മരണത്തിനും ജീവിതത്തിനും ഇടയിൽ ഒരു പെണ്ണ്

പൂച്ചകൾ മനുഷ്യരെ പോലെ തന്നെയാണ്, അഥവാ മനുഷ്യസ്വഭാവത്തോട് ഏറെ അടുത്ത് നിൽക്കുന്നവയാണ്. അവ വീടിനുള്ളിൽ അടുപ്പിനരികിലും, സോഫയിലും, കിടപ്പുമുറികളിലും, വരാന്തകളിലും നമ്മളെ പോലെ തന്നെ സ്വതന്ത്രരായി, നിസ്സംഗരായി, അനായാസത്തോടെ ചരിക്കുന്നു. പൂച്ചകളെ മനുഷ്യന്റെ തിന്മകൾക്കൊക്കെ സാക്ഷിയാക്കി കൊണ്ടാണ് മഷ്‌റൂം ക്യാറ്റ്‌സ് മുന്നേറുന്നത്. ആഷ് അഷിതയുടെ ഈ നോവൽ എനിക്ക് തീർത്തും വ്യത്യസ്തമായ, അസ്വസ്ഥമായ വായനാനുഭവമാണ്. 

They lived happily ever after, എന്നൊരു വായനാനുഭവം അല്ലെങ്കിലും അങ്ങിനെയൊരു ഫീലിംഗ് ആഗ്രഹമുള്ളവർ ഈ നോവൽ വായിക്കേണ്ടതില്ല. എങ്ങിനെയൊക്ക കഥ പറയണമെന്ന് പറഞ്ഞു വച്ച സർവ സാമ്പ്രദായിക രീതികളെയും പൊട്ടിച്ചെറിഞ്ഞു കൊണ്ടാണ് ആഷ് അഷിത ഇതെഴുതിയിരിക്കുന്നത്. നോവൽ വായിച്ചു കഴിഞ്ഞപ്പോൾ എന്നെ വലം വച്ചൊരു പൂച്ച നടക്കുന്നുണ്ടായിരുന്നു. നോവലിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ പേരില്ലാപെൺകുട്ടിയുടെ കുളിമുറിയിൽ ഒളിഞ്ഞു നോക്കിയ, ഡ്രഗ് പെഡ്‌ലർ ആയ പെറ്റ്‌ലി പീറ്ററും കൂട്ടുകാരും കൂടി നിർദാക്ഷിണ്യം കൊന്നെറിഞ്ഞ അതേ പൂച്ച. 

"ഞാൻ മാവു. മരണാന്തര ജീവിതത്തിന്റെ അധിപനായ ഒസിറിസിന്റെ ശത്രുക്കളെ പേർസിയാ മരത്തിന്റെ അരികിൽ വച്ച് ഉന്മൂലനം ചെയ്ത പൂച്ച." അതങ്ങനെ വീണ്ടും പറഞ്ഞെന്നു കൂടെ എനിക്ക് തോന്നി. 

പൂച്ചയൊരു പ്രതീകമാണീ നോവലിൽ. പലയിടത്തും പൂച്ച പല മനുഷ്യ ജീവിതങ്ങളുടെ ഒരു സാക്ഷിയെ പോലെ പ്രത്യക്ഷപ്പെടുന്നുണ്ട്. പെറ്റ്‌ലി പീറ്ററിന്റെ വീടിനുള്ളിൽ പാതി തിന്ന പല്ലിയുടെ ശവം കൊണ്ടിടുന്ന, ഭ്രാന്തൻ പ്രൊഫസറുടെ ജല്പനങ്ങൾക്ക് കാതോർക്കേണ്ടി വരുന്ന, കെയ്‌റോയിലെ ഉദ്യാനത്തിൽ കഴിഞ്ഞിരുന്ന പൂച്ച (പൗരാണിക ഈജിപ്തിൽ പൂച്ചയെ പവിത്രമായി കണ്ട് ആരാധിച്ചിരുന്നു.)

ഇതിലെ പൂച്ച നമ്മളറിയാതെ നമ്മെ നോക്കി ഉലാത്തുന്നത് നോവൽ വായനയിൽ നമുക്കനുഭവപ്പെടുകയും ചെയ്യും. 

ലഹരി മരുന്ന് കച്ചവടവും, അതുപയോഗിക്കുന്ന മനുഷ്യരും അവരൊക്കെ ജീവിക്കുന്ന അഴുക്കു നിറഞ്ഞ ചേരികളുമാണ് നോവലിന്റെ പശ്ചാത്തലം. തുടക്കം മുതൽ ഒടുക്കം വരെ കറുപ്പ് പടർന്നു കിടക്കുന്ന നോവൽ.

നോവലിൽ കഥാപാത്രത്തിനൊരു പേര് പോലും നിർബന്ധമില്ലെന്ന് ഇത് വായിച്ചപ്പോഴെനിക്ക് ബോധ്യപ്പെട്ടു. പെൺകുട്ടിക്ക് പേരില്ലെന്ന വസ്തുത ഞാൻ ശ്രദ്ധിച്ചതു പോലുമില്ല. ഇതിൽ ആഷ് അഷിത ഉപയോഗിച്ചിരിക്കുന്ന ഭാഷയാണെന്നെ അത്ഭുതപ്പെടുത്തി കളഞ്ഞത്. യാതൊരു മൃദുലതയുമില്ലാതെ തീർത്തും കർക്കശവും, നിർദയവുമായി, എന്നാലങ്ങിനെ മാത്രമാണിതൊക്കെ പറയേണ്ടതെന്ന് ഓർമിപ്പിച്ചു കൊണ്ടൊരു ഭാഷ. 

"മയക്കത്തിന്റെ കുഴിയിലേക്ക്, അതെ ആഴത്തിലാഴത്തിൽ ആരോ ഇരുട്ട് കൊണ്ട് മൂടി വച്ച ഒരു ഗർത്തത്തിലേക്ക് വീണു പോകും മുമ്പ് മൂത്രം മണക്കുന്ന പടവുകളിൽ അവൾ മലർന്നു കിടക്കുന്നു. മുലകളിലൂടെ ലോഹത്തണുപ്പുള്ള എന്തോ ഒന്നിഴയുന്നു. ആരോ തീട്ടം മണക്കുന്ന ലെതർ ഷൂവിട്ട കാലു കൊണ്ട് കമിഴ്ന്നു കിടന്ന ശരീരത്തെ മലർത്തി വയ്ക്കുന്നു..." 

ഇത് പോലെ ഹൃദയഭേദകമായ അനേകം സന്ദർഭങ്ങൾ ഈ നോവലിലുണ്ട്. 

"കൊല ചെയ്യാൻ രാകിമിനുക്കി നിർത്തിയിരിക്കുന്ന കത്തിയാണ് മനുഷ്യൻ. അങ്ങനെയെങ്കിൽ ശ്വാസം നിലപ്പിക്കുന്ന കളിയാണ് നിങ്ങൾക്ക് ജീവിതം..." 

നമ്മളിൽ പലരും ജീവിക്കും പോലെ കെട്ടുറപ്പുള്ള വീട്ടിൽ, സംരക്ഷിക്കാനും, നിരീക്ഷിക്കാനും, ജാഗ്രതാ നിർദ്ദേശങ്ങൾ എത്തിക്കാനും ആളുകളുള്ള അവസ്ഥയിലല്ല ഇതിലെ പെൺകുട്ടി. അങ്ങിനെയൊരു കംഫർട്ട് സോണിൽ ഇരുന്ന് പ്രസംഗിക്കുന്നവർക്ക് കിട്ടുന്ന ആനുകൂല്യങ്ങളൊന്നും ഈ പെൺകുട്ടിക്ക് ഇല്ല. (ലോകത്തിലെ എത്രയോ പെൺകുട്ടികൾക്കുമെന്ന പോലെ). അവസരം കിട്ടിയാലവളെ എങ്ങിനെ ചൂഷണം ചെയ്യണമെന്നോർത്തു പിന്തുടരുന്ന കണ്ണുകൾ അവൾക്കു ചുറ്റുമുണ്ട്. ആരുടെ കൂടെയാണെങ്കിലും അയാളാരാണെന്ന ചോദ്യമവളെ സദാ ഉപദ്രവിക്കുന്നുണ്ട്. അവളുടെ അസ്തിത്വം തന്നെ അവളുടെ മനസ്സിലെ ചോദ്യചിഹ്നമാണ്. ജീവിതത്തിന്റെ ഒരൊറ്റ ബിന്ദുവിലും ഇവൾ രക്ഷപ്പെട്ടു പോയേക്കുമെന്ന തോന്നൽ പെൺകുട്ടിയുടെ കാര്യത്തിൽ നമുക്ക് വച്ചു പുലർത്താനാവുന്നില്ല. അതുകൊണ്ടു തന്നെ പെറ്റ്‌ലി പീറ്റർ ക്രൂരമായി ബലാത്സംഗം ചെയ്തവളെ പൂട്ടിയിടുമ്പോൾ നമ്മൾ അമ്പരക്കുന്നില്ല. ആ ദുരന്തത്തിന് ഈ നോവലിൽ അത്ര മേൽ സ്വാഭാവികത വന്നു ഭവിച്ചിട്ടുണ്ട്. 

നോവൽ തീരുവോളം കുപ്പിച്ചില്ലു കൊണ്ടാരോ ഹൃദയത്തിലങ്ങിങ്ങായി കോറി വരഞ്ഞു കൊണ്ടിരിക്കും, അതിൽ നിന്നും രക്തം കിനിഞ്ഞു നമ്മുടെ ഉടലുകളെ നനച്ചു കൊണ്ടിരിക്കും. ഇങ്ങനെയും ചില മനുഷ്യർ ഈ ലോകത്തുണ്ടല്ലോ എന്ന് പരിതപിക്കും. 

ഈയിടെ അമേരിക്കയിലെ ലോസ് അഞ്ചൽസിലെ ഒരു തെരുവിന്റെ വിഡിയോ കാണാനിടയായി. വീടില്ലാത്തവർ, റോഡിൽ ടെന്റ് കെട്ടി പാർക്കുന്നവർ, പരസ്പരം തെറി പറഞ്ഞു വഴക്കിടുന്നവർ, അവർ നടക്കുന്ന വൃത്തിഹീനമായ തെരുവുകൾ, അവരിൽ ചിലരുപയോഗിച്ചു വലിച്ചെറിഞ്ഞ മയക്കുമരുന്ന് സിറിഞ്ചുകൾ. 

എന്നുമെപ്പോഴും അംബരചുംബികളായ കെട്ടിടങ്ങളും, തിരക്കിട്ടോടുന്ന മനുഷ്യരും, ഇടയ്ക്കിടെ അവധി ആഘോഷിച്ചു ജീവിതം പരമാനന്ദമായി കൊണ്ടാടുന്ന മനുഷ്യരും മാത്രമുള്ള ലോകം വരച്ചിട്ട ലോസ് അഞ്ചൽസിൽ ഇങ്ങനൊരു ഇടമോ എന്നമ്പരന്നു പോയി. പ്രശസ്ത എഴുത്തുകാരി Chimamanda Ngozi Adiche ലക്ഷങ്ങൾ കണ്ട തന്റെ Ted Talk ൽ  പരാമർശിച്ചത് പോലെ The single story creates stereotypes and the problem with stereotypes is not that they are incomplete. They make one story become the only story. 

ഞാനീ വീഡിയോ കണ്ടപ്പോൾ ആഷ് അഷിതയുടെ പെൺകുട്ടിയെ ഓർത്തു. നോവലിൽ വരച്ചിട്ട അധോലോകവും, മയക്കുമരുന്നു ലോബികളെയും ഓർത്തു. നഗരങ്ങളെ കുറിച്ചു പറയുമ്പോൾ പറയാനുണ്ടായിട്ടും പലരും വിട്ട് പോയതൊക്കെ ഈ നോവൽ ഒരു പരിധി വരെ പൂരിപ്പിച്ചിട്ടുണ്ടല്ലോ എന്ന് സമാധാനിച്ചു. 

ഒരൊറ്റയിരുപ്പിൽ വായിച്ചു തീർക്കാവുന്ന നോവലെന്നത് മഷ്‌റൂം ക്യാറ്റ്‌സ്നെ സംബന്ധിച്ചു ഒരതിശയോക്തിയല്ല. ലഹരിയിൽ മുങ്ങി, ശരീരത്തിൽ പറ്റി പിടിച്ച ചോരക്കറ തൂത്തു കളഞ്ഞ് നിങ്ങളിരുന്നിടത്തു നിന്നെഴുന്നേൽക്കുമ്പോഴേക്കും നോവൽ തീർന്നിരിക്കും. പല തരത്തിൽ നിങ്ങൾക്കു മുന്നിൽ മരിച്ചു വീണവരുടെയൊക്കെ ചോര അവിടെ തളം കെട്ടി കിടപ്പുണ്ടെന്ന് നിങ്ങൾക്കു തോന്നും, അല്ല ആ ചൂട് നിങ്ങളനുഭവിക്കും. 

പെൺകുട്ടിയും, ബാബാജിയും, പെറ്റ്‌ലി പീറ്ററും, ബിയർ ക്യാൻ ക്യാറ്റ് എന്ന അപൂർവ വിഭവത്തിന്റെ കൂട്ട് പങ്കു വച്ച ഫിലിപ്പീൻസ്കാരിയുമൊക്കെ നിങ്ങളെ വിട്ട് പോകാതെ കൂടെയിരിക്കും. അവരൊക്കെ പോയാലും ഒരു ചത്ത പൂച്ച നിഴലുപോലെ നിങ്ങൾക്ക് പിറകെ മ്യാവൂ ശബ്ദവുമായി നടക്കും. കെട്ട മനുഷ്യരുടെ നാശം നിങ്ങളും കാണും...

"മനുഷ്യരുടെ അവസാനത്തെ യുദ്ധം തുടങ്ങിയിരിക്കുന്നു. ഗൂഢാലോചന നടത്തുന്ന ശവങ്ങള്‍. ആയുധം മിനുക്കുന്ന ശവങ്ങള്‍. പോരടിക്കുന്ന ശവങ്ങള്‍. പേ പിടിച്ചോടുന്ന ശവങ്ങള്‍. വഴിയരികില്‍ വീണു കിടക്കുന്ന ശവങ്ങള്‍. അധികം താമസിയാതെ, ചീഞ്ഞ മനുഷ്യരുടെ ശരീരങ്ങള്‍ നിറഞ്ഞ് നഗരം ഒരു വലിയ കാറ്റകൂംബ് ആയി മാറും. തുരങ്കമായി പിളർന്ന അതിന്റെ അടിവയറ്റിൽ എണ്ണിയാലൊടുങ്ങാത്ത അസ്ഥികൂടങ്ങൾ കുമിഞ്ഞു കൂടും..."

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review