ആവശ്യക്കാരെ കാത്തിരിക്കുന്നു 30 ലക്ഷം മത്സ്യ കുഞ്ഞുങ്ങൾ

ഉള്ളണം മത്സ്യവിത്തുൽപാദന കേന്ദ്രത്തിൽനിന്നു മത്സ്യക്കുഞ്ഞുങ്ങളുമായി മടങ്ങുന്ന യുവാവ്. ചിത്രം: മനോരമ.

ഒരു ചെറിയ കുളമെങ്കിലും നിങ്ങൾക്കുണ്ടോ? ഉണ്ടെങ്കിൽ മീൻ വളർത്തലിലൂടെ ജീവിതം കരകയറ്റാനുള്ള അവസരം പടിക്കലെത്തിയിരിക്കുന്നു. 30 ലക്ഷം മത്സ്യക്കുഞ്ഞുങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു. മലപ്പുറം ഉള്ളണം മത്സ്യ വിത്തുൽപാദന കേന്ദ്രത്തിലാണു മീൻ കുഞ്ഞുങ്ങൾ വിൽപനയ്‌ക്കു തയാറായിരിക്കുന്നത്.

കേന്ദ്രം പ്രവർത്തിച്ചു തുടങ്ങിയ കഴിഞ്ഞ വർഷം ഏഴു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇവിടെ വിറ്റത്. ഇത്തവണ 50 ലക്ഷമാണു ലക്ഷ്യമിട്ടിരിക്കുന്നത്. സ്‌റ്റോക്കുള്ള 30 ലക്ഷം വിറ്റുതീരുന്ന മുറയ്‌ക്ക് 20 ലക്ഷംകൂടി തയാറാവും. കട്‌ല, രോഹു, മൃഗാൾ എന്നീ മൂന്നിനം മീനുകളാണുള്ളത്. 31 വലിയ കുളങ്ങളിലായാണ് വളർത്തുന്നത്. ഒന്നര മാസത്തോളം വളർച്ചയെത്തിയ കുഞ്ഞുങ്ങളെ വിൽക്കുന്നു. ജൂൺ 15ന് ആണു വിത്തിറക്കിയത്. ഇപ്പോൾ ഇവിടെനിന്നു കിട്ടുന്ന മീൻ കുഞ്ഞുങ്ങളെ കുളങ്ങളിൽ നിക്ഷേപിച്ചു 10 മാസം കഴിഞ്ഞാൽ വിളവെടുക്കാം.

കണക്കുകളുടെ കണക്ക്

കട്‌ല കുഞ്ഞൊന്നിന് 60 പൈസ രോഹു 60 പൈസ മൃഗാൾ 40 പൈസ 10 മാസം വളർത്തി വിൽക്കുമ്പോൾ കിട്ടാവുന്ന വില (മാർക്കറ്റ് വിലയ്‌ക്കനുസരിച്ചു മാറ്റം വരാം) കട്‌ല കിലോ 120 രോഹു 110 മൃഗാൾ 100 (ഈ മീനുകളെല്ലാം ഒരെണ്ണം ശരാശരി ഒരു കിലോ വരും)

വിതരണത്തിനു തയാറാക്കിയ മത്സ്യക്കുഞ്ഞുങ്ങൾ.

വിത്തിറക്കൽ

ഉള്ളണം മത്സ്യ വിത്തുൽപാദന കേന്ദ്രത്തിൽനിന്നു പ്ലാസ്‌റ്റിക് കൂടുകളിലാക്കി നൽകുന്ന മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുപോയി കുളത്തിൽ നിക്ഷേപിക്കാം. ഒരു സെന്റിൽ 40 കുഞ്ഞുങ്ങൾ എന്നതാണു കണക്ക്. കുറഞ്ഞതു രണ്ടു സെന്റെങ്കിലും ഉണ്ടെങ്കിലേ വ്യാപാരാടിസ്‌ഥാനത്തിൽ കൃഷി ചെയ്യാനാവൂ. കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനു മുൻപു കുളത്തിൽ ചാണകം കലക്കണം. കുഞ്ഞുങ്ങളുടെ വളർച്ചയ്‌ക്ക് അനുസരിച്ചു കടലപ്പിണ്ണാക്കും തവിടും തീറ്റയായി നൽകാം. കൂടുതൽ അറിയണോ? 0494 2411018.