കാലം വായിക്കാൻ ആവശ്യപ്പെടുന്ന പുസ്തകം

ബഷീറിയൻ സാഹിത്യം എന്ന ഒരു രീതി തന്നെ മലയാള സാഹിത്യത്തിലുണ്ട്. വായനക്കാരെ എന്താണോ എഴുതുന്നത് ആ ലോകത്തിലേയ്ക്ക്, ആ ഭാഷയിലേക്ക് അപ്പാടെ കൊണ്ട് പോയി തനതായ ശൈലിയോട് വീണ്ടും വീണ്ടും പ്രണയം തോന്നത്തക്ക രീതിയിലുള്ള ഒരു സാഹിത്യം. തുറന്നു പറച്ചിലുകളുടെ, സ്വന്തം ജീവിത ഇടങ്ങളിലെ കാഴ്ചകളുടെ, ചുറ്റും ഉള്ള എത്രയോ മനുഷ്യരുടെ ഒക്കെ എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. ഇത്ര നീട്ടി വലിച്ചൊന്നും ആ പേരെഴുതേണ്ട കാര്യമില്ല, ബഷീർ എന്ന ചുരുക്കെഴുത്തു മതി മലയാളി ആയ ഒരാൾക്ക് അദ്ദേഹത്തിന്റെ നീണ്ടു മെലിഞ്ഞ ശരീരവും നിർമ്മലമായ ചിരിയും ഓർമ്മിക്കാൻ. ബഷീറിന്റെ പല എഴുത്തുകളും ആത്മവിചാരണയും സ്വയം ജീവിത പഠനങ്ങളും ഒക്കെ തന്നെയാണ്. എല്ലാത്തിലും ബഷീറുണ്ട്, എല്ലാത്തിലും അദ്ദേഹം കാണുന്ന ജീവിതങ്ങളുണ്ട്. 

"ഓർമ്മയുടെ അറകൾ" എന്ന പുസ്തകം എല്ലാ വിധത്തിലും ബഷീറിന്റെ ആത്മാംശം ഉള്ള കുറിപ്പുകളാണ്. ബി.എം. ഗഫൂർ, പി.കെ. മുഹമ്മദ്, ഐ.വി. ശശി, പുനലൂർ രാജൻ, ശ്രീധരൻ, എം.എ. ഹകീം, കെ.കെ. ആമു തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രശസ്തരായ കുറച്ച് സുഹൃത്തുക്കൾ ബഷീറിന്റെ വീട്ടിൽ ഒത്തുകൂടുകയും ബഷീറിനോട് ചർച്ചകൾ നടത്തുകയും ചെയ്യുന്നു. ഒരു അഭിമുഖമാണ് ഉദ്ദേശമെങ്കിൽപ്പോലും അഭിമുഖത്തിനും അപ്പുറമുള്ള ഒരു ഇടപെടൽ ഈ കുറിപ്പുകളിലുണ്ട്. പരസ്പരം സംസാരിക്കുന്നത് എഴുതിയെടുക്കുന്നത് അദ്ദേഹത്തെ കാണാനെത്തിയ സുഹൃത്തുക്കൾ മാത്രമല്ല, ഓർമ്മകളെ ചേർത്ത് പിടിക്കാൻ ബഷീറും അത് കുറിച്ച് വയ്ക്കുന്നുണ്ട്. ആ ഓർമ്മകളുടെ വക്കു പിടിച്ചാണ് ഈ പുസ്തകം സഞ്ചരിക്കുന്നത്. ഒരുപക്ഷെ ഈ പുസ്തകത്തിൽ ഏറ്റവുമധികം കടന്നു വരുന്നത് മറ്റൊരു ബഷീർ പുസ്തകത്തിലും ഇല്ലാത്തത് പോലെ അദ്ദേഹമൊരു മുസ്‌ലിം ആയിരുന്നു എന്ന ഓർമ്മപ്പെടുത്തലാണ്. ഒരു എഴുത്തുകാരൻ എന്ന നിലയിൽ മതത്തിനപ്പുറം സഞ്ചരിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു ബഷീർ, എങ്കിലും എന്തായിരുന്നു തനിക്ക് മുസ്‌ലിം എന്ന മതമെന്ന് ബഷീർ ഈ പുസ്തകത്തിൽ പറഞ്ഞു വയ്ക്കുന്നു. മുസ്‌ലിം മതം മാത്രമല്ല, അദ്ദേഹത്തെ ചുറ്റി പറ്റി ഇപ്പോഴും ഇരിക്കുന്ന ഹൈന്ദവ വിശ്വാസത്തെയും അദ്ദേഹം കുറിപ്പുകളാക്കുന്നുണ്ട്. ഒരുപക്ഷെ ഇത്രയധികം വർഗീയ കലാപങ്ങൾ കൊഴുക്കുന്ന, എഴുത്തുകാർ ഭീഷണികൾക്കും കൊലപാതകങ്ങൾക്കും ഇരയാകുന്ന നാട്ടിൽ ഈ എഴുത്തിനുള്ള പ്രാധാന്യം കൂടുതലാണ്. ഒരുപക്ഷെ കാലം തെറ്റി ഇന്നത്തെ കാലത്തായിരുന്നു ബഷീർ ഈ പുസ്തകം എഴുതിയിരുന്നതെങ്കിൽ എഴുത്തുകാരൻ കെ പി രാമനുണ്ണിക്ക് വന്നത് പോലെയുള്ള നൂറു കണക്കിന് കത്തുകളാൽ അദ്ദേഹത്തിന്റെ വീട് നിറഞ്ഞേനേ എന്ന് ഓർമ്മിപ്പിക്കുന്നുമുണ്ട് ഈ പുസ്തകം. 

സുഹൃത്തുക്കൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമായാണ് ബഷീർ തന്റെ വിശ്വാസങ്ങളെ കുറിച്ച് സംസാരിക്കുന്നത്. അതിനിടയിൽ വീടിന്റെ വിശേഷങ്ങൾ, അവിടെ വന്നു പോകുന്ന ആളുകൾ, അവരുടെ ചരിത്രങ്ങൾ എല്ലാം രസകരമായ ശൈലിയിൽ പറഞ്ഞു വയ്ക്കുകയും ചെയ്യുന്നുണ്ട്. ഉമ്മയും, ഫാബിയും ഷാഹിനയും, നത്തു ദാമുവും ബിച്ചുവും ഒക്കെ ഇടയ്ക്കിടക്ക് അനുഭവങ്ങളിൽ വന്നു പോവുകയോ അവർ സ്വയം അക്ഷരങ്ങളാവുകയോ ചെയ്യുന്നുണ്ട്. 

ബേപ്പൂരിലെ കൊട്ടാരങ്ങളിലെ സമ്മതനുമായിരുന്നു ബഷീർ. ഒരിക്കൽ ശിവക്ഷേത്രത്തിന്റെ കുളം വൃത്തിയാക്കുന്നതിനായി ഒരു പങ്കു നൽകിയ ബഷീർ തനിക്കും വീട്ടിലുള്ളവർക്കും ക്ഷേത്ര കുളത്തിൽ കുളിക്കണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ രാജാവ് രഹസ്യമായാണെങ്കിൽ ആയിക്കോട്ടെ എന്ന് പറഞ്ഞു. എന്നാൽ പരസ്യമായാണ് തങ്ങൾക്ക് വരാൻ താല്പര്യമെന്നറിയിക്കുകയും തുടർന്ന് അവരുടെ ചർച്ച വളരെ ആക്ഷേപഹാസ്യ രീതിയിൽ ആരോഗ്യകരമായി തന്നെ മുന്നോട്ടു നീങ്ങുകയും ചെയ്തു. പക്ഷെ ഇന്ന് ഈ കാലത്ത് നിന്ന് ചിന്തിക്കുമ്പോൾ അത്തരം ഒരു സംസാരത്തിന്റെ തുടക്കം പോലും ഭയപ്പെടുത്തുന്നു എന്ന് ഓർമ്മിക്കേണ്ടി വരുന്നിടത്തോളം ദയനീയമായി എന്തുണ്ട്!

സമൂഹത്തിൽ ഉന്നത നിലവാരം പുലർത്തുന്നവർ മാത്രം നായകൻമാരാവുക, മുസ്‌ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക എന്ന ഒരു ട്രെൻഡിൽ നിന്നും ഒരുപക്ഷെ മലയാള സാഹിത്യത്തെ മാറ്റി മുസ്‌ലിം എന്നാൽ നന്മയുടെയും സ്നേഹത്തിന്റെയും പ്രതീകമാണെന്ന് അടയാളപ്പെടുത്താൻ ബഷീറിനു കഴിഞ്ഞു. ”അനുഭവങ്ങളുടെ ഒരു ഭൂഖണ്ഡത്തെത്തന്നെ സാഹിത്യത്തിലേക്ക് കൊണ്ടുവരാന് ബഷീറിനു കഴിഞ്ഞു”, എന്ന് ഈ കൃതിയെ കുറിച്ച് എം എൻ വിജയൻ പറയുന്നുണ്ട്. 

പ്രവാചകനായ മുഹമ്മദ് നബിയ്ക്ക് എഴുത്തും വായനയും അറിയാത്തതിനാൽ ഖുർആൻ അദ്ദേഹം എഴുതിയതാണോ എന്ന സംശയത്തിന് മാലാഖയുടെ വാക്കുകളിൽ നിന്നും നബിക്ക് ലഭിച്ച അറിവാണ് ഖുർആൻ എന്ന് പറയുന്നു. നബി ഇപ്പോഴും ഇസ്‌ലാം മതത്തെ കുറിച്ച് പറയുന്നത്, അത് അറിവിന്റെയും നന്മയുടെയും വിശ്വാസങ്ങളുടെ സംസ്കാരം ആണെന്ന് മാത്രമായിരുന്നു. അറിവ് എന്നാണോ വിഭാഗത്തിൽ നിന്നും അകന്നു പോകുന്നത് അവർ മുസ്ലീങ്ങളെ അല്ലാ എന്നും നബി പറഞ്ഞതായി ബഷീർ സാക്ഷ്യപ്പെടുത്തുന്നു. 

ഇന്ത്യ-പാക്കിസ്ഥാൻ വിഭജനത്തെ കുറിച്ച് ഏറ്റവും മോശം അഭിപ്രായമാണ് ബഷീറിന് ഉണ്ടായിരുന്നതെന്ന് ഈ അനുഭവ പുസ്തകം പറയുന്നു. ഇന്ത്യ എന്ന ഒറ്റ വലിയ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ആരോടും സമ്മതം ചോദിക്കാതെ ചിലരുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി മാത്രം പകുത്തു മാറ്റിയ പാകിസ്ഥാൻ എന്താണ് നേടിയതെന്ന് അദ്ദേഹം ചോദിക്കുന്നു. ഇന്ത്യയ്ക്ക് വേണ്ടി പൊരുതിയ ലക്ഷങ്ങൾ, ജീവൻ കളഞ്ഞവർ, ഒരുപക്ഷെ ഗാന്ധിജി പോലും രക്തസാക്ഷിത്വം വഹിച്ച ആളാണ്, അദ്ദേഹത്തിന് പോലും ഇന്ത്യാ വിഭജനത്തിൽ താൽപ്പര്യവും ഉണ്ടായിരുന്നില്ല . ഒരുപക്ഷെ പാക്കിസ്ഥാനിലോ ബംഗ്ലാദേശിലോ ഉള്ള മുസ്‌ലിം ജനസംഖ്യയെക്കാൾ ജനസംഖ്യ കൂടുതലുള്ള ഇന്ത്യയിൽ ചില കുടുംബങ്ങൾ അധികാരത്തിനു വേണ്ടി മറ്റൊരു രാജ്യമുണ്ടാക്കാൻ പോലും പ്രേരിപ്പിച്ചു. ബ്രിട്ടീഷിന്റെ ഭിന്നിപ്പിച്ച് ഭരിക്കൽ ഇവിടെ വിജയം കണ്ടതായും ബഷീർ കണ്ടെത്തുന്നുണ്ട്.

വീടിനു ചുറ്റുമുള്ള ഹിന്ദുക്കൾ എന്നാൽ കുടുംബത്തിലെ അംഗങ്ങൾ തന്നെയായിരുന്നു ബഷീറിനും അദ്ദേഹത്തിന്റെ കുടുംബത്തിനും. വളരെ രസകരമായാണ് ഒരിക്കൽ ഒരു ഹിന്ദു മുസ്‌ലിം ലഹളയുണ്ടാക്കാൻ അദ്ദേഹം ഇറങ്ങി പുറപ്പെടുന്നതും. വഴിയിലൂടെ പോയ നത്തു ദാമുവിനെ ഉപദ്രവിച്ചു കൊണ്ടാണ് ബഷീർ അതിനു തുനിഞ്ഞത്. എന്നാൽ നത്തു ദാമുവിനോട് ബഷീറിന് ചില പഴയ കണക്കുകളുമുണ്ട്, അത് ഒരു ഹിന്ദു എന്ന നിലയിലല്ല, മറിച്ചു തനിക്ക് എപ്പോഴും പാര വച്ച് വികൃതിത്തരങ്ങൾ വീട്ടിൽ വന്നു പറഞ്ഞു കൊടുക്കുന്ന ഒരാളോടുള്ള കുറുമ്പ്. എന്നാൽ നത്തു ദാമുവിനെ ഉപദ്രവിച്ചതിന്റെ പേരിൽ വീട്ടിൽ നിന്നും കണക്കിന് കിട്ടിയ ബഷീർ ഓർമ്മിപ്പിക്കുന്നത് ഇവിടെ ഉണ്ടായ പല ഹിന്ദു മുസ്‌ലിം ലഹളയുടെയും അടിസ്ഥാനപരമായ കാരണങ്ങളിലേക്കാണ്. പലപ്പോഴും അത്രയും നിസ്സാരമാക്കപ്പെട്ട കാരണങ്ങൾ കൊണ്ട് ഒരു നാട് മുഴുവൻ കത്തിയമരുമ്പോൾ എങ്ങനെയാണ് മതങ്ങളിൽ നന്മയും സ്നേഹവും പ്രസരിക്കുക.

ഹിന്ദു മതം വെടിഞ്ഞ് മുസ്‌ലിം മതം സ്വീകരിച്ചാലോ എന്ന ഐ.വി. ശശിയുടെ ചോദ്യത്തിന് ഇപ്പോൾ പുതിയ ആളുകളെ എടുക്കുന്നില്ല എന്നായിരുന്നു സരസമായ ബഷീറിന്റെ മറുപടി. ഏതു മതത്തിനെയും ബഹുമാനിക്കാനും അവരുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും സഹിഷ്ണുതയോടെ നോക്കിക്കാണാനും വനിതകൾക്ക് വിദ്യാഭ്യാസം നൽകാനും തന്നെയാണ് മുസ്‌ലിം വിശ്വാസം അനുശാസിക്കുന്നതെന്നും ബഷീർ ചൂണ്ടി കാട്ടുന്നു. ഒടുവിൽ ലോകാവസാനത്തെ കുറിച്ച് പറഞ്ഞാണ് ഓർമ്മയുടെ അറകൾ ബഷീർ അടച്ചു വയ്ക്കുന്നത്. സത്യസന്ധമായി ഒരു മതത്തെ കുറിച്ച് വായിക്കാൻ ബഷീർ സഹായിച്ചു എന്ന് തന്നെ പറയണം. നന്മയിലും സ്നേഹത്തിലും സഞ്ചരിക്കുന്ന ഏറ്റവും സഹിഷ്ണുതയുള്ളവരുടെ മതമായി സാക്ഷാൽ മുഹമ്മദ് നബി തന്നെ തുടങ്ങി വച്ച ഒരു വിശ്വാസം അതിന്റെ കൂടുതൽ ആഴത്തിലേയ്ക്ക് പഠിക്കാൻ ഇനിയും ബാക്കിയുണ്ടെന്ന് മനസ്സിലാക്കി തരുന്നുണ്ട് ഈ ഓർമ്മയുടെ അറകൾ. ഭീതിയോടെയല്ല, സ്നേഹത്തോടെ അവരെയും ചേർത്ത് പിടിക്കാൻ ഓർമ്മിപ്പിക്കുന്നുണ്ട് ബഷീറിന്റെ അനുഭവങ്ങളുടെ ഈ വായന.