Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊട്ടിയത്തെ മുട്ടക്കൂട്ടം

elsa-nivya-in-poultry-farm എൽസയും മകൾ നിവ്യയും ലേക്ക് സൈഡ് ഫാമിൽ. ചിത്രം: സുനിൽ ഭാസ്കർ

തമിഴ്നാട്ടിലെ കോയമ്പത്തൂരിൽനിന്നും നാമക്കല്ലിൽനിന്നും പല്ലടത്തുനിന്നുമൊക്കെ വൻകിട കമ്പനികളുടെ മുട്ടകൾ ആകർഷകമായ പായ്ക്കുകളിൽ നമ്മുടെ സൂപ്പർമാർക്കറ്റുകളില്‍ എത്തുന്നു. ഇതൊക്കെ വാങ്ങാൻ തിരക്കുകൂട്ടുന്നതോ, തീർത്തും സാധാരണക്കാരും ഇടത്തരക്കാരും. എന്നാൽ കൊല്ലത്തെ കൊട്ടിയത്തു വന്നാൽ ഇതിന്റെ മറ്റൊരു മുഖം കാണാം.

കൊട്ടിയത്ത് എൽസ എന്ന വീട്ടമ്മ തുടങ്ങിവച്ചതാണ് ലേക്ക് സൈഡ് എന്ന ചെറിയ മുട്ടക്കോഴി ഫാം. എന്നാൽ ഇന്നത് ഒട്ടേറെ വനിതാ സംരംഭകർ പങ്കാളികളായ വലിയൊരു മുട്ടവ്യാപാരശൃംഖലയാണ്. ഒക്കെയും ബിവി–380 ഇനം കോഴികളുടെ വരവോടെ. ഒന്നും രണ്ടുമല്ല, പതിനായിരത്തിലേക്കെത്തുന്നു ലേക്ക് സൈഡിൽ കോഴികളുടെ എണ്ണം.

മുട്ടക്കോഴികളിലെ താരം

ഒരു വർഷമിടുന്ന മുട്ടകളുടെ എണ്ണംകൊണ്ടു സമാനതകളില്ലാത്ത ഇനമാണ് ബിവി 380. ഇപ്പോൾ പ്രചാരത്തിലുള്ള വീട്ടുമുറ്റ കോഴികൾ കേവലം നൂറോ, നൂറ്റിയിരുപതോ മുട്ടകളിടുമ്പോൾ ആണ്ടിൽ 300 എന്ന റെക്കോർഡ് ഉൽപാദനമാണ് ഈ അയൽനാടൻ ഇനത്തിന്. മേനിഭംഗിയും രൂപലാവണ്യവും ഏറെയുണ്ട്. ചോരച്ചുവപ്പൻ തൊപ്പിയും കരിമിഴികളും അഴകിനു മാറ്റുകൂട്ടുന്നു. അഞ്ചരമാസം കൊണ്ടുതന്നെ മുട്ടയിട്ടു തുടങ്ങും. കൂടുകളിലാണ് വാസമെങ്കിൽ തുടർച്ചയായി 18 മാസം വരെ മുട്ടയിടും. ആഴ്ചയിൽ അഞ്ചു മുട്ട ഉറപ്പ്.

കൊക്കാസിന്റെ ജനനം

elsa-ghosh-in-poultry-farm എൽസയും ഭർത്താവ് ഘോഷും ഫാം പരിപാലനത്തിൽ. ചിത്രം: സുനിൽ ഭാസ്കർ

ബിവി കോഴികളെ കേരളത്തിലെത്തിച്ചതിൽ എൽസയ്ക്കും ഭർത്താവ് ഘോഷിനും നല്ല പങ്കുണ്ട്. ഇവർ കൊല്ലത്തെയും കൊട്ടിയത്തെയും വീട്ടമ്മമാരെയും കർഷകരെയും സംഘടിപ്പിച്ച് കോഴിക്കർഷക സൊസൈറ്റിക്ക് (കൊക്കാസ്) രൂപം നൽകി. നൂറോളം പേരെ പങ്കാളികളാക്കി. അവർക്കായി മയ്യനാട് റീജനൽ സഹകരണബാങ്കിൽനിന്നു വായ്പയും തരപ്പെടുത്തി. കേജുകളും കോഴിയും തീറ്റയും എൽസയുടെ വക. പരിപാലനം കർഷകരുടെയും. മുട്ട തിരിച്ചെടുക്കലും പായ്ക്കിങ്ങും വിൽപനയും എൽസ ഏറ്റെടുത്തു. വായ്പത്തുകയുടെ തിരിച്ചടവ് കഴിഞ്ഞാൽ ബാക്കിയുള്ള ലാഭവിഹിതം കർഷകരെ ഏൽപ്പിക്കും. ബിവി–380യുടെ, ചെമ്പൻതവിടിന്റെ നിറമുള്ള മുട്ടകൾ ആകർഷകമായ പായ്ക്കിൽ എന്നും സൂപ്പർമാർക്കറ്റുകളിലെത്തും. ഓരോ സൂപ്പർമാർക്കറ്റിലും കൊക്കാസ് മുട്ടയ്ക്കു പ്രത്യേക കോർണർ. ഓരോ മുട്ട പായ്ക്കിലും ബാർകോഡും അവ ഉൽപാദിപ്പിച്ച കർഷകരുടെ ഒപ്പും മേൽവിലാസവും സഹിതം... പോരേ പൂരം.

വേണ്ടത് എന്തൊക്കെ

കേജ് രീതിയിൽ വളർത്താൻ നല്ല കൂടുകൾ വേണം. തുരുമ്പെടുക്കാത്ത ആവരണമുള്ള വയർമെഷ് ആണ് കോഴിക്കൂടുണ്ടാക്കാൻ ഇവർ ഉപയോഗിക്കുന്നത്. വലക്കമ്പികൾക്കു പുറത്ത് പിവിസി പൈപ്പ് നിർമിത തീറ്റപ്പാത്രങ്ങൾ. കൂടൊന്നിൽ നാൽപത്തെട്ടോളം കോഴികൾക്കു സുഖമായി പാർക്കാം. കുടിവെള്ളം നിപ്പിളുകളിലാണ്. 10 ലീറ്റർ കൊള്ളുന്ന പ്ലാസ്റ്റിക് ബക്കറ്റുകളാണ് കുടിവെള്ളത്തിന്റെ സംഭരണടാങ്കുകൾ. മരുന്നുകളും ജീവകമിശ്രിതങ്ങളും കരൾ ഉത്തേജകങ്ങളുമെല്ലാം വെള്ളത്തിൽ യുക്തിസഹമായി ലയിപ്പിച്ച് സംഭരണടാങ്കിൽ നിറയ്ക്കാം. അഞ്ചടി നീളവും ആറടി വീതിയിലുമാണ് കൂടുകളുടെ അടിസ്ഥാന മാതൃക. മുട്ടയിട്ടാൽ അത് താനെ ഉരുണ്ട് എടുക്കാൻ പാകത്തിൽ കൂടിന്റെ വശങ്ങളിൽ നിരന്നുകൊള്ളും.

കോഴിവളം നേരിട്ട് തറയിൽ പതിക്കത്തക്ക തരത്തിലാണു കൂടുകൾ. താഴെ വീഴുന്ന വളത്തിനു മുകളിൽ രാവിലെയും വൈകിട്ടും കുമ്മായം വിതറുന്നതോടെ ദുർഗന്ധം പമ്പ കടക്കും. എല്ലാ ദിവസവും ഇത് കോരി മാറ്റി ഉണക്കാം.

ഒരു മാസത്തോളം ചിക് മാഷാണ് തീറ്റ. തുടർന്ന് അഞ്ചു മാസംവരെ ഗ്രോവർക്രമ്പിളും പിന്നെ ലെയർ മാഷ് സ്പെഷലും. ബിവി കോഴികളെ അഞ്ചര മാസംവരെ വളർത്താൻ പ്രത്യേക ഷെഡ്ഡുകൾ ലേക്ക് സൈഡ് ഫാമിലുണ്ട്. ദീർഘചതുരാകൃതിയിൽ നിർമിച്ച ഈ ഷെഡ്ഡുകളിൽ വ്യാവസായിക രീതിയിലാണ് പരിപാലനം. ഫീഡറുകളിൽനിന്ന് യഥേഷ്ടം തീറ്റ തിന്ന് ശുദ്ധജലം നുകർന്ന് അവ വളർന്നുകൊള്ളും. മുട്ടയിടാൻ തുടങ്ങുന്നതോടെ തലപ്പൂവിന്റെ അഗ്രം ചെറുതായി വളഞ്ഞു തുടങ്ങും. അപ്പോഴേക്കും പ്രത്യേക കൂടുകളിലേക്കു മാറ്റണം. ദിവസം 100 ഗ്രാമോളം തീറ്റ വേണം കോഴിയൊന്നിന്. 25 ഗ്രാം തീറ്റപ്പുല്ലും. 18–ാം മാസം കഴിഞ്ഞാൽ വീട്ടുമുറ്റത്ത് അഴിച്ചുവിട്ട് വളർത്താനുള്ള സൗകര്യവും ബിവി 380 കോഴികൾക്കുണ്ട്.

പായ്ക്കിങ് എന്നാൽ എല്ലാം

elsa-nivya-packing-eggs മുട്ട പായ്ക്ക് ചെയ്യുന്നു. ചിത്രം: സുനിൽ ഭാസ്കർ

മുട്ട വെറും മുട്ടയായല്ല, ആകർഷകമായ ഉൽപന്നമായാണ് വിപണിയിലെത്തിക്കുക. കോഴിമുട്ടകൾ യഥാസമയം ശേഖരിച്ച് ലേക്ക് സൈഡ് ഫാമിലെ പായ്ക്കിങ് ടേബിളിലെത്തും. കോർസോളിൻപോലെയുള്ള അണുനാശിനികളാൽ തുടച്ച് വൃത്തിയാക്കും. തുടർന്ന് പ്രത്യേക പ്ലാസ്റ്റിക് പായ്ക്കുകളിൽ നിറയ്ക്കും. ആറിന്റെയും പന്ത്രണ്ടിന്റെയുമാണ് പായ്ക്കുകൾ. ലേബലൊട്ടിച്ച് ടേപ്പ് ഡിസ്പെൻസറിനാൽ വരിഞ്ഞു ചുറ്റും. ബാർകോഡും പതിച്ച് മാർക്കറ്റിലെത്തിച്ചാൽ അത് വേറിട്ട ഒരുൽപന്നം തന്നെ. കൊക്കാസിന്റെ സ്വന്തം ബ്രാൻഡിലുള്ള ഒരു മുട്ടയ്ക്കു വിപണിവില ഒൻപതു രൂപ.

കർഷകരേ, സ്വാഗതം

കൊക്കാസ് മാതൃകയിൽ കോഴിക്കർഷകസംഘങ്ങൾ രൂപീകരിക്കാൻ താല്‍പര്യമുള്ളവരെ സഹായിക്കാനും എൽസ തയാർ. ഭർത്താവ് ഘോഷും മകൾ നിവ്യയും എല്ലാറ്റിനും കൂട്ടായുണ്ട്. 12 കോഴികൾ, 24 കോഴികൾ എന്നിങ്ങനെ വീട്ടുമുറ്റത്തിനു പറ്റിയ രീതിയിൽ ഇവർ കൂടുകൾ രൂപകൽപന ചെയ്തിട്ടുണ്ട്. കൂടിനു ചുറ്റും കറങ്ങിനടന്ന് തീറ്റ കൊടുക്കാം. മുട്ട ശേഖരിക്കാൻ എളുപ്പം. കൂട് വീട്ടുമുറ്റത്തോ മട്ടുപ്പാവിലോ മാറ്റി വയ്ക്കാം. കോഴികളെ പുറത്തെടുക്കാനും അകത്തു കയറ്റാനും സൗകര്യം.

ഫോൺ: 94462 84771

കൊല്ലത്തെ ഹാച്ചറി മാതൃക

മുട്ടക്കോഴിവളർത്തലിൽ കൊല്ലം ജില്ലയിലുണ്ടായ ഉണർവ് സംസ്ഥാനത്തിനാകെ മാതൃകയാക്കാവുന്നതാണ്. ജില്ലാ പഞ്ചായത്താണ് ഈ ഉണർവിനു പിന്നിൽ. ആയൂരിലെ തോട്ടത്തറയിൽ ജില്ലാ പഞ്ചായത്തു സ്ഥാപിച്ച ഹൈടെക് ഹാച്ചറിയിൽ ഇന്നു പ്രതിമാസം 30,000 കോഴിക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്നുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.ബി. ബാഹുലേയൻ. കലിംഗ ബ്രൗൺ കോഴിക്കുഞ്ഞുങ്ങളെയാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. 88 എഗ്ഗർ നഴ്സറികൾ ജില്ലയിൽ പ്രവർത്തിക്കുന്നു. ഇവയുടെ പ്രവർത്തനം നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സങ്കരയിനങ്ങൾക്കൊപ്പം പരമ്പരാഗത നാടന്‍ ഇനങ്ങളെയും പ്രചരിപ്പിക്കാൻ കൊല്ലത്തു ശ്രമം തുടങ്ങിയതായി ബാഹുലേയൻ അറിയിച്ചു. വളർത്തു പക്ഷിമൃഗാദികളുടെ നാടൻ ഇനങ്ങളെ സംരക്ഷിക്കാനുള്ള കേന്ദ്രപദ്ധതിയിൽ ഇതും ഉൾപ്പെടുത്തിക്കിട്ടാനാണ് ശ്രമിക്കുന്നത്.