വ്യവസ്ഥിതി തോൽപിക്കാൻ ശ്രമിച്ചവൻ വിദ്യാഭ്യാസമന്ത്രിയായ ജീവിതകഥ

കൊഴിഞ്ഞ ഇലകൾ മുഴുവൻ കാറ്റത്തു പറന്നുപോകുമോ എന്നു ചോദിച്ചതു പ്രഫ. ജോസഫ് മുണ്ടശ്ശേരി. കൊഴിഞ്ഞ ഇലകൾ എന്നു പേരിട്ട അദ്ദേഹത്തിന്റെ ആത്മകഥയുടെ ആമുഖത്തിലായിരുന്നു ചോദ്യം. ഉത്തരവും മുണ്ടശ്ശേരി തന്നെ പറഞ്ഞു. ഇല്ല. നല്ലൊരുഭാഗം കടയ്ക്കൽതന്നെ കിടന്നു പാകപ്പെട്ടു പുതിയ ഇലകൾ നാമ്പെടുക്കുന്നതിനു വളമായിത്തീരും.അത്തരം ഇലകളെ മാത്രമേ ഞാനിതിൽ അടിച്ചുകൂട്ടിയിട്ടുള്ളൂ. 

ആത്മവിശ്വാസത്തോടെ മുണ്ടശ്ശേരി പറഞ്ഞ വാക്കുകൾ സത്യമാണെന്നു ബോധ്യപ്പെടും അദ്ദേഹത്തിന്റെ ആത്മകഥ വായിച്ചാൽ. സാംസ്കാരിക–രാഷ്ട്രീയ–സാമൂഹിക വിഷയങ്ങൾ തുടങ്ങി അദ്ദേഹത്തിന്റെ ധിഷണ വ്യാപരിച്ച എല്ലാ ലോകങ്ങളുടെയും വരമൊഴി സാക്ഷ്യമായ കൊഴിഞ്ഞ ഇലകൾ പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിന്റെ അനുഭവസാക്ഷ്യം കൂടിയാണ്. ആദ്യ അധ്യായങ്ങളിലൊന്നിൽ തന്റെ പിൽക്കാല ജീവിതത്തെ രൂപപ്പെടുത്തിയ ഒരു സംഭവം മുണ്ടശ്ശേരി വിവരിക്കുന്നു.

'താരതമ്യേന ദരിദ്രനായിരുന്ന ഞാൻ രണ്ടും കൽപിച്ച് എട്ടാം ക്ളാസിൽപോയി ചേർന്നു. എന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം അതൽപം അധികപ്പറ്റായി. എന്നിരുന്നാലും അന്നത്തെ കണ്ടശ്ശാംകടവിലെ പൊതുജീവിതത്തിൽ എന്റെ ആ പ്രവൃത്തി ഒരു അവിവേകമോ അനീതിയോ ആയിപ്പോവുമെന്നു ഞാൻ കരുതിയില്ല. ഒരു ദിവസം ചങ്ങാതിമാരൊന്നിച്ചു ഞാൻ സ്കൂളിലേക്കുപോകും വഴി അങ്ങാടിയിൽ എന്റെ തറവാട്ടുകാരൻ തന്നെയായ ഒരു പ്രമാണി തന്റെ മാളികയുടെ വരാന്തയിലിരുന്നുകൊണ്ട് ‘ഈ ചെക്കനും മറ്റും ഹൈസ്കൂളിൽ പഠിക്കാൻ എന്തുകാര്യം’ എന്നുറക്കെ പറയുന്നതായി കേട്ടു. ഞാൻ പിന്നോക്കം തിരിഞ്ഞുനോക്കി. ആ മനുഷ്യൻ അവിടെയുണ്ട്. വീണ്ടും പറഞ്ഞു അയാൾ ‘അതേ നിന്നെപ്പറ്റിത്തന്ന്യാ പറഞ്ഞത്’. എന്റെ അസ്ഥിബന്ധങ്ങൾപോലും ഇളകി. അപ്പോൾതന്നെ അങ്ങോട്ടുകയറി അയാളോടു തർക്കിച്ചാലോ എന്നു തോന്നി. പക്ഷേ, ഫസ്റ്റ് ബെൽ അടിച്ചുകഴിഞ്ഞിരുന്നതിനാൽ കൂട്ടുകാരുടെ പിന്നാലെ ഞാൻ ക്ളാസ്മുറിയിലേക്കു നടന്നു. ആ സംഭവം എനിക്കൊരു ഇടിവെട്ടായിരുന്നു. പണമില്ലാത്തവന് ഉയർന്ന ക്ളാസിൽ ചേർന്നു പഠിക്കാൻ വയ്യെന്നോ, ബുദ്ധിയുണ്ടായാൽപ്പോലും?. അന്നു ഞാൻ പ്രതിജ്ഞ ചെയ്തു: ഉയർന്നു പഠിച്ചേ ഇരിക്കൂ എന്ന്. മാത്രമല്ല ബുദ്ധിയുണ്ടായാൽ ആർക്കും എവിടെക്കയറിയും പഠിച്ചുപാസാവാൻ ഒക്കണം എന്നുള്ള ഒരു പുതിയ നീതിക്കുവേണ്ടി ഭാവിയിൽ ചെയ്യാവുന്നതൊക്കെ ചെയ്യണം എന്നൊരു വാശി താനേ ഉളവാകുകയും ചെയ്തു. അതിനുശേഷം പണത്തിന്റെപേരിൽ മാത്രം വലിയവൻമാരാകാൻ നോറ്റിട്ടുള്ളവരെ ധിക്കാരികളാക്കുന്ന സാമൂഹ്യനീതിയോട് എനിക്കൊരസഹിഷ്ണുതയും വളർന്നുവശായി.'

പ്രഫ. ജോസഫ് മുണ്ടശ്ശേരി

കൊഴിഞ്ഞ ഇലകൾ ആദ്യം മൂന്നു ഭാഗങ്ങളായാണു പ്രസിദ്ധീകരിച്ചത്. 1978–ൽ മൂന്നുഭാഗങ്ങളും ഒരുമിച്ചു പ്രസിദ്ധീകരിച്ചു. ആ പുസ്തകത്തിന്റെ പുതിയ പതിപ്പാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്. മനുഷ്യജീവിതത്തിനു ചെന്നെത്താൻ കഴിയുന്ന ഒട്ടെല്ലാ രംഗങ്ങളിലും മുണ്ടശ്ശേരിയുടെ പ്രതിഭ വെളിച്ചം ചൊരിഞ്ഞിട്ടുണ്ടെങ്കിലും എഴുത്തുകാരനെന്ന നിലയിലാണ് അദ്ദേഹത്തിന്റെ കർമസൂര്യൻ ഏറെത്തിളങ്ങിയത്. ഏറ്റവും നല്ല ഉദാഹരണം ആത്മകഥ തന്നെ. 

പണ്ഡിതൻ, വാഗ്മി, പത്രാധിപർ, അധ്യാപകൻ, ഭരണകർത്താവ് എന്നീ നിലകളിൽ അരനൂറ്റാണ്ടുകാലം കേരളത്തിന്റെ സാമൂഹിക സാംസ്കാരിക ജീവിതത്തിൽ നിറഞ്ഞുനിന്ന പ്രഫ.മുണ്ടശ്ശേരിയുടെ സ്മരണകളുടെ പുസ്തകം മലയാളത്തിനു ലഭിച്ച ഒരപൂർവ നിധിയാണ്. വരുംതലമുറകൾ ആദരവോടുകൂടി വായിച്ചുമനസ്സിലാക്കേണ്ട കഴി‍ഞ്ഞകാലത്തിന്റെ ചരിത്രം. കേരളത്തിലെ ഏറ്റവും സജീവമായ ഒരു കാലഘട്ടത്തിന്റെ സാക്ഷിയുടെ ജീവിതം കൂടിയാണിത്. ഇന്നത്തെ ജീവിതത്തെ കഴിഞ്ഞകാലം എങ്ങനെ രൂപപ്പെടുത്തിയെന്നു മനസ്സിലാക്കാനും ഉപകരിക്കുന്ന ആത്മകഥ. വി.ടി.ഭട്ടതിരിപ്പാടിന്റെ കിനാവും കണ്ണീരും പോലെ ഒരു സമുദായത്തെ നേർക്കുനേർ നിർത്തി പ്രക്ഷോഭത്തിന്റെയും സമരത്തിന്റെയും എതിർപ്പിന്റെയും അഗ്നിജ്വാലകൾക്കു തിരികൊളുത്തുകയാണു മുണ്ടശ്ശേരി. തെറ്റും അനീതിയും അന്ധവിശ്വാസവും കീഴ്‍വഴക്കങ്ങളും ഇഛാശക്തിയാൽ ഒരു മനുഷ്യൻ തട്ടിമാറ്റുകയാണ്. ഇന്നും എന്നും പ്രചോദിപ്പിക്കുന്ന, ജീവിതത്തിന്റെ മൂല്യങ്ങളെ രൂഢമൂലമാക്കുന്ന അക്ഷയഖനിയാണ് കൊഴിഞ്ഞ ഇലകൾ.