ഡിഗ്രി വിദ്യാർഥിയുടെ ഡെയറി ഫാം

ജോസ്‌മോനും കൂട്ടുകാരും

ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ജോസ്മോൻ അപ്പനോടു പറഞ്ഞു, 'എനിക്കൊരു കന്നുകാലി ഫാം തുടങ്ങണം.' കൃഷിക്കാരനായ തങ്കച്ചൻ മകനെ ഉപദേശിച്ചു, 'ആദ്യം നാലക്ഷരം പഠിക്ക്. സ്വന്തമായി ഒരു കന്നുകാലി ഫാമൊന്നും നടത്താനുള്ള പ്രായമായില്ല നിനക്ക്. വേണമെങ്കിൽ ഒരു കിടാവിനെ മേടിച്ചു തരാം, വളർത്തിക്കോ.'

രണ്ടു കൊല്ലം കഴിഞ്ഞ് പ്ലസ് വണ്ണിനു പഠിക്കുമ്പോൾ ഇതേ ആവശ്യം ജോസ്മോൻ വീണ്ടും മുമ്പോട്ടു വച്ചു. ഇക്കുറിയും അപ്പൻ മുൻകാല പ്രാബല്യത്തോടെ അപേക്ഷ തള്ളി. 'ഏതായാലും അൽപം കൂടി മുതിർന്നല്ലോ, അതുകൊണ്ട് കിടാവിനു പകരം പശുവിനെ വളർത്തിക്കോ' എന്ന് ഇളവും അനുവദിച്ചു.

ഡിഗ്രി രണ്ടാം വർഷം എത്തിയപ്പോൾ പഴയ ആവശ്യം വീണ്ടും ഉയർത്തി ജോസ്മോൻ. ഇക്കുറി കൂട്ടുകക്ഷിയായി അനുജൻ മാത്യ‍ൂസുമുണ്ടായിരുന്നു.

വായിക്കാം ഇ - കർഷകശ്രീ

'അഞ്ചാറു കൊല്ലമായി ഇവനിത് വിടാതെ പിടിച്ചിരിക്കുകയാണല്ലോ. അപ്പോൾ ഉള്ളിൽത്തട്ടിയുള്ള ആവശ്യം തന്നെ', അപ്പൻ ഉറപ്പിച്ചു. പിന്നെ മടിച്ചില്ല, എട്ടര ലക്ഷം രൂപ ചെലവിട്ട് ഇരുപതു പശുക്കളെ വളർത്താവുന്ന, ആധുനിക സൗകര്യങ്ങളോടു കൂടിയ ഡെയറി ഫാം തന്നെ തങ്കച്ചൻ മകന് അനുവദിച്ചു. ക്ഷീരവികസന വകുപ്പിന്റെ സബ്സിഡിയോടെ തമിഴ്നാട്ടിൽനിന്ന് അഞ്ചു പശുക്കളെ വാങ്ങിയാണ് ഫാമിന്റെ ആരംഭം.

മൂവാറ്റുപുഴ നിർമലാ കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ രണ്ടാർ പറയിടം വീട്ടിൽ ജോസ്മോൻ ഇന്ന് എച്ച്എഫ്, ജഴ്സി ഇനങ്ങളിൽപ്പെട്ട ആറു പശുക്കളുടെയും ഒരേക്കർ പുൽത്തോട്ടത്തിന്റെയും ഉടമയാണ്. 'അടുത്ത പരിപാടി'യെന്താണെന്ന് അധ്യാപകരും നാട്ടുകാരും ചോദിക്കുമ്പോൾ കൂടെ പഠിക്കുന്നവർ പലരും പരുങ്ങും. ജോസ്മോനു പക്ഷേ കൃത്യമായ ഉത്തരമുണ്ട്. 'ഇരുനൂറിനു മേൽ പശുക്കളുള്ള വൻകിട ഡെയറി ഫാം. അടുത്ത വർഷത്തോടെ പശുക്കളുടെ എണ്ണം ഇരുപതിലെത്തിക്കും. അഞ്ചുവർഷം കൊണ്ട് ഇരുനൂറിലെത്തിക്കണമെന്നാണ് ആഗ്രഹം', എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ തേച്ചു മിനുക്കി സുക്ഷിക്കുന്ന ഉത്തരം.

കർഷക കുടുംബമായതിനാൽ വീട്ടിൽ പണ്ടേയുണ്ട് പശുവളർത്തൽ. വീട്ടാവശ്യത്തിന് ഒന്നോ രണ്ടോ എണ്ണം. തൊഴുത്തു വൃത്തിയാക്കലും പുല്ലരിയലുമൊക്കെ ചെറിയ ക്ലാസിൽ പഠിക്കുന്ന കാലത്തുതന്നെ ശീലം. നാട്ടുമ്പുറങ്ങളിലെ കർഷക കുടുംബങ്ങളിൽ വളരുന്ന മിക്ക കുട്ടികൾക്കും ഇതൊക്കെ പരിചിതമെന്നു ജോസ്മോൻ. മൃഗസംരക്ഷണത്തേക്കാൾ റബർ, വാഴ, പൈനാപ്പിൾ കൃഷികളിലാണ് തങ്കച്ചനു താൽപര്യം. സ്വന്തമായുള്ള രണ്ടരയേക്കർ സ്ഥലത്ത് മുക്കാൽപങ്കും റബർ. പാട്ടഭൂമിയിലാണ് വാഴ, പൈനാപ്പിൾ തുടങ്ങിയവ കൃഷി ചെയ്യുന്നത്.

നിർദേശങ്ങളുമായി പിതാവ് തങ്കച്ചനും സജീവം

ജോസ്മോനു പക്ഷേ, എന്നും താൽപര്യം പശുവളർത്തലിലായിരുന്നു. രണ്ടു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി, ഈ കൗമാരക്കാരന് ഇതിനോടുള്ള ഇഷ്ടം എത്രയെന്നു മനസ്സിലാക്കാം.

ആദ്യത്തേത് ലക്ഷണമൊത്ത പശുവിനെ തിരഞ്ഞെടുക്കാനുള്ള കഴിവാണ്. വർഷങ്ങളുടെ പരിചയംകൊണ്ടു കൈവന്ന വൈദഗ്ധ്യം. പശുവിനെ കണ്ടാലറിയാം അതിന്റെ പ്രായവും ആരോഗ്യസ്ഥിതിയും പാൽ ഉൽപാദനശേഷിയുമെന്ന് ജോസ്മോൻ. കൊമ്പിലെ വളയങ്ങൾ, കുളമ്പ്, പല്ല്, വാലിന്റെ നീളം ഇവയെല്ലാം നോക്കിയാണ് ജോസ്മോൻ പശുവിന്റെ ജീവശാസ്ത്രവും ചരിത്രവും ഗണിച്ചെടുക്കുന്നത്.

രണ്ടാമത്തെ കാര്യം ജോസ്മോന്റെ ടൈംടേബിൾ. സമപ്രായക്കാരായ വി‍ദ്യാർഥികൾ നാളിതുവരെ കണ്ടിട്ടില്ലാത്ത രാത്രിയാമത്തിലാണ് ജോസ്മോന്റെ ദിവസം തുടങ്ങുന്നത്. വെളുപ്പിനു മൂന്നരയോടെ ഉണർന്ന് തൊഴുത്തിലെത്തും. സഹായത്തിന് പണിക്കാരൊന്നുമില്ല. ആദ്യപണി തൊഴുത്തു വൃത്തിയാക്കൽ. പശുക്കളുടെ സുഖശയനത്തിനും കുളമ്പുകളുടെ സുരക്ഷയ്ക്കുമായി വിരിച്ചിട്ടുള്ള കൗമാറ്റ് ഉൾപ്പെടെ എല്ലാം വൃത്തിയാക്കും. ചാണകവും മൂത്രവും ബയോഗ്യാസ് പ്ലാന്റിലേക്ക്.

അടുത്തപടി കറവ. ശരാശരി 10–12 ലീറ്റർ കറവയുള്ളവയാണ് ഓരോ പശുവും. മികച്ച ഗുണനിലവാരമുള്ള യന്ത്രമുള്ളതിനാൽ കറവയ്ക്ക് ഏറെ സമയവും അധ്വാനവും വേണ്ട. 55,000 രൂപ വിലയുള്ള യന്ത്രത്തിനു പകുതിയോളം തുക ക്ഷീരവികസന വകുപ്പിന്റെ സബ്സിഡി ലഭിച്ചു. 'കറവയന്ത്രം വാങ്ങിയത് ഈയിടെയാണ്. അതിനു മുമ്പ് കൈക്കറവയായിരു'ന്നെന്നു ജോസ്മോൻ. ഇപ്പോൾ കറവയിലുള്ളത് നാലു പശുക്കൾ. രാവിലെയും വൈകിട്ടുമായി 50 ലീറ്റർ ഉൽപാദനം.

കറവ കഴിയുന്നതോടെ തിരിയും അരിത്തവിടും മൂന്നു കിലോ വീതം ചേർത്ത് കുഴച്ച് ഓരോന്നിനും നൽകും. ഓരോ പശുവിനും മുന്നിൽ കുടിവെള്ളം സദാ നിറഞ്ഞുനിൽക്കുന്ന ഓട്ടോമാറ്റ‍ിക് ഡ്രിങ്കർ ഉണ്ട്. തൊഴുത്തിൽ ഏറ്റവും അത്യാവശ്യം ഇതുതന്നെയെന്ന് ജോസ്മോൻ. വേണ്ട സമയത്ത് ദാഹം തീർക്കാം എന്നതു മാത്രമല്ല, ചൂടു കൂടുന്ന കാലാവസ്ഥയിൽ വെള്ളത്തിൽ ഇടയ്ക്കിടെ മുഖം മൊത്തി നിൽക്കുന്നത് പശുക്കൾക്ക് ഏറെ ആശ്വാസകരവുമാണ്.

അടുത്തതു കുളിപ്പിക്കൽ. ഫാമിൽത്തന്നെ കെട്ടിയിട്ടു വളർത്തുന്നതിനാൽ പശുക്കളുടെ ശരീരത്തിൽ ചാണകവും മൂത്രവുമൊക്കെ പുരളും. ദിവസവും കുളിപ്പിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ല. പതിനായിരം ലീറ്റർ ശേഷിയുള്ള മഴവെള്ള സംഭരണിയുള്ളതിനാൽ വേനലിലും വെള്ളം സമൃദ്ധം.

അയൽക്കാർക്ക് രാവിലെ ആറരവരെ വീട്ടിലെത്തി പാൽ വാങ്ങാം. ബാക്കി പാൽ കാനിലാക്കി സ്കൂട്ടറിൽ അടുത്തുള്ള ക്ഷീരസംഘത്തിലെത്തിക്കും. മടങ്ങിവന്ന് ഒരു കാലിച്ചായയും കുടിച്ച് അനുജൻ മാത്യൂസിനെയും കൂട്ടി നേരെ അര കിലോമീറ്റർ അകലെയുള്ള പുൽത്തോട്ടത്തിലേക്ക്. പശുവൊന്നിന് 15–20 കിലോ കണക്കാക്കി മുറിക്കുന്ന പച്ചപ്പുല്ല് തൊഴുത്തിലെത്തിക്കാൻ സ്കൂട്ടർ മൂന്നു വട്ടം ഓടിക്കേണ്ടി വരും. എട്ടേമുക്കാൽ മുതൽ രണ്ടു പേരും ചേർന്ന് പുല്ലരിയും. തൊടുപുഴ ന്യൂമാൻ കോളജിലേക്ക് ദൂരക്കൂടുതലുള്ളതിനാൽ മാത്യൂസ് നേരത്തെ ഇറങ്ങും. ഒമ്പതേകാലോടെ പുല്ലരിഞ്ഞു പശുക്കൾക്കു നൽകി, കുളിച്ച് കാപ്പി കുടിച്ച് ഒമ്പതേമുക്കാലിനു ജോസ്മോനും ക്ലാസിൽ ഹാജർ. ഇതിനിടെ ഉച്ചക്കറവയും പാൽവിൽപനയും തങ്കച്ചന്റെ ഡ്യൂട്ടി.

വൈകിട്ട് മൂന്നേമുക്കാലിനു ക്ലാസ് തീരും. ഒരു മണിക്കൂർ ചങ്ങാതിമാർക്കൊപ്പം സൊറ പറഞ്ഞിരിക്കും. അഞ്ചു മണിക്ക് വീട്ടിലെത്തും. ചായകുടി കഴിഞ്ഞ്, കാലിത്തീറ്റ കുതിരാൻ വയ്ക്കും. അപ്പോഴേക്കും മാത്യൂസുമെത്തും. കറവയുള്ളവയ്ക്കും കിടാവുകൾക്കും കിടാരികൾക്കും ചെനയുള്ളവയ്ക്കുമെല്ലാം അവയ്ക്ക് ആവശ്യമായ അളവിൽ തീറ്റ നൽകും. തൊഴുത്ത് വീണ്ടും വൃത്തിയാക്കും. വൈകുന്നേരത്തെ ചാണകം ഉണക്കി വിൽക്കാനായി മാറ്റിയിടും.

ഏഴു മണിയോടെ പണി കഴിയും. പിന്നെ പഠിക്കാനുള്ള സമയമാണ്. ഫാമുള്ളതുകൊണ്ട് മറ്റൊന്നിനും സമയം കിട്ടുന്നില്ലെന്ന പരാതി തനിക്കില്ലെന്നു ജോസ്മോൻ. അടുക്കും ചിട്ടയോടുംകൂടി ഫാമിലെ ജോലി ചെയ്യുന്നതിനാൽ ഇഷ്ടംപോലെ സമയം. നല്ല കറവയുള്ള നാലു പശുക്കളുണ്ടെങ്കിൽത്തന്നെ എല്ലാ ചെലവും കഴിഞ്ഞ് ദിവസവും നല്ലൊരു തുക മിച്ചം പിടിക്കാമെന്നാണ് ജോസ്മോൻ പറയുന്നത്. കറവയന്ത്രം, ഓട്ടോമാറ്റിക് ഡ്ര‍ിങ്കർ, പുൽകൃഷി തുടങ്ങിയ സൗകര്യങ്ങളുണ്ടെങ്കിൽ ഏതു സാധാരണ വിദ്യാർഥിക്കും പത്ത‍ു പശുക്കളെ വളർത്താൻ ബുദ്ധിമുട്ടില്ലെന്നും ജോസ്മോൻ പറയുന്നു.

എന്നാൽ ഡെയറി ഫാമിൽ ഒതുങ്ങുന്നതല്ല ജോസ്മോന്റെ മനസ്സിലിരിപ്പുകൾ. ഡിഗ്രിക്കു പഠനവിഷയമായി ടൂറിസം തിരഞ്ഞെടുത്തത് ഫാം ടൂറിസത്തിന്റെ തിരനോട്ടമായിത്തന്നെ. നെടുമ്പാശ്ശേരി–മൂന്നാർ റോഡിനോടു ചേർന്നുള്ള പ്രദേശമാണ് രണ്ടാർ എന്നതിനാൽ ഫാം ടൂറിസത്തിനു മികച്ച സാധ്യതയുണ്ട്.

അയലത്തെ മൂന്നു വീടുകളും സ്വന്തക്കാരുടേതാണ്. അവരും കർഷകർ. എല്ലാവർക്കും കൂടി ഇരുപതേക്കറിനടുത്തു സ്ഥലമുണ്ട്. പരസ്പരം സഹകരിച്ച്, കൃഷിക്കാഴ്ചകളും കൃഷിപഠനവും സന്ദർശകർക്ക് താമസസൗകര്യവുമൊരുക്കുന്ന ഫാം ടൂറിസമാണ് ജോസ്മോന്റെ സ്വപ്നം.

ഫോൺ: 9400537223