സൂപ്പർതാരം ഡിവില്ലിയേഴ്‌സിന്റെ വീട്

ഡിവില്ലിയേഴ്‌സും ഭാര്യ ഡാനിയേലയും മക്കളായ അബ്രഹാമും ജോണും ചേരുമ്പോൾ വീട് പൂർണമാകുന്നു. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

ക്രിക്കറ്റ് ആരാധകരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. സമകാലീന ക്രിക്കറ്റിലെ സൂപ്പർതാരം ദക്ഷിണാഫ്രിക്കയുടെ എ.ബി.ഡിവില്ലിയേഴ്സ് രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചതായിരുന്നു അത്. ഇതോടെ 14 വർഷത്തോളം നീളുന്ന രാജ്യാന്തര കരിയറിനാണു മുപ്പത്തിനാലുകാരനായ ഡിവില്ലിയേഴ്സ് തിരശീലയിടുന്നത്. 114 ടെസ്റ്റുകളും 228 ഏകദിനങ്ങവും 78 ട്വന്റി20 മൽസരങ്ങളും രാജ്യാന്തര തലത്തിൽ കളിച്ചിട്ടുണ്ട്. 

ദക്ഷിണാഫ്രിക്കയിലെ ബെല ബെല എന്ന സ്ഥലത്താണ് ഡിവില്ലിയേഴ്സ് ജനിച്ചത്. ഡോക്ടറായ പിതാവാണ് ചെറുപ്പത്തിൽ ഡിവില്ലിയെ ക്രിക്കറ്റ് കളിക്കാൻ പ്രേരിപ്പിച്ചത്. ഇതിനായി വീട്ടിൽ ചെറിയ ഒരു പിച്ചും നിർമിച്ചു കൊടുത്തു. ടീമിൽ സഹതാരമായ ഡുപ്ളെക്സിസ് ഡിവില്ലിയുടെ ബാല്യകാല സുഹൃത്തായിരുന്നു. 

ക്രിക്കറ്റിൽ സജീവമായ ശേഷം ബെല ബെലയിൽ ഡിവില്ലിയേഴ്സ് ഒരു വീട് വച്ചു. താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെ വീടും കുടുംബവുമൊത്ത് ചെലവഴിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. കളിക്കളത്തിലെ വെടിക്കെട്ട് താരമാണെങ്കിലും വീട്ടിലെത്തിയാൽ കുട്ടികളോടൊപ്പം കളിചിരിയുമായി ചെലവിടാറാണ് പതിവ്. ഇൻസ്റ്റഗ്രാമിലെ ചിത്രങ്ങൾ ഇത് അടിവരയിടുന്നു.

സമകാലിക ശൈലിയിലുള്ള ഇരുനിലവീട്. കരിങ്കല്ല് കൊണ്ടാണ് വീടിന്റെ ഭിത്തികൾ കെട്ടിയത്. കാറ്റും വെളിച്ചവും നിറയാനായി ധാരാളം ഗ്ലാസ് ജനാലകളും ചുവരുകളിൽ നൽകിയിരിക്കുന്നു. പുറത്തെ മനോഹരകാഴ്ചകളിലേക്ക് തുറക്കുന്ന ബാൽക്കണിയും ഇവിടെ ഒരുക്കി. ഓക്ക് തടി കൊണ്ടുള്ള പാനലിങ് വീട്ടിൽ പലയിടത്തായി നൽകിയിട്ടുണ്ട്. വീടിനുള്ളിൽ ബുക് ഷെൽഫ് കാണാം.

വീടിനകത്ത് ജിം സജ്ജീകരിച്ചിട്ടുണ്ട്. മക്കൾക്ക് കളിക്കാനായി വിശാലമായ ഉദ്യാനവും വീടിനോട് ചേർന്നുണ്ട്. പുറത്ത് സ്വിമ്മിങ് പൂളുമുണ്ട്. ഡിവില്ലിയേഴ്‌സും ഭാര്യ ഡാനിയേലയും മക്കളായ അബ്രഹാമും ജോണും ചേരുമ്പോൾ വീട് പൂർണമാകുന്നു.