അകകണ്ണുകളിലെ വെളിച്ചം

ജീവിതത്തെ ശുദ്ധീകരിക്കുന്ന അകകണ്ണുകളിൽ വെളിച്ചം പകരുന്ന ധ്യാനചിന്തകളാണ് ഈ സമാഹാരത്തിലെ ഒരോ ലേഖനവും. ആധ്യാത്മികതയുടെ ആഴങ്ങളിൽ നിന്ന് പെറുക്കിയെടുത്ത മുത്തുകൾ. ക്രിസ്തുവിന്റെ അടുക്കലേക്ക് ആനയിക്കുന്നവയാണ് എല്ലാ ലേഖനങ്ങളുടെയും പൊതു സ്വഭാവം. ശക്തമായ നിരീക്ഷണങ്ങൾക്കൊണ്ട് ജീവിതത്തെ വ്യാഖ്യാനിക്കുകയും ചെയ്യുന്നു.

‘കുന്ന്’ എന്നൊരു അധ്യായം ഈ സമാഹാരത്തിലുണ്ട്. ഒരാൾ തന്റെ ജീവിതവീഥി ക്രിസ്തുവിനു വേണ്ടി ഒരുക്കേണ്ടത് കുന്നുകൾ നിരപ്പാക്കി വേണമെന്നു പറയുന്ന ഭാഗത്ത് ‘പല അടരുകളുള്ള നമ്മുടെ അഹം തന്നെയാണ് കുന്നുകൾ’ എന്നുള്ള ശ്രദ്ധേയമായ ഒരു ചിന്ത പങ്കുവെയ്ക്കുന്നു.

മൂന്നു കാര്യങ്ങളോട് ക്രിസ്തു അകലം പാലിക്കുന്നു. സമ്പത്ത്, സ്ഥാനമാനങ്ങൾ, ഭൗതിക കാര്യങ്ങൾക്കു വേണ്ടി മാത്രം ദൈവത്തെ തിരയുന്ന ആരാധകർ. ഇന്നത്തെ സഭയുടെ അവസ്ഥ ഇതിൽ നിന്ന് എത്രയോ വ്യത്യസ്തമെന്ന് പറയാതെ പറയുന്നു. 

‘വീട്’ എന്തായിരിക്കണം പുറത്തു നിന്നു കാണുന്ന ചന്തം മാത്രമേ ഉള്ളൂ എന്ന നിരീക്ഷണം അകത്ത് അതൃപ്തിയും വിലാപവും അമർഷത്തിന്റെ പല്ലുകടിയും. ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ച് ഒരു ചിന്ത. ‘അരിമധ്യക്കാരൻ ജോസഫ് തന്റെ തോട്ടത്തിൽ ഒരു കല്ലറ ഒരുക്കിയതിനെക്കുറിച്ചു പറയുന്നു. ‘തോട്ടം എല്ലാത്തരം ഐശ്വര്യങ്ങളുടെയും ഇടമാണ്, എന്നിട്ടും അതിന്റെ മദ്ധ്യേ’ മരണബോധത്തിന്റെ ഇത്തിരി സ്പേസ് സൂക്ഷിക്കുന്നു. ആ ഇടത്തിൽ ദൈവത്തിന് വിശ്രമിക്കാൻ സ്ഥലം നൽകിയെന്നുള്ളത് ലാവണ്യമുള്ള ധ്യാനമാണ്. മരണത്തെ ധ്യാനിക്കേണ്ടത് ആയിരം കുഴലുകളുടെ ഇടയിൽ ഐസി യൂണിറ്റിലല്ല. നിത്യയൗവനത്തിലാണ്. എത്ര കനമുള്ള ചിന്ത.

ജീവിതത്തെ കാണേണ്ടത് ഏതു വിധം ?

‘ആറ്റുവക്കിൽ വെളിച്ചം വീശുന്നതിനു മുമ്പേ ചൂണ്ടയിടാറുള്ള ഒരു മുക്കുവൻ. കാത്തിരിപ്പിന്റെ വിരസതയകറ്റാൻ അയാൾ മുമ്പിലുള്ളൊരു കൽകൂമ്പാരത്തിൽ നിന്ന് ഓരോ കല്ലെടുത്ത് ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞു കൊണ്ടിരുന്നു. വെളിച്ചം വീശുമ്പോൾ അയാളുടെ കയ്യിൽ ഒടുവിലത്തെ കല്ലായിരുന്നു. ഒരു നിലവിളിയോടെ അയാൾ അപ്പോളറിഞ്ഞു. കല്ലായിരുന്നില്ല അത് വിലപിടിപ്പുള്ള ഒരു മുത്ത്. കൈമോശം വന്ന മുത്തുകളുടെ കൂമ്പാരങ്ങൾ. അതുപോലെ കാലത്തിന്റെ പുഴയിലേക്ക് നാം അലസമായി എറി​ഞ്ഞു കളയുന്ന നിമിഷ മുത്തുകൾ എന്നെന്നേക്കുമായി നഷ്ടമാകുമെന്ന അറിവ് ജീവിതത്തെ കുറേക്കൂടി ഗൗരവപൂർവ്വം കാണാൻ നമ്മെ പഠിപ്പിക്കുന്നു. 

ദരിദ്രരോടുള്ള മനോഭാവത്തെ എത്ര ഹൃദ്യമായാണ് അവതരിപ്പിക്കുന്നതെന്ന് നോക്കാം. ‘ദരിദ്രന്റെ സുവിശേഷമാണ് ക്രിസ്തു. ക്രിസ്തുവിനെപ്പോലെ ദാരിദ്ര്യത്തിന്റെ പൊള്ളലിന് സ്വയം വിധേയപ്പെടാത്ത ആർക്കും ദരിദ്രന്റെ ആകുലതയിൽ പങ്കുചേരാൻ ധാർമിക അവകാശമില്ല. ഓരോ നിമിഷവും ദരിദ്രർക്കെതിരെ കൊട്ടിയടയ്ക്കുന്ന വഴിയമ്പലങ്ങളെക്കുറിച്ചുള്ള സങ്കടവുമായിട്ടായിരുന്നു അവന്റെ പിറവി തന്നെ.

തപസ്സ് എന്ന അധ്യായത്തിൽ രണ്ടു ചെറുപ്പക്കാരുടെ മരണത്തെക്കുറിച്ച് പറയുന്നു. ഒരാൾ അലക്സാണ്ടർ ചക്രവർത്തി. മറ്റെയാൾ ക്രിസ്തു. അലക്സാണ്ടർ മരിച്ചപ്പോൾ പറഞ്ഞു ‘ശവകുടീരത്തിലേക്ക് എന്നെ കൊണ്ടു പോകുമ്പോൾ എന്റെ കരങ്ങൾ മഞ്ചത്തിന് വെളിയിലായിരിക്കണം. ശൂന്യമായ കരങ്ങൾ ലോകത്തിനോട് പറയും. എല്ലാം നേടിയ അലക്സാണ്ടർ ഒടുവിൽ െവറും കയ്യോടെ മടങ്ങിപ്പോവുകയാണ്. 

മറ്റൊരു ചെറുപ്പക്കാരൻ മരിച്ചു. അയാളുടെ പേര് ക്രിസ്തു. പ്രായം 33, അയാൾ ജീവിതത്തിൽ നിന്നും ഒന്നും ശേഖരിച്ചിട്ടില്ല. നേടിയിട്ടുമില്ല. അയാളുടെ കരങ്ങളും ശൂന്യമായിരുന്നു. അയാളാകട്ടെ ശൂന്യമായ കരങ്ങൾ മലർക്കെ വിരിച്ചു പിടിച്ച് ശാന്തനായി ഇങ്ങനെ പറഞ്ഞു ‘എല്ലാം പൂർത്തിയായി’ എന്നിട്ടാണ് മിഴി അടച്ചത്.

എല്ലാം നേടിയ ഒരാൾ ഒന്നും നേടിയിട്ടില്ല എന്നു വിലപിക്കുമ്പോൾ ഒന്നും നേടാത്ത ഒരാൾ എല്ലാം പൂർത്തിയായി എന്നു പറയുന്നതിന്റെ പൊരുൾ എന്ത് എന്നു ചോദിക്കുകയാണ് ഈ ലേഖനത്തിൽ.

നാൽപ്പത്തിയഞ്ചു ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ. അവ വായനക്കാരന് വേഗത്തിൽ വായിച്ചു തീർക്കാനാവില്ല. ഓരോ ധ്യാനവും ശാന്തമായി നമ്മോടു സംവദിക്കുകയാണ്. അവ നമ്മെ ചിന്തിപ്പിക്കും. ‘ഞാൻ’ എന്ന ഭാവത്തെ കഴുകി ശുദ്ധി ചെയ്യും. കുതറി ഓടാൻ ശ്രമിക്കുന്ന കുട്ടിയുടെ കൈകളിൽ ബലമായി പിടിക്കുന്ന അമ്മയുടെ കരംപോലെ അവ നമ്മെ ശാന്തമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ഉൾമുഴക്കങ്ങൾ സമ്മാനിക്കുന്ന ധ്യാനചിന്തകൾ.