Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരക്കില്ലാതൊട്ടിയ നേട്ടങ്ങൾ

jack-anil-jackfruit അനിൽ

രണ്ടു വയസ്സുള്ളപ്പോൾ അച്ഛൻ നഷ്ടപ്പെട്ട അനിലിനെ അമ്മ സരസ്വതിയമ്മാൾ വളർത്തിയത് ഓല മെടഞ്ഞു കിട്ടുന്ന തുച്ഛമായ കൂലികൊണ്ടാണ്. അമ്മ ഓല മെടഞ്ഞിരുന്ന പുരയിടങ്ങളിലെ ചക്കകൊണ്ട് വിശപ്പടക്കിയ ബാല്യം അനിലിനു മറക്കാനാവില്ല. പിന്നീട് ആ പ്ലാവുകൾ തേടി ചെന്നപ്പോൾ അവ നിന്നിടത്ത് ബൈപാസും ഫ്ലാറ്റുമൊക്കെയാണ് കാണാനായത്. നല്ലയിനം പ്ലാവുകളുടെ സംരക്ഷണം അനിലിനൊരു വികാരമാവാൻ ഇതും കാരണമായി. അമ്മയാണ് ചക്കയെയും പ്ലാവിനെയും സ്നേഹിക്കാൻ തനിക്കു പ്രേരണയെന്ന് അനിൽ. ആ സ്നേഹം അനിലിനെ രാജ്യത്തെ പ്രഥമ പ്ലാവ് നഴ്സറിയുടെ ഉടമയുമാക്കി.

തെങ്ങിനും മാവിനും പച്ചക്കറിക്കും പൂച്ചെടിക്കുമൊക്കെ നഴ്സറിയാവാം. പക്ഷേ പ്ലാവിനു മാത്രമായി നഴ്സറി നടത്തിയാൽ പച്ച പിടിക്കുമോ? സംശയിക്കുന്നവർക്കു മുമ്പിൽ ഇരുപതുവർഷംകൊണ്ട് പത്തു ലക്ഷം പ്ലാവിൻതൈ വിറ്റ അനിൽ പറയുന്നു– ആത്മാർഥതയുണ്ടെങ്കിൽ ആദായവും അംഗീകാരവും നേടാൻ പ്ലാവ് മതി. ഇത്രയും തൈകളിൽ പകുതിയേ വേരു പിടിച്ചു വളർന്നുള്ളൂ എന്നു കരുതിയാൽപോലും അഞ്ചു ലക്ഷം പ്ലാവുകളിലൂടെ അയ്യായിരം ഏക്കറിൽ ഭൂമിയെ കുട ചൂടിക്കാൻ ആഗോളതാപനത്തിന്റെ ഈ യുഗത്തിൽ അനിൽ നിമിത്തമായി! അതിലുപരി പ്ലാവിനങ്ങളുടെ സംരക്ഷണത്തിലൂടെ ജൈവവൈവിധ്യത്തിന്റെ പടയാളിയാവാനും പാരിപ്പള്ളി പുലുക്കുഴി കശുവണ്ടി ഫാക്ടറിക്കു സമീപം ഇപ്പോഴും ചക്കച്ചിപ്സ് വിൽക്കുന്ന എഴുപത്തഞ്ചുകാരി സരസ്വതിയമ്മാളിന്റെ മകനു കഴിഞ്ഞു. ജൈവവൈവിധ്യസംരക്ഷണം സംരംഭമാക്കാമെന്നു തെളിയിക്കുകയാണ് പുത്തൂരിലെ ജാക്ക് അനിൽ ഇന്ന് തന്റെ പ്ലാവ് നഴ്സറിയിലൂടെ.

വായിക്കാം ഇ - കർഷകശ്രീ

അരക്കില്ലാച്ചക്കയിലായിരുന്നു അനിലിന്റെ തുടക്കം. അരക്കുള്ളതായാലും ഇല്ലാത്തതായാലും വിജയം ഒട്ടിച്ചെടുക്കാമെന്നായതോടെ പശ്ചിമഘട്ടത്തിലെ പല പ്ലാവിനങ്ങളും അനിലിന്റെ കരങ്ങളിലിരുന്നു പെരുകി. അരക്കില്ലാത്ത ചക്ക മുതൽ അര കിലോ തൂക്കമുള്ള ചക്കവരെ, ആണ്ടുവട്ടം മുഴുവൻ ചക്ക കിട്ടുന്ന ഇനം മുതൽ ഓഫ് സീസണിലും ഫലമേകുന്ന ഇനം വരെ മംഗലാപുരത്തിനു സമീപം പുത്തൂർ നിന്നിക്കലിലെ ജാക്ക് അനിലിന്റെ പ്ലാവ്ശേഖരത്തിലുണ്ട് – ആസാമിലെ നൊഗോൺ മുതൽ കന്യാകുമാരി വരെ വിവിധ കാലാവസ്ഥകളിലും വ്യത്യസ്ത മണ്ണിലും വളരുന്ന ഇരുനൂറോളം ഇനങ്ങൾ.

ബെംഗളൂരു കാർഷിക സർവകലാശാലയും ബാഗൽകോട്ട് ഹോർട്ടികൾചർ സർവകലാശാലയും പ്ലാവിൻതൈകൾക്കായി ആശ്രയിച്ചിരുന്ന അനിലിന്റെ ഈ വർഷത്തെ ലക്ഷ്യം കേരള കാർഷിക സർവകലാശാലയ്ക്ക് ഒരു ലക്ഷം തൈകൾ നൽകുകയാണ്. പാറശാല മുതൽ ഗോകർണം വരെയുള്ള കാർഷികപ്രദർശനങ്ങളിൽ അനിലും പ്ലാവിൻതൈകളും സജീവസാന്നിധ്യമാണിപ്പോൾ. മൂന്നുവർഷത്തിനിടയിൽ കേരളത്തിൽ മാത്രം അഞ്ചു ലക്ഷത്തോളം തൈ വിറ്റു. കഴിഞ്ഞ വർഷം അരക്കോടിയോളം രൂപയുടെ തൈകൾ വിറ്റെന്നാണ് അനിലിന്റെ കണക്ക്.

സ്നേഹിച്ച അനിലിനു പ്ലാവ് തിരികെ നൽകിയത് പേരും പെരുമയും വരുമാനവുമാണ്. അനിലിനെ തേടിയെത്തിയ അംഗീകാരങ്ങൾ അറിയണമെങ്കിൽ ഫേസ്ബുക്ക് പേജ് നോക്കിയാൽ മതി. ബാഗൽകോട്ട് ഹോർട്ടികൾചർ സർവകലാശാലയുടെ വൈസ്ചാൻസലറും ബെംഗളൂരു കാർഷിക സർവകലാശാലയുടെ വൈസ്ചാൻസലറും ഇരുവശങ്ങളിലും നിന്ന് കസേരയിലിരിക്കുന്ന അനിലിനെ പൊന്നാട അണിയിക്കുന്ന ചിത്രമാണ് അവയിലൊന്ന്. മറ്റൊരു ചിത്രത്തിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും അനിലും കൂടി മന്ത്രിയുടെ പുരയിടത്തിൽ പ്ലാവ് നട്ട് വിഷു ആഘോഷിക്കുന്നതു കാണാം. ജാക്ക് പാർക്ക് എന്ന പേരിൽ വ്യത്യസ്ത പ്ലാവിനങ്ങളുടെ ജനിതക ശേഖരമുണ്ടാക്കാനുള്ള തന്റെ നിർദേശം മന്ത്രി അംഗീകരിച്ച് ചുമതല ഏൽപിച്ചതിലുള്ള സന്തോഷത്തിലാണ് അനിൽ ഇപ്പോൾ. ഇരുപതേക്കർ സ്ഥലം ആവശ്യപ്പെട്ട അനിലിനു അമ്പതേക്കർ വാഗ്ദാനം ചെയ്ത് മന്ത്രി ഞെട്ടിച്ചു. ലോകത്ത് ആദ്യമായിട്ടാവും പ്ലാവിനുവേണ്ടി ഇങ്ങനെയൊരു പദ്ധതിയെന്ന് അനിൽ ചൂണ്ടിക്കാട്ടുന്നു. ബെംഗളൂരു കാർഷിക സർവകലാശാല കേന്ദ്ര ജൈവ സാങ്കേതികവകുപ്പിന്റെ ധനസഹായത്തോടെ നടപ്പാക്കിയ പ്ലാവ്–ചക്ക ഗവേഷണപദ്ധതിയിൽ അനിലും പങ്കാളിയായിരുന്നു. വിവിധ കൃഷിയിടങ്ങളിൽ സർവകലാശാല കണ്ടെത്തിയ മികവേറിയ ഇനങ്ങളുടെ തൈകളുണ്ടാക്കുന്നതിനാണ് അനിലിനെ ഗവേഷണസംഘത്തിൽ ഉൾപ്പെടുത്തിയത്. പദ്ധതി പൂർത്തിയായപ്പോൾ മികച്ച പ്രകടനത്തിനുള്ള കേന്ദ്ര ജൈവ സാങ്കേതികവകുപ്പിന്റെ സർട്ടിഫിക്കറ്റും കാഷ് അവാർഡും അനിലിനെ തേടിയെത്തി. വെറും അനിൽ ജാക്ക് അനിലാകാൻ പിന്നീട് അധികകാലം വേണ്ടിവന്നില്ല. ഹവായിയിലെ പഴവർഗ ഉൽപാദക കമ്പനി ഡയറക്ടർ കെൻലോവ് തേടിയെത്തത്തക്ക വിധത്തിൽ ഇന്ന് അനിൽ പ്രശസ്തനായിക്കഴിഞ്ഞു. സ്വന്തമായി വീട്പോലുമില്ലാത്ത സാഹചര്യത്തിൽ പല വീടുകളിലും നാടുകളിലും ജോലി ചെയ്ത് ഐടിഐവരെ പഠിച്ച തന്നെ ഇന്ന് കർണാടകത്തിൽ പലയിടത്തും സ്വന്തമായി സ്ഥലം വാങ്ങാൻ പ്രാപ്തനാക്കിയത് പ്ലാവിൻതൈകളിൽ നിന്നുള്ള വരുമാനമാണെന്ന് അനിൽ പറയുന്നു. എല്ലാ സ്കൂൾ വിദ്യാർഥികളെയും ബഡ്ഡിങ്ങും ഗ്രാഫ്റ്റിങ്ങും പഠിപ്പിക്കണമെന്ന നിർദേശവും അനിലിനുണ്ട്.

രണ്ടു ദശകം മുമ്പ് മികച്ച പ്ലാവിനങ്ങൾ തേടി പാരിപ്പള്ളിയിൽനിന്ന് മംഗലാപുരത്തെത്തിയ അനിൽ കറ‌യില്ലാത്ത ചക്ക കിട്ടുന്ന സോംപാടി വരിക്കയുടെ പത്തു തൈകളും വാങ്ങി നാട്ടിലേക്കു ട്രെയിൻ കയറി. പക്ഷേ, വീട്ടിലെത്തിക്കാനായത് ഒരു തൈ മാത്രം. ബാക്കി മുഴുവൻ സഹയാത്രികർ സ്നേഹിച്ചും നിർബന്ധിച്ചും കൈവശമാക്കി. പക്ഷേ, നല്ലയിനം പ്ലാവിനു നാട്ടിലുള്ള ഡിമാൻഡ് തിരിച്ചറിയാൻ ഈ സംഭവം അനിലിനെ സഹായിച്ചു. വൈകാതെ തന്നെ പുത്തൂരിനു സമീപം നിന്നിക്കല്ലിൽ സ്ഥലം പാട്ടത്തിനെടുത്ത് പ്ലാവ് നഴ്സറി തുടങ്ങി. സോംപാടി വരിക്കയായിരുന്നു തുടക്കത്തിൽ പ്രധാനം. പുരയിടത്തിലെ നല്ല ഇനം പ്ലാവുകളുടെ തൈകളുണ്ടാക്കാൻ പുത്തൂരിലെ കന്നടകർഷകർ അനിലിനെ സമീപിച്ചതോടെ നല്ലയിനങ്ങളുടെ ശേഖരം വലുതായി.

കേരളത്തിലെ ചക്കമേളകളിൽ നിന്നു വ്യത്യസ്തമാണ് കർണാടകത്തിലെ ചക്കമേളകൾ. വ്യത്യസ്ത ആവശ്യങ്ങൾക്കുള്ള മികച്ച ഇനങ്ങൾ കണ്ടെത്തി അവയുടെ ഉടമസ്ഥനെ ആദരിക്കുന്ന ഇത്തരം മേളകൾ മികച്ച ഇനങ്ങളെ ബ്രാൻഡ് ചെയ്യാനും സഹായിക്കുന്നു. ചക്കമേളകളിൽ കണ്ടെത്തുന്ന ഇനങ്ങളുടെ തൈകളുണ്ടാക്കുന്നതിൽ അനിലും പങ്കാളിയായി. ഇന്നും ഏറെ താൽപര്യത്തോടെ കൃഷിയിടങ്ങളിലെത്തി നല്ല ഇനങ്ങളുടെ തൈകളുണ്ടാക്കി നൽകാറുണ്ട്– തികച്ചും സൗജന്യമായി. ഏതാനും തൈകൾ അനിലിനും നൽകണമെന്നു മാത്രം. ഇതുവരെ ആയിരം പ്ലാവുകളുടെയെങ്കിലും തൈയുണ്ടാക്കി നൽകിയിട്ടുണ്ടെന്ന് അനിൽ അവകാശപ്പെടുന്നു. തറവാട്ടിൽനിന്നു പിരിഞ്ഞുപോകുന്നവരും സ്ഥലം വിറ്റു പോകുന്നവരുമൊക്കെ അതുവരെ അവരുടേതായിരുന്ന പ്രിയപ്പെട്ട പ്ലാവിന്റെ തൈകൾക്കായി അനിലിന്റെ സഹായം തേടാറുണ്ട്. ഇവയിൽ കൂടുതൽ മികവ് തോന്നിയ ഇരുനൂറോളം ഇനങ്ങളാണ് അനിലിന്റെ പട്ടികയിലുള്ളത്. ചക്ക ഭക്ഷിച്ചുനോക്കിയും പാചകഗുണം, സൂക്ഷിപ്പുഗുണം, കായ്പിടിത്തം തുടങ്ങിയവ പരിഗണിച്ചുമാണ് തന്റെ ശേഖരത്തിലേക്ക് പ്ലാവിനങ്ങൾ തിരഞ്ഞെടുക്കുന്നതെന്ന് അനിൽ അവകാശപ്പെട്ടു. താൻ കണ്ടെത്തിയ ഇനങ്ങളിൽ ഏറ്റവും മികച്ച പത്തെണ്ണം മാത്രമാണ് വാണിജ്യാടിസ്ഥാനത്തിൽ അനിൽ ഉൽപാദിപ്പിച്ചു വിൽക്കുന്നത്. പ്രായം, ഇനം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച് നൂറു രൂപ മുതൽ 300 രൂപ വരെ വില ഈടാക്കും.

കർണാടക പുത്തൂരിലെ നിന്നിക്കൽ നഴ്സറി ഉടമ ജാക്ക് അനിൽ കേരളത്തിലെങ്ങുമുള്ള കാർഷിക പ്രദർശനങ്ങളിൽ പ്ലാവിൻതൈകൾ പ്രദർശിപ്പിച്ചും വിൽപന നടത്തിയും മലയാളികൾക്കു സുപരിചിതനായിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലും വിവിധ ഇനം പ്ലാവുകളുടെ വിശേഷങ്ങളുമായി സജീവമാണിദ്ദേഹം. പ്ലാവിന്റെ ഗ്രാഫ്റ്റ് തൈകൾ ഉൽപാദിപ്പിക്കുന്നതിലെ മികവാണ് അനിലിന്റെ വിജയരഹസ്യം. മറ്റുള്ളവർ ബഡ് ചെയ്താൽ കിട്ടുന്നതിന്റെ ഇരട്ടിയിലധികം തൈകൾക്ക് വേരു പിടിപ്പിക്കാൻ അനിലിനു കഴിയാറുണ്ട്. ബെംഗളൂരു കാർഷിക സർവകലാശാല ഔദ്യോഗികമായി പുറത്തിറക്കിയ 15 ഇനം പ്ലാവും നിരീക്ഷണത്തിനായി വളർത്തുന്ന എഴുപതോളം ഇനങ്ങളും അനിലിന്റെ കരങ്ങളിലൂലെ കയറിയിറങ്ങിയവ തന്നെ. സൂക്ഷിച്ചുവച്ച ഇനങ്ങളിൽ നിന്ന് പ്ലാവിൻതൈകളുണ്ടാക്കി വിൽക്കാനായി നടത്തിയ പരിശ്രമം അനിലിനെ വ്യത്യസ്തനായ കാർഷികസംരക്ഷകനും ജൈവവൈവിധ്യപ്രചാരകനുമാക്കി.

ഫോൺ– 09448778497