രുചിയൂറുന്ന വിജയം

അത്തോളി വേളൂരിലെ മത്സ്യക്കര്‍ഷകനായ മനോജ് തന്‍റെ കൃഷിഫാമില്‍

മത്സ്യക്കൃഷിയിൽ നവീനങ്ങളായ വിവിധ പരീക്ഷണങ്ങൾ നടത്തി വിജയിച്ച മനോജിന് വീണ്ടും അംഗീകാരം. വൈവിധ്യങ്ങളായ നാല് നൂതനാശയങ്ങൾ പ്രാവർത്തികമാക്കി മാതൃകാപരമായി വിജയിപ്പിച്ചതിനാണ് കോഴിക്കോട് കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ ഈ വർഷത്തെ അംഗീകാരം മനോജിനെ തേടിയെത്തിയത്. കരിമീൻ കുഞ്ഞുങ്ങളുടെ ഉൽപാദനം, കുറഞ്ഞ സ്ഥലത്ത് കൂടുതൽ പൂമീൻ കൃഷി, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന താറാവു കൂട്, മത്സ്യവും താറാവും പച്ചക്കറിയുമടങ്ങുന്ന സംയോജിത കൃഷി എന്നിവയ്ക്കാണ് വേളൂരിലെ കൂടത്തുംകണ്ടി മനോജിന് ഇത്തവണ അംഗീകാരം ലഭിച്ചത്.

2011ലും12ലും മനോജിനെത്തേടി ദേശീയഅംഗീകാരം തന്നെ വന്നിരുന്നു. 2013ൽ ആത്മയുടെ അവാർഡും ലഭിച്ചിട്ടുണ്ട്. മനോജിന്റെ മത്സ്യക്കൃഷിയെക്കുറിച്ച് ആറാംക്ലാസിലെ സാമൂഹികശാസ്ത്രം പാഠപുസ്തകത്തിൽ കുട്ടികൾക്ക് പഠിക്കാനുമുണ്ട്. 25 വർഷമായി മത്സ്യക്കൃഷിയിൽ സജീവമായിട്ടുള്ള മനോജ് തറവാട്ടു വകയായി ലഭിച്ച കോരപ്പുഴയോരത്തെ പഴായിക്കിടന്നിരുന്ന അഞ്ചേക്കർ വെള്ളക്കെട്ടിലാണ് കരിമീൻകൃഷി വിജയിപ്പിച്ചത്. കരിമീൻ കൃഷിയിലെ നൂതനവിദ്യകൾക്കായിരുന്നു ആദ്യ അംഗീകാരം. ഇപ്പോൾ ജില്ലയിലെതന്നെ ഏറ്റവും വലിയ കരിമീൻ വിത്തുൽപാദന കേന്ദ്രം കൂടിയാണ് മനോജിന്റെ ഫാം. സ്വാഭാവികാന്തരീക്ഷത്തിൽ പുഴയോടു ചേർന്ന വെള്ളക്കെട്ടുകളിൽ നിന്നാണ് കരിമീൻ കുഞ്ഞുങ്ങളെ ശേഖരിക്കുന്നത്.

കേരളത്തിനകത്തും പുറത്തും ഈ കുഞ്ഞുങ്ങളെ വിപണനം ചെയ്യുന്നുണ്ട്. നൂറുകണക്കിന്  മത്സ്യക്കർഷകർ വിത്തുകൾക്കു വേണ്ടി മനോജിനെയാണാശ്രയിച്ചു വരുന്നത്.  ഇപ്പോൾ പൂമീൻകൃഷിയും വിജയകരമായി നടത്തിവരുന്നു. മത്സ്യഫാമിൽത്തന്നെ സ്ഥാപിച്ച വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന താറാവുഫാം മറ്റൊരു നൂതനാശയം കൂടിയാണ്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതിനാൽ കൂട് എപ്പഴും വൃത്തിയായി സൂക്ഷിക്കാൻ കഴിയും.അതോടൊപ്പം താറാവിന്റെ കാഷ്ഠം ഫാമിലെ പ്ലവങ്ങൾ വർധിപ്പിക്കാൻ സഹായകരമായതിനാൽ മത്സ്യങ്ങൾക്ക് ആഹാരവുമായി മാറുന്നു. 50 താറാവുകളിൽ നിന്നുള്ള മുട്ടയും ലഭിക്കുന്നു.

ഫാമിന്റെ തീരത്ത് നട്ടുപിടിപ്പിച്ച ഇഞ്ചി, കസ്തൂരി മഞ്ഞൾ, രാമച്ചമടക്കമുള്ള ഔഷധ സസ്യങ്ങളും സംയോജിതകൃഷിക്ക് മാറ്റുകൂട്ടുന്നു. കൃഷി വിജ്ഞാൻ കേന്ദ്ര, സിഎംഎഫ്ആർഐ, എഫ്എഫ്ഡിഎ, എംപിഡിഎ, ആത്മ എന്നീ സ്ഥാപനങ്ങളുടെ സഹായസഹകരണങ്ങളും കൃഷി വിജ്ഞാൻ കേന്ദ്രയിലെ ഡോ. പ്രദീപ് കുമാറിന്റെ സാങ്കേതിക സഹായവും മനോജിനു ലഭിക്കുന്നുണ്ട്. മനോജിന്റെ നൂതനാശയങ്ങൾ പഠിക്കാൻ യൂണിവേഴ്സിറ്റി വിദ്യാർഥികളടക്കം നിത്യ സന്ദർശകരേറെയാണ്.