സൊനാക്ഷിയുടെ മോഡേൺ തറവാട്

സൊനാക്ഷിയുടെ ഫാമിലി അപ്പാർട്മെന്റിന്റെ വിശേഷങ്ങൾ...

അച്ഛനും അമ്മയും മുത്തച്ഛനും മുത്തശ്ശിയും അമ്മാവന്മാരുമൊക്കെ ഒരു കൂരയ്ക്ക് കീഴിൽ സന്തോഷത്തോടെ കഴിഞ്ഞിരുന്ന കൂട്ടുകുടുംബ വ്യവസ്ഥിതി ഒക്കെ അപൂർവതയായി. പുതിയ തലമുറ അതിനെ ഫലപ്രദമായി ഒന്ന് പരിഷ്കരിച്ചു. അതാണ് ഫാമിലി അപ്പാർട്ടുമെന്റുകൾ. ഒരു കുടുംബത്തിലെ ആളുകൾ പല ഫ്ളാറ്റുകളിലായി ഒരേ കൂരയ്ക്ക് കീഴിൽ കഴിയുന്ന രീതിയാണിത്. ഓരോ കുടുംബത്തിനും ആവശ്യത്തിന് സ്വകാര്യത ലഭിക്കുന്നു, എന്നാൽ ആവശ്യങ്ങൾക്ക് ഒത്തുചേരാനും സാധിക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷത.

ബോളിവുഡ് താരം സൊനാക്ഷിയുടെ വീടും ഇതിന്റെ വകഭേദമാണ്. 2008 ലാണ് മുംബൈയിലെ ജുഹുവിലുള്ള സൊനാക്ഷിയുടെ ബാല്യകാല വസതിയായ രാമായൺ പുനർനിർമിച്ചത്. പഴയ വീട് പൊളിച്ചു കളഞ്ഞു പത്തുനിലകളുള്ള അപാർട്മെന്റ് പണിയുകയായിരുന്നു. 2012 ൽ സിൻഹ കുടുംബം അപാർട്മെന്റിന്റെ മുകളിലെ രണ്ടുനിലകളിലേക്ക് താമസം മാറി. ഇരട്ട സഹോദരന്മാരായ ലവ്, കുശ, മറ്റു ബന്ധുക്കൾ എന്നിവർക്കും പ്രത്യേക ഫ്ലാറ്റ് സ്വന്തമായുണ്ട്.

സൊനാക്ഷിയുടെ ഡുപ്ലെയ്‌ ശൈലിയിലുള്ള ഫ്ലാറ്റാണ്. ഒരു നില മുഴുവനും വർക്ക് സ്‌പേസ് ആക്കി മാറ്റിയിരിക്കുന്നു.

നൃത്ത അഭ്യാസത്തിനും, സിനിമാസംബന്ധമായ ചർച്ചകൾക്കും ഒത്തുചേരലുകൾക്കുമെല്ലാം ഇവിടെ ഇടം കണ്ടെത്തിയിരിക്കുന്നു. വിന്റേജ് തീമിലാണ് ഇന്റീരിയർ ഒരുക്കിയത്. വൈറ്റ്, ഗ്രേ നിറങ്ങളാണ് കടുംനിറങ്ങൾക്ക് പകരമായി ഉപയോഗിച്ചത്. നഗരത്തിന്റെ കാഴ്ചകളിലേക്ക് മിഴിതുറക്കുന്ന ബാൽക്കണി സ്‌പേസും ഇവിടെ ഒരുക്കിയിരിക്കുന്നു. സൊനാക്ഷിയുടെ ഇൻസ്റ്റഗ്രാം പേജിൽ കൂടുതലും ഫ്ലാറ്റിൽ വ്യായാമം ചെയ്യുന്നതിന്റെയും അലസമായി സമയം ചെലവഴിക്കുന്നതിന്റെയും ചിത്രങ്ങളും വിഡിയോകളുമാണ്.