Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെമ്പരത്തിക്കു വീണ്ടും വസന്തകാലം

hibiscus-flowers1 ചെമ്പരത്തി പൂക്കൾ

ചെമ്പരത്തിക്ക് ഉദ്യാനത്തിൽ നിത്യയൗവനമാണ്. എന്നെന്നും പുഷ്പപ്രേമികൾ ഇഷ്ടപ്പെടുന്ന നാടൻ സുന്ദരി. ചെമ്പരത്തിയെന്ന ചൈനീസ് സുന്ദരിയെ നമ്മൾ രണ്ടു കൈയും നീട്ടി സ്വീകരിച്ച് തനി മലയാളി മങ്കയാക്കി മാറ്റുകയായിരുന്നു. നവീന സങ്കരയിനങ്ങളുടെ തള്ളിക്കയറ്റത്തിൽ നാടൻ ചുവപ്പു ചെമ്പരത്തി അതിരുകാവലാളായി മാറിയെങ്കിലും പലരും പുതിയ ഇനങ്ങൾക്കൊപ്പം ഇവയും നട്ടു വളർത്തുന്നുണ്ട്.

വലിയ കുറ്റിച്ചെടിയായി വളരുന്ന നാട്ടുചെമ്പരത്തിയുടെ സ്ഥാനത്ത് വലിയ പൂക്കളും കുറുകിയ സസ്യപ്രകൃതിയുമുള്ള എത്രയോ സങ്കരയിനങ്ങളാണ് ഇന്നുള്ളത്. പല വർണങ്ങളിൽ കൈപ്പത്തിയോളം വലുപ്പമുള്ള പൂക്കൾ ആരെയും ആകർഷിക്കും. മലേഷ്യയുടെ ദേശീയ പുഷ്പമായ ചെമ്പരത്തി ഹാവായ് ദ്വീപ് ഉൾപ്പെടെ പല രാജ്യങ്ങളിലും അതിഥികളെ സ്വീകരിക്കാനും മാലയുണ്ടാക്കാനും ഉപയോഗിക്കുന്നു. വർണവൈവിധ്യമുള്ള പൂക്കളുണ്ടാകുന്ന നൂറോളം സങ്കരയിനങ്ങൾ വിപണിയിൽ ലഭ്യമാണ്. കൂടാതെ, സമൃദ്ധമായി പൂവിടുന്ന ചെറിയ പൂക്കളുള്ള ഇനങ്ങളും.

നട്ടുവളർത്താൻ

humidity-chamber ഹ്യുമിഡിറ്റി ചേംബർ

മുൻപു ഗ്രാഫ്റ്റിങ് രീതിയിലാണ് സങ്കരയിനം തൈകൾ ഉൽ‌പാദിപ്പിച്ചിരുന്നത്. എന്നാൽ ഇന്ന് ഇവയെല്ലാം കമ്പ് മുറിച്ചുനട്ട് വളർത്താം. പൂവിടാത്ത ഇളം കമ്പുകളും നടാം. ആറിഞ്ചു നീളമുള്ള കമ്പിലെ കൂമ്പില നിർത്തി ബാക്കി ഇലകൾ നീക്കം ചെയ്യണം. ചകിരിച്ചോറും ചുവന്ന മണ്ണും കലർത്തിയതിൽ ഈ കമ്പു നടാം. പോളിബാഗിൽ നട്ട കമ്പ് വിപണിയിൽ ലഭ്യമായ കുമിൾനാശിനി ഉപയോഗിച്ചു രോഗാണുമുക്തമാക്കണം. ഈ വിധത്തിൽ തയാറാക്കിയത് അധിക ഈർപ്പം കിട്ടാനായി ഹ്യുമിഡിറ്റി ചേംബറിൽ വയ്ക്കണം. ഇത്തരം ചേംബറിൽ ഒരാഴ്ച മുഴുവൻ വച്ച കമ്പ് തുടർന്നുള്ള ആഴ്ചകളിൽ രാത്രി സമയത്തു ചേംബറിനെ മൂടുന്ന പ്ലാസ്റ്റിക് ഷീറ്റ് മാറ്റി കൂടുതൽ വായുസഞ്ചാരവും കുറഞ്ഞ ഈർപ്പവുമുള്ള സാഹചര്യത്തിൽ സംരക്ഷിക്കണം.

നട്ട കമ്പ് ഒന്നുരണ്ടു മാസത്തിനുള്ളിൽ വേരുപിടിക്കും. വേരുകൾ വന്നു വളരാൻ തുടങ്ങിയ ചെടി വലിയ പോളിബാഗിലേക്കോ ചട്ടിയിലേക്കോ മാറ്റിനടാം. അഞ്ചു മാസത്തോളം വളർച്ചയായാൽ പൂവിടാൻ തുടങ്ങും. കമ്പു മുറിച്ചുനട്ട ഹൈബ്രിഡ് ഇനങ്ങൾ 8–10 ഇഞ്ച് വലുപ്പമായാൽ പൂവിട്ടു തുടങ്ങും. നാടൻ ഇനങ്ങളാകട്ടെ, പൂവിടാൻ 2–3 അടി ഉയരം വയ്ക്കണം.

പരിപാലനം

ചട്ടിയിലും നിലത്തും സങ്കരയിനങ്ങൾ പരിപാലിക്കാം. നിലത്തു വളർത്തുമ്പോൾ കൂടുതൽ ശ്രദ്ധ നൽകണം. കുറഞ്ഞത് ഒരടി വലുപ്പമുള്ള ചട്ടിയാണു ചെമ്പരത്തി നടാൻ വേണ്ടത്. ചുവന്ന മണ്ണ്, ചകിരിച്ചോറ്, വളമായി ചാണകപ്പൊടി ഇവ കലർത്തിയ മിശ്രിതം മതി. ചെറിയ പോളിബാഗിൽ വളർത്തിയെടുത്ത ചെടി മിശ്രിതമുൾപ്പെടെ ചട്ടിയിലേക്കു മാറ്റി നടാം. നേരിട്ടു വെയിൽ കിട്ടുന്നതും വെള്ളം തങ്ങി നിൽക്കാത്തതുമായ ഉദ്യാനത്തിന്റെ ഭാഗങ്ങളിൽ ചെമ്പരത്തി നിലത്തു നട്ടുവളർത്താം. ചട്ടി നിറയ്ക്കാൻ ഉപയോഗിച്ച മിശ്രിതം മതി കുഴി നിറയ്ക്കാനും. നട്ട ശേഷം മിശ്രിതം നന്നായി നനച്ചു കൊടുക്കണം.

വായിക്കാം ഇ - കർഷകശ്രീ 

നവീന സങ്കരയിനങ്ങള്‍ക്കു പ്രത്യേക ശ്രദ്ധ നൽകിയാൽ മാത്രമേ നന്നായി വളരുകയും പൂവിടുകയും ചെയ്യുകയുള്ളൂ. ചെടിക്കു വാട്ടം വരാത്ത വിധത്തിൽ നനയ്ക്കണം. വേനല്‍ക്കാലത്ത് ഒന്നിരാടം ദിവസം നനച്ചാൽ മതി. ചെടിയുടെ ചെറുപ്പത്തിലെ കായിക വളർച്ചയ്ക്ക് രണ്ടു ഗ്രാം ഡൈ അമോണിയം ഫോസ്ഫേറ്റ് ഒരു ലീറ്റർ വെള്ളത്തിൽ ലായനിയായി നട്ടിരിക്കുന്നിടത്തു നൽകാം. ജൈവവളമായി ചാണകപ്പൊടി, സ്റ്റെറാമീൽ, കടലപ്പിണ്ണാക്ക് പുളിപ്പിച്ചെടുത്തതിന്റെ തെളി നേർപ്പിച്ചത് എല്ലാം നല്ലതാണ്. മഴക്കാലത്തു ജൈവവളങ്ങൾ കഴിവതും ഒഴിവാക്കുക. നമ്മുടെ നാട്ടിൽ ചെമ്പരത്തിക്ക് എന്നും പൂക്കാലമാണ്. ചെടി നട്ട് ഒരു വർഷത്തിനുമേൽ വളർച്ചയായാൽ സാധിക്കുമെങ്കിൽ മഴക്കാലം ആരംഭിക്കുന്നതിനു മുമ്പ് കമ്പു കോതി നിർത്തുന്നത് നന്നായി പൂവിടാൻ ഉപകരിക്കും.

സംരക്ഷണം

ഇല മഞ്ഞളിപ്പ്, പൂമൊട്ടുകളുടെയും തളിരിലകളുടെയും മുരടിപ്പ്, ഇലചുരുട്ടിപ്പുഴു എല്ലാം നവീനയിനങ്ങൾക്കു കാണുന്ന രോഗ, കീടബാധയാണ്. രണ്ടു ഗ്രാം ‘ഇന്‍ഡോഫിൽ’, ഒരു മില്ലി ‘കോൺഫിഡോർ’ എന്നീ രാസകീടനാശിനികൾ ഒരു ലീറ്റർ വെള്ളത്തിൽ ലായനിയായി രണ്ടാഴ്ചയിലൊരിക്കൽ ചെടി മുഴുവനായി തളിച്ചുകൊടുക്കുന്നത് ചെമ്പരത്തിയെ ഇല മഞ്ഞളിപ്പ്, മുരടിപ്പ് രോഗങ്ങളിൽനിന്ന് ഒരു പരിധിവരെ സംരക്ഷിക്കും.

ഇല മുരടിപ്പ് വേനൽക്കാലത്താണ് സാധാരണ ഉണ്ടാകുക. കേടുവന്ന സസ്യഭാഗങ്ങൾ നീക്കം ചെയ്ത ശേഷം കോൺഫിഡോർ നാലു ദിവസത്തെ ഇടവേളയിൽ 2–3 ആവർത്തി തളിച്ചുകൊടുത്തു ചെടിയെ കീടമുക്തമാക്കാം. മഴക്കാലം കഴിഞ്ഞാൽ കാണുന്ന ഇലചുരുട്ടിപ്പുഴുവിനെതിരെ ‘കരാട്ടെ’ (ലാംബ്ഡ സൈക്ളോത്രിൻ) രണ്ടു മില്ലി ഒരു ലീറ്റർ വെള്ളത്തിൽ തയാറാക്കിയതു പ്രയോഗിച്ചാൽ മതി. മീലിമൂട്ടകൾ മറ്റ് അലങ്കാരച്ചെടികളിലെന്നപോലെ ചെമ്പരത്തിയെയും ആക്രമിക്കാറുണ്ട്. കീടബാധ കണ്ടാൽ ഒരു ലീറ്റർ വെള്ളത്തിൽ ഒരു ഗ്രാം ‘പെഗാസസ്’ കീടനാശിനി ചെടി മുഴുവനായി 2–3 വട്ടം തളിച്ചു കീടബാധ ഒഴിവാക്കാം.

hibiscus-flowers2 ചെമ്പരത്തി പൂക്കൾ

ചെമ്പരത്തിയിലെ മുടിചൂടാ മന്നന്മാർ

കുമളിയുടെ മലർവാടിയാണ് മണ്ണാറത്തറ നഴ്സറി. പുഷ്കരൻ, റെജി, ഷാജി – മണ്ണാറത്തറയിൽ വീട്ടിലെ ഈ മൂന്നു സഹോദരന്മാരുടെ അധ്വാനഫലമാണ് പത്തു വർഷമായി കുമളിയെ പൂങ്കാവനമാക്കുന്ന ‘തേക്കടി ഫ്ലവർ ഷോ’. 25 വർഷത്തോളമായി നഴ്സറി നടത്തിവരുന്ന ഇവരുടെ പൂച്ചെടിയിനങ്ങളിലെ തുറുപ്പുചീട്ടാണു ചെമ്പരത്തി. നാൽപതോളം സങ്കരയിനങ്ങളുമായി ഇവർ ചെമ്പരത്തിയിലെ രാജാക്കന്മാരാണ്. കേരളം കൂടാതെ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ നഴ്സറികളിലേക്ക് ആയിരക്കണക്കിനു ചെമ്പരത്തിയാണ് ഇവർ സ്ഥിരമായി നൽകിവരുന്നത്. എല്ലാം തന്നെ ഹാവായ് ഇനങ്ങൾ. അൻപതിനായിരത്തിനുമേൽ ചെമ്പരത്തിച്ചെടികൾ കുമളിയുടെ പല ഭാഗത്തായുള്ള ഇവരുടെ ഫാമുകളിൽ കാണാം. മുൻപു ഗ്രാഫ്റ്റിങ് വഴി തൈകൾ ഉൽപാദിപ്പിക്കുന്ന രീതിക്കു പകരം ഇന്ന് കമ്പു മുറിച്ചു നട്ടാണ് ഇവിടെ ചെമ്പരത്തിച്ചെടികൾ വളർത്തിയെടുക്കുക. ഇതിനായി ഫാമിൽ ഹ്യുമിഡിറ്റി ചേംബർ തയാറാക്കിയിട്ടുണ്ട്.

പുഷ്കരന്റെ അനുഭവത്തിൽ 50 ശതമാനത്തോളം കമ്പുകളേ വളർന്നുവരികയുള്ളൂ. നടീൽവസ്തുവിന്റെ ആവശ്യത്തിനായി എല്ലാ ഇനങ്ങളുടെയും മാതൃസസ്യങ്ങളുടെ വലിയൊരു ശേഖരം വളർത്തുന്നുണ്ട്. ഈ പൂച്ചെടിക്കു മുഖ്യമായും ചാണകപ്പൊടിയും കടലപ്പിണ്ണാക്കു പുളിപ്പിച്ചെടുത്തതിന്റെ തെളിയുമാണ് വളമായി നൽകുന്നത്. പുഷ്കരന്റെ വിദഗ്ധ അഭിപ്രായത്തിൽ ഇത്തരം ജൈവവളങ്ങൾ പൂക്കൾക്കു നല്ല നിറവും ചെടിക്കു കൂടുതൽ ആയുസ്സും കൊടുക്കാൻ നല്ലതാണ്. ഫാമിലെ ദൈനംദിന ജോലികൾക്കു മേൽനോട്ടം വഹിക്കുന്നത് ഇവരുടെ അമ്മയാണ്. 72 വയസ്സായെങ്കിലും അമ്മയ്ക്കു തൊഴിലാളികൾക്കൊപ്പം നിന്ന് എന്തു പണിയും ചെയ്യാൻ മടിയില്ല. രാവിലെ മക്കൾക്കും മരുമക്കൾക്കുമൊപ്പം ഫാമിലെത്തുന്ന ഇവർ പിന്നെ വെയിലാറിയാലേ തിരിച്ചു വീട്ടിലേക്കു പോകൂ.

ഫോൺ (പുഷ്കരൻ): 9447383694.

ലേഖകൻ: പ്രഫ. ജേക്കബ് വർഗീസ് കുന്തറ, അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി വിഭാഗം, ഭാരതമാതാ കോളജ്, തൃക്കാക്കര, കൊച്ചി—21

ഫോൺ: 94470 02211

Email: jacobkunthara123@gmail.com