ചെമ്മീൻപാടങ്ങൾ ‘കെട്ടുകലക്കലി’ന്റെ ലഹരിയിൽ. കെട്ടുകൾ കലക്കിമറിച്ചു മീനും ചെമ്മീനും പിടിക്കുന്ന ജോലി രണ്ടു ദിവസം മുൻപാണു തുടങ്ങിയത്.
∙ കലക്കൽ എന്തിന് ?
ഒരേപാടത്ത് ആറുമാസം പൊക്കാളി നെൽക്കൃഷിയും അതിനടുത്ത ആറുമാസം ചെമ്മീൻ കൃഷിയുമെന്ന രീതിയാണു എറണാകുളം വൈപ്പിനിൽ. ഇത് ഇവിടെ മാത്രം പ്രചാരമുള്ള സമ്പ്രദായമാണ്. നവംബർ 15 മുതൽ ഏപ്രിൽ 14 വരെയുള്ള അഞ്ചുമാസമാണു വേനൽക്കാല ചെമ്മീൻകെട്ടുകളുടെ കാലാവധി. ഇനിയുള്ള ആറുമാസം ഇതേ പാടങ്ങളിൽ നെൽക്കൃഷി നടത്തും. പാട്ടത്തിനെടുത്താണു ചെമ്മീൻകൃഷിയെന്നതിനാൽ അതിനു മുൻപു മീനും ചെമ്മീനും മുഴുവനായി പിടിച്ചെടുത്തു പാടങ്ങൾ ഒഴിഞ്ഞുകൊടുക്കേണ്ടതുണ്ട്. അതിനു വേണ്ടിയാണു ചെമ്മീൻപാടം കലക്കിമറിക്കുന്നത്.
∙ കലക്കൽ രീതികൾ
നീളമുള്ള വലവിരിച്ചും വീശിയും തപ്പിയും കഴിയുന്നത്ര മീനും ചെമ്മീനും പിടിച്ചെടുക്കുകയാണു പതിവു രീതി. ആറുമാസമായി കെട്ടുകളിൽ നിറഞ്ഞുകിടക്കുന്ന വെള്ളം വറ്റിക്കലാണു കലക്കലിന്റെ ആദ്യംപടി. ജലനിരപ്പ് ഏകദേശം ഒരടിയോളമായി മണിക്കൂറുകളോളം നിർത്തിയാൽ വെയിലിന്റെ ചൂടു കൂടിയാകുന്നതോടെ അടിത്തട്ടിൽ നിൽക്കുന്നവയുൾപ്പെടെ മീനുകൾ ഇളകും. അവ കെട്ടിലാകെ പരക്കം പാഞ്ഞുതുടങ്ങുന്നതോടെ വല വിരിക്കാനുള്ള സമയമായി.
വീതിയേറിയ റിബൺ ആകൃതിയിലുള്ള വല കെട്ടിലാകെ ചുറ്റി വിരിച്ചതിനുശേഷം വെള്ളപ്പരപ്പിൽ അടിച്ചു ശബ്ദമുണ്ടാക്കി മീനുകളെ വലയിൽ കുടുക്കി പിടിക്കും. ചെറുവഞ്ചി ഉപയോഗിച്ചു രണ്ടു തൊഴിലാളികൾ ചേർന്നാണ് ഇതുചെയ്യുന്നത്. ഇതിനൊപ്പം വലവിരിച്ചിരിക്കുന്നതിന്റെ വ്യാസം ചെറുതാക്കിക്കൊണ്ടുവരും. അതോടെ മീൻ കൂട്ടത്തോടെ വലയിൽ കുരുങ്ങും. നല്ല അധ്വാനവും വൈദഗ്ധ്യവും ആവശ്യമുള്ള ജോലിയാണിത്. വിസ്തൃതിയേറിയ കെട്ടുകളിൽ കൂടുതൽ തൊഴിലാളികൾ വേണം. വെള്ളം കുറെക്കൂടി വറ്റിക്കഴിഞ്ഞാൽ വീശുവല ഉപയോഗിച്ചും മൽസ്യങ്ങളെ പിടിക്കാം.
∙തപ്പിയെടുക്കാൻ സ്ത്രീകൾ
വലയിൽ പെടാതെ അടിത്തട്ടിലെ ചെറുകുഴികളിലും മറ്റും പതുങ്ങിയിരിക്കാൻ ചെറിയ മീനുകൾക്കും വലിയ ചെമ്മീനുകൾക്കും മിടുക്കുകൂടും. എന്നാൽ വട്ടവല എന്നറിയപ്പെടുന്ന ചെറിയ വലയുമായി രംഗത്തിറങ്ങുന്ന വിദഗ്ധരായ സ്ത്രീത്തൊഴിലാളികളുടെ കയ്യിൽ നിന്ന് ഇവയ്ക്ക് ഒരിക്കലും രക്ഷപ്പെടാനാവില്ല. അവയെല്ലാം മാട്ടം എന്നറിയപ്പെടുന്ന കുടത്തിനുള്ളിലെത്തും. പണ്ടുകാലത്തു പ്രത്യേക ആകൃതിയിലുള്ള മൺകുടമാണ് ഉപയോഗിച്ചതെങ്കിൽ ഇപ്പോൾ അലൂമിനിയം കുടങ്ങളാണെന്ന വ്യത്യാസം മാത്രം.
∙ മീൻതന്നെ പ്രതിഫലം
കിട്ടുന്ന മീനിന്റെ പകുതിയാണു തൊഴിലാളികൾക്കുള്ള പ്രതിഫലം. എന്നാൽ ചെമ്മീൻ പിടിക്കുന്നവർക്കു തൂക്കത്തിനനുസരിച്ചു പണമായിട്ടാകും പ്രതിഫലം നൽകുക. മധ്യവേനലവധിയുടെ തുടക്കത്തിൽ നടക്കുന്ന കെട്ടുകലക്കൽ കുട്ടികൾക്കും ആഘോഷമാണ്. കെട്ടുകളിൽ ചാടിയിറങ്ങി കൗതുകത്തിനും അല്ലാതെയും മീൻപിടിക്കുന്ന കുട്ടികളെ ആരും തടയാറില്ല. വെള്ളം നന്നായി വറ്റുന്നതോടെ ചെളിപ്പരപ്പിൽപ്പെട്ടു പിടയ്ക്കുന്ന മീനുകൾ പെറുക്കാനാണു പണ്ടുകാലത്തു കുട്ടികൾ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ വലയും മറ്റുമായാണ് വരവ്. കിട്ടുന്ന മീനിന്റെ പങ്ക് കെട്ടുടമയ്ക്കു നൽകാതെ മുങ്ങുന്നവരും കൂട്ടത്തിലുണ്ടാവും.
∙പണ്ട് ആഘോഷം
പണ്ട്, മൽസ്യസമൃദ്ധിയുടെ കാലത്തു കെട്ടുകലക്കൽ വലിയ ആഘോഷമായിരുന്നെന്നു പഴമക്കാർ പറയുന്നു. വയറിൽ മുട്ട നിറഞ്ഞ കൂരി, വിശറിയെന്നു വിശേഷിപ്പിക്കാവുന്ന വലുപ്പമുള്ള കരിമീൻ, നെയ് രുചിയേറിയ കണമ്പ്, കണമ്പിന്റെ ചേട്ടനെന്നു വിശേഷിപ്പിക്കാവുന്ന തിരുത, വിനാഗിരിയൊഴിച്ചു തിളപ്പിച്ചെടുക്കാൻ ഒന്നാന്തരമെന്നു പേരുകേട്ട നങ്ക്, വറുക്കാനും കറിവയ്ക്കാനും ഉണക്കി സൂക്ഷിക്കാനും ഒരുപോലെ യോജിച്ച പള്ളത്തി, മനുഷ്യർക്കും പൂച്ചകൾക്കും പ്രിയപ്പെട്ട നന്തൻ എന്നിവയെല്ലാം അന്നു കെട്ടുകളിൽനിന്നു കിട്ടിയിരുന്നു. കൂടാതെ, ഇഷ്ടം പോലെ ചെമ്മീനും ഞണ്ടും.
∙മീൻ ലഭ്യതയിൽ വൻകുറവ്
അന്നു കുറഞ്ഞത് എട്ടു തരം മീനെങ്കിലും യഥേഷ്ടം ലഭിച്ചിരുന്നെങ്കിൽ, ഇപ്പോൾ കിട്ടുന്നതു വലുപ്പം തീരെ കുറഞ്ഞ കരിമീനും തിലോപ്പിയയും കണമ്പും മാത്രം. രുചിയും ഡിമാൻഡും ഏറെയുള്ള കണമ്പ് മുൻവർഷങ്ങളിൽ കൂടിയ തോതിൽ ലഭിച്ചിരുന്നെങ്കിലും ഇക്കുറി കുറവാണ്. കരിമീനും പൊതുവെ കുറഞ്ഞ തോതിലാണു ലഭിച്ചത്. കിലോഗ്രാമിന് 400 രൂപ മുതൽ കരിമീനിനു വില കിട്ടിയതായി കെട്ടുടമകൾ പറഞ്ഞു. ഇടത്തരം വലുപ്പമുള്ള തിലോപ്പിയ 200 രൂപയ്ക്കു കച്ചവടം ചെയ്തു. ചെറുമീനായ പള്ളത്തിക്കും ആവശ്യക്കാർ കുറവായിരുന്നില്ല.

Advertisement