നിർഭയം സിബി മാത്യൂസ്, ക്രൈംത്രില്ലർ സിനിമകളെ വെല്ലും ആത്മകഥ!

സത്യത്തിലേക്കുള്ള വഴികൾ ദുർഘടം നിറഞ്ഞതാണ്. ആ വഴിയിൽ നിന്നു വ്യതിചലിക്കാതെയാണ് ഇതുവരെ ഞാൻ നടന്നിട്ടുള്ളത്. എന്റെ യാത്ര സത്യത്തിലേക്കുതന്നെ എത്തിച്ചേരുമെന്ന് വിശ്വസിച്ചുകൊണ്ട് ഞാൻ പ്രവർത്തിച്ചു. കേരളം കണ്ട മികച്ച കുറ്റാന്വേഷകനായ ഐപിഎസ് ഓഫിസർ സിബി മാത്യൂസ് 'നിർഭയം’ എന്ന തന്റെ ആത്മകഥ തുടങ്ങുന്നത് ഇങ്ങനെയാണ്. സത്യത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാൻ തീരുമാനിച്ച ഒരു ഉദ്യോഗസ്ഥൻ എന്തെല്ലാം കടമ്പകൾ കടക്കേണ്ടിവരുമെന്ന മുന്നറിയിപ്പിലേക്കുള്ള സൂചനയാണ് ഈ ആമുഖക്കുറിപ്പ്. ഇന്ത്യയിലെ സാമൂഹിക വ്യവസ്ഥിതിയും നീതിന്യായ വ്യവസ്ഥിതിയും എത്രമാത്രം ദുർഘടവും ജീർണ്ണവുമാണെന്ന് അദ്ദേഹം ഓരോ അധ്യായത്തിലും തുറന്നുപറയുകയാണ്. കേരളത്തെ ഏറെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു ഐഎസ്ആർഒ ചാരക്കേസ്. ആ സംഭവത്തിൽ ഒരു അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട വെല്ലുവിളികൾ അദ്ദേഹം പറയുമ്പോൾ ക്രൈംത്രില്ലർ സിനിമ കാണുന്ന അനുഭവമാണ് വായനക്കാരനുണ്ടാകുന്നത്. 

സർ, ഉടനെ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെത്തി ഡിജിപിയെ കാണണം– ഡിജിപിയുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് വേലായുധൻ നായരുടെ ഫോൺ കോൾ വരുന്നത് ഉച്ചഭക്ഷണത്തിനിരിക്കുമ്പോഴാണ്. തിരുവനന്തപുരത്ത് പൊലീസ് കമ്മിഷണർ സ്ഥാനത്തു നിന്നും എന്നെ മാറ്റുവാൻ പ്രവർത്തിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥ സംഘത്തിൽ ഉൾപ്പെടുന്ന ടി.വി. മധുസൂദനാണ് അന്ന് ഡിജിപി. എനിക്കു എന്തെങ്കിലും നന്മയുണ്ടാകുന്നതൊന്നും അദ്ദേഹം ചെയ്യില്ലെന്ന് ഉറപ്പുണ്ടായിരുന്നു. ഞാൻ ഉടൻ തന്നെ പൊലീസ് ആസ്ഥാനത്തെത്തി ഡിജിപിയെ കണ്ടു. മുഖവുരയൊന്നും കൂടാതെ ഡിജിപി പറഞ്ഞുതുടങ്ങി. ഐഎസ്ആർഒ കേസിന്റെ അന്വേഷണം നിങ്ങളുടെ നേതൃത്വത്തിലുള്ള ടീം ഏറ്റെടുക്കണം. 

പത്രങ്ങളിൽ വാർത്ത കണ്ടിരുന്നു മാലിദ്വീപി സ്വദേശികളായ രണ്ടു സ്ത്രീകളെ തിരുവനന്തപുരം സിറ്റി പൊലീസ് അറസ്റ്റു ചെയ്തുവെന്നും മറ്റും. ആരൊക്കെയാണ് ടീമിൽ വേണ്ടതെന്നു പറഞ്ഞോളൂ– ഡിജിപി പറഞ്ഞു. എസ്പിയായി ജി.ബാബുരാജ്. ഇനി ആരൊക്കെവേണം ടീമിൽ?ഓർമ്മയിലുണ്ടായിരുന്ന ചില ഉദ്യോഗസ്ഥരുടെ പേരുകൾ പറഞ്ഞു. ഡിവൈഎസ്പി കെ.കെ. ജോഷ്വ, സിഐ ജോഗേഷ് എന്നിവരുടെ പേരുകൾ  പറയുമ്പോഴേക്കും ഡിജിപി തടസ്സപ്പെടുത്തി. അതുമതി. പിന്നെ ഇപ്പോൾ കേസ് അന്വേഷിക്കുന്ന ഇൻസ്പെക്ടർ വിജയനും വഞ്ചിയൂർ എസ്ഐ തമ്പി ദുർഗാദത്തും കൂടി ടീമിൽ ഇരിക്കട്ടെ.തൊട്ടടുത്തിരിക്കുന്ന തിരുവനന്തപുരം പൊലീസ് കമ്മിഷണർ രാജീവിനോടായി ഡിജിപി പറഞ്ഞു– സിബി മാത്യൂസിന് ഇതുവരെ നടന്ന കാര്യങ്ങൾ ഒന്നു വിശദീകരിച്ചുകൊടുക്കൂ. രാജീവനും ഞാനും എൻറെ ഓഫിസിലേക്കു പോയി. പോകുന്ന വഴിക്ക് രാജീവൻ കേസിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചു പറഞ്ഞു.

കേന്ദ്ര ഇന്റലിജൻസിന്റെ രഹസ്യവിവരത്തെത്തുടർന്ന് ഡിസിപി ഋഷിരാജ് സിങ് എല്ലാ ഹോട്ടലുകളും പരിശോധിക്കാൻ നിർദേശം കൊടുത്തു. അങ്ങിനെയാണ് അവർ സാമ്രാട്ട് ഹോട്ടലിൽ വച്ച് രണ്ട് മാലിദ്വീപ് വനിതകളെ കാണുന്നത്. എന്തിനാണ് അവർ വന്നത് എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ അവരുടെ ഫോൺ കോളുകൾ പരിശോധിച്ചു. അതിൽ നിന്ന് അവർ ബന്ധപ്പെട്ടവരിൽ നെടുമങ്ങാടിനടുത്തുള്ള വലിയ മലയിലെ ലിക്വിഡ് പൊപ്പൽഷൻ സിസ്റ്റംസ് സെന്റർ എന്ന ഐഎസ്ആർഒയുടെ യൂണിറ്റിലെ സീനിയർ ശാസ്ത്രഞ്ജനായ ശശികുമാരനുണ്ടായിരുന്നു എന്നു മനസ്സിലാക്കിയിരുന്നു. നേരത്തെതന്നെ ഇന്റലിജൻസ് ബ്യൂറോയും റിസർച്ച് ആൻഡ് അനാലിസിസ് വിങ് ഉദ്യോഗസ്ഥരും  ഇടപെട്ടുകൊണ്ടിരുന്ന കേസാണിത്. ശശികുമാരനു മറിയം റഷീദയും കോവളത്ത് ഹോട്ടലിൽ പോയി ഡിന്നർ കഴിച്ചുവെന്നും മറിയം റഷീദയുടെ ഡയറിക്കുറിപ്പുകൾ ഇംഗ്ലിഷിലേക്കു മൊഴിമാറ്റിയെടുത്തുവെന്നും തുടർന്ന് മറിയം റഷീദയെയും സുഹൃത്തായ ഫൗസിയ ഹസന്നെയും അറസ്റ്റ് ചെയ്തുവെന്നും രാജീവൻ പറഞ്ഞു. ഇപ്പോൾ ഇരുവരും പൊലീസ് കസ്റ്റഡിയിലാണെന്നും രാജീവൻ കൂട്ടിച്ചേർത്തു. ക്രൈംബ്രാഞ്ച് എഡിജിപി സത്താർ കുഞ്ഞിനോട് ഈ കേസിന്റെ കാര്യങ്ങൾ ചർച്ച ചെയ്യരുതെന്ന് ഡിജിപി എന്നോടു പറഞ്ഞിരുന്നു. പാക്കിസ്ഥാൻ ചാരന്മാർ ഉൾപ്പെടുന്ന കേസാണിതെന്ന് സംശയിക്കുന്നതിനാലാണ് അങ്ങനെയൊരു നീക്കമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഞങ്ങൾ മാലി വനിതകളെ ചോദ്യം ചെയ്യുന്നതിനായി അകത്തുകയറിയപ്പോൾ അവിടെ ഐബിയുടെ ഉദ്യോഗസ്ഥരുണ്ടായിരുന്നു. അവർ തയാറാക്കുന്ന സ്റ്റേറ്റുമെന്റുകളും റിപ്പോർട്ടുകളും എന്നെയോ കേരള പൊലീസിലെ ഉദ്യോഗസ്ഥരെയോ കാണിക്കുകയില്ലെന്ന് ശഠിച്ചു.പത്രപ്രവർത്തകർക്ക് പള്ളിപ്പുറം സിആർപിഎഫ് വക ഗസ്റ്റ് ഹൗസിൽ കയറിച്ചെല്ലാൻ കഴിയില്ലെങ്കിലും മാലി വനിതകളെ സംബന്ധിച്ചും ഐജി രമൺ ശ്രീവാസ്തവയെ സംബന്ധിച്ചും ധാരാളം വാർത്തകൾ ആ സമയത്തു തന്നെ പത്രങ്ങളിൽ വന്നിരുന്നു. കേസിൽ സംശയിക്കപ്പെട്ടവർ, സാക്ഷികൾ തുടങ്ങിയവരെ ചോദ്യം ചെയ്ത മൊഴികൾ പത്രക്കാർക്ക് അതേപടി കിട്ടി. ആരാണു പത്രക്കാർക്ക് ഈ വിവരങ്ങൾ നൽകിയതെന്ന് അറിയില്ല. ഏതായാലും ഞങ്ങൾ അതു ചെയ്തില്ല. പൊലീസ് ആസ്ഥാനത്തു നിന്നു തന്നെയാകാനും വഴിയുണ്ട്. ഡിജിപി മധുസൂദനന് അതിനു പറ്റിയ വിശ്വസ്തർ ഉണ്ടായിരുന്നു. കരുണാകര വിരുദ്ധരായ ചില നേതാക്കൾ മധുസൂദനൻ വഴി ഇതു ചെയ്തതാകാം.1994 നവംബർ 21ന് ശശികുമാരനെ അഹമ്മദാബാദിൽ നിന്നും അറസ്റ്റ് ചെയ്ത് 23ന് തിരുവനന്തപുരത്തെത്തിച്ചു. മദ്രാസ് ഇന്റർനാഷനൽ ഹോട്ടലിൽ വച്ച് രഹസ്യ ചർച്ച നടന്നപ്പോൾ ഫൗസിയ ഹസനൊപ്പമുണ്ടായിരുന്ന ചന്ദ്രശേഖർ, എസ്.കെ.ശർമ്മ എന്നിവരെ അറസ്റ്റ് ചെയ്യാൻ ഞങ്ങൾ ബാംഗ്ലൂരിലെത്തി. ചന്ദ്രശേഖർ റഷ്യൻ സ്പേസ് ഏജൻസിയായ ഗ്ലാവ് കോസ്മോസിന്റെ ഇന്ത്യയിലെ പിആർഒ ആയിരുന്നു. എസ്.കെ.ശർമ്മ ഐസ്ആർഒയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സുഹൃത്തായ ബിസിനസ്സുകാരനും.ചന്ദ്രശേഖന്റെ വീട്ടിലേക്കു ഞങ്ങൾ കയറി. ഞങ്ങളെ കണ്ടതോടെ അടുത്തെത്തി ചന്ദ്രശേഖർ ആദ്യം ചോദിച്ച കാര്യം എന്തിനാണു നിങ്ങൾ എന്നെ അറസ്റ്റ് ചെയ്യുന്നത്? കോടതിയുടെ അറസ്റ്റ് വാറണ്ടുമായി നിങ്ങളെന്തിനാണു വന്നത്? എന്നൊന്നുമായിരുന്നില്ല….

ഒരു കുറ്റാന്വേഷണ നോവൽ വായിക്കുന്ന ത്രില്ലോടെ വായനക്കാരെ പിടിച്ചിരുത്തുന്ന രീതിയിലാണ് സിബി മാത്യൂസ് നിർഭയം എഴുതിയിരിക്കുന്നത്. ഓരോ കേസും അതിനു പിന്നിലെ കളികളുമെല്ലാം അദ്ദേഹം കൃത്യമായി രേഖകൾ സഹിതം പറയുന്നുണ്ട്. കരിക്കിൻവില്ല കൊലപാതകം, ജോളി വധം, മാർക് ലിസ്റ്റ് കേസ്, പോളക്കുളം ടൂറിസ്റ്റ് ഹോം കൊലപാതകം, മാറാട് കലാപം, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ, സൂര്യനെല്ലി കേസ്, മണിച്ചൻ അഥവാ കല്ലുവാതുക്കൽ മദ്യദുരന്തകേസ്, പ്രഫ. ജോസഫിന്റെ കൈവെട്ടുകേസ്, ലാവ്ലിൻ തുടങ്ങിയ എല്ലാംകോളിളക്കം സൃഷ്ടിച്ച സംഭവങ്ങൾ തന്നെ. നമ്മുടെ പൊലീസും ഉദ്യോഗ്സഥരും ഭരണസംവിധാനവും എത്രമാത്രം കളങ്കത്തോടെയാണ് ഓരോ കാര്യത്തിലും പ്രവർത്തിക്കുന്നതെന്ന് ഈ പൊലീസ് ഉദ്യോഗസ്ഥൻ വായനക്കാരനെ അറിയിക്കുന്നു.

കണ്ണൂർ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചു പറയുന്നിടത്ത് അദ്ദേഹം എഴുതുന്നു– പി.ജയരാജനെ ആക്രമിച്ച കേസിൽ പോലും യഥാർഥ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. ഇരുവിഭാഗങ്ങൾക്കും പൊലീസും കേസും ഭയമില്ലായിരുന്നു. ഇരുവിഭാഗത്തിലും ആക്ഷൻ സംഘങ്ങളുണ്ടായിരുന്നു. ആക്ഷൻ കഴിഞ്ഞാൽ പൊലീസ് തിരഞ്ഞുവരുമ്പോൾപാർട്ടി നേതൃത്വം ഒരു ലിസ്റ്റ് നൽകും. അതുതന്നെയായിരിക്കും പ്രതിപട്ടികയിലുണ്ടാകുക. അവർ ആക്ഷനിൽ പങ്കെടുത്തില്ല എന്ന് തെളിയിക്കാൻ എളുപ്പമാണല്ലോ. ആരും ശിക്ഷിക്കപ്പെടാൻ പോകുന്നില്ലെന്ന് ഇരുവിഭാഗത്തിനും അറിയാമായിരുന്നു. അതുകൊണ്ട് പരസ്പരം തീർക്കുക എന്ന കാടൻ രീതിയാണ് അവർ പിന്തുടരുന്നത്. കണ്ണൂർജില്ലാ പൊലീസിനാകട്ടെ ഒരുതരം നിസ്സംഗതയാണ്. സിപിഎം ഒരു ഗോളടിച്ചല്ലോ, ഇനി അടുത്തു തന്നെ ബിജെപി ഗോൾ മടക്കും എന്നൊക്കെയാണ് അവർ പരസ്പരം പറയുക. –ചോരകൊണ്ട് ചുവന്ന കണ്ണുകൾ. ഇതാണ് അക്രമികളും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധം. അതിൽ ഒരു പാർട്ടിയും വേറിട്ട വ്യക്തിത്വം പുലർത്തുന്നില്ല.

ഈ തുറന്നുപറച്ചിലിലെ സത്യം ഇപ്പോൾ തന്നെ കേരളരാഷ്ട്രീയത്തിൽചർച്ചയായി കഴിഞ്ഞു. വരും നാളുകളിൽ എന്തെല്ലാം സംഭവിക്കുമെന്നു കാത്തിരുന്നു കാണാം.