രാകിമിനുക്കിയ പെൺകഥകൾ

തലച്ചോറില്ലാത്ത പെണ്ണുങ്ങള്‍ എന്നതൊരു വിശേഷണമായി ഒരിക്കല്‍ ചാര്‍ത്തിക്കിട്ടിയിട്ടുണ്ട് മലയാളിപ്പെണ്ണുങ്ങള്‍ക്ക്. സ്വന്തമായി ഒരു മുറിയില്ലാത്ത പെണ്ണിന്റെ അവസ്ഥ ചൂണ്ടിക്കാണിച്ച്, മുറിക്കുവേണ്ടി വെര്‍ജീനിയ വൂള്‍ഫിനെപ്പോലെയുള്ളവര്‍ ശബ്ദമുയര്‍ത്തിയിട്ടും ആ  വിശേഷണം ആഭരണമായി അണിയേണ്ടിവന്നു മലയാളി സ്ത്രീക്ക്. കപടസംരക്ഷണത്തിന്റെ ഭിത്തികള്‍ക്കുള്ളില്‍, അപകടങ്ങള്‍ക്കൊന്നും വിട്ടുകൊടുക്കാതെ കണ്ണിലെ കൃഷ്ണമണി പോലെ അവരെ ആണധികാരം പേടിപ്പിച്ചുനിര്‍ത്തി. സുഖഭോഗങ്ങള്‍ക്കുപിന്നാലെ കടിഞ്ഞാണില്ലാത്ത കുതിരയായി മേഞ്ഞുനടന്നു തിരിച്ചുവരുമ്പോള്‍ പതിവ്രതയായി കാത്തിരിക്കണം എന്ന ആജ്ഞയും പുറപ്പെടുവിച്ചു. പാതിവ്രത്യം മോഹിക്കുകയും പരിശുദ്ധി ആഗ്രഹിക്കുകയും എന്നാല്‍  എല്ലാ നിയമങ്ങള്‍ക്കും പുറത്ത് സ്വയം അവരോധിക്കുകയും ചെയ്തവര്‍ക്കുനേരെ നെഞ്ചു കീറി നേരു കാട്ടിയപ്പോള്‍ ജനിച്ചു പെണ്ണെഴുത്ത്. പെണ്ണ് എഴുതിയതുകൊണ്ടല്ല പെണ്ണിന്റെ സവിശേഷ അനുഭവങ്ങള്‍ അതിന്റെ എല്ലാം തീവ്രതയോടെയും ആവിഷ്ക്കരിക്കപ്പെട്ടപ്പോള്‍. തലച്ചോറില്ലെന്ന അപമാനത്തിനുപകരം തങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും അറിയുന്നുണ്ടെന്നും വെളിപ്പെടുത്തലുകള്‍ വിരല്‍ത്തുമ്പുകളില്‍ അക്ഷരങ്ങളായി വിടരുകയാണെന്നും സൗമ്യമെങ്കിലും ധീരമായി പ്രഖ്യാപിച്ചപ്പോള്‍. 

സാറാ ജോസഫിന്റെ കുടുംബിനി അങ്ങനെയാണു മുടിയഴിച്ചിട്ടത്. മുടിത്തെയ്യമായി ഉറഞ്ഞത്. ഗ്രേസിയുടെ പാര്‍വതി പടിയിറങ്ങിപ്പോയത്. വത്സലയുടെ കാമുകിമാര്‍ അടിവാരങ്ങളില്‍നിന്നെത്തി കാത്തുനിന്നിട്ടു വന്നയിടത്തേക്കുതന്നെ തിരിച്ചുപോയത്. മധ്യവയസ്സുപോലും എത്തുന്നതിനുമുമ്പേ എന്റെ കഥയില്‍ക്കൂടി മാധവിക്കുട്ടിയുടെ ആത്മാവ് ഉണര്‍ന്നതും ഉയിര്‍ത്തെഴുന്നേറ്റതും. സംഗീത ശ്രീനിവാസന്റെ രണ്ടു പെണ്ണുങ്ങള്‍ ആസിഡിനേക്കാള്‍ തീവ്രതയുള്ള പ്രണയത്തില്‍ സ്വയം മറന്ന് ഒന്നായത്. മലയാളത്തിലെ എഴുത്തിന്റെ വഴികളിലേക്ക് എല്ലാ അര്‍ഹതയോടെയും കയറിവരികയും ഒരിക്കല്‍ നിഷേധിക്കപ്പെട്ട സ്ഥാനങ്ങള്‍ കയ്യടക്കി തങ്ങളുടേതായ മുദ്രകള്‍ ചാര്‍ത്തുകയും ചെയ്ത പെണ്ണെഴുത്തിന്റെ പരമ്പരയിലെ ഇങ്ങേയറ്റത്തെ കണ്ണികളിലുണ്ട് ഷാഹിന. ഇ.കെ. കണ്ണി പൊട്ടാതെ കാക്കുന്ന വീര്യം. ഫാന്റം ബാത്ത് എന്ന സമാഹാരത്തിലെ കഥകളിലൂടെ തലച്ചോറുള്ള പെണ്ണുങ്ങളെ അവതരിപ്പിക്കുകയാണു ഷാഹിന. ഒളിഞ്ഞുനോക്കി മാനം കവരാനും ഒളിച്ചിരുന്ന് അപമാനിക്കാനും രഹസ്യമായി ചെയ്യുന്ന അവിഹിതത്തെ ഹിതമായി കരുതുകയും ചെയ്യുന്ന പുരുഷന്‍മാർ ഇത്ര വിഡ്ഡികളായിപ്പോയല്ലോ എന്ന് ആവര്‍ത്തിച്ചു പറയിപ്പിക്കുന്ന തന്റേടത്തിന്റെ കഥകള്‍. ഈ സമുദ്രത്തെ അറിഞ്ഞിട്ടില്ലല്ലോ എന്നും ഒരൊറ്റത്തുള്ളി മാത്രം രുചിച്ചിട്ട് ഉപ്പിനെക്കുറിച്ചു കുറ്റം പറയുകയും ചെയ്യുന്നവര്‍ക്കുനേരെ അലകളായി ആഞ്ഞടിക്കുന്ന സമുദ്രത്തിന്റെ അതേ പുച്ഛച്ചിരി. അലയും തിരകള്‍ എന്നുമിവിടെയുണ്ടാകുമെന്ന മുന്നറിയിപ്പ്. വിശ്വാസമില്ലാത്ത ദാമ്പത്യത്തേക്കാള്‍ ഒറ്റപ്പെടലിന്റെ വൈധവ്യത്തെ കൊതിക്കുന്ന താന്‍പോരിമയുടെ ഏകാന്ത സൗന്ദര്യം. 

എന്നും വിധവയാകാന്‍ വിധിക്കപ്പെട്ട ചിലന്തിയാണു ബ്ളാക്ക് വിഡോ. പങ്കാളികളെ ലഭിക്കാത്തതുകൊണ്ടല്ല, രതിക്കുശേഷം ആണിനെ കൊന്നുതിന്നുന്നതുകൊണ്ടു വൈധവ്യത്തിന്റെ നിത്യശാപം അനുഭവിക്കേണ്ടിവരുന്നവര്‍. ഷാഹിനയുടെ ബ്ളാക്ക് വിഡോ എന്ന കഥയിലെ നേഹ എന്ന പെണ്‍കുട്ടി വൈധവ്യം ആഗ്രഹിക്കുന്നവളോ വിധവയാകാന്‍ കച്ചകെട്ടി ഇറങ്ങിത്തിരിച്ചവളോ പുരുഷവിദ്വേഷിയോ അല്ല. പുരുഷന്‍ അവന്റെ നിസ്സാരതയും കാലങ്ങളായി അവനെ തടവിലാക്കിയ ഇടുങ്ങിയ മനസ്സും മറയില്ലാതെ തുറന്നുകാണിക്കുമ്പോള്‍  എന്നും ഒരാണ്‍തുണയില്ലാതെ ജീവിക്കേണ്ടിവരുമോ എന്നു പേടിക്കുന്നവള്‍. ആ പേടിയില്‍നിന്നാണ് ‘ എനിക്കു വല്ലാതെ ഇഷ്ടായിട്ടോ’ എന്ന വാക്കുകള്‍ പുറത്തുവരുന്നത്. അവളുടെ ചിരിയുടെ മുഴക്കത്തില്‍ മുങ്ങിപ്പോകുന്നുണ്ട് രാശിനക്ഷത്രങ്ങളുടെ കലമ്പല്‍.   

ശുചിമുറികളില്‍ കയറും മുമ്പ് മുഖംമൂടികള്‍ തേടേണ്ടിവരുന്ന യാഥാര്‍ഥ്യം ആവിഷ്കരിക്കുന്ന കഥയാണ് ഫാന്റം ബാത്ത്. കനിയും റിയാലിറ്റി ഷോയുടെമുള്‍പ്പെടെയുള്ള കഥകളും യാഥാര്‍ഥ്യത്തിന്റെ തുറിച്ചുനോട്ടങ്ങള്‍തന്നെ. ഭാവനയെന്നതിനേക്കാള്‍ അനുഭവത്തിന്റെ സത്യസന്ധതയും പ്രതിബദ്ധതയും. 

മൂര്‍ച്ചയെന്ന വാക്കിനും മുര്‍ച്ഛയെന്ന വാക്കിനും തമ്മില്‍ ദൂരം വളരെകുറവാണെന്ന് ഓര്‍മിപ്പിക്കുന്ന കഥയാണ് മൂര്‍ച്ച. പുരുഷന്‍ മൂര്‍ച്ഛ ഇഷ്ടപ്പെടുകയും മൂര്‍ച്ച തനിക്കുനേരെ വാളോങ്ങില്ലെന്നും വ്യാമോഹിക്കുന്നു. മൂര്‍ച്ഛയ്ക്കു പ്രാപ്തയായ സ്ത്രീക്ക് മൂര്‍ച്ചയ്ക്കും കഴിവുണ്ടെന്നത് ഓര്‍മപ്പെടുത്തലല്ല; മുന്നറിയിപ്പു തന്നെയാണ്. ഓരോ സ്ത്രീയും ഒരു കത്തി ഉള്ളില്‍ കൊണ്ടുനടക്കുന്നുണ്ടെന്നു പറയുകയാണു ഷാഹിന. ഓരോ ചതിയും ആ കത്തിക്കു മൂര്‍ച്ച കൂട്ടുകയാണെന്ന്. ഓരോ വഞ്ചനയും ആ കത്തിമുന രാകി സൂക്ഷ്മമാക്കുകയാണെന്ന്. ആ കത്തി ഇനി നീണ്ടുവരുന്നത് ആര്‍ക്കുനേരെ..?  

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review