പാലും മീനും ഒരേ പാടത്ത്

ചെറായിലെ ഫാമിൽ നിസാർ

മണ്ണിൽ പ്രതീക്ഷയുടെ പൊന്ന് വിളയുന്ന ചിങ്ങപ്പുതുപുലരിയെത്തി. കൃഷി സമൃദ്ധിയെന്നു പറയുമ്പോൾ ശീതീകരിച്ച സൂപ്പർ മാർക്കറ്റുകളിൽ നിറഞ്ഞിരിക്കുന്ന ഇതര സംസ്ഥാന പച്ചക്കറികളുടെ റാക്കുകളിലേക്ക് നോക്കുന്ന നഗരത്തിനും ഇന്ന് ചൂണ്ടിക്കാട്ടാനുണ്ട്,ചുറ്റുപാടുമുള്ള നിറഞ്ഞ കൃഷിയിടങ്ങളെ. നഗരഹൃദയത്തിൽ വിളഞ്ഞ വയലേലകളെ. സമൃദ്ധമായ പച്ചക്കറിത്തോട്ടങ്ങളെ. പാൽചുരത്തുന്ന പശുക്കളെ. നീന്തിത്തുടിക്കുന്ന മീനുകളെ... ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ സ്വയംപര്യാപ്തരാകുമെന്ന പ്രതിജ്ഞയോടെ തുടങ്ങാം പുതുവർഷം...

കേരളത്തിന്റെ വ്യവസായ കേന്ദ്രമെന്ന വിളിപ്പേരുണ്ടെങ്കിലും കാർഷിക ജില്ലതന്നെയാണ് എറണാകുളം. നഗരത്തിനുള്ളിൽ പോലുമുണ്ടു കൃഷി. ടെറസിൽ വിളയുന്നുണ്ടു പച്ചക്കറികൾ. വൈപ്പിനിലും ആലങ്ങാട്ടും കാക്കനാട്ടും പെരുമ്പാവൂരിലും കാലടിയിലുമെല്ലാം നെല്ലും കപ്പയും വാഴയും പച്ചക്കറിയും സമൃദ്ധമായി വിളയുന്നുണ്ട്.

ആടും പശുവും പക്ഷികളും മത്സ്യങ്ങളും വളരുന്നുണ്ട്. ഒന്നു മനസ്സുവച്ചാൽ, ഒരു തരി മണ്ണില്ലെങ്കിലും എല്ലാവർക്കും ചെയ്യാം കൃഷി. വിഷം തിന്നു മടുത്തവർക്കു മണ്ണിലേക്കിറങ്ങാനുള്ള പ്രചോദനമേകട്ടെ, ചിങ്ങപ്പുലരിയിലെ ഈ കർഷകദിനം.

പാലും മീനും ഒരേ പാടത്ത്

മീനും പാലും ഒന്നിച്ചു കഴിച്ചാൽ ചേരില്ലെന്നു പറയും പഴമക്കാർ. പക്ഷേ, മീനും പാലും ഒരു മുറ്റത്തുതന്നെ ഉണ്ടെങ്കിലോ. രണ്ടിലും നൂറുമേനിയുടെ വിളവുണ്ടാകുമെന്നാണു വൈപ്പിൻ അഴിവേലിക്കകത്തു നിസാറിന്റെ അനുഭവം.

തിരുതകൾ തിമിർത്തു പുളയ്ക്കുന്ന പത്തേക്കർ പാടത്തിനു നടുവിലെ തൊഴുത്തിൽ പാൽചുരത്തി നിൽക്കുന്ന ഇരുപതിലേറെ പശുക്കൾക്കരികിൽ നിൽക്കുമ്പോൾ പുതുമയാർന്ന സമ്മിശ്ര കൃഷിയുടെ വിജയത്തിളക്കമുണ്ട്  ഈ എടവനക്കാട് സ്വദേശിയുടെ മുഖത്ത്.

ഇതിനിടെ ജില്ലയിലെ ഏറ്റവും മികച്ച ചെമ്മീൻ കർഷകനുള്ള  സംസ്ഥാന സർക്കാരിന്റെ അവാർഡ് നിസാറിനെത്തേടിയെത്തി. വൈപ്പിൻ സംസ്ഥാനപാതയിൽ പള്ളിപ്പുറം കോവിലകത്തും കടവ് ജംക്‌ഷനിൽനിന്നു കിഴക്കോട്ടു തിരി‍ഞ്ഞ് അൽപദൂരം പിന്നിട്ടാൽ പുഴയോരത്തെ വിശാലമായ ഫാമിലെത്താം.

ഉപേക്ഷിച്ച പാടത്ത് വിളഞ്ഞ പൊന്ന്

കൃഷിക്കാരൻ കൃഷി ഉപേക്ഷിച്ചുപോയ പാടത്തു നിന്നായിരുന്നു നിസാറിന്റെ തുടക്കം. ചെമ്മീൻ കൃഷിയാണ് ആദ്യം നടത്തിയത്. കെട്ട് ഒരുക്കാൻ മൂന്നു മാസവും  നൂറുകണക്കിനു തൊഴിലാളികളുടെ അധ്വാനവും വേണ്ടിവന്നു. പക്ഷേ, തിരിച്ചടികളുടേതായിരുന്നു ആദ്യവർഷങ്ങൾ.

പാടത്തു താറാവിനെ വളർത്താൻ ഉപദേശിച്ചു പരിഹസിച്ചു പലരും. കൃഷിയിടം ഒരുക്കാൻ ചെലവിട്ടതിന്റെ പത്തിലൊന്നും പോലും തിരിച്ചുകിട്ടാതെ പോയിട്ടും നിസാറിന്റെ മനസ്സു മടുത്തില്ല.

മണ്ണു ചതിക്കില്ലെന്ന വിശ്വാസത്തിലുറച്ചുനിന്നു. പിന്നീടാണു മീൻകൃഷിയെക്കുറിച്ചു ചിന്തിച്ചത്. ഏതുസമയത്തും ഡിമാൻഡുള്ള തിരുതയിൽത്തന്നെ തുടങ്ങാമെന്നു തീരുമാനിച്ചു. ആദ്യം അയ്യായിരത്തോളം കുഞ്ഞുങ്ങളെയാണു ഫാമിലേക്കു തുറന്നു വിട്ടത്. ഇപ്പോൾ ഒറ്റത്തവണ കാൽലക്ഷത്തോളം കുഞ്ഞുങ്ങളെ പാടത്തു നിക്ഷേപിക്കുന്നു. 

പുതുമയാർന്ന വളർത്തൽ രീതികൾക്കു പുറമെ ലവണാംശമേറിയ വെള്ളത്തിന്റെ പ്രത്യേകതകളും കൂടിചേരുന്നതിനാൽ ഇവിടുത്തെ തിരുതയ്ക്കു സ്വാദു കൂടും. ഈ  രുചിപ്പെരുമ ജില്ലയ്ക്കു പുറത്തേക്കും വ്യാപിച്ചു കഴിഞ്ഞു. സൂപ്പർതാരങ്ങൾ വരെ നിസാറിന്റെ തിരുതകളെത്തേടിയെത്താറുണ്ട്.

പാലിനു മാത്രമല്ല,ഈ പശുക്കൾ

ഒരു തുള്ളി  ശുദ്ധജലം കിട്ടാത്ത പാടവരമ്പിലേക്കു നിസാർ മൂന്നു പശുക്കളെ എത്തിച്ചപ്പോൾ പലരും ചിരിച്ചു. പക്ഷേ, നിസാർ ചിരിച്ചത് ഉള്ളിലായിരുന്നു. പാലിനു വേണ്ടിയായിരുന്നില്ല ആ പശുക്കൾ. ചുറ്റുമുള്ള പാടത്തു വളരുന്ന തിരുതക്കുഞ്ഞുങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആഹാരം ആൽഗകളും മറ്റു ചെറുസസ്യങ്ങളുമാണ്. അവ നന്നായി വളരണമെങ്കിൽ വെള്ളത്തിനു വളക്കൂറു വേണം.

തൊഴുത്തു കഴുകുമ്പോൾ കിട്ടുന്ന ചാണകവെള്ളം മിതമായ തോതിൽ വെള്ളത്തിൽ ചേർത്തുകൊടുത്താൽ ജലസസ്യങ്ങൾ നന്നായി വളരുമെന്നു നിസാർ കണക്കുകൂട്ടി. അതോടെ തിരുതകൾക്ക് ആവശ്യത്തിനു ഭക്ഷണമായി. തൂക്കം മാത്രമല്ല മീനിന്റെ രുചിയും കൂടി. കൃത്രിമ മീൻതീറ്റ ഒഴിവാക്കാൻ കഴിഞ്ഞതിലൂടെയുള്ള ലാഭം അതിനു പുറമെ.

മീനുകളും പശുക്കളും തമ്മിൽ ഭക്ഷണക്കാര്യത്തിൽ ബാർട്ടർ സംവിധാനം ഇവിടെയുണ്ട്. തിരുതകൾക്കൊപ്പം മറ്റു ചെറുമീനുകളും വളരുന്നുണ്ട്. അവയിൽ നന്തൻ പോലുള്ള ചെറുമൽസ്യങ്ങളെ ശേഖരിച്ച് ഉണക്കിപ്പൊടിച്ചു കാലിത്തീറ്റയിൽ ചേർത്തു പശുക്കൾക്കുകൊടുക്കും നിസാർ.

കറുത്ത പൊന്നായി ചാണകം

നിശ്ചിത അളവിലുള്ള ചാണകവെള്ളമല്ലാതെ ഒരു തുള്ളി ചാണകം പോലും മീൻപാടത്തേക്ക് ഇടാറില്ല. വെള്ളം മലിനമാവുമെന്നതു തന്നെ പ്രശ്നം. മാത്രമല്ല, പാലിനേക്കാൾ ഡിമാൻഡ് ചാണകത്തിനാണത്രെ. പറയുന്ന വിലയ്ക്കു ചാണകം വാങ്ങാൻ ആളുള്ളതിനാൽ ഉണക്കി സൂക്ഷിക്കും.

ചില്ലുകുപ്പിയിൽ മാത്രം പാൽ

മൂന്നിൽ തുടങ്ങിയ പശുക്കൾ ഇപ്പോൾ ഇരുപതായി. ശരാശരി പാലുൽപാദനശേഷിയുള്ള ഇനങ്ങളോടാണു നിസാറിനു താൽപര്യം. പാലിൽ നിന്നുള്ള വരുമാനം അൽപം കുറഞ്ഞാലും ഇത്തരം പശുക്കൾക്കു രോഗസാധ്യത കുറവായിരിക്കുമത്രെ. ഉപ്പുവെള്ളം തന്നെയാണ് ഇവിടെ പശുക്കളെ കുളിപ്പിക്കാൻ ഉപയോഗിക്കുന്നത്.

ഇതും രോഗ പ്രതിരോധശേഷി കൂട്ടുമെന്നാണു നിസാറിന്റെ അനുഭവം. ഇപ്പോൾ പ്രതിമാസ പാൽ ഉൽപാദനം ഏഴായിരം ലീറ്ററാണ്. അതിൽ ഏറിയ പങ്കും നേരിട്ടു വീടുകളിൽ എത്തിക്കുന്നു. വീടുകളിൽ പാൽ വിതരണം ചില്ലുകുപ്പിയിലായിരിക്കണമെന്ന കാര്യത്തിൽ നിസാറിനു നിർബന്ധമുണ്ട്.

ഗവേഷണത്തിന് സൗജന്യ സൗകര്യം

ഗവേഷണ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിനും പഠനത്തിനു സൗകര്യമൊരുക്കുന്നതിനും മറ്റും സ്വകാര്യ ഫാമുകൾ മോശമല്ലാത്ത തുക ഈടാക്കുമ്പോൾ നിസാറിന്റെ  കൃഷിയിടത്തിൽ അതെല്ലാം പൂർണമായി സൗജന്യമാണ്. ഗവേഷകർക്കു സൗജന്യമായിത്തന്നെ താമസവും ഭക്ഷണവുമൊക്കെ ഒരുക്കാനും നിസാറിനു മടിയില്ല.

ഈ നിലപാടിനുള്ള പ്രതിഫലമായിട്ടായിരിക്കാം തന്റെ ഫാമിൽ നടന്ന ശ്രമങ്ങൾക്കൊടുവിൽ, തിരുത മുട്ടകൾ വിരിയിച്ചെടുക്കുന്ന അതിസങ്കീർണമായ പ്രക്രിയ വിജയകരമായി പരീക്ഷിക്കാൻ കഴിഞ്ഞതെന്നും നിസാർ കരുതുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, പനങ്ങാട് ഫിഷറീസ് കോളജ്, കേരള സർവകലാശാല  എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷണ വിദ്യാർഥികൾ ഇവിടെ സ്ഥിരമായി എത്തുന്നുണ്ട്.

ചെമ്മീനൊപ്പം ഞണ്ടും പിന്നെ ആടും

ആട്, ഞണ്ട്, ചെമ്മീൻ എന്നീ കൃഷികളിലാണു നിസാർ പുതുതായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആടുകളുടെ പരിചരണവും പ്രത്യേക രീതിയിലാണ്. മഴ ആടുകൾക്കു ദോഷകരമാണെന്നാണു പൊതുവെ പറയാറുള്ളതെങ്കിലും നിസാറിന്റെ ഫാമിൽ യഥേഷ്ടം മഴ നനഞ്ഞാണ് ആടുകൾ വളരുന്നത്.

ഞണ്ടു കൃഷിയിലും ചില തനതു പരീക്ഷണങ്ങൾക്കു പദ്ധതിയുണ്ട്. ഇതിനൊപ്പം ചെമ്മീൻ കൃഷിയും സജീവമായി മുന്നോട്ടു കൊണ്ടുപോകാനാണു നിസാറിന്റെ പരിപാടി. ഭാര്യ വാഹിദയും മക്കളായ നെഹ്നയും നെഹാറും പൂർണ പിന്തുണയുമായി നിസാറിനൊപ്പമുണ്ട്.