ഹൃദയാരോഗ്യ കരങ്ങളിലെ നൂറുമേനി ജൈവകൃഷി

പശുവിനൊപ്പം കൃഷിയിടത്തിൽ ഡോ. ടി.കെ. ജയകുമാർ

ബൈപാസ് ശസ്ത്രക്രിയയിലൂടെ രോഗിക്കു ജീവനും ജീവിതവും നൽകുമ്പോൾ ലഭിക്കുന്ന അതേ തൃപ്തിയാണ് ഡോ. ടി.കെ. ജയകുമാറിനു സ്വന്തം ജൈവകൃഷിയിടവും നൽകുന്നത്.

അമ്മ രാജമ്മയ്ക്ക് കുടുംബ സ്വത്തായി ലഭിച്ച രണ്ട് ഏക്കറിലും പിന്നീടു വാങ്ങിയ അരയേക്കർ പാടശേഖരത്തിലും പൊന്നുവിളയിച്ച് കർഷക മനസ്സു കാക്കുകയാണു കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ടും ഹൃദ്രോഗ ശസ്ത്രക്രിയ വിദഗ്ധനുമായ ഡോ. ടി.കെ. ജയകുമാർ.

കൃഷിയില്ലാതെ കിടന്ന സ്ഥലത്തു ഫാം ഹൗസ് ഉൾപ്പെടെ 15 ലക്ഷം രൂപ ചെലവിട്ട് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി.

പശുക്കളെ പരിപാലിക്കുന്നതിനും കൃഷികാര്യങ്ങൾ നോക്കുന്നതിനും രണ്ടുപേരുണ്ട്.

ഫാമിലുണ്ട്; എല്ലാം

നാടൻ ഇനം പശുവായ കാസർകോട് കുള്ളൻ ഉൾപ്പെടെ ഏഴ് കറവപ്പശുക്കൾ നിറഞ്ഞ തൊഴുത്ത്. അനാബസ് മൽസ്യം നിറഞ്ഞ വിളവെടുപ്പിനു തയാറായ രണ്ടു വലിയ മൽസ്യ ക്കുളങ്ങൾ, 300 നാടൻ കോഴികൾ നിറഞ്ഞ വിശാലമായ കോഴിവളർത്തൽ കേന്ദ്രം, വാഴ, കപ്പ, ചേന, ചേമ്പ് വിളകളും പയർ, വഴുതന, വെണ്ട്, ചീര, കാന്താരി എന്നിവയുമുണ്ട്. വിവിധയിനം പപ്പായ, റബർ, കന്നുകാലികൾക്കു തീറ്റപ്പുല്ല് എന്നിവയുമുണ്ട്.

സമയമില്ലെന്നോ, കേൾക്കൂ

ദിവസവും 15 മണിക്കൂറിൽ അധികം സമയം ഹൃദ്രോഗ ശസ്ത്രക്രിയകൾക്കും ആശുപത്രി ഭരണ നിർവഹണത്തിനുമായി മാറ്റിവയ്ക്കുന്നതുപോലെ ജോലിത്തിരക്കിനിടയിലും ഒരു വർഷമായി ദിവസവും ഒരു മണിക്കൂറെങ്കിലും കൃഷിക്കുവേണ്ടി മാറ്റിവയ്ക്കുന്നുണ്ട്.

കോഴി മുതൽ കാച്ചിൽ വരെ

ഏഴു പശുക്കൾക്ക് പ്രതിദിനം 50 ലീറ്റർ പാൽ ലഭിക്കുന്നുണ്ട്. തൊഴുത്തിൽ നിന്നുള്ള ചാണകവും മൂത്രവും ബയോഗ്യാസ് ആക്കി മാറ്റുന്നു.

രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കി മത്സ്യങ്ങൾക്കൊപ്പം പച്ചക്കറികളും പഴവർഗങ്ങളും ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്ന അക്വാപോണിക്സ് കൃഷിരീതിയാണ് ഇവിടെ.

മണ്ണു നീക്കി പടുതകൊണ്ടു തയാറാക്കിയ രണ്ടു വലിയ കുളങ്ങളിൽ നിറയെ വിദേശ മൽസ്യ ഇനമായ കോയി അനാബസ് ആണ്.

അഞ്ചു ലക്ഷം രൂപയുടെ മൽസ്യമുണ്ടിവിടെ. 300 നാടൻ കോഴികളെ വളർത്തുന്നു.

കപ്പ, വാഴ, ചേമ്പ്, കാച്ചിൽ തുടങ്ങി എല്ലാ വിളകളും കൃഷിതോട്ടത്തിലുണ്ട്. ഭാര്യയും പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവിയുമായ ഡോ. ലക്ഷ്മിയും വിദ്യാർഥകളായ മക്കൾ ചിന്മയിയും ചിദാനന്ദും കാർഷികകാര്യങ്ങളിൽ പിന്തുണയുമായി ഡോ. ജയകുമാറിന് ഒപ്പമുണ്ട്.

അക്വാപോണിക്സ് കൃഷി അറിയൂ

മത്സ്യം വളർത്തുന്ന ടാങ്കിൽ അടിയുന്ന മത്സ്യ വിസർജ്യങ്ങൾ, തീറ്റ അവശിഷ്ടങ്ങൾ എന്നിവയിലുണ്ടാകുന്ന അമോണിയ മത്സ്യങ്ങൾക്കു ഹാനികരമാകാതെ അക്വാപോണിക്സ്‌ സിസ്റ്റത്തിലുണ്ടാകുന്ന നൈട്രിഫൈയിങ് ബാക്ടീരിയകൾ നൈട്രേറ്റാക്കി മാറ്റുന്നു. ചെടികൾക്ക് ഈ നൈട്രേറ്റ് നല്ല വളമാണ്.

മത്സ്യ ടാങ്കിലെ ജലം പമ്പ് ഉപയോഗിച്ചു ഗ്രോ ബെഡ്ഡിൽക്കൂടി ഒഴുക്കി തിരികെ ടാങ്കിലെത്തുമ്പോഴേക്കും മാലിന്യരഹിതവും ഒക്സിജൻ സമ്പുഷ്ടവുമായിരിക്കും.

ഈ ഗ്രോ ബെഡ്ഡിൽ എല്ലാത്തരം പച്ചക്കറികളും നല്ലവിളവാണ് നൽകുന്നതെന്ന് ഡോ. ടി.കെ. ജയകുമാർ പറയുന്നു.