Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇല്ലിമുളം കാടുകളിൽ...

bamboo-farmer-manaf മനാഫ് മുളങ്കാടിനുള്ളിൽ

മണ്ണാർക്കാടുകാരൻ മുഹമ്മദ് അബ്ദുൾ മനാഫ് ബിരുദാനന്തരബിരുദം വരെ പഠിച്ചത് സാഹിത്യമാണ്. അലനെല്ലൂരിന്റെ നാട്ടിടവഴികളിലൂടെ ചുണ്ടിൽ കവിതയും ചുമലിൽ നോവലുകളുമായി നടന്ന ബാല്യകൗമാരങ്ങൾ.

സാഹിത്യപഠനം കഴിഞ്ഞു വർഷങ്ങൾ പിന്നിട്ടപ്പോൾ മനാഫും എഴുതി ഒരു പുസ്തകം. അതുപക്ഷേ, കഥയോ കവിതയോ ആയിരുന്നില്ല. ഒന്നാന്തരം ഒരു കൃഷിപഠനം. പേര്: മുളക്കർഷകർക്കൊരു കൈപ്പുസ്തകം.

നാലേക്കർ മുളങ്കാടിന്റെ ഉടമയാണിന്ന് പാലക്കാട് മണ്ണാർക്കാടിനടുത്ത് അലനെല്ലൂർ കളത്തിൽ വീട്ടിൽ മനാഫ്. തെങ്ങും കമുകും വാഴയും പോലെ ഇവിടെ വിളകൾ പലതുണ്ടെങ്കിലും മനാഫിനു പ്രിയപ്പെട്ടതു മുളതന്നെ.

വിയർപ്പുഗന്ധമുള്ള മണ്ണാർക്കാടിന്റെ നഗരത്തിരക്കിൽനിന്നു കുറഞ്ഞനേരം മാത്രം സഞ്ചരിച്ച് അലനെല്ലൂരിലെ ഈ മുളങ്കാടിനുള്ളിലെത്തുമ്പോൾ സ്വാസ്ഥ്യത്തിന്റെ പുതിയ വൻകരയിലെത്തുന്ന അനുഭൂതി.

''മറ്റൊരു കൃഷിയിടത്തിലൂടെയും നടക്കുമ്പോൾ ലഭിക്കാത്ത ധ്യാനസുന്ദരമായ ഏകാന്തത, മുളങ്കാടുകൾ കാറ്റിലുലയുമ്പോൾ ഉയരുന്ന ഹൃദ്യമായ മർമരം, അരിച്ചിറങ്ങുന്ന സൂര്യവെളിച്ചം ഇലയിലും മണ്ണിലും വരയ്ക്കുന്ന വെയിൽച്ചിത്രങ്ങൾ... വരുമാനം നൽകുന്ന ഒരു കൃഷി മാത്രമല്ല മുള; അപൂർവമായൊരു അനുഭവലോകം കൂടിയാണ്'' – മനാഫിന്റെ വാക്കുകൾ.

വായിക്കാം ഇ - കർഷകശ്രീ

മനാഫ് എംഎ വിദ്യാർഥിയായിരുന്ന കാലത്താണ് പിതാവിന്റെ വിയോഗം. അലനെല്ലൂരിൽ അറുപത്തിനാല് ഏക്കർ കൃഷിഭൂമിയുണ്ടായിരുന്ന തറവാടായിരുന്നു ബാപ്പയുടേത്. ഇരുപതിലേറെ ഏക്കർ അദേഹത്തിനും ഓഹരിയായി കിട്ടി. അതിൽ പന്ത്രണ്ടര ഏക്കറിലും പറങ്കിമാവായിരുന്നു. കാര്യമായ വരുമാനം ലഭിച്ചിരുന്നതും അതിൽനിന്നു തന്നെ. പറങ്കിമാവുകൾ മുഴുവൻ വെട്ടി നീക്കി റബർകൃഷി ചെയ്യാനൊരുങ്ങുമ്പോഴാണ് അദ്ദേഹത്തിന്റെ മരണം.

''തേങ്ങയ്ക്കും അടക്കയ്ക്കുമൊന്നും അന്നു നല്ല വിലയുണ്ടായിരുന്നില്ല. പറങ്കിമാവുകൾ വെട്ടിക്കളഞ്ഞതുമൂലം അതിൽനിന്നുള്ള വരുമാനവും നിലച്ചു. കൂടുതൽ വരുമാനം ലഭിക്കുന്ന എന്തെങ്കിലും കണ്ടെത്തിയേ മതിയാവൂ എന്ന സാഹചര്യം. എംഎ പഠനം പൂർത്തിയാക്കാൻ കാത്തുനിൽക്കാതെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുൻപരിചയമൊന്നുമില്ലാത്ത കൃഷിയിലിറങ്ങി'' – മനാഫ് തുടരുന്നു.

ആയിരം വാഴകൾ കൃഷിയിറക്കിയായിരുന്നു ആദ്യ ചുവടുവയ്പ്. വിളവെടുപ്പിൽ മോശമല്ലാത്ത വരുമാനം കയ്യിലെത്തിയതോടെ വാഴക്കൃഷി വ്യാപിപ്പിച്ചു. 1998ൽ എത്ത‍ുമ്പോഴേക്കും വർഷം 8000 വാഴകൾ കൃഷിയിറക്കുന്ന മുൻനിര കർഷകനായി മാറി മനാഫ്. രാവിലെ ആറുമണി മുതൽ രാത്രി എട്ടുവരെ കൃഷിയിടത്തിൽ വിയർപ്പൊഴുക്കിയ നാളുകൾ.

നെല്ലും പച്ചക്കറികളും പോലുള്ള ഹ്രസ്വകാല വിളകൾ വിട്ട് തെങ്ങും കമുകുമുൾപ്പെടുന്ന ദീർഘകാല വിളകളിലായി പിന്നീട് താൽപര്യം. പറങ്കിമാവുകൾ മുറിച്ചു നീക്കിയ പറമ്പിൽ വിശാലമായ റബർത്തോട്ടം വളർത്തിയെടുത്ത് ബാപ്പയുടെ ആഗ്രഹവും മനാഫ് സഫലമാക്കി.

ദീർഘകാല വിളകൾ പലതുണ്ടെങ്കിലും നിത്യവരുമാനത്തിനു പുതിയൊരു സംരംഭം വേണമെന്ന ആലോചനയിലാണ് 1998ൽ പന്തൽ സാമഗ്രികൾ വാടകയ്ക്ക‍ു നൽകുന്ന കട തുടങ്ങുന്നത്.

പന്തൽ നിർമാണത്തിന് കാറ്റാടിമരങ്ങളോ ഇരുമ്പു പൈപ്പുകളോ ഒന്നും പ്രചാരം നേടാത്ത കാലം. മുള തന്നെയായിരുന്നു അന്നു താരം.

പാലക്കാ‌ട് മുണ്ടൂർ പ്രദേശത്ത് ലാത്തിമുള കൃഷി ചെയ്യുന്നുണ്ടെന്നു കേട്ട് അവിടെപ്പ‍ോയി വാങ്ങി. രണ്ടു വർഷം അവരിൽനിന്നു വാങ്ങിയപ്പോൾ സ്വന്തമായി കൃഷി തുടങ്ങിയാലെന്തെന്നായി. ഒന്നിന് അൻപതു രൂപ മുടക്കി പതിനേഴു ചുവടുകൾ വാ‍ങ്ങി കൃഷി തുടങ്ങി. ''അന്നു നട്ടുവളർത്തിയ പതിനേഴിൽ പിടിച്ചു കിട്ടിയ ഏഴെട്ടു ചുവടുകളുടെ മക്കളും കൊച്ചു മക്കളുമാണ് ഇന്നീ നാലേക്കറിൽ നിറയെ കാണുന്നത്''. മനാഫിന്റെ വാക്കുകൾ.

ഒരേക്കറിൽനിന്നു വർഷം ചുരുങ്ങിയത് ഒരു ലക്ഷം രൂപ പ്രതീക്ഷിക്കാം. എഴുപത്തിയഞ്ച് വിഭാഗങ്ങളിലായി 1250 സ്പീഷീസുകളിൽ മുള ലോകമെങ്ങും വളരുന്നുണ്ട്. എന്നാൽ എല്ലാ മുളകളും വിപണനസാധ്യതയുള്ളവയല്ല. കേരളത്തിന്റെ സാഹചര്യത്തിനു യോജിച്ചതെന്നു കണ്ടാണ് മനാഫ് ഒലിവേറി ഇനം തിരഞ്ഞെടുത്തത്.

കൃഷിക്കിറങ്ങുമ്പോൾ മുഖ്യ ലക്ഷ്യം പന്തൽ നിർമാണത്തിനുള്ള മുള ഉൽപാദിപ്പിക്കുകയായിരുന്നു. എന്നാൽ മുളയുടെ സ്ഥാനത്ത് പിന്നീട് ചൂളമരങ്ങളും തുടർന്ന് ഇരുമ്പു പൈപ്പുകളും പന്തൽ നിർമാണത്തിൽ മേൽക്കൈ നേടി. എന്തിന്! മനാഫിന്റെ കടയിലെതന്നെ പന്തൽക്കാലുകളിൽ പകുതിയും ഇരുമ്പു പൈപ്പിനു വഴിമാറി. മുളയും ചൂളയുമായി താരതമ്യം ചെയ്യുമ്പോൾ പന്തൽ നിർമാണത്തിനു സൗകര്യം പൈപ്പുകൾ തന്നെ. എന്നിരുന്നാലും മുളയുടെ വിപണനത്തിൽ തെല്ലും കുറവു വന്നിട്ടില്ലെന്ന‍ു മനാഫ്.

നല്ല ബലത്തിൽ 35–40 അടി വരെ ഉയരം വയ്ക്കുന്ന ഒലിവേറി മുള ഇന്നു മുഖ്യമായും ചെലവാകുന്നത് തോട്ടിയായാണ്. വള്ളം ഊന്നാനുള്ള കഴയാണ് മറ്റൊരാവശ്യം. റബർ ഷീറ്റ് ഉണക്കുന്ന പുകപ്പുരയ്ക്കുള്ളിൽ ഷീറ്റ് തൂക്കിയിടാനായും ഒലിവേറിക്ക് നല്ല ഡിമാൻഡുണ്ട്.

പൈപ്പുകൾക്കു പ്രാധാന്യം വന്നെങ്കിലും പന്തൽ നിർമാണത്തിനായി ഇപ്പോഴും മുളങ്കാലുകൾ തേടിയെത്തുന്നവരും കുറവല്ല.

തോട്ടി ഒന്നിന് 200 രൂപയാണു വില. കമുകുകൃഷി വ്യാപകമായ പ്രദേശങ്ങളിൽ ഒരു കമുകിൽ കയറിയിരുന്ന് ചുറ്റുമുള്ള കമുകുകളിലെ കുലകൾ തോട്ടികൊണ്ടു പറിച്ചെടുക്കുന്ന പതിവാണുള്ളത്. 20–25 അടി നീളത്തിൽ ഭാരവും വണ്ണവും കുറഞ്ഞ്, അതേസമയം നല്ല ബലത്തോടെ ലഭിക്കുന്ന ഒലിവേറി മുളപോലെ തോട്ടിക്കു ചേർന്ന വേറൊന്നില്ലെന്നു മനാഫ്. മാങ്ങാത്തോട്ടിയായും ഉപയോഗിക്കാം.

തോണികുത്താനുള്ള കഴയ്ക്ക് ഏതാണ്ട് ഇരുപതടി നീളമാണു വേണ്ടത്. അരീക്കോട്, ആലുവ ഭാഗങ്ങളിലേക്ക് നൂറും ഇരുനൂറും കഴകൾ വാങ്ങാനെത്തുന്നവരും ഒട്ടേറെ. റബർ പുകപ്പുരകളിലേക്കു മൂത്ത് മെല്ലിച്ചവയാണു യോജിച്ചത്. നീളം കണക്കാക്കി മുറിച്ച് മരുന്നിൽ മുക്കിയെടുത്താണ് ഇവ നിർമിക്കുന്നത്. അടിക്ക് അഞ്ചര രൂപ വില. മുള കൃഷി ചെയ്ത് ആദ്യ വർഷങ്ങളിൽ മുളച്ചുയരുന്നവയ്ക്ക് എത്ര മൂപ്പെത്തിയാലും വണ്ണം കുറവായിരിക്കും. തുടർന്നുള്ള വർഷങ്ങളിൽ മുളയ്ക്കുന്നവ വളരുന്തോറും വണ്ണം കൂടിവരും. ഇവ തോട്ടിക്കും കഴയ്ക്കുമായി പ്രയോജനപ്പെടുത്തുമ്പോൾ, മൂപ്പെത്തിയാലും നല്ല ബലത്തോടെ വിരൽ വണ്ണത്തിൽ തുടരുന്നവ പുകപ്പുരകളിലേക്ക് ഉപയോഗിക്കുന്നു.

ഏക്കറിൽ ഇരുനൂറ് തൈ നടാം എന്നാണ് മുളക്കൃഷിയുടെ കണക്ക്. അകലം 15x15. മൂന്നരയേക്കറിലായി 700 ഒലിവേറി ചുവടുകളാണു മനാഫ് വളർത്തിയെടുത്തിരിക്കുന്നത്. നട്ട് എട്ടു വർഷം കഴിയുമ്പോഴാണ് ആദ്യ വിളവെടുപ്പിനു പാകമാകുന്നത്. തുടർന്ന് ഓരോ ചുവട്ടിൽനിന്നും വർഷം ശരാശരി ആറ്–ഏഴ് മുളകൾ വെട്ടിയെടുക്കാം.

manaf-in-bamboo-nursery മനാഫ് മുള നഴ്സറിയിൽ

വരണ്ടു കിടക്കുന്നതും മറ്റു കൃഷികൾക്കൊന്നും അനുകൂലമല്ലാത്തതുമായ മണ്ണിൽ മുള വളരും. മാത്രമല്ല കുറഞ്ഞ കാലംകൊണ്ടുതന്നെ വെള്ളം വലിച്ചെടുത്തും ഇലകൾ കൊഴിഞ്ഞുവീണ് ഈർപ്പം നിലനിന്നും മണ്ണ് നന്നാവുകയും ചെയ്യും. ഉപരിതല വേരുകളാണ് കൂടുതൽ എന്നതിനാൽ എപ്പോഴെങ്കിലും കൃഷി ഒഴിവാക്കണമെന്നു തോന്നിയാൽ അതും ബുദ്ധിമുട്ടുള്ള കാര്യമല്ല.

കൃഷിയിറക്കിപ്പോന്നാൽ, ആണ്ടിലൊരിക്കൽ നൽകുന്ന വളപ്രയോഗത്തിലൊതുങ്ങും പരിപാലനം. അരയേക്കർ സ്ഥലത്തു മനാഫ് കൃഷി ചെയ്തിരിക്കുന്ന ആനമുളയുടെ കാര്യവും ഇങ്ങനെ തന്നെ. 60 മീറ്ററിലേറെ ഉയരത്തിൽ വളരുന്നതും നന്നായി വണ്ണം വയ്ക്കുന്നതുമായ ഇനമാണിത്. കരകൗശലവസ്തുക്കൾ നിർമിക്കാനാണ് മുഖ്യമായും ആനമുള പ്രയോജനപ്പെടുത്തുന്നത്. രണ്ടു മുട്ടുകൾ തമ്മിലുള്ള അകലം ഒന്നര അടിയോളം വരുമെന്നതിനാൽ അലങ്കാരപ്പാത്രങ്ങൾ, പക്ഷിക്കൂടുകൾ എന്നിവയുടെ നിർമാണത്തിനു യോജ്യം.

മാനം മുട്ടുന്ന മുളങ്കാടുകൾക്ക് ഉദ്യാനങ്ങളിൽ ഇടം ലഭിച്ചതോടെയാണു മനാഫ് നടീൽവസ്തു ഉൽപാദനത്തിലേക്കു കൂടി തിരിയുന്നത്. റിസോർട്ടുകളുടെ ഏക്കറുകൾ വിസ്തൃതിയുള്ള ഉദ്യാനങ്ങളിൽ മാത്രമല്ല, ഗൃഹോദ്യാനങ്ങളിൽപോലും ഇന്ന് മുളയ്ക്ക് ആരാധകരുണ്ടെന്ന് മനാഫ്. ഒരു ചെറുവനത്തിന്റെ പ്രതീതി ജനിപ്പിക്കാൻ ഒരു ചുവട് മുളങ്കൂട്ടത്തിനു കഴിയുമെന്നതാണ് ഈ ഇഷ്ടത്തിന്റെ കാരണം.

കമ്പുകൾ ചുവടോടെ മുറിച്ചുനീക്കി ജെസിബി ഉപയോഗിച്ച് ചുവട് പറിച്ചെടുത്ത് ഓരോ കുറ്റികളാക്കി വേർതിരിച്ച് അവ പോളിബാഗിൽ വേരു പിടിപ്പിച്ചെടുത്താണ് നടീൽവസ്തു ഉൽപാദിപ്പിക്കുന്നത്. ഒലിവേറി തൈ ഒന്ന് 250 രൂപയ്ക്കും ആനമുള 100 രൂപയ്ക്കുമാണ് വിൽപന.

ഭക്ഷ്യവസ്തുവായ മുളങ്കൂമ്പിന് ഏറെ യോജ്യമായ ആസ്പർ ഇനവും ഏതാനും ചുവടു പരിപാലിക്കുന്നുണ്ട് മനാഫ്. മലേഷ്യയിലും തായ്‍ലൻഡിലുമെല്ലാം മുളങ്കൂമ്പ് വിശിഷ്ട വിഭവമായി വിളമ്പുന്നുണ്ടെന്നു മുളയിനങ്ങൾ തേടി ഈ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുള്ള മനാഫ് പറയുന്നു. മുള വിഭവങ്ങൾ നിർമിക്കാൻ താൽപര്യമുള്ളവരെ കണ്ടെത്തി അവരുമായി ചേർന്ന് മുളങ്കൂമ്പുകൾ പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നു.

''ഒട്ടേറെയിനം മുളകളിൽ ഒന്നോ രണ്ടോയിനത്തിനു മാത്രമാണ് മുള്ളുകളുള്ളത്. എങ്കിലും നമ്മുടെ നാട്ടിലിന്നും മുളക്കൃഷി എന്നു കേട്ടാൽ പലരും നെറ്റി ചുളിക്കും. ലോകം പക്ഷേ മാറുകയാണ്. പ്രകൃതിദത്ത വിഭവങ്ങളോടും ഉൽപന്നങ്ങളോടുമുള്ള ആളുകളുടെ ആഭിമുഖ്യം വർധിക്കുന്നു. മുളയരിപ്പായസത്തിനും മുളങ്കൂമ്പ് അച്ചാറിനുമെല്ലാം സമ്മുടെ നാട്ടിൽ ഇന്ന് ആവശ്യക്കാരേറെയുണ്ട്. മുളകൊണ്ടുള്ള ഗൃഹോപകരണങ്ങൾക്കും പ്രിയം വർധിക്കുന്നു. ഭാവിയുടെ വിളയാണു മുളയെന്ന് ഉറപ്പിച്ച‍ു പറയാം'', മുളയെക്കുറിച്ചു മനാഫിന് മനസ്സു നിറയെ പ്രതീക്ഷ.

ഫോണ്‍: 9495323551 

Your Rating: