പ്രയാഗയുടെ വീട്ടിലേക്ക് സ്വാഗതം; വിഡിയോ

കട്ടപ്പനയിലെ ഋതിക് റോഷൻ, രാമലീല തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് പ്രയാഗ മാർട്ടിൻ. കലൂർ സീക്കെൻ ഈസ്റ്റ് എൻഡ് അപ്പാർട്മെന്റിലാണ് പ്രയാഗയുടെയും കുടുംബത്തിന്റെയും ഫ്ലാറ്റ്. മനോഹരമായി അലങ്കരിച്ച ഒരു കൊച്ചു കിളിക്കൂട്. സ്‌കൈ വില്ല ശൈലിയിലാണ് ഈ ഫ്ലാറ്റ്. അതായത് മറ്റൊരു ഫ്ലാറ്റുമായി ചുവരുകൾ പങ്കുവയ്ക്കുന്നില്ല. അതിനാൽ ശരിക്കുമൊരു വീട് പോലെതന്നെ സ്വകാര്യത ലഭിക്കുന്നു. 

പ്രയാഗയുടെ അച്ഛൻ മാർട്ടിൻ ബിൽഡറാണ്. അമ്മ ജിജിക്കും ഇന്റീരിയർ ഡിസൈനിങ്ങിനോട് പെരുത്തിഷ്ടം. അതിന്റെ ഫലം ഈ ചെറിയ ഫ്ലാറ്റിൽ കാണാനാകും. ഫലപ്രമായ സ്‌പേസ് പ്ലാനിങ്ങാണ് ഇവിടെ എത്തുന്നവർ ആദ്യം ശ്രദ്ധിക്കുക. ചെറിയ ഇടത്തിലും അത്യാവശ്യ സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. 2000 ചതുരശ്രയടിയുള്ള ഫ്ളാറ്റിൽ ലിവിങ്, ഡൈനിങ്, മൂന്ന് കിടപ്പുമുറികൾ, ബാത്റൂം, കിച്ചൺ എന്നിവ ഒരുക്കിയിരിക്കുന്നു.

വാതിൽ തുറന്നകത്തു കയറുമ്പോൾ വശത്തായി പ്രയാഗയും കുടുംബവും വിവിധ നാടുകളിൽ യാത്ര പോയപ്പോൾ ശേഖരിച്ച ക്യൂരിയോകൾ കലാപരമായി ക്രമീകരിച്ചിരിക്കുന്നത് കാണാം.

"ഞങ്ങളെ സംബന്ധിച്ച് വീട് എന്ന് പറഞ്ഞാൽ ആദ്യം വേണ്ടത് പോസിറ്റീവ് എനർജിയാണ്. താമസിക്കുന്നവർക്കും അതിഥികൾക്കുമെല്ലാം ആ പോസിറ്റീവ് എനർജി അനുഭവിക്കാൻ കഴിയണം. അത് നമ്മളുടെ വ്യക്തിത്വത്തെയും കരിയറിനെയുമൊക്കെ ഗുണപരമായി സ്വാധീനിക്കുകയും ചെയ്യും. വീട് ഡിസൈൻ ചെയ്തപ്പോൾ ഞങ്ങൾ ഏറെ പ്രാധാന്യം കൊടുത്തത് പോസിറ്റിവിറ്റിക്കാണ്. പ്രയാഗ ഡിസൈൻ വിശേഷങ്ങൾ പറഞ്ഞു തുടങ്ങി..

ഞാനൊരു കൊച്ചിക്കാരിയാണ്. ജനിച്ചതും വളർന്നതും എളമക്കരയിലുള്ള അച്ഛന്റെ വീട്ടിലാണ്. ഏഴു വർഷം മുൻപാണ് ഈ ഫ്ലാറ്റിലേക്ക് ചേക്കേറിയത്. എന്റെ ജീവിതത്തിൽ ഒരുപാട് നല്ല മാറ്റങ്ങൾ (സിനിമയിൽ എത്തിയതടക്കം) ഉണ്ടായത് ഇവിടേക്ക് മാറിയതിനു ശേഷമാണ്.

'ആഷ്, ഗ്രീൻ, വൈറ്റ് തീമിലാണ് ഞങ്ങൾ ഈ ഫ്ലാറ്റ് ഒരുക്കിയത്. ഞങ്ങൾക്ക് വളരെ ഇഷ്ടമുള്ള നിറങ്ങളാണ് ഇവ മൂന്നും. ഫ്ലോർ, ഫർണിച്ചർ, സീലിങ്, പെയിന്റിങ്‌സ് എന്നിവയിൽ ഈ കോംബിനേഷൻ കാണാനാകും'. അമ്മ ജിജി കൂട്ടിച്ചേർത്തു.

ലളിതമായ സ്വീകരണമുറി. ഫോക്കൽ പോയിന്റ് പോലെ ഇവിടെ ഭിത്തിയിൽ ഒരു ഗ്രീൻ പെയിന്റിങ് നൽകി അലങ്കരിച്ചിരിക്കുന്നു. സ്വീകരണമുറിക്ക് സമീപം പ്രയാഗയ്ക്ക് ലഭിച്ച പുരസ്‌കാരങ്ങൾ സ്നേഹത്തോടെ സൂക്ഷിച്ചു വച്ചിരിക്കുന്നു. ഇതിനു സമീപം ടിവി യൂണിറ്റ് നൽകി. എതിർവശത്തുള്ള സ്ലൈഡിങ് ഗ്ലാസ് ഡോറുകളുടെ പുറത്തുള്ള ഇത്തിരി സ്‌പേസിലും ചെറിയ പൂന്തോട്ടം കലാപരമായി ഒരുക്കിയിരിക്കുന്നു.

ഒരു കൊച്ചുകുടുംബത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ചെറിയ ഊണുമേശ. ഡൈനിങ്ങിന്റെ വശത്തായി ക്രോക്കറി ഷെൽഫും ചെറിയൊരു ബാർ കൗണ്ടറും കലാപരമായി വിന്യസിച്ചിരിക്കുന്നു. ഡൈനിങ് ഏരിയയിൽ രണ്ടു ഹൈലൈറ്റുകളുണ്ട്. ഒന്ന് നാച്വറൽ സ്റ്റോൺ ക്ലാഡിങ് പതിപ്പിച്ച ഭിത്തിയും നഗരക്കാഴ്ചകളിലേക്ക് മിഴി തുറക്കുന്ന സെമി ഓപ്പൺ ബാൽക്കണിയും.

"എന്റെ ഫേവറിറ്റ് സ്‌പേസുകളിൽ ഒന്നാണ് ഈ ബാൽക്കണി. സ്ലൈഡിങ് ഗ്ലാസ് വിൻഡോ തുറന്നാൽ കാറ്റും വെളിച്ചവും കൊച്ചിയുടെ കാഴ്ചകൾക്കൊപ്പം അകത്തേക്ക് വിരുന്നെത്തും. ഒഴിവുവേളകളിൽ ഇവിടെയിരുന്ന് മഴ കണ്ടിരിക്കാൻ നല്ല രസമാണ്. ബാക്ഡ്രോപ്പിൽ അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി നടക്കുന്ന കൊച്ചി മെട്രോയും". പ്രയാഗ വാചാലയായി. 

ഇതിനു സമീപമാണ് പ്രെയർ സ്‌പേസ്. ഫ്ലോർ ലെവലിൽ നിന്നും അൽപം ഉയർത്തിയാണ് ഈ ഏരിയ ഒരുക്കിയത്. വുഡൻ ഫിനിഷുള്ള ടൈലുകളാണ് ഇവിടം വേർതിരിക്കുന്നത്.

അമ്മയുടെ സാമ്രാജ്യമാണ് അടുക്കള എന്ന് പറയുന്നു പ്രയാഗ. ഗ്രീൻ- വൈറ്റ് തീമിലാണ് കബോർഡുകൾ. ചെറിയ സ്‌പേസിൽ പരമാവധി സ്‌റ്റോറേജിന്‌ അവസരം നൽകിയിരിക്കുന്നു. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും നൽകിയിട്ടുണ്ട്. തൊട്ടപ്പുറത്ത് ചെറിയൊരു വർക്ക് ഏരിയയുമുണ്ട്. യാത്ര പോയപ്പോൾ മേടിച്ച ക്യൂരിയോകൾ ഫ്രിഡ്ജിന്റെ വാതിൽ അലങ്കരിക്കുന്നു. സമീപം സ്‌റ്റോറേജിനായി വാഡ്രോബ് ശൈലിയിൽ റാക്ക് നൽകി.

പ്രയാഗയുടെ മുറിയിലേക്ക് കയറുമ്പോൾ ആദ്യം കാഴ്ച പതിയുന്നത് ഒരു ഡിസ്പ്ളേ ഷെൽഫിലേക്കാണ്. പ്രയാഗയ്ക്ക് സ്‌കൂൾ കാലഘട്ടം മുതൽ ലഭിച്ച ട്രോഫികളും അവാർഡുകളുമെല്ലാം  ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. കടുത്ത മൈക്കിൾ ജാക്സൺ ഫാനാണ് പ്രയാഗ. കിടപ്പുമുറിയിലും എംജെയുടെ നിരവധി സ്റ്റിക്കറുകൾ കാണാം. കിടക്കയുടെ മുകളിൽ ഒരു ഡ്രീം ക്യാപ്ച്ചർ കാണാം. സ്‌റ്റോറേജിന്‌ ഇവിടെയും പ്രാധാന്യം നൽകിയിരിക്കുന്നു. ഫ്ലോർ ടു സീലിങ് വാഡ്രോബുകളാണ് മറ്റൊരാകർഷണം. സമീപം ബാൽക്കണിയുമുണ്ട്. 

"ഓരോ ദിവസവും ഒരു പുതിയ തുടക്കമാണ്. അതിനാൽ സന്തോഷമായി തുടങ്ങേണ്ടത് ആവശ്യമാണ്. ഗോദ്‌റെജ്‌ എയർ പോക്കറ്റ് ബാത്റൂം ഫ്രഷായി സൂക്ഷിക്കാൻ സഹായിക്കുന്നു. ഇതിന്റെ നറുമണം നമ്മുടെ ഒരു ദിവസം പോസിറ്റീവ് എനർജിയോടെ തുടങ്ങാൻ സഹായിക്കുന്നു".

കിടപ്പുമുറിയുടെ വശത്തായി ബാൽക്കണി കാണാം. സ്ലൈഡിങ് ഗ്ലാസ് ഡോർ തുറന്നപ്പോഴേക്കും തണുത്ത കാറ്റ് മുറിക്കുള്ളിൽ നിറഞ്ഞു. "വീട്ടിലായിരിക്കുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ സമയം ചെലവിടാൻ ഇഷ്ടപ്പെടുന്ന സ്ഥലമാണ് ഈ ബാൽക്കണി. ഇവിടെ നിന്നുനോക്കിയാൽ കലൂർപള്ളി കാണാം, പള്ളിമണിയടിക്കുന്നത് കേൾക്കാം.. എത്ര ടെൻഷൻ ഉണ്ടെങ്കിലും തണുത്ത കാറ്റേറ്റ് ഇവിടെ അൽപസമയം ചെലവഴിച്ചാൽ മനസ്സ് ശാന്തമാകും".  പ്രയാഗ ദൂരേക്ക് കണ്ണോടിച്ച് അൽപസമയം ചിന്തകളിൽ അലഞ്ഞു.

ഷൂട്ടിന്റെ ഇടവേളകളിൽ സജീവ വിദ്യാർത്ഥിനി കൂടിയാണ് പ്രയാഗ. ഇപ്പോൾ സെന്റ് തെരേസാസിൽ ട്രാവൽ& ടൂറിസത്തിൽ പിജി ചെയ്യുന്നു. 'ഗിഫ്റ്റ് ഓഫ് ഗോഡ്' എന്നാണ് ഈ ഫ്ലാറ്റിനു ഇവർ നൽകിയിരിക്കുന്ന പേര്. അതായത് ദൈവത്തിന്റെ ദാനം. ഒഴിവുസമയങ്ങളിൽ മൂവരും ഒരുമിച്ചുള്ള ഒത്തുചേരലുകൾ നിശബ്ദമായി ആസ്വദിക്കുകയാണ് പോസിറ്റീവ് എനർജി നിറയുന്ന ഈ ഫ്ലാറ്റും.

This episode is brought to you by

Godrej Aer Pocket- സന്തോഷകരമായ പ്രഭാതങ്ങളെ വരവേൽക്കാൻ നിങ്ങളുടെ ബാത്റൂമുകളെ ഒരുക്കൂ! ഗോദ്‌റെജ്‌ എയർ പോക്കറ്റ് നിങ്ങളുടെ ബാത്റൂമുകളെ ഫ്രഷ് ആയി സൂക്ഷിക്കുന്നു. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം- പായ്ക്കറ്റ് തുറന്നു എയർ പോക്കറ്റ് ബാത്റൂമിലെ ചുവരിൽ തൂക്കുക. അഞ്ചു വ്യത്യസ്ത നറുമണങ്ങളാൽ  ലഭ്യം. 3-4 ആഴ്ചകൾ കൂടുമ്പോൾ പായ്ക്കറ്റ് മാറ്റാൻ മറക്കല്ലേ...ഇനി പ്രഭാതങ്ങളെ വരവേൽക്കാം സന്തോഷത്തോടെ...