ലക്ഷങ്ങൾ സമ്പാദിച്ചൊരു കർഷകൻ

അനാഥത്വമെന്ന ദുർവിധിക്കെതിരെ നിശ്ചയദാർഢ്യവും കഠിനാധ്വാനവുംകൊണ്ടു പോരാടി ജോയി നേടിയതു സമാനതകളില്ലാത്ത  വിജയം.

രണ്ടു പതിറ്റാണ്ടു മുമ്പു കാണുമ്പോള്‍ ഉത്സാഹിയും അധ്വാനിയുമായ െചറുപ്പക്കാരനായിരുന്നു ജോയി. അന്നത്തെ അതേ ഉത്സാഹത്തോടെ, തീവ്രതയോെട മണ്ണിലിറങ്ങി അധ്വാനിക്കുകയാണ്  അറുപത്തിരണ്ടാം വയസ്സിലും വയനാട് ചീരാൽ പാലയൂർ വീട്ടിൽ പി. ജോയി. അതിനു കാരണമൊന്നേയുള്ളൂ, കൃഷിയോടുള്ള സ്നേഹം.

മനസ്സിലെ കൃഷിസ്േനഹം തരിമ്പും മാറിയിട്ടില്ലെങ്കിലും ജോയിയുടെ ജീവിതത്തില്‍ ഇരുപതാണ്ടുകള്‍ വരുത്തിയ മാറ്റം ചില്ലറയല്ല. കര്‍ഷകശ്രീ അവാര്‍ഡ് നിര്‍ണയത്തിന്റെ ഭാഗമായി 1998ലാണ് ജോയിയുടെ കൃഷിയിടം സന്ദര്‍ശിക്കുന്നത്. മത്സരത്തിന്റെ അവസാനവട്ടത്തിലെത്തിയ അഞ്ചു േപരിലൊരാളായിരുന്നു അന്നും അദ്ദേഹം. രണ്ടു മുറി വീട്ടിലെ പരിമിത സാഹചര്യങ്ങളില്‍ ഭാര്യയും ഭര്‍ത്താവും മൂന്നു മക്കളുമടങ്ങിയ കുടുംബം ഒതുങ്ങിക്കൂടിയ കാലം. എന്നാല്‍ മറ്റുള്ളവരെപ്പോലെ നന്നായി ജീവിക്കാന്‍ കര്‍ഷകനും കഴിയുമെന്നു തെളിയിച്ചേ അടങ്ങൂ എന്നൊരു വാശി അന്നു ജോയിയുടെ മനസ്സില്‍ കനലായി പുകഞ്ഞിരുന്നു. ആ കനലിനെ കഠിനാധ്വാനത്തിലൂടെ ‍ഊതിത്തെളിച്ചു ജ്വാലയായി മാറ്റുകയായിരുന്നു ഈ ദമ്പതികള്‍.

വല്യപ്പന്‍ ഒാഹരിയായി കൊടുത്തതും സ്വന്തമായി വാങ്ങിയതുമടക്കം ഒമ്പതേക്കര്‍ കൃഷിയിടം ഒരിഞ്ചു പോലും വിടാതെ ആദായസജ്ജമാക്കിയിരിക്കുന്നു. ഇരുമുറി വീടിന്റെ സ്ഥാനത്ത്  എല്ലാ സൗകര്യങ്ങളുമുള്ള ഇരുനില മന്ദിരം. അതിന്റെ പൂമുഖത്ത് വാഗണ്‍– ആറും മാരുതി ജിപ്സിയും െബെക്കുമുള്‍പ്പെടെ  വാഹനവ്യൂഹം. മൂന്ന് ആണ്‍മക്കളും ഭാര്യമാരും ബെംഗളൂരുവിലും ചെെന്നെയിലും ഗള്‍ഫിലുമായി െഎടി, ഹോട്ടല്‍ മാേനജ്മെന്റ് മേഖലകളില്‍ ജോ ലി നോക്കുന്നു.

കൗമാരത്തിലേ അച്ഛനമ്മമാർ നഷ്ടപ്പെട്ട ജോയിക്ക് വല്യപ്പനായിരുന്നു ഏകാശ്രയം. പന്ത്രണ്ടാം വയസ്സില്‍ അദ്ദേഹത്തിന്റെ െകെപിടിച്ച് മണ്ണിലേക്കിറങ്ങിയ ജോയി പതിനേഴാം വയസ്സില്‍ സ്വന്തമായി കൃഷി ചെയ്യാന്‍ തുടങ്ങി. നിശ്ചയദാർഢ്യവും കഠിനാധ്വാനവും കൈമുതലാക്കി വിധിക്കെതിരെ നടത്തിയ പോരാട്ടത്തില്‍ ആയുധമായതു കൃഷി. ബഹുവിളകളും പക്ഷിമൃഗാദികളും ചേർന്ന പരമ്പരാഗതകൃഷിയിൽ കാലത്തിനൊപ്പം മാറ്റങ്ങൾ വരുത്തിയ ജോയിക്ക് ഇന്നു പുഷ്പകൃഷി മുതൽ ഉൽപന്ന മൂല്യവർധനയും ഫാം ടൂറിസവുംവരെ വരുമാനമാർഗങ്ങൾ.

കൃഷിയിടം

ഒമ്പതേക്കർ പുരയിടത്തിൽ തെങ്ങും കമുകുമാണ് പ്രധാന വിളകൾ. കാപ്പിയും കുരുമുളകും ജാതിയും വാഴയും കപ്പയും പഴം–പച്ചക്കറികളും ആന്തൂറിയം, ഓർക്കിഡ്, ഹെലിക്കോണിയ തുടങ്ങിയ കട്ഫ്ളവർ ചെടികളും  ഇടവിളകൾ. അരയേക്കറിൽ ഏലം. കൂടാതെ, പാട്ടത്തിനെടുത്ത ആറേക്കർ ഭൂമിയിൽ ഇഞ്ചി, വാഴ, നെല്ല്. വീട്ടുവളപ്പിൽ പശു, ആട്, മുട്ടക്കോഴി, അലങ്കാരക്കോഴികൾ, നായ്ക്കൾ. കുളത്തിൽ മീൻ വളർത്തലുമുണ്ട്.

കൃഷിരീതി

കിഴുക്കാംതൂക്കായ സ്ഥലം തട്ടുതട്ടായി തിരിച്ചു കയ്യാലകെട്ടി സംരക്ഷിച്ച് മണ്ണ് – ജലസംരക്ഷണം ഉറപ്പുവരുത്തിയിരിക്കുന്നു. തൊണ്ടും ജൈവവളങ്ങളുംകൊണ്ടു പുതയിട്ടും മഴക്കുഴികൾ വഴിയും വെള്ളം മണ്ണിലിറക്കുന്നു. സ്വന്തം ഫാമിലെ  ചാണകവും ഗോമൂത്രവും  സ്ലറിയും കമ്പോസ്റ്റും പഞ്ചഗവ്യവുമാണ് പ്രധാനമായും വളം. സ്ലറി പമ്പ് ചെയ്തു പൈപ്പുകളിലൂടെ എല്ലായിടത്തും എത്തിക്കുന്നു. ഒപ്പം മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിൽ രാസവളവും ചേർക്കുന്നുണ്ട്.

കിണറും കുളങ്ങളുമാണ് ജലസ്രോതസ്സുകൾ. അവിടവിടെ സ്പ്രിങ്്ക്ലറുകൾ സ്ഥാപിച്ചിരിക്കുന്നു. പുരപ്പുറത്തെ വെള്ളം കിണറ്റിലേക്കു ചാർജ് ചെയ്തും പടുതാക്കുളത്തിൽ സംഭരിച്ചും കരുതിവച്ച് വേനൽക്കാലത്ത് ഉപയോഗിക്കുന്നു. അടുക്കളയിലും തൊഴുത്തിലുംനിന്നുള്ള മലിനജലവും  പടുതാക്കുളത്തിലേക്കു തിരിച്ചുവിട്ടു ശേഖരിക്കുന്നുണ്ട്.

വിപണനം

കമുകിൽനിന്നാണ് മികച്ച വരുമാനം. മംഗള, കാസർകോടൻ ഇനങ്ങളിലായി 15–30 വർഷം പ്രായമുള്ള 2000 കമുകുകൾ. ഒരു മരത്തിനു ശരാശരി 25 കിലോ (അടയ്ക്ക പൊളിച്ചത്) വിളവ്. കഴിഞ്ഞ സീസണില്‍ കിലോയ്ക്ക് ശരാശരി 100 രൂപ വില കിട്ടി. പോയ വര്‍ഷം അടയ്ക്കയില്‍നിന്ന് അഞ്ചുലക്ഷത്തോളം രൂപ ആദായമുണ്ടായിരുന്നു. 200 തെങ്ങുകൾ. ഒരു  തെങ്ങിനു ശരാശരി വിളവ് 60 തേങ്ങ. കൊപ്രയും വെളിച്ചെണ്ണയുമാക്കിയാണ് വിൽപന. പിണ്ണാക്ക് കാലിത്തീറ്റയാക്കുന്നു. ഏലയ്ക്ക സ്വന്തം ഡ്രയറിൽ ഉണക്കിയാണ് നൽകുന്നത്. വിൽപന സൂപ്പർ മാർക്കറ്റിൽ. ഏലത്തിനു വില കൂടുന്ന കാലത്ത്  നല്ല  ഡിമാൻഡുണ്ടാകുമ്പോൾ നടീൽവസ്തുവായി തട്ടകളും വിൽക്കും. കഴിഞ്ഞ വർഷം ഒന്നിന് 50 രൂപ തോതിൽ 2000 തട്ടകൾ വിൽക്കാനായി. കമുക്, കുരുമുളക്, പാഷൻഫ്രൂട്ട്, ബട്ടർഫ്രൂട്ട് എന്നിവയുടെ തൈകളും തയാറാക്കി നൽകുന്നു. പൂക്കളും പഴങ്ങളും പോലും ഇവിടെ നല്ല വരുമാനമാർഗമാണ്. പൂക്കൾ ബത്തേരിയിലെ പൂക്കടക്കാരാണ് വാങ്ങുന്നത്.

വെളിച്ചെണ്ണ, തേൻ, ചക്കവിഭവങ്ങൾ, അച്ചാറുകൾ, സ്ക്വാഷ്, വൈൻ, ഏലയ്ക്ക, കുരുമുളക്, മുട്ട, പാലുൽപന്നങ്ങൾ എന്നിവ പായ്ക്ക് ചെയ്തു സ്വന്തം ബ്രാൻഡിൽ വിൽക്കുന്നു.വില്‍ക്കാനുള്ളതു പശുക്കള്‍ജോയിയുടെ ഡെയറിഫാമിൽ പാലല്ല പ്രധാന വരുമാനമാര്‍ഗം; പശുക്കിടാങ്ങളെ വളർത്തി ചെന നിറച്ചു വിൽക്കുന്നതാണ്. വീട്ടാവശ്യത്തിനു പാലിനായി   ഒന്നു രണ്ടു കറവപ്പശുക്കളെ നിര്‍ത്തുമെന്നു മാത്രം. ആടുകളിൽ ജമ്നാപാരി, മലബാറി ഇനങ്ങളുടെ സങ്കരങ്ങളാണ് വിൽപനയ്ക്കുള്ളത്. മുട്ടക്കോഴികൾ, ലാബ്രഡോർ, ജർമൻ ഷെപ്പേർഡ് ഇനം നായ്ക്കള്‍,  അലങ്കാരക്കോഴികൾ, പ്രാവുകൾ, വര്‍ണമത്സ്യങ്ങൾ എന്നിവയും ആദായവഴികള്‍. കൃഷിയിടത്തിലെ വിശാലമായ കുളത്തില്‍ കട്‌ല, രോഹു തുടങ്ങിയ ശുദ്ധജലമത്സ്യങ്ങളെയും വളര്‍ത്തുന്നുണ്ട്. ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് അന്നേരം പിടിച്ചു വില്‍ക്കുകയാണ് പതിവ്. 

വരുമാനം

കാര്‍ഷികോല്‍പന്നങ്ങളില്‍നിന്നു പ്രതിവര്‍ഷം 10 ലക്ഷം രൂപ വരുമാനമുണ്ടെന്നാണ്  ജോയിയുടെ കണക്ക്. മറ്റിനങ്ങളില്‍നിന്ന് ആറു ലക്ഷവും മത്സ്യം വളര്‍ത്തലിലൂടെ  50,000 രൂപയും നേടുന്നു.

തനതുരീതി

രണ്ടു മുറിയും അടുക്കളയും മാത്രമുള്ള വീട്ടിലാണ് ജോയിയും കുടുംബവും കഴിഞ്ഞുവന്നത്. കൃഷിയിൽനിന്നുള്ള സാമ്പത്തികനേട്ടം കൊണ്ട്  ആധുനിക സൗകര്യങ്ങളെല്ലാമുള്ള ഇരുനില വീടു വച്ചു.  ഇന്നു പക്ഷേ, മക്കളാരും ഒപ്പമില്ലാത്തതിനാല്‍ മുകള്‍നില ഒഴിഞ്ഞുകിടക്കുന്നു. കൃഷിയിൽ എന്നും താൽപര്യം പുലർത്തുന്ന മക്കളാണ് മുകള്‍നിലയിലെ മുറികള്‍ ഉപയോഗപ്പെടുത്തി ഹോംസ്റ്റേ എന്ന ആശയം  മുന്നോട്ടുവച്ചത്. അവര്‍തന്നെ സ്വന്തം സുഹൃത്തുക്കളെയും  പരിചയക്കാരെയും  ഇവിടേക്കു പറഞ്ഞുവിടുന്നു. വരുന്നവര്‍ രണ്ടോ മൂന്നോ ദിവസം തങ്ങും. ജോയി അവരെ തന്റെ മാരുതി ജിപ്സിയില്‍ കയറ്റി കൃഷിയിടവും നാട്ടിന്‍പുറവുമൊെക്ക കാണിക്കുന്നു.   അതിഥികള്‍ക്കു കുളത്തില്‍നിന്നു മീന്‍ പിടിക്കാനും അവസരമൊരുക്കുന്നുണ്ട്. സാലി തയാറാക്കുന്ന നാടന്‍ ഭക്ഷണങ്ങള്‍ രുചിച്ചും  മൂല്യവര്‍ധിത ഉൽപന്നങ്ങളും വിഭവങ്ങളും മറ്റും വാങ്ങിയും  അതിഥികൾ സന്തോഷത്തോടെ മടങ്ങുന്നു.

കൃഷിയിലെ തന്റെ അനുഭവപാഠങ്ങള്‍മറ്റു കര്‍ഷകരുമായി പങ്കുവയ്ക്കാന്‍ ജോയി എപ്പോഴും തയാര്‍. വിജ്ഞാനവ്യാപന പദ്ധതിയായ ആത്മയുടെ പ്രസിഡന്റ്, കേര കര്‍ഷകസമിതിയിലും കുരുമുളകു കര്‍ഷകസമിതിയിലും അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തില്‍ യന്ത്രമുപയോഗിച്ചുള്ള  െതങ്ങുകയറ്റം പരിശീലിക്കുകയും അതു ശീലമാക്കുകയും ചെയ്ത ആദ്യ വനിത ഒരുപക്ഷേ സാലിയാവും. തെങ്ങിലൊന്നു കയറാമോ എന്ന ചോദ്യത്തിനു മുന്നില്‍  മധ്യവയസ്സിലും  അവര്‍ മടിച്ചുനില്‍ക്കുന്നില്ല. പ്രായത്തിനും തോല്‍പിക്കാന്‍ കഴിയാത്ത  ഈ മനസ്സുറപ്പുതന്നെ  ജോയി– സാലി ദമ്പതികളുടെ വിജയരഹസ്യം.

പി. ജോയി(62)

പാലയൂർ,  ചീരാൽ, വയനാട്. 

ഫോണ്‍: 04936 262167, 9048646499