എന്താണ് 'ബ്രാ' പറയുന്ന രാഷ്ട്രീയം?

ട്രാഫിക് പൊലീസുകാരന്റെ ആംഗ്യങ്ങൾ ന‍ൃത്തച്ചുവടുകളായി കാണാൻ കഴിയുന്നവർക്ക് മേതിൽ രാധാകൃഷ്ണനെയും ആസ്വദിക്കാം. സ്റ്റോപ് എന്ന ആംഗ്യത്തിൽ ഏറ്റവും മികച്ച നൃത്തമുദ്ര കാണുന്നു മേതിലിന്റെ കഥാപാത്രം. ഒരു ഒന്നാംതരം ആംഗ്യം. ഒരേയൊരു നർത്തകൻ നാൽക്കവലയിലെ കോൺക്രീറ്റ് കുട ചൂടിയ നർത്തകനാണെന്നുകൂടി പറഞ്ഞുവയ്ക്കുന്നു മേതിൽ അദ്ദേഹത്തിന്റെ പ്രശസ്തമായ ബ്രാ എന്ന നോവലിൽ. ആധുനികത മലയാളിയെ ആവേശിച്ചകാലത്ത് തികച്ചും വ്യത്യസ്തമായ ഒരു സൗന്ദര്യബോധം ആവിഷ്കരിച്ച, ഭാവുകത്വത്തെ പുതുക്കിപ്പണിത എഴുത്തുകാരന്റെ വിഖ്യാത കൃതിയുടെ പുതിയ പതിപ്പ്. 

നോവൽ എന്നു വിളിപ്പേരുണ്ടെങ്കിലും ഏതെങ്കിലുമൊരു സാഹിത്യരൂപത്തിന്റെ നിയതമായ ചട്ടക്കൂട്ടിൽ ഒതുങ്ങുന്നില്ല മേതിലിന്റെ പുസ്തകം. പ്രധാന കഥാപാത്രങ്ങളുടെ പേരുകൾ പോലും പരസ്പരം മാറിപ്പോകുന്നു. കഥാഗതി വഴിതിരിച്ചുവിടുന്ന അനേകം ചെറിയ തലക്കെട്ടുകൾ. അർഥമുള്ളതും അർഥശൂന്യവും. അക്ഷരാർഥത്തിൽ വേറിട്ട എഴുത്ത്. അക്ഷരങ്ങളുടെ ഇന്ദ്രജാലം. വായനയുടെ അംഗീകൃതമായ രീതികളെ വെല്ലുവിളിക്കുന്നുണ്ട് മേതിൽ. പുതിയ സാധ്യതകളുടെ വാതിൽ തുറക്കുന്നുമുണ്ട്. ആദ്യ അധ്യായത്തിൽനിന്നു തുടങ്ങാം. ഇടയ്ക്കുനിന്നോ അവസാനത്തിൽനിന്നു തുടങ്ങിയാലോ പോലും കാര്യമായ ഭംഗം സംഭവിക്കില്ലെന്ന് ഉറപ്പ്.

തന്റെ നോവൽ ഒരു മുഖവുര ആവശ്യപ്പെടുന്നുണ്ടെന്നു പറയുന്നു എഴുത്തുകാരൻ. ഗുജ്റാൾ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയായിരുന്നപ്പോഴാണ് മുഖവുര എഴുതുന്നത്. കടലാസിന്റെ പ്രതിസന്ധിയെക്കുറിച്ചു മന്ത്രി പറഞ്ഞിരുന്നു. മേതിൽ ആദ്യമെഴുതിയ കയ്യെഴുത്തുപ്രതിയാകട്ടെ അറുന്നൂറു പേജും. കടലാസിന് ഇനിയും ദൗർലഭ്യമുണ്ടാകാതിരിക്കാൻ മേതിൽ തന്റെ പുസ്തകത്തിന്റെ അളവു കുറച്ചു. നേർ പകുതിയിൽനിന്നു പിന്നെയും.അങ്ങനെ ഇപ്പോഴത്തെ രൂപത്തിലായി. കടലാസിന്റെ ദൗർലഭ്യം എഴുത്തുകാരനു മുന്നിൽ ഒരു സാമൂഹിക പ്രശ്നം സൃഷ്ടിക്കുകയായിരുന്നു.

വലിയ സ്പേസുള്ള ഒരു മുറിയിൽ രണ്ടോ മുന്നോ കസാല മാത്രം വച്ചാൽ ഒരു ഗുണമുണ്ട്. സ്പേസ് പിന്നീടു ചെറുതാക്കേണ്ടിവന്നാലും ഒന്നോ രണ്ടോ കസാലകൾ എടുത്തുമാറ്റേണ്ടതില്ല. കസാലകൾക്കിടയിലൂടെ ഒരാൾക്കു തടഞ്ഞുവീഴാതെ നടക്കാം. അതേപോലെ അറുന്നൂറോളം പേജുകളുള്ള നോവൽ പകുതിയിൽ താഴെയായി ചുരുക്കേണ്ടിവന്നപ്പോഴും ഒരൊറ്റവാക്കുപോലും വെട്ടിക്കളയേണ്ടിവന്നില്ലെന്നു പറയുന്നു മേതിൽ.ഗുജ്റാളിനു നന്ദി. വലിയൊരു പ്രതിസന്ധി വിജയകരമായി അതിജീവിക്കാൻ എഴുത്തുകാരനെ സഹായിച്ചതിന്. മുഖവുരയിൽത്തന്നെ വാചകങ്ങളും ആശയങ്ങളും മേതിൽ ആവർത്തിക്കുന്നുണ്ട്. നോവലിലുടനീളം ഇതു തുടരുന്നു. ഇതത്രേ വായനയുടെ ചിട്ടവട്ടങ്ങളെ ലംഘിക്കൽ. 

നോവലിലെ ആഖ്യാതാവിന് ഒരു കാമുകനുണ്ട്. കാമു എന്നു പേര്. പ്രശസ്തനായ ഫ്രഞ്ചുസാഹിത്യകാരനുമായി കാമുകൻ കൂട്ടിക്കുഴയ്ക്കപ്പെടരുത്. ഗതാഗത ചിന്തകളിൽനിന്ന് ആ ഫ്രഞ്ച് സാഹിത്യകാരനെ ഒഴിച്ചുനിർത്താൻ ആവില്ല; കാമുകനെയും. കാമു കാറിനെ പേടിച്ചു. ഒരുദിവസം തീവണ്ടിക്കു ടിക്കറ്റെടുത്തു.എന്നിട്ടും സ്നേഹിതന്റെ കാറിൽ തിരിക്കുകയും അപകടത്തിൽ മരിക്കുകയും ചെയ്തു. ഗതാഗത ചിന്തകളിൽ കാമുവിന്റെ ഓർമയുടെ നിലനിൽപ് അനിഷേധ്യമാണ്.എങ്കിലും ഈ നോവലിലെ കാമു എഴുത്തുകാരനല്ല തന്റെ കാമുകൻ മാത്രമാണെന്ന് ആഖ്യാതാവ് അവകാശപ്പെടുന്നു.

ഒരു ഫെബ്രുവരിയാണു മേതിലിന്റെ നോവലിന്റെ ഭൂമിക. 

ഇന്നു ഫെബ്രുവരി 29.എന്റെ പിറന്നാൾ.ഇന്ന് ഇരുപതു മെഴുകുതിരികളുടെ കത്തുന്ന തൂണുകളിൽ തൊട്ടുകളിക്കാൻ പിറന്നാൾ കേക്കിനു മുകളിൽ നീയുണ്ടാവുമെന്നു ഞാൻ പ്രതീക്ഷിച്ചിരുന്നു. ഫെബ്രുവരി 24 നു നീയില്ല.

‘നീ’ ഒളിച്ചോടിയതിനുശേഷം എന്തൊക്കെ സംഭവിച്ചുവെന്നാണു നോവൽ പറയുന്നത്. കാമുവിന്റെ വഷളൻ ജേണലിൽ എല്ലാം വിശദീകരിച്ചിട്ടുണ്ട്; പൂർണമായി വായിച്ചുമനസ്സിലാക്കാനാകില്ലെങ്കിലും.ആ ജേണൽ അപൂർണവുമാണ്.മലയാളം ചുരുക്കെഴുത്തും ഇംഗ്ളിഷ് ചുരുക്കെഴുത്തും മാറി മാറി ഉപയോഗിക്കുന്നുമുണ്ട്. കാമു വിവാഹത്തിനുശേഷം കുറച്ചുദിവസം ജേണൽ തൊട്ടിരുന്നില്ല.പിന്നെയും എഴുതിത്തുടങ്ങുന്നത് 25 മുതൽ. 27–ാം തീയ്യതിയോടെ എഴുത്ത് നിർത്തിയിരിക്കുന്നു. ആകെ മൂന്നുദിവസങ്ങളുടെ വിവരണം മാത്രം.

കാമുവിന്റെ മൂന്നുദിവസങ്ങളുടെ ഉപന്യാസത്തെ നൂറു കഷണങ്ങളാക്കി വായിക്കുകയാണ്. ഒരോ കഷണത്തിനും ക്രിത്രിമവും അപ്രസക്തവുമായ ഉപശീർഷകങ്ങൾ. രാത്രി 10.10 ന് ആദ്യത്തെ ഉപശീർഷകം തുടങ്ങുന്നു: മുയലിന്റെ മോന്തയിൽ വാൾപോസ്റ്റർ.

ചിറാപുഞ്ചിയിൽ കുടയില്ലാതെ നിന്നവൾ എന്നൊരു ശീർഷകമുണ്ട് മേതിലിന്റെ നോവലിൽ. ഏതാണ്ടതുപോലെ തന്റെ അനിയന്ത്രിതവും അപ്രതിരോധ്യവുമായ ഭാവനയുടെ ആകാശത്തിനു ചുവട്ടിൽ ആശയങ്ങളുടെ മഴയിൽ സർവതന്ത്രസ്വതന്ത്രനായി മേതിൽ വിഹരിക്കുന്നു. മലയാളത്തിലെ ഒറ്റയാനായി.