Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതം മധുരമുള്ളത്

adbul-latheef-and-family-in-dairy-farm വേളം പെരുവയലിലെ മടക്കുമൂലയിൽ അബ്ദുൽ ലത്തീഫും കുടുംബവും പശുഫാമിൽ.

പഴച്ചെടികളാൽ സമ്പന്നമാണ് വേളം പെരുവയലിലെ മടക്കുമൂലയിൽ അബ്ദുൽ ലത്തീഫിന്റെ കൃഷിയിടം. ഒൻപത് വർഷം ഖത്തർ, ദുബായ് എന്നിവിടങ്ങളിൽ ജോലി ചെയ്ത അബ്ദുൽ ലത്തീഫ് ഇപ്പോൾ സന്തോഷം കണ്ടെത്തുന്നത് കൃഷിയിലാണ്. ഈ യുവ കർഷകന്റെ തൊടിയിൽ ഇപ്പോൾ ഇല്ലാത്ത വിളകളില്ലെന്ന് തന്നെ പറയാം. കോഴിക്കോട് കുറ്റ്യാടി പുഴയോരത്തുള്ള അബ്ദുൽ ലത്തീഫിന്റെ എട്ട് ഏക്കറോളം വരുന്ന കൃഷിയിടത്തിൽ തഴച്ചുവളരുന്നത് നാടനും വിദേശ ഇനത്തിലുമുള്ള 94 ഇനം പഴവർഗങ്ങളാണ്.

ഈന്തപ്പന, റംബുട്ടാൻ, ഉറുമാംപഴം, വിവിധയിനം മുന്തിരി, ചൈനീസ് പേര, ബട്ടർ, മാംഗോസ്റ്റീൻ, വിവിധയിനം നാരങ്ങ, മുസംബി, പിസ്ത്ത ചിക്കു, ചതുര നെല്ലി, നീലൻ, ഒളോർ, കുറുക്കൻ, പുളിയൻ, അൽഫോൻസ, തായ്‌ലാൻഡ് ഉൾപ്പെടെ എട്ടോളം മാവിനങ്ങൾ. ആപ്പിൾ, സബർജില്ലി, ബദാം, അനാർ, പേരക്ക, പാഷൻ ഫ്രൂട്ട് തുടങ്ങിയവയും. വിദേശത്തുനിന്നും കൊണ്ടുവന്ന പേരറിയാത്തതുമായ പഴവർഗചെടികളും മരങ്ങളും വീടിനു ചുറ്റും നിറഞ്ഞു നിൽക്കുകയാണ്.

അബ്ദുൽ ലത്തീഫിന്റെ പിതാവ് അമ്മദ് നല്ലൊരു കർഷകനാണ്. കുറ്റ്യാടിയിനം ഉൾപ്പെടെ തെങ്ങിൻത്തൈകൾ പാകി വിൽപന നടത്തിയിരുന്നു. ചെറുപ്പം മുതലെ കൃഷിയോടായിരുന്നു ലത്തീഫിനും കമ്പം. വിദേശ ജോലിക്കിടെ അവധിക്ക് നാട്ടിൽ വരുമ്പോൾ പിതാവിനൊപ്പം കൃഷിപ്പണി ചെയ്യും.

നാലു വർഷം മുൻപ് വീടിനോട് ചേർന്ന് പ്ലാസ്റ്റിക് ഷീറ്റുകൊണ്ടുണ്ടാക്കിയ കുളത്തിൽ കരിമീൻ, ആഫ്രിക്കൻ വാള എന്നിവ വളർത്തിയതിലൂടെയാണ് മുഴുവൻ സമയ കൃഷിക്കാരനായത്.മൂന്ന് വർഷം മുൻപ് ഒമാനിൻ നിന്നും കൊണ്ടുവന്ന ഈന്തപ്പന ഇപ്പോൾ കായ്ച്ച് നിൽക്കുകയാണ്. മണലാരണ്യത്തിൽ മാത്രം ഉണ്ടാവുന്ന ഈന്തപ്പനയുടെ കായ കാണാൻ ഒട്ടേറെ പേർ എത്തുന്നുണ്ട്.

ചാണകപ്പൊടിയും സ്ളറിയും എല്ലുപൊടിയുമാണ് ഈന്തപ്പനക്ക് വളമായി നൽകുന്നത്. നേന്ത്രൻ, കദളി, ചെങ്കദളി, മൈസൂർ, പൂവൻ, റോബസ്റ്റ ഉൾപ്പെടെ ആയിരത്തോളം വാഴകളുമുണ്ട്. ഇതിനൊപ്പം ആട്, പശു, കോഴി, മുയൽ ഫാമും ഉണ്ട്. എച്ച്എഫ് ഇനം 42 പശുക്കളും മൂന്ന് ജഴ്സി, ഒരു നാടൻ പശു, എരുമ എന്നിവയെയും വളർത്തുന്നുണ്ട്.

ചാണകവളവും ബയോഗ്യാസിൽ നിന്നുള്ള സ്ളറിയുമാണ് മുഴുവൻ സ്ഥലത്തും വളമായി ഉപയോഗിക്കുന്നത്. പശുവിന് തീറ്റയായി ആറ് ഏക്കർ സ്ഥലത്ത് ചോളം, സുഡാർ വെറൈറ്റി, സിഒ3, സിഒ 4 എന്നീ ഇനം പുല്ലും വളർത്തുന്നുണ്ട്. ചോളപുല്ലും ചോളപൊടിയും പുല്ലുമാണ് പശുക്കൾക്കും ആടിനും തീറ്റ നൽകുന്നത്. പുറമെ പിണ്ണാക്കും സമീകൃതാഹാരവും നൽകും.

90 മലബാറി ഇനം ആടുകളും പത്ത് ജംനാപ്യാരി ഉൾപ്പെടെയുള്ള സങ്കരയിനം ആടുകളും ഉണ്ട്. പ്ലാവിലയും പുല്ലും, ചോളപ്പൊടിയും ആടിന് തീറ്റ നൽകുന്നു. ജാതി, കൊക്കോ, ഗ്രാമ്പൂ ഉൾപ്പെടെയുള്ള കൃഷികളുമുണ്ട്. 50 മുട്ടക്കോഴികൾ, 33 താറാവ്, അഞ്ച് അരയന്നം, മുയലുകൾ, രണ്ട് എമു എന്നിവയും ഫാമിലുണ്ട്.

adbul-latheef-date-palm വേളം പെരുവയലിലെ മടക്കുമൂലയിൽ അബ്ദുൽ ലത്തീഫ് കുലച്ച ഈന്തപ്പനക്കരികെ.

400 ലീറ്റർ പാൽ ദിവസവും പെരുവയൽ ക്ഷീരസംഘത്തിൽ നൽകുന്നുണ്ട്. പുറമെ തൈര്, മോര്, നെയ്യ് എന്നിവ പായ്ക്കറ്റുകളിലാക്കിയുള്ള വിൽപനയും ആരംഭിച്ചു. മലയാളികളും തമിഴ്നാട്, ജാർഖണ്ഡ് എന്നീ സംസ്ഥാനത്തു നിന്നുള്ളവരുമായി എട്ട് തൊഴിലാളികളും ഫാമിലുണ്ട്. നെൽകൃഷിയുമുണ്ട്.

ഇനിയും ഫാം വിപുലപ്പെടുത്താനാണ് ആഗ്രഹമെന്ന് അബ്ദുൽ ലത്തീഫ് പറയുന്നു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിലെ മികച്ച യുവകർഷകനും വേളം പ‍ഞ്ചായത്തിലെ ഏറ്റവും കൂടുതൽ പാലളന്ന കർഷകനുമുള്ള അവാർഡും ലഭിച്ചിട്ടുണ്ട്. പിതാവ് അമ്മദും ഉമ്മ ആയിഷയും ഭാര്യ ജിൽസിനയും കൃഷിക്കാര്യത്തിൽ സഹായത്തിന് ഒപ്പമുണ്ട്. മക്കൾ. ദാനിഷ്, ജാസിം, ഷിയ.

ഫോൺ: 8289949065, 0496 2771426.