മലാലയുടെ മാലാഖവീട്!

മലാല യൂസഫ്സായ് - പാക്കിസ്ഥാനിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ ജീവിച്ചിരുന്ന അവളുടെ ജീവിതം ഒരു ദിവസം കൊണ്ടാണ് മാറ്റിമറിക്കപ്പെട്ടത്. പഠിക്കാനുള്ള തങ്ങളുടെ അവകാശത്തിന് വേണ്ടി ശബ്ദമുയർത്തിയപ്പോൾ തീവ്രവാദികളുടെ വെടിയുണ്ടകളാണ് അവളോട് സംസാരിച്ചത്. പക്ഷേ ആ വെടിയുണ്ടകൾക്ക് അവളെ നിശബ്ദയാക്കാൻ കഴിഞ്ഞില്ല. പിന്നെയെല്ലാം ചരിത്രമാണ്...ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റ മലാല പെൺകുട്ടികളുടെ ആഗോള മുഖമായി മാറി. സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അവൾ മാറി. 

അച്ഛനും അമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പം യുകെയിലെ ബിർമിങ്ഹാമിലാണ് മലാല ഇപ്പോൾ താമസിക്കുന്നത്. സുരക്ഷാകാരണങ്ങളാൽ അന്നത്തെ സംഭവത്തിനു ശേഷം ഒരിക്കൽ മാത്രമേ മലാല തന്റെ കുടുംബ വീട്ടിലേക്ക് പോയിട്ടുള്ളൂ.എന്നിരുന്നാലും തന്റെ പാക്കിസ്ഥാനി വീടിന്റെ ഓർമകൾ മലാല ഇവിടെ പുനർ സൃഷ്ടിച്ചിരിക്കുന്നു. മുറികൾ അലങ്കരിക്കുന്നത് പാക്കിസ്ഥാനിൽ നിന്നുള്ള പരവതാനികളും കർട്ടനുകളും പെയിൻറിങ്ങുകളും ലൈറ്റുകളുമൊക്കെയാണ്. തങ്ങളുടെ വേരുകളിലേക്കുള്ള തിരിച്ചുപോക്ക് ഓരോ നിമിഷവും ഓർമിപ്പിക്കുന്ന ഇടങ്ങൾ ഇവിടെ ഒരുക്കിയിരിക്കുന്നു.

ഊഷ്മളത നിറയുന്ന അകത്തളങ്ങളാണ് വീടിന്റെ മറ്റൊരു സവിശേഷത. അതിഥികൾക്കും കുടുംബാംഗങ്ങൾക്കും ഒത്തു കൂടാനും സംസാരിച്ചിരിക്കാനുമായി നിരവധി ഇടങ്ങൾ വീട്ടിലൊരുക്കി. ബ്രൗൺ, ലാവണ്ടർ നിറങ്ങളാണ് ചുവരുകളിൽ നൽകിയത്.

അറിവിനോടുള്ള മലാലയുടെ പ്രേമം വീടിനുള്ളിൽ പ്രകടമാണ്. പഠനത്തിന് മാത്രമായി പ്രത്യേക മുറി വേർതിരിച്ചിരിക്കുന്നു. ചെറുപ്പത്തിലേ വായനയുടെ ലോകത്തെത്തിയ മലാലയുടെ കൂട്ടുകാർ പുസ്തകങ്ങളാണ്. ഊണുമുറിയുടെ വശത്തായി വലിയ ബുക് ഷെൽഫ് കാണാം.

ലോകം മുഴുവൻ അറിയപ്പെടുന്ന ആളാണെന്ന ഭാവമൊന്നും വീട്ടിലുളളപ്പോൾ മലാലയ്ക്കില്ല. കുഞ്ഞനിയൻമാരായ അടലും, കുശലും കുസൃതികളുമായി ചേച്ചിയുടെ കൂടെയുണ്ട്. മലാലയും മടി കൂടാതെ അവർക്കൊപ്പം ചേരുന്നു. ശരിക്കും കളി ചിരികൾ നിറയുന്ന ഒരു മാലാഖവീട് തന്നെ...