വേദനിപ്പിക്കുന്ന കാഴ്ചയായി കവിയൂർ പൊന്നമ്മയുടെ വീട്

നടിക്ക് ലഭിച്ച പുരസ്കാരങ്ങളും പഴയ ആൽബങ്ങളുമെല്ലാം വെള്ളം കയറി നശിച്ചു. വീടിന്റെ അകത്തളങ്ങളിൽ എല്ലാം കനത്തിൽ ചെളിയടിഞ്ഞിരുന്നു.

സാധാരണക്കാരും  പ്രശസ്തരും ഒരുപോലെ വളഞ്ഞ ഒരു മഹാപ്രളയമാണ് കടന്നുപോയത്. നിരവധി സിനിമാതാരങ്ങളുടെ വീടുകളും വെള്ളം കയറി നശിച്ച അവസ്ഥ കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ പങ്കുവച്ചിരുന്നു. സലിം കുമാർ, ധർമജൻ, ബീന ആന്റണി, ജോജു, അനന്യ തുടങ്ങിയവർ തങ്ങളുടെ പ്രളയ അനുഭവങ്ങൾ പങ്കുവച്ചിരുന്നു.

മലയാളസിനിമയിലെ അമ്മ കവിയൂർ പൊന്നമ്മയുടെ വീട്ടിലും പ്രളയം നാശം വിതച്ചിരുന്നു. ആലുവ പുഴയ്ക്ക് അഭിമുഖമായി നിർമിച്ച ശ്രീപാദം എന്ന വീടിന്റെ  താഴത്തെ നില പൂർണമായി മുങ്ങിപ്പോയിരുന്നു. പ്രളയജലം കയറിയിറങ്ങി പോയ ശേഷമുള്ള വീടിന്റെ അവസ്ഥ പരിതാപകരമാണ്. ഫർണിച്ചറും ഇലക്ട്രോണിക് ഉപകരണങ്ങളും അടക്കം എല്ലാം നശിച്ച അവസ്ഥയിലായിരുന്നു. നടിക്ക് ലഭിച്ച പുരസ്കാരങ്ങളും പഴയ ആൽബങ്ങളുമെല്ലാം വെള്ളം കയറി  നശിച്ചു. വീടിന്റെ അകത്തളങ്ങളിൽ എല്ലാം കനത്തിൽ ചെളിയടിഞ്ഞിരുന്നു. ഇപ്പോൾ വൃത്തിയാക്കൽ പുരോഗമിക്കുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്.

അഭിനേത്രിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി തന്റെ ഫെയ്സ്ബുക് പേജിലൂടെ കവിയൂർ പൊന്നമ്മയുടെ വീടിന്റെ ദുരവസ്ഥ പങ്കുവച്ചിരുന്നു.