മൽസ്യം അലങ്കാരമാണ്; അഭിമാനമാണ്

സി.എച്ച്. ഷരീഫും കുടുംബവും ഫിഷ് ഫാമിൽ

കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വോളിബോൾതാരവും റഫറിയും ജീവകാരുണ്യപ്രവർത്തകനുമായ കുറ്റ്യാടി ഊരത്ത് നമ്പ്യേലത്ത് സി.എച്ച്. ഷരീഫ് ഇന്ന് ജീവിത വിജയം കണ്ടെത്തുന്നത് അലങ്കാരപ്പക്ഷികളെയും മൽസ്യങ്ങളെയും വളർത്തുന്നതിലൂടെയാണ്.തിരക്കുപിടിച്ച വർത്തമാനകാലത്ത് വ്യാപാരികൂടിയായ സി.എച്ച്. ഷരീഫ് മാനസികോല്ലാസവും ഒപ്പം വരുമാനം നേടുന്നതും അലങ്കാരപ്പക്ഷി, മൽസ്യം എന്നിവ വളർത്തിലിലൂടെയാണ്. വീടിനോട് ചേർന്നുള്ള ഒരു ഏക്കർ സ്ഥലത്താണ് ഷരീഫിന്റെ ഗ്രീൻവാലി പെറ്റ്സ് ആൻഡ് ഫിഷ് ഷോപ്പുള്ളത്. രാവിലെ അഞ്ചു മുതൽ പത്തുമണിവരെയാണ് ഷരീഫ് തന്റെ ഫാമിൽ ഉണ്ടാവുക.

അരോണ, എലിഗേറ്റർ, ജൽഫിഷ്, ഓസ്ക്കർ, കാർപ്പ്, വിവിധയിനം കടൽമീൻ, ഷാർക്ക്, പിരാന, എയ്ഞ്ചൽ തുടങ്ങി എഴുപതിലേറെയിനം അലങ്കാരമൽസ്യങ്ങൾ ഈ ഫാമിലുണ്ട്.ഇതിന് പുറമെ പലതരം ആഫ്രിക്കൻ പക്ഷികൾ, വിവിധതരം തത്തകൾ, പ്രാവുകൾ, ഗോൾഡൻ ക്രസന്റ്, തുടങ്ങിയഇനം പക്ഷികളുമുണ്ട്.

ഗോൾഡൻ ക്രസന്റ് പക്ഷികൾ ഫാമിന്റെ അലങ്കാരമാണ്. വാലിന് വളരെ നീളക്കുടുതലുള്ളതാണ് ഇതിന്റെ പ്രത്യേകത. ഇടക്കിടെ പൊഴിഞ്ഞുപോവുന്ന വാൽ അതിലും മനോഹരമായി വീണ്ടും വളർന്നുവരും. വർഷത്തിൽ പതിനഞ്ചോളം മുട്ടയിടും. ഈമുട്ടകൾ കോഴിയിൽ അടവച്ചാണ് കുഞ്ഞുങ്ങളുണ്ടാവുന്നത്. പക്ഷിക്ക് 15,000 രൂപ വിലയുണ്ട്.മൽസ്യക്കുഞ്ഞുങ്ങളെ വിരിയിക്കുന്നതിന് പ്രത്യേകം സിമന്റ് ടാങ്കുകളും പണിതിട്ടുണ്ട്.

ഷരീഫ് ഗോൾഡൻ ക്രസന്റ് പക്ഷിയുമായി ഫാമിൽ

കേരളത്തിലെ വിവിധ ഫാമുകളിൽ സന്ദർശിച്ചാണ് പരിപാലന വിപണരീതികൾ മനസ്സിലാക്കിയത്. വീടിനോട് ചേർന്നുള്ള വിൽപനകേന്ദ്രത്തിൽ ആളുകളെത്തി മീൻ കുഞ്ഞുങ്ങളെയും അലങ്കാരപ്പക്ഷികളെയും വാങ്ങുന്നുണ്ട്. ആൾട്ടീമിയ, മൊയ്ന എന്നീ തീറ്റകളാണ് നൽകുക. ഈൽ എന്ന കടൽ മീനിന്റെ ഭക്ഷണം മറ്റുള്ളതരം മീനുകളാണ്. ടാങ്കുകളിൽ വളർത്തുന്നതരം ആമയുമുണ്ട്.

അലങ്കാരമീനുകൾ വാങ്ങുന്നവർക്ക് അതിന്റെ പരിചരണരീതികളും പറഞ്ഞുകൊടുക്കും. പത്ത് വർഷത്തോളമായി ഫാം നടത്തിവരുന്ന ഷരീഫ് സ്കൂൾ വിദ്യാർഥികൾക്കും മറ്റും തന്റെ ഫാം കാണാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓരോ മീനിനെയും പക്ഷികളെയും കുറിച്ചുമുള്ള വിവരണവും ഷരീഫ് നൽകും. കുറ്റ്യാടി പുഴയോരത്താണ് ഫിഷ്ഫാമുള്ളത്, ഇതുകാരണം വെള്ളത്തിനും പ്രശ്നമില്ല. കുറ്റ്യാടി ഫാസ് വോളീടീം അംഗമായ സി.എച്ച്. ഷരീഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമംഗമായിരുന്നു.

ജീവകാരുണ്യപ്രവർത്തനങ്ങൾ ഏറ്റെടുത്തുനടത്തുന്ന ഊരത്ത് മാതൃകാ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റും വ്യാപാരി വ്യവസായി സമിതി കുറ്റ്യാടി യൂണിറ്റ് സെക്രട്ടറിയും ഊരത്ത് മഹല്ല് വൈസ് പ്രസിഡന്റുമാണ്.ഭാര്യ ഹസീനയും മക്കളായ മുഹമ്മദ് വസീം, ഷഹീം, ഇഷാം എന്നിവരും സഹായവുമായി ഒപ്പമുണ്ട്.

ഫോൺ : 7677 333 888