സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ ഇതാ ഒരു കിം കര്‍ദശിയന്‍ മാതൃക

ലോകമറിയപ്പെടുന്ന അമേരിക്കന്‍ റിയാലിറ്റി ടെലിവിഷന്‍ സ്റ്റാറാണ് കിം കര്‍ദശിയന്‍. പ്രശസ്തിയുടെ ഉച്ചകോടിയില്‍ അവരെത്തിയത് എങ്ങനെ എന്നത് പലര്‍ക്കും പഠനവിഷയമാണ്. ഇങ്ങനൊരു പേരിട്ട് പുസ്തകമിറക്കിയിരിക്കുകയാണ് ജീതേന്ദര്‍ സഹദേവ് എന്ന ഇന്ത്യന്‍ എഴുത്തുകാരന്‍. കിമ്മിനെ എങ്ങനെ മാതൃകയാക്കണമെന്നല്ല ഈ പുസ്തകം പറയുന്നത്. കാരണം തന്നെ മാര്‍ക്കറ്റ് ചെയ്യുന്നതില്‍ മറ്റുള്ളവര്‍ മൂക്കത്ത് വിരല്‍ വെക്കുന്ന പല തന്ത്രങ്ങളും കിം എടുത്തിട്ടുണ്ട്. 

പോസിറ്റീവായി കിമ്മില്‍ നിന്നും വിജയത്തിനായി പകര്‍ത്താവുന്നത് എന്തെല്ലാം ആണെന്നാണ് ദി കിം കര്‍ദശിയന്‍ പ്രിന്‍സിപ്പിള്‍: വൈ ഷെയിംലെസ് സെല്‍സ് (ഹൗ ടു ഡു ഇറ്റ് റൈറ്റ്) എന്ന പുസ്തകം വിവരിക്കുന്നത്. 

ഒരാളെ സ്വയം എങ്ങനെ മാര്‍ക്കറ്റ് ചെയ്യാം എന്നതിനെക്കുറിച്ചുള്ള ഒരു സെലിബ്രിറ്റി ഫോര്‍മുലയാണ് ഈ പുസ്തകം മുന്നോട്ടുവെക്കുന്നത്. എങ്ങനെ നമ്മുടെ നെഗറ്റീവ് ബ്രാന്‍ഡിങ്ങിനെയും നമുക്ക് നേരെയുള്ള എതിരഭിപ്രായങ്ങളെയും നമ്മളോട് മറ്റുള്ളവര്‍ക്കുള്ള വെറുപ്പിനെയും എല്ലാം പോസിറ്റീവ് ബ്രാന്‍ഡിങ്ങിന് ഉപയോഗപ്പെടുത്താം എന്ന് പുസ്തകത്തില്‍ ജീതേന്ദ്ര സെഹ്‌ദേവ് വിശദീകരിക്കുന്നു. 

നിരവധി ഉദാഹരണങ്ങളും പ്രചോദനാത്മകമായ കഥകളും മാര്‍ക്കറ്റിംഗ് ഉപദേശങ്ങളും എല്ലാം ചേര്‍ത്തുള്ള സംയോജനമാണ് ഈ പുസ്തകം. കിം എന്ന സെലിബ്രിറ്റിയെക്കാള്‍ ഉപരി അവരിലെ മാര്‍ക്കറ്റിങ് ജീനിയസിനെ നമുക്ക് ബോധ്യപ്പെടും ഈ പുസ്തകം വായിച്ചാല്‍. ജീവിതത്തില്‍ വിജയിക്കണം എന്നാഗ്രഹിക്കുന്നവര്‍ക്കും സമൂഹത്തില്‍ എങ്ങനെയെങ്കിലും ശ്രദ്ധ പിടിച്ചു പറ്റണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും യുവസംരംഭകര്‍ക്കും മാര്‍ക്കറ്റിങ് പ്രൊഷണലുകള്‍ക്കുമെല്ലാം ഉപകാരപ്പെട്ടേക്കാവുന്ന നിരവധി കാര്യങ്ങള്‍ പുസ്തകത്തിലുണ്ട്. 

സോഷ്യല്‍ മീഡിയ സ്റ്റാറുകള്‍ എങ്ങനെ സൃഷ്ടിക്കപ്പെടുന്നു? അവരോട് ആരാധകര്‍ക്ക് ഇത്ര വലിയ അഭിനിവേശം ഉണ്ടാകുന്നതെങ്ങനെ? ഈ രണ്ട് ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം തേടുകയാണ് ഈ പുസ്തകം. ഹോളിവുഡിലെ സൂപ്പര്‍ സെലിബ്രിറ്റി താരങ്ങളേക്കാളും സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുന്നവരാണ് കിമ്മിനെ പോലുള്ള വ്യക്തികള്‍. സെലിബ്രിറ്റി ബ്രാന്‍ഡിങ് വിദഗ്ധന്‍ കൂടിയായ ജീതേന്ദ്ര യാദവ് മികച്ച രീതിയിലാണ് സ്വയം എങ്ങനെ മാര്‍ക്കറ്റ് ചെയ്യാം എന്ന വിഷയം കൈകാര്യം ചെയ്തിരിക്കുന്നത്. 

പരമ്പരാഗത മാര്‍ക്കറ്റിങ് രീതികളെ പൊളിച്ചെഴുതുന്നതാണ് കിമ്മിനെ പോലുള്ള വ്യക്തികളുടെ സ്ട്രാറ്റജിയെന്ന് ലേഖകന്‍ സമര്‍ത്ഥിക്കുന്നുണ്ട്. നെഗറ്റീവായാലും പോസിറ്റീവായലും തങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇവര്‍ സുതാര്യതയോടെ ആരാധകരുമായി പങ്കുവെക്കുന്നത് വിശ്വാസ്യതയും ബ്രാന്‍ഡ് ലോയലിറ്റിയും ഉറപ്പിക്കുമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. പോളിഷ് ചെയ്ത്, നല്ലത് മാത്രം പ്രചരിപ്പിക്കുന്ന പരമ്പരാഗത ബ്രാന്‍ഡിങ് രീതിയേക്കാള്‍ ഗുണം ചെയ്യുക ഒരു പക്ഷേ ഇതായിരിക്കും എന്ന കണ്ടെത്തലാണ് പുസ്തകത്തിലുള്ളത്. 

ഇനിയുള്ള കാലത്ത് ഇത്തരത്തിലുള്ള ആയങ്ങളും ബ്രാന്‍ഡിങ്ങുമാണ് അതിജീവിക്കാന്‍ പോകുന്നതെന്ന സന്ദേശവും ഈ പുസ്തകം നല്‍കുന്നു.