Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് സമകാലികപെണ്ണനുഭവങ്ങളുടെ ഒരു സ്കാനിങ് റിപ്പോർട്ട്

മതം എനിക്കെന്താണ്? പുതിയകാലത്ത് എനിക്കിങ്ങനെ എന്നോട് ചോദിക്കാതെ വയ്യ. ആത്മീയത എനിക്കു സ്വാതന്ത്ര്യമാണോ? ഞാൻ ഒരു മതവിശ്വാസിയാണോ?

വ്യഥിതമായ ആത്മീയ ബോധമുള്ളവളാണു ഞാൻ. അജ്ഞാതമായ പൊരുളിനെപ്പറ്റി ഉള്ളറിവുള്ളവൾ. യുക്തിചിന്തകൾ കൊണ്ട് വിശകലനം ചെയ്യാനാവാത്തത്ര അതിശയങ്ങൾ നിറഞ്ഞതാണീ പ്രപഞ്ചമെന്നും അതിനേക്കാൾ അദ്ഭുതങ്ങൾ നിറഞ്ഞവയാണ് ഓരോ മനുഷ്യന്റെയും ആന്തരിക പ്രപഞ്ചമെന്നും കരുതുന്നുണ്ട് ഞാൻ. മനുഷ്യന്റെ ആത്മീയതയെ തള്ളിക്കളയുന്ന യുക്തിചിന്തയയുടെ വക്താവാകാൻ എനിക്കാവില്ല.

മതം എനിക്കെന്താണെന്ന ചോദ്യം പക്ഷേ, എന്നെ കുഴയ്ക്കുന്നു. ജന്മംകൊണ്ടല്ലാതെ തിരഞ്ഞെടുപ്പുകൊണ്ട് ഒരു മതത്തിലെ വിശ്വാസിയാകുന്നവർ വ്യാപകമായ മതപരിവർത്തന ഘട്ടങ്ങളിലല്ലാതെ ഏറെപ്പേരുണ്ടോ? അവിടെയും അത് ആ്തമാവിന്റെ തിരഞ്ഞെടുപ്പ് എന്നതിനേക്കാൾ സാമൂഹികമായ ഒന്നല്ലേ ആകുന്നത്. മതവും എന്റെ മനസ്സിൽ ഒരു സോഷ്യൽസെറ്റപ്പ് തന്നെയാണ്. ഒരു പഴയ സാമൂഹിക പരിവർത്തനസന്ധിയുടെ ചരിത്രം ഓരോ മതത്തിനുമുണ്ടല്ലോ. അതിനപ്പുറം മതംപലരെയും പോലെ എനിക്കും കുടുംബബന്ധങ്ങളാണ്, സ്നേഹമാണ്, ഗൃഹാതുരതകളാണ്, അനിവാര്യതയാണ്.

(എന്റെ മതമേ, എന്റെ ദൈവമേ)

മതം നിങ്ങൾക്കെന്താണ് എന്ന ചോദ്യം എല്ലാവരെയും കുഴക്കുന്നതാണ്. അതിനെക്കുറിച്ചാണ് പ്രശസ്ത എഴുത്തുകാരിയായ ഡോ.ഖദീജ മുംതാസ് തന്റെ മതത്തെയും മതവിശ്വാസത്തെയും വർത്തമാന കാലത്തെ അതിന്റെ അവസ്ഥകളെക്കുറിച്ചും എന്റെ മതമേ, എന്റെ ദൈവമേ എന്ന ലേഖനത്തിൽ കൃത്യമായി നിർവചിക്കുന്നത്. പ്രണയം, സ്ത്രീ, ലൈംഗിതക, മതം എന്നിങ്ങനെ ഒരു മനുഷ്യനെ ബാധിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യത്യസ്തമായ കാഴ്ചപ്പാട് അവതരിപ്പിക്കുന്ന പുസ്തകമാണ് ‘പ്രണയം, ലൈംഗികത, സ്ത്രീ വിമോചനം എന്ന പുസ്തകം.

ഫാഷിസ്റ്റുകാലത്തെ സമുദായം

ഫാഷിസത്തിനെതിരെയുള്ള മുന്നേറ്റത്തിൽ ഭാഗഭാക്കാകുന്ന ഓരോസമുദായവും തങ്ങൾക്കകത്തെ ജനാധിപത്യവൽക്കരണത്തെ ആദ്യം പൂർത്തീകരിക്കേണ്ടതുണ്ട്. തങ്ങളിലെ സ്ത്രീവിരുദ്ധതയെ, സ്വമതാഹങ്കാരത്തെ ക്രിയാത്മകമായി സമീപിക്കേണ്ടതുണ്ട്. കൽബുറഗി വധത്തെ അപലപിക്കുമ്പോൾ തന്നെ ബംഗ്ലാദേശിലെ ബ്ലോഗെഴുത്തുകാരുടെ കൊലയെ അപലപിക്കാനുള്ള മാനസികപക്വത നേടിയെടുക്കേണ്ടതുണ്ട്. അഭിപ്രായസ്വാതന്ത്ര്യമുപയോഗിച്ചതിനാൽ മാത്രം ദശകങ്ങളായി രാജ്യം നഷ്ടപ്പെട്ടലയുന്ന തസ്ലിമ നസ്രീനെ അനുഭാവത്തോടെ മനസ്സിലാക്കാൻ ശ്രമിക്കേണ്ടതുണ്ട്. സ്വമതം ഏറെ ശ്രേഷ്ഠം എന്നുരുവിട്ടു പഠിക്കുമ്പോൾ മതത്തിനകത്തെ വംശീയതതയുടെ പേരിൽ കൂട്ടക്കൊല ചെയ്യപ്പെടുന്നവരെ, ജീവന്മരണ പലായനത്തിനിടെ ബോട്ടുമറിഞ്ഞ് ഏതോ നാടുകളിലെ കടൽത്തീരത്ത് മൃതശരീരങ്ങളായി പൊന്തുന്ന പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ളവരെ ഓർക്കണം.

കുടുംബത്തിൽ പിറന്ന സ്ത്രീ

‘‘പഴയകാലത്തെ ആദർശവൽക്കരിക്കുന്നവർ പറയും– പണ്ടൊക്കെ കൂട്ടുകുടുംബങ്ങളായിരുന്നു. കുഞ്ഞുങ്ങൾ തമ്മിൽത്തല്ലിയും കളിച്ചും പങ്കിട്ടും വളർന്നിരുന്നു. മരുമക്കത്തായ സമ്പ്രദായത്തിലാണെങ്കിൽ സ്ത്രീ ഏറെ ശക്തയായിരുന്നു. ‘വന്നുപോകുന്ന’ പുരുഷനേക്കാൾ സ്ത്രീക്ക് സ്വന്തം തറവാട്ടിൽ മാന്യതയുണ്ടായിരുന്നു. സ്വത്തവകാശമുണ്ടായിരുന്നു. ഒക്കെശരി, എന്നിട്ടും മരുമക്കത്തായം കാലത്തെ അതിജീവിച്ചില്ലല്ലോ?

വാസ്തവത്തിൽ മരുമക്കത്തായ സമ്പ്രദായം നിലവിൽവന്നതുപോലും പുരുഷന്റെ സ്വകാര്യസ്വത്തു സമ്പാദനശീലത്തിന്റെ ഫലമായിട്ടല്ലേ?മണ്ണും മക്കളും ധനാഗമന മാർഗമായിരുന്ന കാലത്തിന്റെ കണ്ടുപിടിത്തം. സ്വത്തവകാശികളും മക്കളെ ഉൽപ്പാദിപ്പിക്കുന്നവളുമായ സ്ത്രീയെ എന്തിനു മറ്റൊരു വീട്ടിലേക്കയക്കണം. അവൾ തറവാട്ടിൽ തന്നെ നിൽക്കട്ടെ. കുഞ്ഞുങ്ങളെ ഉണ്ടാക്കാനുള്ള പുരുഷനെ കണ്ടെത്തിക്കൊടുത്താൽ പോരേ? പുലർച്ചെ എഴുന്നേറ്റുപോകുന്ന അയാൾക്കും കൂറ് സ്വന്തം തറവാട്ടിനോട്. അവിടുത്തെ പെൺപ്രജകൾക്കും കുഞ്ഞുങ്ങൾ ഉണ്ടാകട്ടെ. സ്വത്തുക്കൾ വിപുലീകരിക്കപ്പെടട്ടെ, തറവാട്ടിൽ ഐശ്വര്യം പുലരട്ടെ!

ലേബർ മുറിയിലെ സ്ത്രീ

മാനുഷികമായ പരിഗണനകൾ അനാവശ്യമോ അധികപ്പറ്റോ ആണെന്നു കരുതുന്ന ഒരു ഡോക്ടർ തലമുറ വളർന്നുവരുന്നു എന്നത് ഗൗരവത്തിൽ കണക്കിലെടുക്കേണ്ടതാണ്. ചെറുക്ലാസുകളിൽ തുടങ്ങി മെഡിക്കൽ വിദ്യാഭ്യാസത്തിലും തുടരുന്ന അറിവുണ്ടാക്കുന്ന യാന്ത്രികതയും ഹൃദയമില്ലായ്മയും തന്നെയാണു ഇതിനു കാരണം. രോഗിയുടെ അവകാശങ്ങളെപ്പറ്റി, രോഗവിവരങ്ങൾ വിശദീകരിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തത്തെപ്പറ്റി സ്വയം മാതൃകകളാകാൻ നിഷ്കർഷിക്കുന്ന അധ്യാപകരും വിരളം. ഡോക്ടർമാരുടെ മനോഭാവങ്ങളിൽ മാറ്റംവരാതെ പ്രസവമുറികളിലും വാർഡുകളിലും സ്ത്രീസൗഹൃദപരമാകില്ല.

സമകാലികപെണ്ണനുഭവങ്ങളുടെ ഒരു സ്കാനിങ് റിപ്പോർട്ടാണ് ഖദീജ മുംതാസ് വായനക്കാർക്കു മുന്നിൽ വയ്ക്കുന്നത്. അതിലെ ശരിതെറ്റുകൾ വായനക്കാരനു കണ്ടുബോധ്യപ്പെടാം. സത്യംതുറന്നുപറയുന്നവരെ എതിർക്കാതെ തെറ്റുകൾ തിരുത്താൻ ശ്രമിക്കാം.