Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഥയിൽ അല്പം കാര്യം

രണ്ടു പേർ കൂടി ചേർന്ന് ഒരു പുസ്തകമെഴുതുക! ചരിത്രത്തിലെ ആദ്യത്തെ സംഭവമൊന്നുമല്ല അത്. സിനിമകളുടെ തിരക്കഥ മുതൽ വിശ്വ പ്രസിദ്ധങ്ങളായ നോവലുകൾ വരെ അത്തരത്തിൽ ഇറങ്ങിയിട്ടുണ്ട്. കേരളത്തിലെ പ്രശസ്തരായ എഴുത്തുകാർ പലരും ഒന്നിച്ച് നോവൽ എഴുതി പുസ്തകമാക്കിയിട്ടുണ്ട്. ഒരേ മനസ്സോടെ ചിന്തിക്കുന്ന രണ്ടു പേർക്കിടയിലേയ്ക്ക് സാഹിത്യത്തിന്റെ തുറന്ന ലോകം കടന്നു വരുമ്പോൾ സ്വാഭാവികമായും ഒരേ പുസ്തകത്തിൽ എഴുതുക എന്നത് അത്ര വലിയ കാര്യമല്ല. എന്നാൽ ചെറിയൊരു പരീക്ഷണം കൂടിയാണ് താനും. സാനു യേശുദാസ്, ജ്യോതി മേനോൻ എന്നീ എഴുത്തുകാർ ഒന്നിച്ച് ഒരു പുസ്തകമാക്കി തങ്ങളുടെ ചെറുകഥകൾ വായനക്കാരിലേക്ക് നൽകുമ്പോൾ അവർ അവരുടെ കഥകളുടെ സ്വഭാവത്തിന്റെ ഏകീകരിക്കപ്പെട്ട സ്വഭാവം കൊണ്ട് അമ്പരിപ്പിക്കുന്നു എന്ന് പറയാതെ വയ്യ. ആരാണ് ഒരു കഥയെഴുതിയത്, ആരാണ് അടുത്ത കഥ എഴുതിയിരിക്കുന്നത് എന്ന് എളുപ്പത്തിൽ വേർതിരിക്കാൻ ആവാത്ത വിധത്തിൽ ഇരുവരുടെയും ഭാഷയും വിഷയങ്ങളുടെ തിരഞ്ഞെടുപ്പും അത്രമേൽ യോജിച്ച് കിടക്കുന്നു.

"കഥയിൽ അല്പം കാര്യം" എന്ന കഥാ സമാഹാരത്തിലെ ഓരോ കഥകൾ വായിക്കുമ്പോഴും മനസ്സിലാക്കാം കഥയിൽ കാര്യമുണ്ടാകാതെ തരമില്ല. പന്ത്രണ്ടു കഥകളുടെ സമാഹാരമാണ് കഥയിൽ അൽപ്പം കാര്യം. അനുഭവങ്ങളുടെ വെളിച്ചത്തിൽ പിറന്നു വീണ കഥകൾ തന്നെയാണ് ഈ പന്ത്രണ്ട് കഥകളും. ഒരുപക്ഷെ സ്വയം ജീവിതത്തിൽ കണ്ടെത്തിയ, കണ്ടു പിന്നിൽ ഉപേക്ഷിച്ച, ഇപ്പോഴും ഉള്ളിൽ ചുമന്നു നടക്കുന്ന കുറെയേറെ കഥാപാത്രങ്ങൾ ഓരോ മനുഷ്യന്റെയും ഉള്ളിലുണ്ടാകും. ആ കഥാപാത്രങ്ങളിലേക്കുള്ള സഞ്ചാരമാണ് ഈ കഥാസമാഹാരം തുറന്നു വയ്ക്കുന്നത്.

ഒരുപാട് ബിംബങ്ങളുടെ കാഠിന്യമോ വലിയ ഭാഷാ പ്രയോഗങ്ങളുടെ ബുദ്ധിമുട്ടുകളോ ഒന്നും കഥയിൽ അൽപ്പം കാര്യത്തിലെ കഥകൾക്കില്ല. ഏറ്റവും ലളിതമായ ഭാഷയിൽ, ചില നാടൻ ശൈലിയുടെ വരെ അകമ്പടിയോടെ വ്യക്തമായി നേരെ വാ നേരെ പോ ശൈലിയിൽ തന്നെയാണ് സാനുവും ജ്യോതിയും കഥകളെ സമീപിച്ചിരിക്കുന്നത്, അതുകൊണ്ടു തന്നെ വായന ഒരിക്കലും ദുർഗ്രഹമാകുന്നതേയില്ല. ഇത്ര ലളിതമാണോ എഴുത്ത് എന്ന തോന്നലും വായനക്കാരന് ഒരു പരിധി വരെ ആശ്വാസം നൽകുന്ന ഒരു കാര്യമാണല്ലോ!

"വിധിവിഹിതം" എന്ന ആദ്യ കഥയിൽ യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെയാണ് ആദ്യ വാചകത്തിൽ തന്നെ റോഷൻ തോമസ് എന്ന യുവാവിനെ ജിഗോളോ ആക്കി പരിചയപ്പെടുത്തുന്നത്. വളഞ്ഞു മൂക്കിൽ പിടിക്കാതെ കൃത്യമായി അടയാളപ്പെടുത്തുന്ന തുറന്ന രീതിയുടെ ഉദാഹരണമാണിത്. കഥകളിൽ കൂടുതലും സ്ത്രീ ലൈംഗിക തൊഴിലാളികൾ മാത്രമേ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളൂ, എന്നാൽ പുരുഷ ലൈംഗിക തൊഴിലാളികൾ എന്ന ന്യൂനപക്ഷം അപ്പോഴും മറഞ്ഞിരിക്കുകയാണ്, അവരുടെ മനസ്സോ യാത്രാ വഴികളോ നമുക്കന്യമാണ്‌. ജിഗോളോ എന്ന വിഭാഗം നമുക്ക് അന്യമാണ് എന്നത് തന്നെയാണ് പ്രധാന കാരണം. പക്ഷെ ആദ്യ കഥയിൽ തന്നെ അത്തരമൊരു വാചകത്തെ ഹൃദയത്തിലേക്ക് തറച്ചു കയറ്റുകയും റോഷൻ തോമസിന്റെ ജീവിതത്തിലൂടെ വായനക്കാരനെ കൊണ്ട് പോവുകയും ചെയ്യുന്നതോടെ ഒരു പുരുഷ ലൈംഗിക തൊഴിലാളിയുടെ വൈകാരിക ചിന്തകളെയും നാം തുറന്ന മനസ്സോടെ സമീപിക്കുന്ന രീതിയിലേക്കെത്തുന്നു. സ്ത്രീയെ സമൂഹം സ്വീകരിക്കുന്ന അതെ രീതിയിൽ തന്നെയാണ് ഇത്തരം പുരുഷന്മാരെയും സമൂഹം സ്വീകരിക്കുന്നത് എന്നത് കൊണ്ട് തന്നെയാകണം റോഷന്റെ ആത്മഹത്യയ്ക്ക് ഒരു പ്രണയ നൈരാശ്യത്തിന്റെ മുഖം മൂടി റോഷന്റെ അമ്മ ഒരുപക്ഷെ നൽകിയത്. സമൂഹം ഒരിക്കലും മാറില്ലല്ലോ!

മരണത്തോട് വല്ലാത്ത പ്രാമുഖ്യമുണ്ടെന്നു തോന്നിപ്പിക്കുന്നുണ്ട് ഈ പുസ്തകത്തിലെ ഒട്ടു മിക്ക കഥകളും. ആ ചിന്ത ആദ്യ കഥയിൽ തന്നെ തുടങ്ങുന്നുമുണ്ട്. അപ്രതീക്ഷിതമായി സുഹൃത്തിന്റെ കല്യാണത്തിനെത്തുമ്പോൾ ഒരു യാത്രയിലായിരുന്നു അയാൾ മരണപ്പെട്ട വാർത്ത കേൾക്കേണ്ടി വരുന്ന അവസ്ഥ അത്ര സുഖകരമല്ല. പക്ഷെ പ്രവാസിയായ ഒരാൾക്ക് നാട്ടിലേക്കുള്ള ഓരോ യാത്രയും ഇത്തരത്തിൽ എത്രയോ പൊള്ളുന്ന അനുഭവങ്ങൾ പേറുന്നതാവാം. അതിന്റെ ഓർമ്മപ്പെടുത്തലാണ് "പെയ്തു തീർന്ന രാഗം" എന്ന രണ്ടാമത്തെ കഥ.

"മോളെ നിന്നെ സത്യത്തിൽ പ്രസവിച്ചത് ഞാനാണോ അതോ ഈ പുസ്തകങ്ങളോ" പല്ലവിയുടെ പുസ്തക പ്രണയത്തിലേയ്ക്ക് അമ്മയുടെ വാക്കുകൾ അലഞ്ഞെത്തിയത് ഇത്തരത്തിലായിരുന്നു. പക്ഷെ ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ മരണം നൽകിയ വേദനകളിൽ നിന്നും അവൾക്ക് രക്ഷപെടേണ്ടത് പുസ്തകങ്ങളുടെ ലോകത്തിലേയ്ക്ക് തന്നെയായിരുന്നില്ലേ! ജീവിതത്തിന്റെ ഒരു പ്രത്യേക ഘട്ടം വരുമ്പോൾ ആരായാലും അത്തരമൊരു അവസ്ഥയിലേയ്ക്ക് അറിയാതെ ചാഞ്ഞു പോകുമായിരിക്കാം. പക്ഷെ ആ ഘട്ടം അതിജീവിക്കാൻ മാർഗ്ഗങ്ങൾ തിരഞ്ഞു അലഞ്ഞു നടക്കുമായിരിക്കാം. പല്ലവി അതിൽ നിന്നും അതിജീവിച്ചെത്തുന്നത് പക്ഷെ ചില തിരിച്ചറിവുകളിലേക്കാണ്. അതും പുസ്തകങ്ങളും തമ്മിൽ വലിയ ബന്ധങ്ങളൊന്നുമില്ലെങ്കിലും ആ തിരിച്ചറിവ് അവളെ ജീവിതത്തിലേയ്ക്ക് തിരികെയെത്തിക്കുന്നുണ്ട്. പക്ഷെ അതോടെ അവൾ പുസ്തകങ്ങളെ മറന്നു. മറവി അത്ര എളുപ്പമായി തീരുന്നുവെന്ന ചോദ്യം ഉയരുന്നുണ്ട് എങ്കിൽ പോലും ചോദ്യം ചെയ്യലുകൾ വായനക്കാരാണ് ഉന്നയിക്കേണ്ടതും അന്വേഷണം നടത്തേണ്ടതും.

അപകടം എന്നൊരു സംഭവമില്ല, സംഭവിക്കുന്നതെല്ലാം വിധിയുടെ വിളിപ്പേരുകൾ മാത്രമാകുന്നു. വന്ദനയുടെ കഥയ്ക്ക് ഈ വാചകങ്ങൾ തന്നെയാണ് തലക്കുറിയായി വയ്ക്കേണ്ടത്. "പതനം" എന്ന കഥ ചിലപ്പോഴൊക്കെ വായനയിൽ അവിശ്വസനീയമായി തീരുന്നുണ്ട്. ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടി എന്നതിനേക്കാൾ കാലം കുറിച്ച മിടുക്കനായ, കണിശക്കാരനായ അദ്ധ്യാപകൻ എന്ന വിളിപ്പേരുള്ള ഒരു വ്യക്തിയുടെ മകൾ എന്ന നിലയ്ക്ക് നിന്നും സ്ഥലത്തെ കുപ്രസിദ്ധ ലൈംഗിക തൊഴിലാളിയായി വന്ദന മാറപ്പെടുമ്പോൾ എവിടെയാണ് ജീവിതത്തിനു സ്വയം കണ്ടെത്താൻ കഴിഞ്ഞത്? ചിലപ്പോഴൊക്കെ ചില ജീവിതങ്ങൾ അത്രമേൽ വിശ്വസനീയം ആവുന്നില്ലെന്നു കണ്മുന്നിൽ നടക്കുന്ന പല അനുഭവങ്ങളും പറഞ്ഞു തരുന്നുണ്ടെന്നത് മറക്കുന്നില്ല. മനുഷ്യന്റെ മനസ്സ് ഒരിക്കലും അച്ചിൽ വാർത്തെടുക്കപ്പെട്ടു വച്ചതുമല്ല. അവനവന്റെ സാഹചര്യങ്ങൾ അവനെ എപ്പോഴും മാറ്റി വരച്ചു കൊണ്ടേയിരിക്കും. പുസ്തകത്തിലെ ഓരോ കഥയും അത്തരത്തിൽ ഓരോ തുരുത്തുകളായി ജീവിക്കുന്ന ഓരോ മനുഷ്യരാണ്. അവരുടെ കഥ പലപ്പോഴും നമുക്ക് അവിശ്വസനീയവുമായിരിക്കും, എന്നാൽ എല്ലാം നമ്മുടെ കാഴ്ചപ്പാടിനനുസരിച്ച് രൂപപ്പെടുത്തിയുമെടുക്കണമെന്നുള്ളത് മനുഷ്യന്റെ വ്യാമോഹം മാത്രമല്ലേ. ജീവിതവും കഥകളും, അത് അതിന്റെ വഴിക്ക് തന്നെ മുന്നോട്ടു പൊയ്ക്കോട്ടേ... അതല്ലേ ശരി! സാനു യേശുദാസും ജ്യോതി മേനോനും അത് തന്നെയാകും ഈ കഥാ പുസ്തകത്തിലൂടെ ആഗ്രഹിച്ചതും.