ഓർമകളിൽ മൈക്കിൾ ജാക്സന്റെ വീട്

സംഗീത ചക്രവർത്തി മൈക്കിൾ ജാക്സന്റെ ജന്മവാർഷികമായിരുന്നു കഴിഞ്ഞ ദിവസം. ജാക്സന്റെ കരിയറിലെ കയറ്റവും ഇറക്കവും കണ്ട് പിന്നണിയിൽ ഒരു ബംഗ്ലാവുണ്ടായിരുന്നു.

രംഗബോധമില്ലാത്ത കോമാളിയെപ്പോലെയാണ് മരണം മൈക്കിൾ ജാക്സണെ തേടിയെത്തിയത്. തിരശീലയ്ക്ക് പിന്നിലേക്ക് വിടവാങ്ങിയിട്ടും പോപ്പ് ചക്രവർത്തിക്ക് ഇന്നും ആരാധകർ കുറവല്ല. ജാക്സന്റെ ഓർമകൾ അയവിറക്കി കൊണ്ട് ഒരു ബംഗ്ലാവ് ഇപ്പോഴും അമേരിക്കയിലുണ്ട്.

1987 ലാണ് കലിഫോർണിയയിൽ സ്ഥിതി ചെയ്യുന്ന വിശാലമായ ആ ബംഗ്ലാവ് മൈക്കിൾ മേടിക്കുന്നത്. നെവർലാൻഡ് എന്ന് ബംഗ്ലാവിനു പേരിടുകയും ചെയ്തു. 2,698 ഏക്കറിൽ 12,598 ചതുരശ്രയടിയിൽ ഫ്രഞ്ച് കൊളോണിയൽ വാസ്തുശില്പമാതൃകയിലാണ് ബംഗ്ലാവ് പണികഴിപ്പിച്ചത്.

അതിവിശാലമായ ആറു കിടപ്പുമുറികൾ, നാലേക്കറിൽ പരന്നുകിടക്കുന്ന തടാകവും, ജലധാരയും, പൂൾ ഹൗസ്, മൂന്ന് അതിഥി മന്ദിരങ്ങൾ, ടെന്നീസ് കോർട്, 5500 ചതുരശ്രയടി വിസ്‌തീർണമുള്ള ഹോംതിയറ്റർ, ഒത്തുചേരലുകൾക്കും കലാപരിപാടികൾക്കും സ്റ്റേജ്...നെവർലാൻഡ് ബംഗ്ലാവിലെ ആഡംബരസൗകര്യങ്ങളുടെ പട്ടിക ഇനിയും നീളുന്നു.

ജാക്സന്റെ കരിയറിലെ കയറ്റവും ഇറക്കവും കണ്ട് പിന്നണിയിൽ ബംഗ്ലാവുണ്ടായിരുന്നു. ആദ്യകാലങ്ങളിൽ ബംഗ്ലാവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ജാക്സൺ 2005 ലെ പീഡനവിവാദത്തോടെ വീടുമായി മാനസികമായി അകന്നു.

2006 ൽ റിയൽ എസ്റ്റേറ്റ് വിപണിയിൽ 100 മില്യൺ ഡോളറിനാണ് വീടും വസ്തുവും രജിസ്റ്റർ ചെയ്തത്. എങ്കിലും വാങ്ങാൻ ആളില്ലാതെ കിടന്നു. 2008 ൽ വായ്പയെടുത്ത 24 മില്യൺ ഡോളർ തിരിച്ചടക്കാത്തതിന്റെ പേരിൽ ബംഗ്ലാവ് ജപ്തി ചെയ്യുന്നതിന്റെ അടുത്തുവരെയെത്തി കാര്യങ്ങൾ. മരണത്തിനു മുൻപ് 22.5 മില്യൺ ഡോളറിനു ജാക്സൺ ബംഗ്ലാവ് വിൽക്കുകയായിരുന്നു.