Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാസികയുടെ വീട്ടുവിശേഷങ്ങൾ

swasika-home നടിയും അവതാരകയുമായ സ്വാസിക വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

എറണാകുളം പെരുമ്പാവൂരിലെ ഒരുൾനാടൻ ഗ്രാമപ്രദേശത്തായിരുന്നു ഞങ്ങളുടെ തറവാട്. നിറയെ മരങ്ങൾ കുടവിരിക്കുന്ന വിശാലമായ പറമ്പിനിടയിൽ ഓടിട്ട കേരളശൈലിയിലുള്ള വീട്. അച്ഛൻ വിജയകുമാർ പ്രവാസിയാണ്. അമ്മ ഗിരിജ. എനിക്കൊരു അനിയൻ ആകാശ്. 

ബാല്യത്തിൽ നിറയെ ഓർമകളുണ്ട് വീടിനെക്കുറിച്ച്. വീടിനു ചുറ്റും പാടമായിരുന്നു. വാഹനങ്ങൾ ഒന്നും വീട്ടിലേക്കെത്താനുള്ള വഴിയില്ലായിരുന്നു. പാടവരമ്പിലൂടെയാണ് സ്‌കൂളിൽ പോയിരുന്നത്. മഴക്കാലമാകുമ്പോൾ പാടം നിറയെ വെള്ളംകൊണ്ടുനിറയും. പിന്നെ അതിലൂടെ നീന്തിയാണ് അപ്പുറം കടക്കുക. ഇത്തരം അസൗകര്യങ്ങൾ പെരുകിയപ്പോൾ അച്ഛൻ തറവാട് വിറ്റു, മൂവാറ്റുപുഴ പ്രധാന പാതയ്ക്കരികിൽ ഒരു വീട് വച്ചു. 

ചെറുപ്പം മുതൽ നൃത്തം അഭ്യസിച്ചു തുടങ്ങിയിരുന്നു. ആശാ ശരത്തിന്റെ അമ്മ കലാമണ്ഡലം സുമതി ടീച്ചറായിരുന്നു ഗുരു. പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ ഒരു തമിഴ് സിനിമയിലൂടെയാണ് എന്റെ രംഗപ്രവേശം. പിന്നെ പതിയെ മിനിസ്ക്രീനിലും അവതരണരംഗത്തും സജീവമായി. 

മൂവാറ്റുപുഴ വീട്...

swasika-family

പുതിയ കാലത്തിന്റെ സൗകര്യങ്ങൾ ഒരുക്കിയ ഇരുനില വീടാണ്. അവിടെയാണ് ഇപ്പോൾ ഞങ്ങൾ താമസിക്കുന്നത്. റോഡ്‌സൈഡിലാണെങ്കിലും ധാരാളം മരങ്ങൾ വീടിനു ചുറ്റുമുണ്ട്. ബാൽക്കണിയിലേക്ക് ഒരു മാവ് ചാഞ്ഞുനിൽപ്പുണ്ട്. നല്ല സ്വാദുള്ള മാമ്പഴം ബാൽക്കണിയിൽ നിന്നാൽ പറിച്ചെടുക്കാം. കാറ്റടിക്കുമ്പോൾ മാവിലയുടെ ഗന്ധം മുറിയിലേക്ക് ഒഴുകിയെത്തും. കിടപ്പുമുറിയും ബാൽക്കണിയുമാണ് എന്റെ ഫേവറിറ്റ് ഇടം. 

വീണ്ടും കൂട്ടുകുടുംബം...

swasika-joint-family

ഞങ്ങൾ തറവാട്ടിൽ താമസിക്കുമ്പോൾ സമീപത്തു തന്നെയായിരുന്നു ബന്ധുവീടുകൾ. പിന്നെ പുതിയ വീട്ടിലേക്ക് മാറിയപ്പോൾ അവരെ മിസ് ചെയ്യാൻ തുടങ്ങി. മാത്രമല്ല ഷൂട്ടിന് പോകുമ്പോൾ വീട് പൂട്ടിയിട്ടു പോകേണ്ടി വരുന്നത് അസൗകര്യവുമായി. ഇതിനെല്ലാം പരിഹാരമായി അമ്മയുടെ സഹോദരിയും കുടുംബവും ഞങ്ങളുടെ വീട്ടിലേക്ക് താമസം മാറി. ഇപ്പോൾ ഞങ്ങൾ കൂട്ടുകുടുംബമായി സന്തോഷത്തോടെ കഴിയുന്നു. വീട്ടിൽ എപ്പോഴും ആളുകൾ ഉണ്ടാകും. നമുക്ക് എന്തു വിഷമമുണ്ടെങ്കിലും വീട്ടിലെത്തിയാൽ പറയാനും കേൾക്കാനും ഒരു സദസ്സുണ്ടാകും. അതുവലിയൊരു ആശ്വാസമാണ്. ഷൂട്ടിങ്ങിനു കുറച്ചു ദിവസം മാറിനിൽക്കുമ്പോഴേ വീട് ഇപ്പോൾ മിസ് ചെയ്യാൻ തുടങ്ങും.