക്കെ വീട്ടിൽ വരുമെന്നു പറഞ്ഞതോടെ ഒടുവിൽ വീട്ടിലെ മുതിർന്ന അംഗം ഇടപെട്ട് അനുമതി കൊടുത്തു. അങ്ങനെ ഷൂട്ടിങ്ങിന്റെ ആദ്യ ദിനം. മക്കളൊക്കെ ജോലിക്കു പോയി. 11 മണിയോടെ വീട്ടിൽനിന്നു ഫോൺ വിളിയെത്തി. ബഹളം കേട്ടു മക്കൾ ഓടി വീട്ടിലെത്തിയതോടെ വീടിനു മുന്നിൽ ഉൽസവത്തിനുള്ള ആൾക്കൂട്ടം, പൊലീസ്... ഒരുകണക്കിന് അകത്തു കയറാൻ ശ്രമിച്ചതോടെ പൊലീസ് തടഞ്ഞു. വീട്ടുടമകളാണെന്നു പറഞ്ഞിട്ടും രക്ഷയുണ്ടായില്ല. ഒടുവിൽ മതിൽചാടി വീടിനുള്ളിൽ കയറി. ഇതിനിടെ ജനക്കൂട്ടം പൂച്ചട്ടി അടക്കം ചവിട്ടിപ്പൊട്ടിച്ചിരുന്നു. 

മുറികളിൽ നടൻമാരിൽ ചിലർ ചെരിപ്പിട്ടു കയറി, സിഗരറ്റ് വലിച്ചു തുടങ്ങിയ പരാതികൾ ഉയർന്നതോടെ ഷൂട്ടിങ് നിർത്താൻ വീട്ടുകാരും ആവശ്യപ്പെട്ടു. ഒടുവിൽ മോഹൻലാൽ ഇടപെട്ടാണ് ഷൂട്ടിങ് പൂർത്തിയാക്കാൻ കഴിഞ്ഞത്. പിന്നീട് ഒരിക്കലും ആ വീട് ഷൂട്ടിങ്ങിനായി നൽകിയിട്ടുമില്ല. 

പ്രതിദിന വാടക 50,000 വരെ 

ഷൂട്ടിങ്ങിനായി നൽകുന്ന വീടുകൾക്കു പ്രതിദിനം 10,000 മുതൽ 50,000 രൂപ വരെ വാടക ലഭിക്കാറുണ്ട്. ഷൂട്ടിങ്ങിനു നൽകാൻ താൽപര്യമുണ്ടെങ്കിൽ വീടിന്റെ മനോഹരമായ കുറച്ചു ചിത്രങ്ങളെടുത്ത് അറിയപ്പെടുന്ന കലാസംവിധായകർക്കോ പ്രൊഡക്ഷൻ കൺട്രോളർമാർക്കോ നൽകുകയാണു ചെയ്യേണ്ടത്.