Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേർരേഖയിൽ പറഞ്ഞാൽ കേൾക്കാൻ കഴിയുന്നത്!

വക്കുപൊട്ടിയ കവിതകൾ ഹൃദയം പൊട്ടിയടർന്ന ആത്മാവിന്റെ കുറിപ്പടികൾ പോലെയുണ്ടാകും എന്നാരോ പറഞ്ഞു. ഓരോ കവിതയും ഉണ്ടായി വരുന്നത് എങ്ങനെയാണ്? ഈ ചിന്ത വളരെ നിഗൂഢമാണ്, ആന്തരികാർഥങ്ങൾ തിരയുന്നതാണ്, കാരണം കവിതകൾ എങ്ങനെ ഉണ്ടായി വരുന്നു എന്നതിന് ഉത്തരങ്ങൾ ലഭിക്കുക അത്ര എളുപ്പമല്ല, അനുഭവങ്ങളുടെ തീക്ഷ്ണ നേരങ്ങളും ഭാവനയുടെ മെനഞ്ഞു കെട്ടിയ മണിമന്ദിരങ്ങളും, നേരറിവുകളുടെ ആഴത്തിലുള്ള മനനങ്ങളും..., അങ്ങനെ എന്തു വേണമെങ്കിലുമാകാം കവിതകൾക്ക് നിദാനം. അപ്പോൾ പിന്നാമ്പുറം തിരയേണ്ടതില്ല, വായന മാത്രം നടത്തുക എന്നതാണ് പൊതുവിലുള്ള അർഥം. "നേർരേഖയിൽ പറഞ്ഞാൽ" എന്ന മഞ്‍ജു ഉണ്ണികൃഷ്ണൻ എഴുതിയ കവിത സമാഹാരം ഇത്തരത്തിൽ തിരഞ്ഞു കണ്ടെത്തലുകൾ അസാധ്യമാക്കുന്ന ഒരു കൃതിയാണ്. 

"രക്ഷിച്ചെടുക്കാൻ ഉപേക്ഷിക്കുകയല്ലാതെ വേറെ വഴിയില്ലാത്ത ഒരു മനസ്സിന്റെ വഴികൂടിയാണ് കവിത. ഓരോ മഞ്ഞുകാലവും ഉള്ളിലൊരു ചിതയേറിച്ച് ആട്ടിയകറ്റിക്കൊണ്ടിരിക്കുമ്പോൾ താൻ വിധേയപ്പെട്ടു പോകുമായിരുന്ന ഒരു ശൈത്യത്തെ പ്രതിരോധിക്കുകയാണ് ഈ കവിതാ ഉടലിലൂടെ മഞ്‍ജു.", എന്ന് കവിതാ സമാഹാരത്തെ കുറിച്ച് ആമുഖത്തിൽ കൽപ്പറ്റ നാരായണൻ മാഷ് അഭിപ്രായപ്പെടുന്നു. സാധാരണ നേരെ വാ നേരെ പോ എന്ന ശൈലിയിലല്ല മഞ്ജുവിന്റെ കവിതയെഴുത്ത്, അവ ഒരു ബോട്ടിൽ കയറ്റി കടൽ മുഴുവൻ കറങ്ങിയടിച്ചു വീണ്ടും വന്നിടത്തല്ലാതെ മറ്റൊരു കരയിലേക്ക് ചെന്ന് കയറുന്നു, പിന്നെ അവിടെ പഴയ പോലെയൊരു ജീവിതം ആദ്യം മുതൽ തുടങ്ങുന്നു. ഓരോ കവിതയും അതുപോലെ സ്വതന്ത്രമായ ഓരോ യാത്രകൾ ആകുന്നിടത്താണ് മഞ്ജു ഉണ്ണികൃഷ്ണൻ എന്ന എഴുത്തുകാരി അടയാളപ്പെടുന്നത്.

ജീവിതം, പ്രണയം, നിരാസങ്ങൾ, വരി ചിതറിപ്പോയ കവിതകൾ, അതുപോലെയൊരു മുറിവ് പറ്റിയ ഹൃദയം, എല്ലാം നേർരേഖയിൽ തന്നെ എഴുത്തുകാരി പറഞ്ഞു പോകുന്നു. ഓരോ ഹൃദയങ്ങൾക്കും സമാന്തരമായി അതെ പോലെ സഞ്ചരിക്കുന്ന മറ്റൊരു ഹൃദയമുണ്ടാകും. ആ സമാന്തര രേഖയാണ് ഓരോ എഴുത്തുകാർക്കും അവരുടെ വാക്കുകൾ, ഇത് വായിക്കൂ,

"വിരൽ മരവിച്ചിട്ടും

വാക്ക് തീ പിടിച്ചിട്ടും

നമുക്കിടയിൽ സമയം

മഞ്ഞുറഞ്ഞു പോയ്.

അക്ഷരം വാക്കാകാതെ

പിരിഞ്ഞും ഇഴഞ്ഞും...."

"യാത്ര" എന്ന കവിത ഇങ്ങനെ പോകുന്നു. പൊയ്ക്കാൽ കുതിരയുടെ പുറത്തു കയറി കാടും മാലയും കുന്നും കയറി ചെല്ലുന്നത് ശലഭങ്ങളുടെ കൂട്ടിലേക്കാണ്, ഉറഞ്ഞു പോയ വാക്കുകൾ അപ്പോഴേക്കും ഊർജ്ജം വീണ്ടെടുത്ത് കൂട്ടിച്ചേർക്കപ്പെടുമെന്ന പ്രതീക്ഷ നിലനിർത്തുന്നുണ്ട് അവിടെ. വിറച്ചു പോകാവുന്ന മാനസിക തലത്തിൽ നിൽക്കുമ്പോഴും ഒരു മെഴുകുതിരി നാളം എവിടെയൊക്കെയോ അലയുന്നത് തിരിച്ചറിയാൻ എഴുത്തുകാരിയിലെ പ്രതീക്ഷാ നിർഭരമായ മനസ്സിന് കഴിയുന്നുണ്ട്.  

"കാലാകാലങ്ങളിൽ മേശവലിപ്പ് തുറക്കുമ്പോൾ ", എന്നൊരു കവിതയുണ്ട്, ഓരോ കാലങ്ങളിലും മനുഷ്യന്റെ ഹൃദയം കുത്തിത്തുറന്ന് നോക്കുമ്പോൾ അതിൽ കാലങ്ങളോളം അവശേഷിച്ചിരിക്കുന്ന ചില ചിത്രങ്ങളാണ് അവ പറയുന്നത്. പഴയ പാവ, ചക്രം പോയ ഒരു പഴകിയ മണമുള്ള വണ്ടി, അങ്ങനെ തുടങ്ങി, പിന്നീട് വിപ്ലവ താളുകളും തീപ്പെട്ടിയും വളകളും കത്തും പിന്നെയത് ശമ്പളത്തിന്റെ കണക്കും പലചരക്കും ഒക്കെ ആയി മാറുന്നു. ഓരോന്നിലും കയറിയിറങ്ങി ജീവിതം മിന്നൽ പോലെ തിളങ്ങുന്നു. പിന്നെ അതും പഴകിയ ഓർമ പോലെ നെഞ്ചിന്റെ പുസ്തകത്തിൽ വിങ്ങലുകളായി അവശേഷിക്കുന്നു.

"ഓരോ കാലത്തിനും

ഓരോ

ചിത്രങ്ങൾ

നിങ്ങൾക്ക് ഇഷ്ടമുള്ളതിൽ കയറി

ഇരിക്കാം

ഇതെല്ലാം 

എന്റേത് എന്ന് 

വിളിച്ചു പറയാം "

എപ്രകാരമാണ് രണ്ടു മനുഷ്യർ ഇല്ലാതെയാകുന്നത്?

"ഒരു നിമിഷാർദ്ധ കാഴ്ച കൊണ്ട്-

മനസ്സിൽ പച്ച കുത്തുന്നു.

നിന്റെ നോട്ടത്തിലൂടെ

തൂക്കു പാലത്തിലൂടെ

നിന്നിലേയ്ക്കും

എന്നിലേയ്ക്കും

ഉലാത്തുന്നു.

ഇപ്രകാരമാണ്,

ഒരു സിഗ്നൽ വീഴും

സമയത്തിനിടയിൽ

കിഴക്കോട്ടും

പടിഞ്ഞാട്ടും

സഞ്ചരിക്കുന്ന രണ്ടുപേർ

കാണാതെ കാണുന്നത്"

സിഗ്നൽ എന്ന കവിത മനുഷ്യന്റെ മനസ്സിന്റെ വെളിപാടുകളെ കുറിച്ച് പറയുന്നു. ആ കവിത മനസ്സിലുണ്ടാക്കിയ ഒരു ചിത്രമുണ്ട്. രണ്ടു വരികളിലായി എതിരെ സഞ്ചരിക്കുന്ന മനുഷ്യർ ഒറ്റ നോട്ടമാകുന്നതിന്റെ പിന്നിലെ യാഥാർഥ്യമാണത്. ചില ഒറ്റ നോട്ടങ്ങളുടെ തീക്ഷ്ണത ആ കവിത പേറുന്നുണ്ട്. 

"നേർരേഖയിൽ പറഞ്ഞാൽ" എന്ന മഞ്ജു ഉണ്ണികൃഷ്ണന്റെ കവിത സമാഹാരത്തിലെ എല്ലാ കവിതകളും ഇത്തരത്തിൽ പരിചിതമെന്നു  തോന്നിപ്പിക്കുന്ന കാഴ്ചകളെ പേറുന്നവയാണ്. അതുകൊണ്ട് എത്രവായനയിലും ഈ പുസ്തകം വായിക്കാൻ കയ്യിലെടുക്കുന്ന വയനക്കാരനെ മുഷിപ്പിക്കില്ല. അതുതന്നെയാണ് വായനക്കാരന് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ വാക്കും!

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review