'വീട്ടിലേക്ക് ഇനിയും മടങ്ങാൻ കഴിഞ്ഞിട്ടില്ല, പക്ഷേ'.. : കവിയൂർ പൊന്നമ്മ

വീടിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി കവിയൂർ പൊന്നമ്മ മനോരമ ഓൺലൈനിനോട്....

മഹാപ്രളയത്തിൽ മലയാള സിനിമയുടെ അമ്മയായ കവിയൂർ പൊന്നമ്മയുടെ ആലുവയിലുള്ള ശ്രീപാദം എന്ന വീടും വെള്ളത്തിനടിയിൽ ആയിരുന്നു. വെള്ളം ഇറങ്ങി എല്ലാവരും പൂർവസ്ഥിതിയിലേക്ക് മടങ്ങിത്തുടങ്ങി എങ്കിലും കവിയൂർ പൊന്നമ്മ ശ്രീപാദത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല. പറവൂരിൽ ഉള്ള തന്റെ സഹോദരിയുടെ വീട്ടിലാണ് പൊന്നമ്മ ഇപ്പോഴും താമസിക്കുന്നത്. വീടിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി കവിയൂർ പൊന്നമ്മ മനോരമ ഓൺലൈനിനോട്....

''പുഴക്കരയിലുള്ള ശ്രീപാദം എന്ന വീടും ഞാനുമായി വളരെ വലിയ ഒരു മാനസിക ബന്ധമാണുള്ളത്. വീട് വിട്ട് മാറി നിൽക്കേണ്ടി വരുന്ന അവസ്ഥ അതുകൊണ്ടുതന്നെ ഏറെ വിഷമമുണ്ടാക്കുന്നുണ്ട്. പുഴയിൽ വെള്ളം കൂടി വന്നപ്പോൾ തന്നെ ഞങ്ങൾ ശ്രദ്ധാലുവായിരുന്നു. എന്നാൽ വളരെ പെട്ടന്നാണ് പുഴകടന്ന് വെള്ളം വീടിന്റെ പരിസരപ്രദേശത്തേക്ക് എത്തിയത്. വീടിനകത്തേക്ക് വെള്ളം കയറാൻ തുടങ്ങിയതോടെ അവിടെ നിന്നും മാറാൻ പരിസരവാസികൾ ആവശ്യപ്പെട്ടു.

മൂന്നു മീറ്ററിൽ കൂടുതൽ ഉയരത്തിൽ വെള്ളം പൊങ്ങാൻ സാധ്യതയുണ്ട് എന്നും ആ അവസ്ഥയിൽ വീടിനു പുറത്തുകടക്കാൻ ബുദ്ധിമുട്ടാകും എന്ന് അവർ അറിയിച്ചതനുസരിച്ച് ഞങ്ങൾ വീട് വിട്ട് ഇറങ്ങുകയായിരുന്നു. അപ്പോഴേക്കും നടക്കാൻ കഴിയാത്തത്ര ഉയരത്തിൽ വെള്ളം വന്നിരുന്നു. തോണിയിലാണ് ഞങ്ങൾ വീട്ടിൽ നിന്നും രക്ഷപ്പെട്ടത്. 

വീടിന്റെ ഒന്നാം നില പൂർണമായും വെള്ളത്തിനടിയിലായി. രണ്ടാം നിലയിലേക്ക് വെള്ളം കയറിയില്ല. എന്നാൽ അടുക്കള ഉൾപ്പെടെ വീടിന്റെ പലഭാഗവും വെള്ളം കയറി ഉപയോഗശൂന്യമായി മാറി. മൂന്നടിയോളം കനത്തിലാണ് വീടിനുള്ളിൽ ചെളി അടിഞ്ഞു കൂടിയിരിക്കുന്നത്. അടുക്കളയ്ക്കാണ് ഏറ്റവും കൂടുതൽ പ്രശ്നം നേരിട്ടിരിക്കുന്നത്. ഒന്നാം നിലയിൽ ഉണ്ടായിരുന്ന സകല വസ്തുക്കളിലും ചെളി അടിഞ്ഞു കൂടിയിരിക്കുകയാണ്.

സഹോദരനാണ് വീട് വൃത്തിയാക്കുന്നത്. എന്നാൽ പുഴയുടെ തീരത്തെ വീടായതിനാൽ ചെളിയുടെ അളവ് വളരെ കൂടുതലാണ്. അതിനാൽ ഇപ്പോഴും വീട് ഉപയോഗപ്രദമായിട്ടില്ല. ഓരോ ഭാഗങ്ങളായി വൃത്തിയാക്കി വരുന്നേയുള്ളൂ. ഉടനെ അങ്ങോട്ട് മടങ്ങിപ്പോകാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു. എല്ലാ കാര്യങ്ങളെയും, പ്രതീക്ഷയോടെ തന്നെയാണ് നോക്കിക്കാണുന്നത്.