മനുഷ്യാവസ്ഥകളുടെ ഭിന്നമുഖങ്ങള്‍ പറയുന്ന കഥകള്‍

ഓരോ എഴുത്തുകാരനെയും അടയാളപ്പെടുത്തുവാന്‍ ചില ദേശങ്ങളുണ്ട്. താന്‍ ജീവിച്ചതും അനുഭവിച്ചതുമായ ഭൂമികയുടെ വെള്ളിവെളിച്ചങ്ങള്‍ അയാളുടെ രചനയുടെ വഴികളില്‍ വിളക്കുമരങ്ങളായി മാറാറുണ്ട്. കണ്ടുമുട്ടിയ വ്യക്തികള്‍.. പരിചയത്തിലായ അനുഭവങ്ങള്‍.. സാഹചര്യങ്ങള്‍.

ഇങ്ങനെ ദേശം എഴുത്തിന്റെ ലോകവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന രചനകള്‍ എല്ലാ ഭാഷയിലുമുണ്ടായിട്ടുണ്ട്. മലയാളത്തില്‍ തകഴിക്ക് കുട്ടനാടായും എംടിക്ക് വള്ളുവനാടായും എസ് കെയ്ക്ക്  കോഴിക്കോടായും ഒ വി വിജയന് ഖസാക്കായും അത്തരം ദേശങ്ങൾ നാം അനുഭവിച്ചിട്ടുമുണ്ട്.
 

എന്നാല്‍ വടകരക്കാരനായ പുനത്തില്‍ കുഞ്ഞബ്ദുള്ളയെ അടയാളപ്പെടുത്തിയിരിക്കുന്ന ദേശം അലിഗഡാണ്. ഉത്തര്‍പ്രദേശിലെ അലിഗഡ്. പുനത്തിലിന്റെ കഥാപ്രപഞ്ചത്തില്‍ നിറഞ്ഞുനില്ക്കുന്ന ലോകമാണ് അലിഗഡ്. അദ്ദേഹം  വൈദ്യപഠനത്തിനായി തിരഞ്ഞെടുത്ത സ്ഥലം അതായിരുന്നു.  1962 മുതല്‍ 1971 വരെ അദ്ദേഹം അവിടെ വിദ്യാര്‍ത്ഥിയായിരുന്നു.

ഈ കാലത്തിന്റെ തിരുശേഷിപ്പുകളായി അദ്ദേഹം എഴുതിയ കഥകളുടെ സമാഹാരമാണ് അലിഗഡ് കഥകള്‍. അലിഗഡ് പശ്ചാത്തലമുള്ളവയും കുഞ്ഞബ്ദുള്ള അലിഗഡിലായിരുന്ന കാലത്ത് എഴുതിയവയുമാണ് ഈ കഥകള്‍ എന്നാണ് കഥകളെ സമാഹരിച്ച ഡോ. മിനി പ്രസാദിന്റെ ആമുഖവരികള്‍. എത്രയോ പേര്‍ പ്രശസ്തരും അപ്രശസ്തരും അലിഗഡിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും ഇത്രയേറെ അലിഗഡിനെക്കുറിച്ച് കുഞ്ഞബ്ദുള്ളയല്ലാതെ മറ്റാരും എഴുതിയിട്ടില്ലെന്നും മിനി പ്രസാദ് പറയുന്നുണ്ട്.

ഒരേ സമയം ഡോക്ടറും എഴുത്തുകാരനുമായതുകൊണ്ട് കുഞ്ഞബ്ദുള്ളയുടെ മിക്ക രചനകളിലും തന്റെ പ്രഫഷനും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കടന്നുവരാറുണ്ട്. മരുന്ന് പോലെയുള്ള വിഖ്യാതരചനയെയും ഇവിടെ ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു. അലിഗഡ് കഥകള്‍ക്ക് പശ്ചാത്തലമൊരുക്കുന്നതും ഇതേ ലോകം തന്നെ.

മൗലാനാ ഇനാം ഖുറൈഷി എന്ന കഥ എഴുതാനിടയായ സാഹചര്യത്തെക്കുറിച്ച് കഥാകൃത്ത് വിവരിക്കുന്നത് ഇങ്ങനെയാണ്....
 

മൗലാനാ ഇനാം ഖുറൈഷി എന്റെ ജൂനിയര്‍ വിദ്യാര്‍ത്ഥിയായിരുന്നു. ബീഹാറുകാരന്‍. വലിയ മതഭക്തനായിരുന്നു ഖുറൈഷി. റാഗിങിന്റെ ഭാഗമായി സീനിയേഴ്‌സ് മൗലാനയുടെ താടി വടിച്ചു. പിറ്റേന്നു മുതല്‍ ഖുറൈഷി കോളജിലേക്ക് വന്നില്ല.വീട്ടിലും എത്തിയില്ല. എവിടേയ്ക്ക് പോയി എന്ന് ആരും അന്വേഷിച്ചില്ല. എത്ര മാത്രം കഷ്ടപ്പെട്ട് പഠിച്ചിട്ടാണ് ഒരാള്‍ക്ക് എംബിബിഎസ് അഡ്മിഷന്‍ കിട്ടുന്നത്. എന്നിട്ട് പെട്ടെന്നൊരു ദിവസം ഉപേക്ഷിച്ചുപോവുക.. ആ സംഭവം എന്റെ ഉള്ളില്‍ നീറിക്കിടന്നിരുന്നു. ഫൈനല്‍ പരീക്ഷ അടുത്തെത്തി. ഹോസ്റ്റല്‍ മുഴുവന്‍ പഠിപ്പിന്റെ അന്തരീക്ഷത്തിലാണ്. ക്ലാസില്‍ നന്നായി ശ്രദ്ധിക്കുക. പരീക്ഷാക്കാലം വന്നാല്‍ തല കുത്തി മറിഞ്ഞ് പഠിക്കുക എന്നതാണ് എന്റെ രീതി. പഠിക്കാനിരിക്കുമ്പോള്‍ ഇനാം ഖുറൈഷി വന്ന് ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. പുസ്തകങ്ങള്‍ മാറ്റിവച്ച് ഞാന്‍ പേപ്പറിന് മുന്നിലിരുന്നു.മുഷിഞ്ഞ വസ്ത്രവും മുഷിഞ്ഞു ക്ഷീണിച്ച മനസ്സുമായി മൗലാനാ ഇനാം ഖുറൈഷി വണ്ടിയില്‍ വന്നിറങ്ങി എന്നെഴുതി ഞാന്‍ കഥതുടങ്ങി. പുലര്‍ച്ചെ മൂന്നുമണിക്കാണ് കഥയെഴുതിത്തീരുന്നത്.

ഇങ്ങനെയൊരു പശ്ചാത്തലം മനസ്സിലാക്കിക്കൊണ്ട് കഥയിലേക്ക് പ്രവേശിക്കുമ്പോള്‍ അതേറെ ഹൃദ്യമായി മാറുന്നു.
 

ഇപ്രകാരം അലിഗഡിലെ ഓരോ കഥകളിലൂടെയും കടന്നുപോകുമ്പോള്‍ ആ ദേശവും അവിടത്തെ സംസ്‌കാരവും നാസികത്തുമ്പിലെത്തുന്ന ഗന്ധം പോലെ നാം തിരിച്ചറിയുന്നു. പ്രതിജനഭിന്നവിചിത്രമായ ജീവിതവും മനുഷ്യാവസ്ഥകളും സംസ്‌കാരങ്ങളും നമ്മുക്ക് അത്ഭുതമുണര്‍ത്തുന്ന ലോകമായി മാറുന്നു. മനുഷ്യന്റെ നിസ്സഹായാവസ്ഥകളും അവന്റെ ബലഹീനതകളുമാണ് ഈ കഥകളുടെയെല്ലാം കരുത്ത്.

കാമുകിയുടെ ശവശരീരം ഡിസ്‌ക്കഷന് വയ്ക്കുന്ന ഒരുവന്റെ ഗതികേടും കാമുകനെ മെഡിക്കല്‍ പരീക്ഷയ്ക്ക് ജയിപ്പിക്കാനായി നിസ്സഹായതയോടെ അധികാരിക്ക് കീഴടങ്ങിക്കൊടുക്കേണ്ടിവരുന്നവളും സ്വന്തം അനുജന്റെ കൊലയാളിക്കനുകൂലമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെഴുതേണ്ടിവരുന്ന പോലീസ് സര്‍ജനുമെല്ലാം നമ്മോട് പങ്കുവയ്ക്കുന്നത് ഓരോരോ അവസ്ഥകളില്‍ നാം എല്ലാവരും നിസ്സഹായരാണെന്നുതന്നെയാണ്. ഈ കഥകളുടെ മറ്റൊരു തലം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ആത്യന്തികമായി നാം എല്ലാവരും കടന്നുപോകേണ്ട മരണം എന്ന അവസ്ഥയെകുറിച്ചാണ്. രോഗവും ആരോഗ്യവും തമ്മില്‍ കൂട്ടിമുട്ടുകയും പോരടിക്കുകയും ചെയ്യുന്ന ആശുപത്രിഗന്ധമുള്ള ഈ കഥകളില്‍ അവ കടന്നുവരുന്നത് വളരെ സ്വഭാവികവുമാണല്ലോ?
 

എന്നെ ശ്മശാനത്തിലേക്ക് നയിക്കുന്ന ഞാന്‍ എന്ന കഥയുടെ തുടക്കം ഇങ്ങനെയാണ്.
 എന്റെ ഭാര്യയുടെ മൃതശരീരം, രണ്ടു കൊല്ലത്തിലധികം ഞങ്ങള്‍ ഒരുമിച്ച് കിടന്നുറങ്ങിയ ഒരു കട്ടിലില്‍ അന്ത്യകര്‍മ്മങ്ങളും കാത്തുകിടക്കുകയാണ്. കട്ടിലിന്റെ കാലുകള്‍ നിലം തൊട്ടിരുന്നില്ല. ഉറുമ്പില്‍ നിന്ന് മൃതദേഹം രക്ഷിക്കാനായി ഒഴിഞ്ഞ അമൂല്‍ പാല്‍പ്പൊടിയുടെ തകരപ്പാട്ടകളില്‍ നിറച്ചുവെച്ച വെള്ളത്തില്‍ കട്ടില്‍ക്കാലുകള്‍ സ്‌നാനം ചെയ്തുകിടക്കുകയായിരുന്നു. ഞങ്ങളുടെ കുഞ്ഞാണ് ആ തകരപ്പാട്ടകളില്‍ പണ്ടുണ്ടായിരുന്ന അമുല്‍ മുഴുവന്‍ കുടിച്ചുതീര്‍ത്തത്. മൃതശരീരം വീട്ടുമുറ്റത്തായിരുന്നു. ഞാന്‍ വീട്ടിനകത്തും..

13 കഥകള്‍ക്ക് പുറമെ അലിഗഢിലെ തടവുകാരന്‍ എന്ന നോവലും കൂടി ചേര്‍ത്തിട്ടുണ്ട് ഈ സമാഹാരത്തില്‍. ഏതു കാലത്ത് എഴുതിയത് എന്നതല്ല ഏതുകഥയിലും ജീവിതം എത്രമാത്രമുണ്ട് എന്നതാണ് എല്ലാ കഥകളെയും കാലാതിവര്‍ത്തിയാക്കുന്നത് എന്ന് ഓര്‍മ്മപ്പെടുത്തുന്ന കൃതിയാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ അലിഗഢ് കഥകള്‍. 

Read more on Book Review Literature