ഞങ്ങളുടെ വീട്ടിലായിരുന്നു ആ സിനിമാഷൂട്ട് : എലീന

നടിയും അവതാരകയുമായ എലീന പടിക്കൽ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

ഞങ്ങൾ കുടുംബപരമായി കോട്ടയംകാരാണ്. അച്ഛൻ ഫിലിപ്പോസ് പടിക്കൽ, അമ്മ ബിന്ദു. അച്ഛൻ ബിസിനസ് ചെയ്യുന്നു. അമ്മ സൈക്കോളജിസ്റ്റാണ്. അമ്മയുടെ തറവാട് പാലായിലാണ്. എന്റെ വീടോർമകളിൽ പ്രധാനമായും മൂന്നു വീടുകളാണ്...

കോട്ടയം വീട്....

അച്ഛന്റെ തറവാടുവീടാണ്. അറയും പത്തായവും പത്തുമുറികളും മുറ്റത്ത് വലിയ പശുത്തൊഴുത്തും കച്ചിപുരയുമൊക്കെയുണ്ടായിരുന്ന തറവാടിന് 90 വർഷം പഴക്കമുണ്ട്. കൂട്ടുകുടുംബമായി താമസിച്ചിരുന്ന കാലത്ത് ഒരു ഉൽസവത്തിനുള്ള ആളുകൾ എപ്പോഴും തറവാട്ടിൽ ഉണ്ടാകുമത്രേ...1971 ൽ ഇറങ്ങിയ ലൈൻബസ് എന്ന സിനിമ ഞങ്ങളുടെ തറവാട്ടിലാണത്രെ ചിത്രീകരിച്ചത്. മധുവും ജയഭാരതിയുമായിരുന്നു നായികാനായകന്മാർ.

ചിത്രത്തിന് കടപ്പാട്- സമൂഹമാധ്യമം

പിന്നീട് കാലപ്പഴക്കം ഏറിയപ്പോൾ വീട് പുതുക്കിപ്പണിയാൻ ശ്രമിച്ചു. പക്ഷേ തച്ചുശാസ്ത്രപ്രകാരമുള്ള അതിന്റെ കൂട്ട് കണ്ടെത്താൻ ആശാരികൾക്ക് കഴിഞ്ഞില്ല. അതുകൊണ്ട് പിന്നീട് പുതുക്കിപ്പണിയാൻ ശ്രമിച്ചിട്ടില്ല. ഇപ്പോഴും അതിന്റെ തനിമ നിലനിർത്തി ഞങ്ങൾ സംരക്ഷിക്കുന്നു. വീട്ടിൽ സ്ഥിരതാമസവും വളർത്തുമൃഗങ്ങളും ഇല്ലാതായതോടെ ചില മാറ്റങ്ങളൊക്കെ വന്നു. പഴയ കച്ചിപ്പുര നീക്കംചെയ്തു. തൊഴുത്തിന്റെ സ്ഥാനത്ത് ഒരു ഡ്രൈവേഴ്സ് അപാർട്മെന്റ് നിർമിച്ചു.

തിരുവനന്തപുരം വീട്...

എന്റെ ചെറുപ്പത്തിൽ ഞങ്ങൾ തിരുവനന്തപുരത്തേക്ക് താമസം മാറി. നഗരപരിധിയിൽത്തന്നെ എന്നാൽ അതിന്റെ തിരക്കുകൾ ഒന്നും ഇല്ലാത്ത ശാന്തസുന്ദരമായ പ്രദേശമാണ്. ഒരു ഇടത്തരം വീടാണ്. കരിങ്കല്ലിന്റെ പല ഷേഡുകളിൽ പുറംഭിത്തിയിൽ നൽകിയിട്ടുണ്ട്. സ്ലോപ് റൂഫിനൊപ്പം ഓപ്പൺ ടെറസും നൽകിയിട്ടുണ്ട്. സ്ഥിരതാമസമില്ലാത്തതിനാൽ അധികം അലങ്കാരങ്ങൾ ഒന്നും കുത്തിനിറച്ചിട്ടില്ല. റസ്റ്റിക് ഫിനിഷിലാണ് അകത്തളങ്ങൾ.  

എന്റെ സ്‌കൂൾ പഠനം തിരുവനന്തപുരത്തായിരുന്നു. സ്‌കൂൾ കാലഘട്ടത്തിൽതന്നെ അവതരണമേഖലയിലേക്കു വന്നു. ഇപ്പോൾ കരിയറിനൊപ്പം എംബിഎ ചെയ്യുന്നുണ്ട്.

ബെംഗളൂരു ഫ്ലാറ്റ്...

എന്റെ കോളജ് കാലമായപ്പോഴേക്കും ഞങ്ങൾ ബെംഗളൂരുവിൽ ഒരു ഫ്ലാറ്റെടുത്തു താമസം മാറി. ഇപ്പോൾ ഷൂട്ട് ഉള്ളപ്പോൾ തിരുവനന്തപുരത്തേക്ക് പോകും. കോറമംഗലയിലാണ് ഞങ്ങളുടെ പ്രീമിയം ഫ്ലാറ്റ്. ഷൂട്ടും സീരിയലുകളുമായി ഞാൻ കൂടുതൽ സമയവും പുറത്തായിരിക്കും. അമ്മയാണ് വീടിന്റെ പരിപാലനവും അലങ്കരിക്കലുമെല്ലാം ചെയ്യുന്നത്. ഇൻഡോർ പ്ലാന്റുകൾ ഒക്കെ വച്ച് ഫ്ലാറ്റ് അലങ്കരിച്ചിട്ടുണ്ട്.

ഫേവറിറ്റ് കോർണർ...

എന്റെ മുറിയും ബാൽക്കണിയുമാണ് ഫേവറിറ്റ് ഇടങ്ങൾ. ഫ്ലാറ്റിൽ എത്തിയാൽ എന്റെ മുറിയിൽ നിന്നും പുറത്തിറങ്ങില്ല എന്നാണ് അമ്മയുടെ പരാതി. എനിക്ക് വീടുകളേക്കാൾ അപ്പാർട്മെന്റുകൾ ഇഷ്ടമായതിനു കാരണം ബാൽക്കണികളാണ്. ഞാൻ കുറെ പൂച്ചകളെ ഓമനിച്ച് വളർത്തുന്നുണ്ട്. ഫ്ലാറ്റിൽ എത്തിയാൽ അവരോടൊപ്പം കളിക്കുക, ബാൽക്കണിയിൽ നിന്നു പുറത്തെ കാറ്റും മഴയുമൊക്കെ ആസ്വദിക്കുക എന്നിവയാണ് ഹോബികൾ.