പ്രിയങ്കയ്ക്ക് നാളെ മാംഗല്യം; ഒരുങ്ങുന്നത് ലോകത്തെ ഏറ്റവും മികച്ച വേദി!

ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന മറ്റൊരു സെലിബ്രിറ്റി വിവാഹത്തിന് കൂടി നാളെ സാഫല്യമാവുകയാണ്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക് ജോനാസും ഡിസംബർ രണ്ടിന് വിവാഹിതരാവുകയാണ്. വേദിയാകുന്നത് ജോധ്പൂരിലുള്ള ഉമൈദ് ഭവൻ പാലസ്.

രണ്ടു വേദികളിലായി ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരവും ചടങ്ങുകൾ നടക്കും. നിരവധി താര വിവാഹങ്ങൾക്ക് ഇതിനുമുൻപും ഇവിടം വേദിയായിട്ടുണ്ട്. ബോളിവുഡിലെ മുൻനിര നടിയും അനിൽ കപൂറിന്റെ മകളുമായ സോനം കപൂറും ബിസിനസുകാരനായ ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹത്തിന് വേദിയായതും ഇവിടമാണ്. 

347 മുറികളുള്ള ആഡംബര ഹോട്ടലായി പ്രവർത്തിക്കുന്ന കൊട്ടാരം രാജസ്ഥാൻ രാജകുടുംബത്തിന്റെ ഔദ്യോഗിക വസതി കൂടിയാണ്. ലണ്ടനിലെ ബക്കിങ്ഹാം പാലസിന്റെ മാതൃകയിലാണ് കൊട്ടാരത്തിന്റെ നിർമാണം. 1928 ൽ തുടങ്ങിയ നിർമാണം പൂർത്തിയായത് 1943 ലാണ്. പാശ്ചാത്യ-പൗരസ്ത്യ നിർമാണ ശൈലികളുടെ സങ്കലനമാണ് കൊട്ടാരം. പൂന്തോട്ടങ്ങളും മരങ്ങളും തണൽ വിരിക്കുന്ന വിശാലമായ 26 ഏക്കറിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 

മഞ്ഞ മണൽക്കല്ലാണ് പ്രധാന നിർമാണ വസ്തു. വിലയേറിയ മാർബിൾ ഭിത്തിയിലും തറയിലും പാകിയിരിക്കുന്നു. ഹോട്ടലിന്റെ ഹൈലൈറ്റുകളിലൊന്ന് നവോത്ഥാനകാല നിർമാണശൈലിയിൽ പണിത 105 അടി ഉയരമുള്ള കപ്പേളയാണ്. ആഡംബരം വരിയുന്ന മുറികൾ, ബില്യാർഡ്സ് മുറി, ഭൂഗർഭ പൂൾ, മാർബിൾ പാകിയ സ്ക്വാഷ് കോർട്ടുകൾ, ഗാലറി, ഒരു സ്വകാര്യ മ്യൂസിയം എന്നിവ ഇവിടെയുണ്ട്. 500 ഡോളറാണ് ഒരു ദിവസത്തെ കുറഞ്ഞ വാടക. 

2016 ലെ ട്രിപ്പ്‌ അഡ്വൈസർ പീപ്പിൾ ചോയിസ് അവാർഡ്‌ പ്രകാരം ലോകത്തെ ഏറ്റവും മികച്ച ഹോട്ടലായി തിരഞ്ഞെടുക്കപ്പെട്ടതും ഉമൈദ് ഭവൻ പാലസ് തന്നെ...എന്തായാലും താരവിവാഹത്തോടെ ഉമൈദ് ഭവൻ കൊട്ടാരം വീണ്ടും വാർത്തകളിൽ ഇടം പിടിക്കും എന്നുതീർച്ച.