റേയ്ജന്റെ വീട്ടുവിശേഷങ്ങൾ

മിനി സ്ക്രീനിലെ തിരക്കുള്ള താരവും മോഡലുമൊക്കെയായ റേയ്ജൻ രാജന് തന്റെ വീട്ടിൽ ഏറെ പ്രിയമുള്ള ഒരിടമുണ്ട്. തന്റെ സങ്കടങ്ങളും സന്തോഷങ്ങളും നേട്ടങ്ങളും കോട്ടങ്ങളും എല്ലാം റേയ്ജൻ ആദ്യം പങ്കുവയ്ക്കുന്നത് ഈ ഇടത്തിലേക്ക് ഓടിയെത്തിയിട്ടാണ്. സീരിയലിൽ താൻ ചെയ്ത പോലീസ് കഥാപാത്രത്തെ ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോഴും പുതിയ അവസരങ്ങൾ തേടിയെത്തിയപ്പോഴും എല്ലാം റേയ്ജൻ മനസ്സ് തുറന്നു ചിരിച്ചത് ഇവിടെ വച്ചായിരുന്നു. മറ്റാർക്കും പ്രവേശനമില്ലാത്ത തന്റെ വീട്ടിലെ പ്രിയപ്പെട്ട ഇടത്തെ പറ്റിയും തന്റെ സ്വപ്ന ഭവനത്തെ പറ്റിയും റേയ്ജൻ മനസ്സ് തുറക്കുന്നു.

ഗ്രാമത്തിന്റെ പച്ചപ്പും ഭംഗിയും ഒക്കെയുള്ള തൃശൂർ ജില്ലയിലാണ് എന്റെ വീട്. വീട് എന്ന് പറയുമ്പോൾ എല്ലാവരെയും പോലെ എനിക്കും വലിയ നൊസ്റാൾജിയയാണ്. പ്രത്യേകിച്ച് ഷൂട്ടിംഗ് തിരക്കും മറ്റുമായി തിരുവനന്തപുരത്തും എറണാകുളത്തും മാറി മാറി താമസിക്കേണ്ടി വരുന്ന ഞാൻ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് എന്റെ വീടിനെ തന്നെയാണ്. ലോകത്ത് എവിടെ പോയാലും എനിക്ക് സ്വന്തം വീട്ടിൽ അനുഭവപ്പെടുന്ന സന്തോഷം ലഭിക്കില്ല.

എന്റേത് മാത്രമായ ആ നീല മുറി

വീട്ടിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇടം എന്റെ ബെഡ്‌റൂം ആണ്. നീല നിറമുള്ള ആ മുറിയിലാണ് എന്റെ സ്വപ്നങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം ആദ്യം പങ്കുവയ്ക്കപ്പെടുന്നത്. ഞാൻ വീടിന് പുറത്ത് കൂട്ടുകാർക്കൊപ്പം മുറി ഷെയർ ചെയ്ത താമസിക്കാറുണ്ട്, എന്നാൽ എന്റെ ആ നീല മുറിയിൽ ഞാൻ ആരെയും കയറ്റില്ല. വല്ലാത്ത ആൽബന്ധവും പൊസസ്സീവ്നെസ്സുമാണ് എനിക്ക് എന്റെ മുറിയോട്. എന്നെ കൂടാതെ എന്റെ സഹോദരിയുടെ മക്കൾക്ക് മാത്രമേ അവിടെ പ്രവേശനമുള്ളൂ.

അടക്കും ചിട്ടയും പഠിച്ചു വരുന്നു

സ്വതവേ അടക്കും ചിട്ടയും എനിക്കല്പം കുറവാണു എന്നാണ് 'അമ്മ പറയുന്നത്. അത് എന്റെ മുറിയിലും ദൃശ്യമാണ്. എന്നിരുന്നാലും മറ്റൊരാൾ വന്നു അവിടം അടക്കി പെരുകുന്നത് എനിക്കിഷ്ടമല്ല. എന്റെ സമയത്തിനനുസരിച്ച് ഞാൻ തന്നെ മുറി റീ അറേഞ്ച് ചെയ്യും. ഫർണിച്ചറുകൾ സ്ഥാനം മാറ്റി പരീക്ഷിക്കാറുണ്ട്. എന്നാൽ ബെഡിന്റെ പൊസിഷൻ മാറുന്നത് എനിക്കിഷ്ടമല്ല. എന്റെ അറിവില്ലാതെ ആ മുറിയിൽ ആരും ഒരു മാറ്റവും വരുത്താറുമില്ല. എന്റെ എല്ലാവിധ മൂഡ് ചേഞ്ചുകളെയും സ്വീകരിക്കുന്നത് എന്റെ ബെഡ്‌റൂം തന്നെയാണ്.

ഷൂട്ടിങ് കഴിഞ്ഞാൽ നേരെ മുറിയിലേക്ക്

ഷൂട്ടിങ് കഴിഞ്ഞാൽ ഞാൻ ആദ്യം ഓടിയെത്തുന്നത് വീട്ടിലെ എന്റെ മുറിയിലേക്കാണ്. അവിടെയെത്തി നന്നായൊന്നു ശ്വസിച്ചാലേ എനിക്ക് തൃപ്തിയാകൂ.ബാഗ് വലിച്ചെറിഞ്ഞു അലസമായി കിടക്കയിൽ കിടക്കുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെയാണ്.എന്റെ മുറി കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടം ഹാളിൽ ഇരിക്കാനാണ്. വീട്ടുകാർ എല്ലാവരും ചേർന്ന്, വർത്തമാനം പറഞ്ഞു സന്തോഷം പങ്കിടുന്നതിന്റെ ഭാഗമാണ് അത്.

സ്വപ്ന ഭവനം വലുപ്പത്തിൽ ചെറുത് , പൂന്തോട്ടം , കൃഷിയിടം എന്നിവ നിർബന്ധം

സ്വന്തമായി ഞാൻ പണിയാൻ ആഗ്രഹിക്കുന്ന വീടിനെ പറ്റി എനിക്ക് വ്യക്തമായ ചിത്രമുണ്ട്. വലുപ്പത്തിൽ അല്ല ഭംഗിയിലാണ് കാര്യം. അതിനാൽ വളരെ ചെറിയ, എന്നാൽ കാണാൻ ക്യൂട്ട് ആയിട്ടുള്ള ഒരു വീടാണ് ഞാൻ പണിയാൻ ആഗ്രഹിക്കുന്നത്. തൃശൂരോ എറണാകുളത്തോ വീട് വേണം എന്നാണ് ആഗ്രഹം. എവിടെ പണിതാലും റോഡിൽ നിന്നും ഏറെ അകലെയായിരിക്കണം. വീടിന് ചുറ്റും ധാരാളം സ്ഥലം വേണം.മുന്നിലായി പൂന്തോട്ടവും പിന്നിൽ അടുക്കളത്തോട്ടവും നിർമിക്കാൻ കഴിയണം . എന്റെ വീട്ടിലേക്കുള്ള പച്ചക്കറികൾ വീട്ടിൽ തന്നെ കൃഷി ചെയ്യണം എന്നാണ് എന്റെ ആഗ്രഹം.

ദിവസവും സിറ്റൗട്ടിൽ വന്നിരുന്നു വീട്ടുകാരുമൊത്ത് ചായകുടിച്ച് വർത്തമാനം പറഞ്ഞിരിക്കാൻ കഴിയണം. അപ്പോൾ മറ്റ് ശല്യങ്ങൾ ഒന്നും ഉണ്ടാകരുത്. ട്രഡീഷണൽ രീതിയിലും മോഡേൺ രീതിയിലുമുള്ള വീടുകൾ ഇഷ്ടമാണ്. സ്ഥലസൗകര്യം അനുസരിച്ച് പണിയണം എന്നാണ് ആഗ്രഹിക്കുന്നത്. സൂര്യപ്രകാശം ധാരാളം ഓരോ മുറിയിലും എത്തുന്ന രീതിയിലാവണം വീടിന്റെ നിർമാണം എന്നത് നിര്ബന്ധമാണ്.