'പ്രളയം കയറിയിറങ്ങിപ്പോയി , പക്ഷേ': ജയരാജ് വാരിയർ

നടനും അവതാരകനുമായ ജയരാജ് വാരിയർ തന്റെ പ്രളയാനുഭവങ്ങൾ വിവരിക്കുന്നു. 

തൃശൂർ ജില്ലയിലെ പെരിങ്ങാവ് എന്ന സ്ഥലത്താണ് എന്റെ വീട്. 2000 ൽ പഴയ വീട് വാങ്ങി പുതുക്കിപ്പണിതെടുക്കുകയായിരുന്നു. വീടിനു സമീപത്തൂടെ നാലു തോടുകൾ ഒഴുകുന്നുണ്ട്. മഴക്കാലത്ത് റോഡിൽ വെള്ളം കയറുന്നതും പതിവാണ്. പക്ഷേ ഇത്തവണത്തെ പ്രളയം പ്രതീക്ഷകൾ തെറ്റിച്ചുകളഞ്ഞു.

ഓഗസ്റ്റ് 12 മുതൽ കനത്ത മഴ തുടങ്ങിയിരുന്നു. 14 നു റോഡിൽ വെള്ളം കയറിത്തുടങ്ങി. അപ്പോഴും വീട്ടിലേക്ക് എത്തില്ല എന്ന പ്രതീക്ഷയായിരുന്നു.

എന്നാൽ 15 നു രാവിലെയായപ്പോഴേക്കും വീടിനകത്തേക്ക് വെള്ളം കയറിത്തുടങ്ങി. അപ്പോൾത്തന്നെ അമ്മ, ഭാര്യ, മകൾ എന്നിവരെ കൂട്ടി വീടുവിട്ടിറങ്ങി. ഒരു സുഹൃത്തിന്റെ വീട്ടിൽ അഭയം തേടി.

18 നു വെള്ളം ഇറങ്ങിക്കഴിഞ്ഞപ്പോൾ തിരികെ വീട്ടിലേക്കെത്തി. ഫർണിച്ചറുകൾ, തുണിത്തരങ്ങൾ എന്നിവ നനഞ്ഞു നശിച്ചിരുന്നു. എനിക്ക് ഏറ്റവും വിഷമമായത് നിധി പോലെ ഞാൻ സൂക്ഷിക്കുന്ന പുസ്തകങ്ങൾ നശിച്ചു പോയതിലാണ്. നിരവധി നാടകകൃതികൾ, നോവലുകൾ, കുറിപ്പുകൾ..എല്ലാം നഷ്ടമായി.

എങ്കിലും മറ്റുള്ളവരുടെ ബുദ്ധിമുട്ട് നോക്കുമ്പോൾ ഞാൻ ഭാഗ്യവാനാണ്. വെള്ളം ഒന്ന് കയറിയിറങ്ങി പോയതൊഴിച്ചാൽ മറ്റു നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായില്ലല്ലോ... ഈ പ്രളയത്തിൽ കുറച്ചൊക്കെ ഉത്തരവാദിത്തം നമുക്കുമുണ്ട്. 99 ലെ വെള്ളപ്പൊക്കത്തിന്റെ അത്രയും വെള്ളം ഇത്തവണ പൊങ്ങിയില്ല എന്നാണ് പറയുന്നത്. എന്നിട്ടും നാശനഷ്ടങ്ങൾ പതിന്മടങ്ങുണ്ടായി..എന്താണ് കാരണം? ജലം ഒഴുകിപ്പോകാനുള്ള വഴികളെല്ലാം നമ്മൾ കയ്യേറി. വയലുകളും, തോടുകളും നിരപ്പാക്കി. ഇനിയെങ്കിലും പ്രകൃതിയോടിണങ്ങി ജീവിക്കണം എന്ന ഓർമപ്പെടുത്തലാണ് ഈ പ്രളയം. കേരളം എത്രയും വേഗം പൂർവസ്ഥിതിയിലേക്ക് തിരിച്ചുവരട്ടെ എന്ന് ഞാനും പ്രാർഥിക്കുന്നു.