Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീരാവിഭവങ്ങളുമായ് കല്ലടുപ്പുകൾ, കൊതിപ്പിക്കും ഈ പുസ്തകം

ഓരോ വീടിനും ഓരോ രുചിയാണ്. ഓരോരോ അമ്മ രുചികൾ. ഇല്ലായ്മകളുടെ, സമൃദ്ധികളുടെ, ഇടയ്ക്കൊക്കെ വിരുന്നുവന്നു പോകുന്ന ആഘോഷങ്ങളുടെ, അങ്ങനെ അങ്ങനെ പല രുചികൾ. ചിലപ്പോൾ രുചികൾ നാവിന്റെ രസമുകുളങ്ങൾക്കപ്പുറം കടന്നു മനസ്സു തൊടുന്നു. ദേശങ്ങൾക്കും കാലങ്ങൾക്കും അപ്പുറം കടന്നെത്തി ചില രുചികൾ വീട്ടിലേയ്ക്കുള്ള വഴി ഓർമ്മിപ്പിക്കുന്നു. 

കഴിഞ്ഞ അറുപതു വർഷത്തിനുള്ളിൽ കേരളത്തിലുണ്ടായ അടുക്കളമാറ്റത്തിന്റെ വിപുലമായ ചരിത്രത്തെ ആവശ്യമായ ചേരുവകളെല്ലാം പാകത്തിന് ചേർത്ത്, ശരിയായ വേവിൽ പാകപ്പെടുത്തി എടുത്ത പുസ്തകമാണ് വി.ആർ ജ്യോതിഷിന്റെ കല്ലടുപ്പുകൾ. മലയാളിയുടെ കൊരണ്ടിപ്പലകയ്ക്കു മുന്നിൽ നിന്ന് അപ്രത്യക്ഷമായ നൂറ് കണക്കിന് രുചികൾ, അടുക്കളയുടെ പടിയിറങ്ങിപോയ പരമ്പരാഗത പാചക ഉപകരണങ്ങൾ, അടുക്കളയുമായി ബന്ധപ്പെട്ട പ്രയോഗങ്ങൾ, അടുക്കള ഓർമ്മകൾ എന്നിങ്ങനെ പലവിധ വിഭവങ്ങൾ ഉൾച്ചേരുന്ന ഒരു സദ്യയാണ് കല്ലടുപ്പുകൾ എന്ന പുസ്തകം. 

അടുക്കളയുടെ ചരിത്രത്തെകുറിച്ച് കൂടുതൽ എന്ത് പറയാൻ എന്ന മുൻവിധി മറന്നേക്കു. ചരിത്രം പറഞ്ഞു തുടങ്ങേണ്ടത് അവിടെ നിന്നാണ്. മനുഷ്യൻ തീ കൂട്ടി തുടങ്ങിയിടത്ത്, തീയിൽ ആഹാരം വേവിച്ചു തുടങ്ങിയിടത്ത്, അവിടെയാണ് ചരിത്രം ആരംഭിക്കുന്നത്. ആഹാരാവശ്യത്തിനാണ് അവൻ കൃഷി ചെയ്തു തുടങ്ങിയത്. കാലമെത്ര കഴിഞ്ഞാലും മനുഷ്യന്റെ പ്രാഥമിക ആവശ്യവും അന്നം തന്നെ. ആ ചരിത്രവഴികളിൽ കേരളം പിന്നിട്ട അറുപതു വർഷങ്ങളെ അടയാളപ്പെടുത്തുകയാണ് വി.ആർ. ജ്യോതിഷ്. അതിൽ കേരളത്തിന്റെ ചരിത്രം ഉൾച്ചേരുന്നു, വായനക്കാരന്റെ ഓർമ്മകൾ ഉൾച്ചേരുന്നു. 

നമ്മുടെ അടുക്കളകളിൽ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, ആ ഉപകരണങ്ങളിൽ വന്ന മാറ്റങ്ങൾ, പരിപൂർണ്ണമായും ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ, അതിന് പകരം വന്ന ഉപകരണങ്ങൾ– എല്ലാം ഈ പുസ്തകത്തിൽ വിഷയങ്ങളാകുന്നുണ്ട്. പഴയ കല്ലടുപ്പുകളും അതിനെ 'റീ ഇൻഫോഴ്സ്മെന്റ് ' ചെയ്യുന്ന പാതാംപുറവും, (പാതകം) പാലും തൈരും മറ്റും സൂക്ഷിച്ചിരുന്ന ഉറികളും, തേങ്ങ തിരുമ്മുന്ന ചിരവയും, മലക്കറി അരിയാനും മീൻ വെട്ടാനും ഉപയോഗിച്ചിരുന്ന വിവിധതരം പിച്ചാത്തികളും, നാളികേരം പൊതിക്കാൻ ഉപയോഗിച്ചിരുന്ന വെട്ടുകത്തിയും, നെല്ലു പുഴുങ്ങാൻ ഉപയോഗിച്ചിരുന്ന ചെമ്പും, പായസവും പ്രത്യേകതയുള്ള കറികളും പാചകം ചെയ്യാൻ ഉപയോഗിച്ചിരുന്ന ഉരുളികളും, പുഴുങ്ങിയ നെല്ല് ഉണക്കാനുപയോഗിച്ചിരുന്ന ചിക്കുപായയും, ഉരൽപ്പുരയും അവിടെയുള്ള പലതരം ഉരലുകളും ... ഇങ്ങനെ പുസ്തകം വായിച്ചപ്പോൾ തന്റെ മനസ്സിൽ ഒരു പ്രദർശന ശാല തന്നെ തുറന്നുവെന്ന് ശ്രീകുമാരൻ തമ്പി പുസ്തകത്തിന്റെ ആമുഖ കുറിപ്പിൽ പറയുന്നു. 

മറവിയുടെ മാറാലകൾ മൂടിയ പലതിനെയും പൊടിതട്ടി പുറത്തിടുന്നുണ്ട് ഈ പുസ്തകം. പഴയ തലമുറയ്ക്ക് ഓർമ്മകളുടെ ഒരു രസക്കൂട്ട്, പുതിയ തലമുറകൾക്ക് ഇന്നലകളെ അടുത്തറിയാൻ ഒരു ചരിത്രപുസ്തകം. അതാണ് കല്ലടുപ്പ്. 

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review