Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറിമായം സത്യശീലന്റെ വീട്ടുവിശേഷങ്ങൾ

manikandan-pattambi ജനപ്രിയപരമ്പരയായ മറിമായത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ മണികണ്ഠൻ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു....(പഴയ കുടുംബചിത്രം).

'കൃഷ്ണവിലാസം ഭഗീരഥൻ പിള്ള..വലിയ വെടി..ചെറിയ വെടി'...എഴുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചുവെങ്കിലും മണികണ്ഠൻ എന്ന നടനെ അടയാളപ്പെടുത്തുന്ന മികച്ച രംഗങ്ങളിൽ ഒന്നായിരുന്നു മീശമാധവൻ എന്ന ചിത്രത്തിലെ അനൗൺസറുടെ വേഷം. അടുത്ത വരവിൽ മിനിസ്‌ക്രീനിൽ പൊങ്ങിയ മണികണ്ഠനെ പ്രേക്ഷകർ വീണ്ടും ഇഷ്ടപ്പെടാൻ തുടങ്ങിയത് മഴവിൽമനോരമയിലെ ഹാസ്യപരമ്പരയായ മറിമായത്തിലെ സത്യശീലൻ എന്ന കഥാപാത്രത്തിലൂടെയാണ്. മണികണ്ഠൻ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

പ്രകൃതിയോട് ചേർന്ന തറവാട്...

പാലക്കാട് ജില്ലയിലെ പട്ടാമ്പിയാണ് എന്റെ നാട്. അച്ഛൻ, അമ്മ, സഹോദരി എന്നിവരായിരുന്നു കുടുംബം. ഒരുപാട് ഗൃഹാതുരമായ ഓർമകളുണ്ട് തറവാടിനെ കുറിച്ച്. കേരളീയ ശൈലിയിൽ ഉയർത്തിപ്പണിത്‌ ഓലമേഞ്ഞ രണ്ടുനില വീടായിരുന്നു. സമീപം വയലും. എപ്പോഴും നല്ല തണുത്ത കാറ്റ് വീശിയടിക്കുന്ന പ്രദേശം. വീട്ടിൽനിന്നും വയലിലേക്ക് ഇരുപത് പടികൾ ഉണ്ടായിരുന്നു. താഴെ വിശാലമായ കുളവും. രാവിലെയും വൈകിട്ടുമുള്ള മുങ്ങിക്കുളിയും കസർത്തുകളും മറക്കാനാകുമോ! മുറ്റം നിറയെ ഫലവൃക്ഷങ്ങളും പൂച്ചെടികളും ഉണ്ടായിരുന്നു.നന്ത്യാർവട്ടം, കൃഷ്ണകിരീടം...അങ്ങനെ പലവിധം. രാവിലെയും വൈകിട്ടും നിറയെ പൂമ്പാറ്റകൾ മുറ്റത്ത് വിരുന്നെത്തുമായിരുന്നു.

വർഷങ്ങൾ കഴിഞ്ഞു...ഞാൻ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദം നേടി. നൂറോളം നാടകങ്ങളിൽ അഭിനയിച്ചു. സിനിമയിലേക്ക് എത്തി. വിവാഹം കഴിച്ചു. ഭാര്യ ജലജ. രണ്ടു കുട്ടികളുണ്ടായി. സാന്ദ്ര, ശ്രേയ. അപ്പോഴേക്കും അച്ഛനുമമ്മയും മരിച്ചു. കാലപ്പഴക്കം ചെന്ന തറവാട് വീട് പൊളിച്ചു മാറ്റി. പട്ടാമ്പിക്ക് സമീപം പ്രഭാപുരം എന്ന സ്ഥലത്ത് ഞാനൊരു വീടുവച്ചു താമസം മാറി. എല്ലാവരും അക്കാലത്തു പണിതിരുന്ന ശൈലിയിൽ ഒരു ടെറസ് വീട്. ആദ്യമൊക്കെ സൗകര്യങ്ങളിൽ സുരക്ഷിതത്വം തോന്നിയെങ്കിലും പിന്നീട് ചൂട് പ്രശ്‌നമായി. അധികകാലം അവിടെ സ്ഥിരമായി താമസിക്കാൻ കഴിഞ്ഞില്ല.

ഇപ്പോൾ ഷൂട്ടിന്റെ സൗകര്യത്തിനു ഞങ്ങൾ കുടുംബമായി തൃപ്പൂണിത്തുറയിൽ ഒരു ഫ്ലാറ്റ് വാടകയ്‌ക്കെടുത്താണ് താമസിക്കുന്നത്. സാന്ദ്ര ബിഫാമിനു പഠിക്കുന്നു. ശ്രേയ ഏഴാം ക്‌ളാസിലും. മണ്ണിൽ നിന്നും പറിച്ചുമാറ്റപ്പെടുമ്പോഴാണ് നമ്മൾ അനുഭവിച്ചിരുന്ന സൗഭാഗ്യങ്ങളെക്കുറിച്ച് തിരിച്ചറിവ് ഉണ്ടാകുന്നത്. പാടവും മുറ്റവും ഒക്കെയായി ജീവിച്ചവർക്ക് ആകാശത്തെ താമസം ബുദ്ധിമുട്ടാണ്. എനിക്ക് മണ്ണിൽ ചവിട്ടി നടക്കണം. അങ്ങനെ എറണാകുളത്ത് ഞങ്ങൾ പല വീടുകളും നോക്കി. പക്ഷേ മിക്ക വീടുകളും രണ്ടും മൂന്നും സെന്റിൽ നിറഞ്ഞുനിൽക്കുന്ന വീടുകളായിരുന്നു. ചവിട്ടി നിൽക്കാൻ പോലും മുറ്റമില്ല. വിലയാണെങ്കിലോ ലക്ഷങ്ങളും...അങ്ങനെ ആ പദ്ധതി വേണ്ടെന്നുവച്ചു.

ഇപ്പോൾ തിരിച്ചു വേരുകളിലേക്ക് മടങ്ങാനുള്ള ആഗ്രഹം തോന്നിത്തുടങ്ങി. ഷൊർണൂര് ഒരു വീട് വയ്ക്കാനുള്ള പദ്ധതിയുണ്ട് മനസ്സിൽ. ഇനി പണിയുന്ന വീടിനെ കുറിച്ച് കുറച്ച് സങ്കൽപ്പങ്ങൾ ഒക്കെയുണ്ട് മനസ്സിൽ. ടെറസ് വീട് വേണ്ട. പഴയ തറവാടിന്റെ ഓർമകൾ തിരികെ ലഭിക്കുംവിധം ഓടിട്ട ഒരു വീട്. നിറയെ മുറ്റവും മരങ്ങളുമുള്ള വീട്...വീട് ഒരു നിമിത്തമാണ്. അത് സമയമാകുമ്പോൾ തേടിയെത്തുകതന്നെ ചെയ്യും....

മറിമായം മറ്റൊരു കുടുംബം...

mariamaym-house മഞ്ജുവിനോടും സ്നേഹയോടുമൊപ്പം

ഞാൻ എഴുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ മിക്കവരും ഓർത്തിരിക്കുന്നത് മീശമാധവനിലെ 'ചെറിയ വെടി വലിയ വെടി' ഡയലോഗ് പറയുന്ന കഥാപാത്രമായിരിക്കും. അഭിനയ ജീവിതത്തിൽ വഴിത്തിരിവായത് മറിമായം സീരിയലിലെ സത്യശീലൻ എന്ന കഥാപാത്രമാണ്. 

mariamayam-team മറിമായം ടീം

അരൂരിലും സമീപപ്രദേശങ്ങളിലുമാണ് മറിമായത്തിന്റെ ഷൂട്ടിങ്. ഗ്രാമപ്രദേശങ്ങളും ഇടവഴികളും കൂടാതെ അതിൽ സ്ഥിരം കാണിക്കുന്ന വീടിനും നിറയെ ആരാധകരുണ്ട്. പ്രായമായ ഒരു സ്ത്രീ മാത്രമാണ് അവിടെ താമസിക്കുന്നത്. ഷൂട്ടിങ് ഉള്ളപ്പോൾ ഞങ്ങൾ കുടുംബം പോലെയാണ് അവിടെ കഴിയുന്നത്. ഇതിനോടകം മുന്നൂറിലധികം വ്യത്യസ്തരായ സത്യശീലന്മാരെ അവതരിപ്പിച്ചു കഴിഞ്ഞു. അത് പ്രേക്ഷകർ സ്വീകരിച്ചു എന്നതാണ് സന്തോഷമുള്ള കാര്യം.