ഓണവരവറിയിച്ച് ബന്ദിപ്പൂക്കൾ

ഐശ്വര്യം വിരിഞ്ഞു: കോട്ടയം കലക്ടറേറ്റ് വളപ്പിലുള്ള സൈനിക സ്മാരകത്തിനു ചുറ്റും കുടുംബശ്രീ മിഷൻ പ്രവർത്തകരുടെ നേതൃത്വത്തിൽ കൃഷിചെയ്ത ബന്ദിപ്പൂക്കൾ വിളവെടുപ്പിനു തയാറാകുന്നു.

ഓണത്തിന്റെ വരവറിയിച്ച് കോട്ടയം കലക്ടറേറ്റിലെ ബന്ദിപ്പൂക്കൾ വിരിഞ്ഞുതുടങ്ങി.

സൈനിക സ്മാരകത്തിന് ചുറ്റുമാണ് കണ്ണിനും മനസ്സിനും ഇമ്പമേകി ബന്ദിപ്പൂക്കൾ വിരിഞ്ഞു തുടങ്ങിയത്. ജില്ലാ കുടുംബശ്രീ മിഷൻ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഇവിടെ ബന്ദിപ്പൂ കൃഷി ആരംഭിച്ചത്. ഒന്നര മാസം മുൻപാണ് ചെടികൾക്കുള്ള വിത്തിട്ടത്. പൂർണമായും ജൈവ കൃഷിരീതികളാണ് ഇവിടെ. മഞ്ഞ, ഓറഞ്ച് നിറങ്ങളിലുളള പൂക്കളാണ് നിലവിൽ കൃഷി ചെയ്യുന്നത്.

കലക്ടറുടെ അനുവാദത്തോടെയാണ് ബന്ദിപ്പൂ കൃഷി ആരംഭിച്ചത്.

സൂര്യ എന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പിനാണ് ചെടികളുടെ പരിചരണത്തിന്റെ ചുമതല.

പൂക്കളുടെ വിളവെടുപ്പിന് ശേഷം ഈ ഭാഗത്ത് കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിക്കും. അതിനായി ജില്ലാ ഭരണകൂടത്തിന്റെ അനുവാദവും ലഭിച്ചുകഴിഞ്ഞു.