രാജലക്ഷ്മിയുടെ വീട്ടുവിശേഷങ്ങൾ

ഗായിക രാജലക്ഷ്മി അഭിരാം തന്റെ വീട്ടുവിശേഷങ്ങളും വീടോർമകളും പങ്കുവയ്ക്കുന്നു...

പാടിപ്പഠിച്ച പാട്ടുകള്‍ പോലെ, ആദ്യം കിട്ടിയ സമ്മാനവും ആദ്യം പാടിയ വേദിയും പോലെ രാജലക്ഷ്മിക്ക് പ്രിയപ്പെട്ടതാണ് ലക്ഷ്മീവരം എന്നു പേരിട്ട സ്വന്തം വീടും.  ആ വീടിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ഗായിക.. വീട്ടിലെ ഓരോ കാര്യങ്ങള്‍ക്കു പിന്നിലും ഒരു കഥയുണ്ടെന്നാണ് രാജലക്ഷ്മിയുടെ പക്ഷം...

നഗരത്തിലെ വീട്, പിന്നെയിപ്പോള്‍...

എറണാകുളം കളമശേരിയിലെ ചങ്ങമ്പുഴ നഗറിലുള്ള റസിഡന്‍ഷ്യല്‍ കോളനിയിലെ ഒരു വീട്ടിലാണ് ജനിച്ചതും വളര്‍ന്നതും. നഗരത്തിലെ ഒത്തനടക്കുള്ള ആ വീട്ടില്‍ വച്ചാണ് ആദ്യമായി പാട്ടുപഠിത്തം തുടങ്ങിയത്. പാടിനേടിയ സമ്മാനങ്ങളും സൗഹൃദങ്ങളും എല്ലാം ഇപ്പോഴത്തെ വീട്ടില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ആ വീടിനെ കുറിച്ച് ഓര്‍ക്കാതെ വയ്യല്ലോ. അത് വലിയൊരു വീടായിരുന്നില്ല, വലിയ മുറ്റവും നിറയെ മരങ്ങളും ഒന്നും തന്നെയില്ലായിരുന്നു. പക്ഷേ ആ വീടിനോടാണ് പാട്ടിനൊപ്പം സഞ്ചരിച്ചു തുടങ്ങിയ നാളുകളിലെ ഏറ്റവും നല്ല ഓര്‍മകള്‍ ചേര്‍ന്നു കിടക്കുന്നത്.

അമ്മ അവിടത്തെ വരാന്തയിലിരുത്തി പാട്ട് പഠിപ്പിക്കുന്നതും മത്സരങ്ങളുടെ സമയത്ത് ലളിതഗാനമൊക്കെ പഠിപ്പിച്ച് പാടിക്കുന്നതുമെല്ലാം ഇപ്പോഴും മനസ്സിലുണ്ട്. നഗരത്തിലാണെങ്കിലും അഞ്ഞൂറോളം പേരുള്ള വലിയൊരു റെസിഡന്‍ഷ്യല്‍ ഏരിയ ആയിരുന്നു അത്. അതുകൊണ്ടുതന്നെ ഗ്രാമങ്ങളിലേതുപോലെ അയല്‍ക്കാരുമൊക്കെയായി നല്ല അടുപ്പത്തിലായിരുന്നു. അവരെയെല്ലാം ഇപ്പോഴും ഓര്‍ക്കാറുണ്ട്. കല്യാണം കഴിച്ച് ഞാന്‍ തിരുവനന്തപുരത്തേക്കും ചേട്ടന്‍ വിദേശത്തേയ്ക്കും പോയപ്പോള്‍ അമ്മ ഒറ്റയ്ക്കായി. അതുകൊണ്ട് സുരക്ഷ കൂടി കണക്കിലെടുത്ത് അടുത്തു തന്നെയുള്ളൊരു ഫ്ളാറ്റിലേക്ക് അമ്മ മാറി. അതുകൊണ്ടു തന്നെ അവിടത്തെ പരിചയക്കാരെ ഇപ്പോഴും അമ്മയ്ക്കു കാണാം. 

മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം താമസിച്ച എറണാകുളത്തെ വീട് എന്നും തൂത്ത് തുടച്ച് രാവിലെയും വൈകിട്ടും വിളക്കു കൊളുത്തുമായിരുന്നു. ഇപ്പോഴും ആ ശീലം പിന്തുടരുന്നുണ്ട് ഞാന്‍. എല്ലാവരും ചോദിക്കും...'ഇപ്പോഴും ഇതൊക്കെ ചെയ്യുന്നുണ്ടോ രാജീ എന്ന്'. എനിക്കിഷ്ടമാണ്. അത് നിര്‍ബന്ധവുമാണ്. ലോകത്ത് എവിടെ പോയാലും തിരികെ വരാന്‍ തോന്നുന്നൊരിടമായി എപ്പോഴും വീട് ഉണ്ടാകണം എന്നെനിക്കു നിര്‍ബന്ധമാണ്. 

തിരുവനന്തപുരത്തേക്ക്...

കല്യാണം കഴിഞ്ഞ് ഇവിടേക്ക് ഒരു പറിച്ചു നടലായിരുന്നു. വലിയ സങ്കടമായിരുന്നു അന്നൊക്കെ. പക്ഷേ ഇപ്പോള്‍ പിരിയാനാകാത്ത വിധം ഈ നാടുമായി അടുത്തു. ഇവിടത്തെ രാജവീഥികളും അമ്പലങ്ങളും നടപ്പാതകളും ഒക്കെ നല്ല രസമല്ലേ. ശാന്തമാണ് എന്നാല്‍ നഗരത്തിന്റേതായ തിരക്കുമുണ്ട്. എനിക്കും ഭര്‍ത്താവിനും നഗരത്തിനോട് അടുത്ത എന്നാല്‍ ഗ്രാമാന്തരീക്ഷമുള്ള ഒരിടത്ത് വീടുവച്ചാല്‍ മതിയെന്നായിരുന്നു. അങ്ങനെയാണ് കരകുളത്തെത്തുന്നത്. കിള്ളിയാറിന്റെ കൈവഴികളിലൊന്നിന്റെ തീരത്താണ് ഞങ്ങളുടെ വില്ല. ഒത്തിരി വലിയ ബംഗ്ലാവ് ഒന്നുമല്ല. സിംപിള്‍ ആണ് ഇന്റീരിയര്‍ ഒക്കെ. എനിക്ക് അതില്‍ അത്ര വലിയ ആശയങ്ങളൊന്നുമില്ല. ഭർത്താവിന് ഇന്റീരിയർ ഡിസൈനിങ് ഭയങ്കര ഇഷ്ടമാണ്. ഇവിടത്തെ വില്ലകള്‍ക്കെല്ലാം ഓറഞ്ചും മെറൂണും ചന്ദനക്കളറുമൊക്കെ ചേര്‍ന്ന ഡിസൈനാണ് എക്സ്റ്റീരിയറില്‍ നല്‍കിയിരിക്കുന്നത്. വീടിനകത്ത് തീരെ ലൈറ്റ് കളറിലുള്ള പെയിന്റ് ആണ്. 

സമ്മാനമാണീ വീട്...

തിരുവനന്തപുരത്ത് വന്ന് ഇവിടത്തെ അമ്പലങ്ങളോടൊക്കെ കൂട്ടായി വേഗം ഞാന്‍. എപ്പോഴും പോകാനിഷ്ടമുള്ള ഇടങ്ങളായി അതുമാറി. അങ്ങനെയാണ് ആറ്റുകാല്‍ ദേവിയ്ക്കുള്ള സമര്‍പ്പണമായി ഒരു സിഡി ചെയ്യുന്നത്. ഞങ്ങള്‍ തന്നെയായിരുന്നു നിര്‍മ്മാണവും. ആ സിഡി ആറ്റുകാല്‍ അമ്മയ്ക്കുള്ള സമ്മാനമായിട്ടാണ് സമര്‍പ്പിച്ചത്. ലക്ഷ്മീവരം എന്നായിരുന്നു ആ സിഡിയുടെ പേര്. അതിനു ശേഷം ജീവിതത്തില്‍ കുറേ നല്ല കാര്യങ്ങള്‍ വന്നു ചേര്‍ന്നതായി എനിക്കു തോന്നി. സംസ്ഥാന പുരസ്‌കാരമൊക്കെ അതിനു ശേഷമാണു കിട്ടുന്നത്. വീടു വാങ്ങുന്നതും എല്ലാം അതിനു ശേഷമാണ്. അതുകൊണ്ട് വീടിനുള്ള പേര്് മറ്റൊന്ന് ഇടണമെന്നു ചിന്തിച്ചില്ല. ലക്ഷ്മീവരം എന്നു തന്നെ നല്‍കി. ആ പേരു പോലെ തന്നെ ഒരു വരം തന്നെയാണീ വീട് എന്നാണ് എന്റെ വിശ്വാസം. 

ഇനി സ്ഥലമുണ്ടാകുമോ....

ഈ വില്ല വാങ്ങിയതു കൊണ്ടുതന്നെ നമുക്ക് നമ്മുടേതായ ആശയങ്ങളിലുള്ള നിര്‍മ്മാണം ഒന്നും നടത്താനായില്ല. പക്ഷേ എനിക്കീ വീടും പരിസരവും ഒത്തിരി ഇഷ്ടമാണ്. ശാന്തതയാണ് എപ്പോഴും. പാട്ട് പ്രാക്ടീസ് ചെയ്യാന്‍ നേരമൊക്കെ നല്ല രസമാണ് ഇവിടെ. നഗരത്തിനോട് ചേര്‍ന്നാണെന്നു തോന്നുകയുമില്ല. ഞങ്ങളുടെ വീട്ടിലെ പ്രധാന ആകര്‍ഷണം എനിക്കു കിട്ടിയ സമ്മാനങ്ങളാണ്. അതാണല്ലോ ജീവിതത്തിലെ എന്റെ ഏറ്റവും വലിയ സമ്പാദ്യവും അനുഗ്രഹവും. കുഞ്ഞിലേ മുതല്‍ക്കേ പാടിക്കിട്ടിയ ട്രോഫികളും ഫലകങ്ങളുമാണ് ഷോകേസിലും ഷെല്‍ഫുകളിലുമെല്ലാം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മുകളിലത്തെ നിലയിലും താഴെയുമെല്ലാം അതു തന്നെയാണുള്ളത്. ഒരു സന്തോഷമല്ലേ അതു കാണുമ്പോള്‍. അമ്മ പൊന്നുപോലെ സൂക്ഷിച്ചു വച്ചതായിരുന്നു അതെല്ലാം. പിന്നെ കല്യാണം കഴിഞ്ഞപ്പോള്‍ അഭിരാം ചേട്ടനും അതുപോലെ കാത്തുസൂക്ഷിച്ചു. വീടു വാങ്ങിയപ്പോള്‍ അതായി പ്രധാന അലങ്കാരവസ്തു. 

എനിക്ക് സംസ്ഥാന പുരസ്‌കാരം കിട്ടിയതിന്റെ ഫോട്ടോയൊക്കെ വലുതായി ഫ്രെയിം ചെയ്ത് ഭിത്തിയില്‍ തൂക്കിയിട്ടുണ്ട്. മകന്റെ കൂട്ടുകാരൊക്കെ വരുമ്പോള്‍ ചോദിക്കും 'ഓ നിന്റെ അമ്മയ്ക്കു കിട്ടിയതാണല്ലേ ഇതൊക്കെയെന്ന്'...അതൊക്കെ കേള്‍ക്കുന്നതാണ് എനിക്ക് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാര്യങ്ങളിലൊന്ന്. ഒരു രസം. അതുപോലെ പ്രശസ്തി പത്രങ്ങളും ലാമിനേറ്റ് ചെയ്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഇനിയെന്തെങ്കിലും വയ്ക്കാനുള്ള സ്ഥലം ഇവിടുണ്ടെന്നും തോന്നുന്നില്ല. അതുമാത്രമല്ല ആ ഓരോ ട്രോഫിക്കും പിന്നിലും ഓരോ കഥകളാണുള്ളത്. 

എങ്കിലും യാത്രകള്‍ പോകുമ്പോഴും ഫെസ്റ്റിവലുകളിലൊക്കെ പങ്കെടുക്കുമ്പോഴും അത്രയും കൗതുകം തോന്നുന്ന ചില കാര്യങ്ങളൊക്കെ വാങ്ങിസൂക്ഷിക്കാറുണ്ട്. അതില്‍ ഇവിടെ വരുന്ന എല്ലാവര്‍ക്കും ഒരുപാട് കൗതുകം തോന്നിയ ഒന്നാണ് തിരുവനന്തപുരത്തിന്റെ തനി നാടന്‍ ഭാഷ എഴുതി അലങ്കരിച്ച് ടീ മാറ്റുകള്‍. ആ ഭാഷാശൈലി തന്നെ ഒരു കൗതുകമാണ്. അതു തീര്‍ത്തും പ്രതീക്ഷിക്കാത്ത ടീ മാറ്റിലാകുമ്പോള്‍ പിന്നെയും കൗതുകം തോന്നും. അതുപോലെ മട്ടാഞ്ചേരിയില്‍ നിന്നു വാങ്ങിയ പഴയ മോഡലിലുള്ള ഒരു ഫോണുണ്ട്. അത് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അതുപോലെ ഗ്രാമഫോണ്‍, കെനിയയിലെ മലയാളി അസോസിയേഷന്‍ സമ്മാനമായി തന്നെ ഒരു ആനയുടെ ശില്‍പമുണ്ട്. അത് വച്ചിരിക്കുന്ന സ്റ്റൂളിന് അമ്പതു വര്‍ഷത്തിലേറെ പഴക്കമുണ്ട്. അതുപോലെ ഭരതന്‍ സാര്‍ രൂപകല്‍പന ചെയ്ത ഒരു ശില്‍പമുണ്ട്. ഉടുക്കു കൊട്ടി പാടുന്ന പാണന്റെ ശില്‍പം. എന്റെ സമ്മാനങ്ങള്‍ക്കപ്പുറം വലിയ ആകര്‍ഷണം ഇതൊക്കെയേയുള്ളൂ...ഞങ്ങള്‍ക്കു രണ്ടാള്‍ക്കും സംഗീതോപകരണങ്ങളുടെ ചെറിയ രൂപമൊക്കെ വാങ്ങിക്കാന്‍ ഭയങ്കര ഇഷ്ടമാണ്. എവിടെയെങ്കിലും അതുകണ്ടാല്‍ വാങ്ങാതെ പോകില്ല. ഇത്തരം അലങ്കാര വസ്തുക്കളുടെ കാര്യത്തില്‍ അങ്ങനെയുള്ള കുഞ്ഞ് ഇഷ്ടങ്ങളൊക്കെയേ ഉളളൂ. 

ഇഷ്ടം എപ്പോഴും ആ വീടുകളോട്...

എനിക്കായാലും ഭര്‍ത്താവിനായാലും എപ്പോഴും ഇഷ്ടം പഴയ നാലുകെട്ടുകളോടും എട്ടു കെട്ടുകളോടുമൊക്കെയാണ്. ആ രീതിയില്‍ ഇപ്പോള്‍ വീടുകള്‍ വയ്ക്കാറുണ്ടല്ലോ. ഞങ്ങള്‍ക്കു രണ്ടാള്‍ക്കും അങ്ങനെ വച്ച വീടുകളേക്കാള്‍ പുരാതനമായി തന്നെയുള്ള വീടുകളില്‍ താമസിക്കാന്‍ കൊതി തോന്നാറുണ്ട്. അടുക്കളയോടു ചേര്‍ന്ന് കിണറും നടുമുറ്റവും കുറേ ഇടനാഴികളും ഒക്കെയുള്ള വീട്. ഒന്നും പുതിയതായി വേണ്ട. അവിടെ തന്നെയുള്ള സാധനങ്ങളൊക്കെ ഉപയോഗിച്ചാല്‍ മതി. പണ്ട് ഇരിങ്ങാലക്കുടയിലുള്ള ഒരു വീട്ടില്‍ പോയത് ഓര്‍മയിലുണ്ട് ഇപ്പോഴും. വീടിനകത്ത് ഊഞ്ഞാല്‍ ഒക്കെയുള്ളൊരിടം. ഇപ്പോഴും ആ വീടിനെ കുറിച്ച് ഇടയ്ക്കിടെ ഓര്‍ക്കാറുണ്ട്.

അഭിരാം ചേട്ടന്റെ സഹോദരന്‍ ലാറി ബേക്കറിനു കീഴിലായിരുന്നു ജോലി ചെയ്തിരുന്നത്. അതുകൊണ്ട് കുടുംബവീടും ആ മോഡലിലാണ്. എപ്പോഴും തണുപ്പാണ് ആ വീടിനകത്ത്.