അരിസ്റ്റോ സുരേഷിന്റെ വീട്ടുവിശേഷങ്ങൾ

ഗായകനും നടനുമായ അരിസ്റ്റോ സുരേഷ് വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

തിരുവനന്തപുരമാണ് എന്റെ സ്വദേശം. തമ്പാനൂരിൽ അരിസ്റ്റോ ജങ്ഷനു സമീപമാണ് ഞാൻ താമസിക്കുന്നത്. അച്ഛൻ, ഇളയച്ഛൻ, അമ്മ, ഞങ്ങൾ 6 മക്കൾ. ഇതായിരുന്നു കുടുംബം. അതിൽ ഏക ആൺതരിയാണ് ഞാൻ. അമ്മയുടെ പേര് ഇന്ദിര. അമ്മയുടെ നാട് ജഗതിയാണ്. 

തമ്പാനൂർ റെയിൽവേ കോളനിയിലായിരുന്നു ഞങ്ങൾ കുടിൽ കെട്ടി താമസിച്ചിരുന്നത്. ഓലയും ടാർപോളിൻ ഷീറ്റുമൊക്കെയായിരുന്നു മഴയിൽ നിന്നും വെയിലിൽ നിന്നും ഞങ്ങളെ രക്ഷിച്ചിരുന്നത്. അച്ഛനും ഇളയച്ഛനും റെയിൽവേയിൽ ചെറിയ ജോലികൾ തരപ്പെട്ടിരുന്നു. അച്ഛനേക്കാൾ ഇളയച്ഛന്റെ കൂടെയായിരുന്നു എന്റെ കുട്ടിക്കാലം. 

മുടിയനായ പുത്രൻ...

ചെറുപ്പത്തിലേ സിനിമയും പാട്ടും മനസ്സിലുണ്ടായിരുന്നു. കടുത്ത ദാരിദ്രമാണെങ്കിലും കൂരയിൽ ഒരു റേഡിയോ ഉണ്ടായിരുന്നു. അതിലെ പാട്ടുകൾ കേട്ടാണ് നേരം പുലരുന്നത്. പഠിക്കാൻ മോശമായിരുന്നു എട്ടാം ക്ലാസിൽ സ്കൂളിനോട് സലാം പറഞ്ഞു. പിന്നെ ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ പ്രശ്നങ്ങളുണ്ടാക്കി... കോടതിയും ആശുപത്രിയും കയറിയിറങ്ങി കുറെ കാലം. പിന്നെ കുറച്ചുകാലം അൽപം രാഷ്ട്രീയപ്രവർത്തനമൊക്കെ ഉണ്ടായിരുന്നു.

ഇതിനിടയ്ക്ക് പെങ്ങന്മാരുടെ കല്യാണം കഴിഞ്ഞു. ഉണ്ടായിരുന്ന കുറച്ചു ഭൂമി ഭാഗം വച്ചു. പലരും പല വഴിക്ക് പിരിഞ്ഞു. അതോടെ റെയിൽവേ കോളനിയിൽ നിന്ന് ഞാനും അമ്മയും ഒരു വാടകവീട്ടിലേക്ക് മാറി. 

വഴിത്തിരിവ്...

വർഷങ്ങൾ കടന്നു പോയി. ഞങ്ങളുടെ സുഹൃദ് വലയത്തിൽ ഞാനൽപ്പം കൊട്ടിപ്പാട്ടൊക്കെ അവതരിപ്പിക്കുമായിരുന്നു. ചിലർ അതിന്റെ വിഡിയോ എടുത്ത് നെറ്റിലിട്ടു. ആക്ഷൻ ഹീറോ ബിജുവിൽ പാടിയഭിനയിക്കാൻ അവസരം കിട്ടിയതാണ് ജീവിതത്തിലെ വഴിത്തിരിവ്. ആ സിനിമയും ഞാൻ കൊട്ടിപ്പാടിയ പാട്ടും ഹിറ്റായി. ഇപ്പോൾ ചില ചാനൽ പരിപാടികളിലും സിനിമയിലുമൊക്കെ അവസരം കിട്ടുന്നുണ്ട്. സംവിധാനം ചെയ്യുക എന്നതാണ് ഒരു വലിയ ആഗ്രഹം.

സ്വപ്നമാണ് സ്വന്തമായൊരു വീട്..

ഇത്രയും കാലം ചോരുന്ന കൂരയിലും ഇടുങ്ങിയ വാടകവീടുകളിലുമായിരുന്നു ജീവിതം തള്ളിനീക്കിയത്. ഇപ്പോൾ താമസിക്കുന്നതും ചെറിയൊരു വാടകവീട്ടിൽത്തന്നെ. എല്ലാ മനുഷ്യരെയുംപോലെ എന്റെയും സ്വപ്നമാണ് തലചായ്ക്കാൻ സ്വന്തമായൊരു കൂര. ഇപ്പോൾ അതിനെക്കുറിച്ചൊന്നും ചിന്തിക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ല. കുറച്ചു കൂടി അവസരങ്ങൾ കിട്ടുകയാണെങ്കിൽ എനിക്കും അമ്മയ്ക്കും കയറിക്കിടക്കാൻ സ്വന്തമായൊരു വീട് പണിയാമായിരുന്നു... വരുന്നതുപോലെ വരട്ടെ...