ആട്ടിൻപാലിന് പ്രോത്സാഹനവും വിപണിയുമൊരുക്കി വെറ്ററിനറി സർവകലാശാല

പൂക്കോട് വെറ്ററിനറി കോളജിൽ ആട്ടിൽപാൽ കറക്കുന്ന യന്ത്രം

ഔഷധഗുണമേറിയ ആട്ടിൻപാലിനെ പ്രോത്സാഹിപ്പിക്കാനും വിപണിയിൽ ലഭ്യമാക്കാനും കേരള വെറ്ററിനറി സർവകലാശാല വിപുലമായ പദ്ധതി തയാറാക്കുന്നു. കറവയന്ത്രവും പായ്ക്കിങ് യൂണിറ്റും ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് കർഷകർക്കായി സർവകലാശാല പരിചയപ്പെടുത്തുന്നത്. മലബാറി ആടുകളെ സംരക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ആ‌‌ട്ടിൻപാൽ പ്രോത്സാഹന ന‌‌ടപടികൾ നടത്തുന്നതെന്ന് ചുമതല വഹിക്കുന്ന ഡോ.ജോൺ ഏബ്രഹാം അറിയിച്ചു.

ആട് ഫാം നടത്തിപ്പിനൊപ്പം വാണിജ്യാടിസ്ഥാനത്തിൽ പാലുൽപാദനവും സാധ്യമാക്കുകയാണ് ലക്ഷ്യം. കേരളത്തിൽ തന്നെ ആദ്യമായാണ് ആടുകൾക്കു വേണ്ടിയുള്ള കറവയന്ത്രം വാങ്ങുന്നത്. സ്പെയിനിൽ നിന്ന് ഇറക്കുമതി ചെയ്ത യന്ത്രം ഏഴുപത്തിയയ്യായിരം രൂപയ്ക്ക് ഹരിയാനയിലെ മിൽക്ക് വെൽ കമ്പനിയിൽ നിന്നാണ് വാങ്ങിയത്.

ആട്ടിൻപാൽ പായ്ക്കറ്റിലാക്കുന്നു.

ഒരേസമയം രണ്ട് അടുകളെ കറക്കാം. ചുരുങ്ങിയ സമയംകൊണ്ട് പരമാവധി പാൽ ചുരത്തിയെടുക്കാം. പാലിന്റെ അളവ് കണ്ടെത്താൻ യന്ത്രത്തിൽ മീറ്ററും സ്ഥാപിച്ചിട്ടുണ്ട്. ആട് ഫാം നടത്തുന്നവർക്ക് സ്വന്തം നിലയിൽ പാൽ വിപണിയിലെത്തിക്കാനുള്ള മാർഗങ്ങളും ഇവിടെ നിന്നറിയാം. യന്ത്രത്തിന്റെ സഹായത്താലാണ് ആട്ടിൻപാൽ കവറിലാക്കുന്നത്. ആടുകളെ പരിപാലിക്കുന്ന രീതികളെ കുറിച്ചുള്ള അറിവും സർവകലാശാല നൽകും.