പിറന്നാൾ സമ്മാനമായി ഒരുഗ്രൻ കളിവീട്! വിലയോ?

കൂട്ടുകാരോടൊപ്പം ചെറിയ വീട് കെട്ടി കളിക്കുന്ന മകളെ കണ്ടതോടെയാണ് പിറന്നാൾ സമ്മാനം ഒരു കളിവീടാക്കാൻ ഷാഫി തീരുമാനിച്ചത്.

പുതിയ തലമുറയിലെ രക്ഷിതാക്കൾ മക്കൾക്ക് പിറന്നാൾ സമ്മാനമായി സ്മാർട്ഫോണും ടാബ്‌ലറ്റും നൽകുമ്പോൾ വ്യത്യസ്തനാവുകയാണ്  കാസർഗോഡ് സ്വദേശി മുഹമ്മദ് ഷാഫി. മകൾ മിദ്ഹ ഫാത്തിമയുടെ ആറാം പിറന്നാളിന് മരത്തിൽ തീർത്ത ഒരുഗ്രൻ കളിവീടാണ് ഷാഫി സമ്മാനിച്ചത്. രണ്ടു ലക്ഷം രൂപയാണ് ഈ കുഞ്ഞൻ വീടൊരുക്കാൻ ആകെ ചെലവായത്. മകളുടെ സന്തോഷം മാത്രമായിരുന്നു അച്ഛന്റെ ലക്ഷ്യം.

കൂട്ടുകാരോടൊപ്പം ചെറിയ വീട് കെട്ടി കളിക്കുന്ന മകളെ കണ്ടതോടെയാണ് പിറന്നാൾ സമ്മാനം ഒരു കളിവീടാക്കാൻ ഷാഫി തീരുമാനിച്ചത്. ഇന്റർനെറ്റും പുസ്തകങ്ങളും പരാതി ഒരു മാതൃക തയാറാക്കി. ആശയവുമായി വിദഗ്ധരെ സമീപിച്ചപ്പോൾ എസ്റ്റിമേറ്റ് തുക പ്രതീക്ഷിച്ചതിനും അപ്പുറത്തായി. ഇതോടെ സ്വന്തമായി വീട് നിർമിക്കാൻ തീരുമാനിച്ചു. ജാതി, അക്കേഷ്യ തുടങ്ങിയ മരങ്ങളാണ് ഉപയോഗിച്ചത്.

ചെറുതെങ്കിലും സൗകര്യങ്ങളുടെ കാര്യത്തിൽ വെറുമൊരു കളിവീടല്ല ഇത്. ടൈൽസ് പാകിയ തറ, വീടിനുള്ളിൽ നിന്നും രണ്ടാം നിലയിലേക്കും ബാൽക്കണിയിലേക്കും പ്രവേശിക്കുന്നതിന് ഗോവണി, പഠനത്തിനായി പ്രത്യേക മുറി, ഇതിനോട് ചേർന്ന് തന്നെ ഒരു ചെറിയ അടുക്കളയുടെ മാതൃകയും ഒരുക്കിയിരിക്കുന്നു.

ഗോവണി കയറി എത്തിയാൽ കിടക്കാനുള്ള സൗകര്യവുമുണ്ട്. ബാൽക്കണിയിൽ ഇരുന്നു കാഴ്ചകൾ കാണാം. വെളിച്ച സംവിധാനവും ഒരുക്കിയിട്ടുണ്ട്. അവധിക്കാലമായതോടെ പ്രദേശത്തെ കുട്ടിക്കൂട്ടം മുഴുവൻ മാവിലക്കടപ്പുറത്തെ മുഹൈസ് മൻസിലിന്റെ മുറ്റത്തുള്ള മിദ്ഹയുടെ കളിവീട്ടിലുണ്ട്. സമൂഹമാധ്യമങ്ങളിലും കളിവീട് തരംഗമായി.